#ദിനസരികൾ 842

അവസാനം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനമായി.സഭയുടെ ചട്ടങ്ങളും വഴക്കങ്ങളും ലംഘിച്ചുവെന്നും പൊതുജന മധ്യത്തില്‍ സഭയെ നാണം കെടുത്തുന്ന രീതിയില്‍ പെരുമാറിയെന്നും സഭ അനുശാസിക്കുന്ന വ്രതങ്ങള്‍ പാലിക്കുന്നില്ലെന്നും തോന്നിയ പോലെയൊക്കെയാണ് ജീവിക്കുന്നതെന്നുമൊക്കെയാണ് പുറത്താക്കലിന് കാരണമായി സിസ്റ്റര്‍‌ക്കെതിരെയുള്ള കുറ്റങ്ങളായി സഭാ അധികാരികള്‍ കാണിച്ചിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അത്തരം ആക്ഷേപങ്ങള്‍‌ക്കൊന്നും തന്നെ സഭയുടെ കൈവശം സുവ്യക്തമായ ഒരു തെളിവുമില്ല എന്ന് നമുക്കറിയാം. എന്നാലും എന്തെങ്കിലും നിസാരമായ കാരണങ്ങളുന്നയിച്ച് സിസ്റ്റര്‍‌ക്കെതിരെ സഭ നടപടിയെടുക്കുക തന്നെ ചെയ്യുമെന്ന് നമുക്കറിയാമായിരുന്നു. കാരണം സഭയെ നിയന്ത്രിക്കുന്ന മേലാളന്മാരുടെ ചൊല്പടിക്കു വഴങ്ങിക്കൊടുക്കാന്‍ അവര്‍ ഒരു സമയത്തും‌ തയാറായില്ല എന്നതു തന്നെയായിരുന്ന.
കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ സന്യാസി ബലാല്‍ സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കര്‍ശനമായി നിലപാടെടുക്കുകയും സഭയ്ക്കുള്ളില്‍ ഇത്തരത്തിലുള്ള അനേകം അധാര്‍മികരുണ്ടെന്ന് തുറന്നു പറയുകയും ചെയ്തപ്പോഴേ സഭയ്ക്കുള്ളില്‍ നിന്നും ഒരു കന്യാസ്ത്രീയ്ക്ക് അധികകാലം പോരാടാന്‍ കഴിയില്ല എന്നു വ്യക്തമായിരുന്നു. അവരെ അപായപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ വളരെ ജാഗ്രതയോടെ നേരിട്ടതുകൊണ്ടാണ് ഇന്നും സിസ്റ്റര്‍ ലൂസി ജിവിച്ചിരിക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ സഭയുടെ അധികാരത്തിന്റേയും പണക്കൊഴുപ്പിന്റേയും മറവില്‍ അവര്‍ എപ്പോഴേ ഒരു പിടി മണ്ണായി മാറുമായിരുന്നു.
ഇപ്പോഴാകട്ടെ ഇത് കേവലം സഭയുടെ മാത്രം പ്രശ്നമല്ല എന്നതാണ് നാം കാണേണ്ടത്. സഭയ്ക്കുള്ളില്‍ രമ്യമായോ – അരമ്യമായോ – മറ്റേതെങ്കിലും വിധത്തിലോ എങ്ങനെയെങ്കിലും വിഷയം അവസാനിച്ചിരുന്നുവെങ്കില്‍ അത് സഭയുടെ മാത്രം കാര്യമാണ് എന്ന മുട്ടാപ്പോക്കു ന്യായം പറഞ്ഞ് നമുക്ക് എങ്ങനെയെങ്കിലും കണ്ണടച്ചു കളയാമായിരുന്നു. എന്നാല്‍ സിസ്റ്റര്‍ ലൂസി പൊതു സമൂഹത്തിന്റെ മുന്നില്‍ വിഷയം അവതരിപ്പിക്കുകയും തന്നെ മാനസികമായും ശാരീരികമായും ചില വ്യക്തികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്ന് തുറന്നു പറയുകയും ചെയ്തതോടെ ഈ വിഷയത്തില്‍ ജനാധിപത്യപരമായ ഇടപെടലുകള്‍ക്കുള്ള വേദി എന്നേ തുറന്നതാണ്. നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിനൊപ്പം പൊതുസമൂഹവും അണി ചേരേണ്ട സാഹചര്യവും ഉടലെടുത്തു കഴിഞ്ഞു.
ആണ്‍ പൌരോഹിത്യത്തിനെതിരെ , അതിന്റെ അടിച്ചമര്‍ത്തലുകള്‍‌ക്കെതിരെ ഉയരുന്ന നീതിയുടെ ശബ്ദമാണ് സിസ്റ്റര്‍ ലൂസിയുടേതെന്ന തിരിച്ചറിവിലാണ് പൊതു സമൂഹം അവര്‍ക്ക് പിന്തുണ നല്കേണ്ടത്. ജാതിയോ മതമോ അത്തരത്തിലുള്ള ഒരു പിന്തുണയ്ക്ക് വിഘാതമായി ഭവിക്കരുത്. വോട്ടു ബാങ്കിന്റെ പിന്‍ബലത്തില്‍ കക്ഷി രാഷ്ട്രീയ്തതിന്റെ വക്താക്കള്‍ എത്രമാത്രം നീതിയോടൊപ്പം നില്ക്കും എന്ന ചോദ്യം നമുക്ക് മാറ്റിവെയ്ക്കാം. മറിച്ച് എല്ലാ സങ്കുചിതമായ താല്പര്യങ്ങള്‍ക്കുമപ്പുറം എത്ര പേര്‍ നീതിയോടൊപ്പം ഉണ്ടാകും എന്ന ചോദ്യത്തെ പകരം വെയ്ക്കാം.
അതായത് ബാറബസ്സിനു പകരം എത്ര പേര്‍ക്ക് യേശുവിനെ വേണം ? ബിഷപ്പ് ഫ്രാങ്കോയ്ക്ക് പകരം എത്ര പേര്‍ക്ക് സിസ്റ്റര്‍ ലൂസിയെ വേണം എന്നു തന്നെയാണ് ചോദ്യം. ഈ ജനത എത്രമാത്രം നീതിബോധമുള്ളവരാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഉത്തരവുമുണ്ടാകുക എന്നു സംശയമില്ലല്ലോ !

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1