#ദിനസരികള്‍ 838
പതനങ്ങളില്‍
പാകപ്പെടുന്നത്
ജ്വലിച്ചു
നിന്ന ഓരോ ജീവിതങ്ങള്‍ എത്ര പെട്ടെന്നാണ് പാഴായിത്തീരുന്നത്?
ഇരുള്‍പ്പടുതകള്‍ വന്നു വീണ് അടിഞ്ഞമര്‍ന്ന് ഇങ്ങിനി വരാത്തവണ്ണം അസ്തമിച്ചു
പോകുന്നത്? ഒരു നിമിഷ
നേരത്തെ പിഴവിന് ജീവിതംതന്നെ പകരം നല്കേണ്ടി വരുന്ന , പിന്നീടൊരിക്കലും അതിന്റെ
പിടിയില്‍ നിന്നും മുക്തമാകാന്‍ കഴിയാത്ത അത്തരം വീണു പോകലുകളെ അവിശ്വസനീയതയോടെ
നോക്കിനില്ക്കുവാനും പരിതപിക്കുവാനുമല്ലാതെ നമുക്കെന്തു ചെയ്യാന്‍ ?
ഇത്തരം സംഭവങ്ങളെ പാഠങ്ങളായി ചൂണ്ടിക്കാട്ടി അരുതെന്നു പറയാനുള്ള
അവസരങ്ങള്‍ നമുക്കു തുറന്നിടുന്നുവെന്നല്ലാതെ മറ്റെന്ത്?
അത്തരത്തിലുള്ള ഒന്നാണ് ശ്രീറാം
വെങ്കിട്ടരാമനെന്ന തോന്ന്യവാസിയായ ഐ എ എസ് ഓഫീസര്‍ ഇക്കഴിഞ്ഞ ദിവസം കാണിച്ചു
കൂട്ടിയത്.മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് തന്റേതു മാത്രമല്ല മറ്റൊരു
യുവാവിന്റെ ജീവിതത്തെക്കൂടിയാണ് അയാള്‍ കൊന്നു കളഞ്ഞത്.നിയമം അറിയാവുന്നയാള്‍
എന്നതുമല്ല നാട്ടിലെ നിയമവ്യവസ്ഥയെ പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ട ഒരാള്‍ എന്ന
നിലയിലും അയാളുടെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഒന്നായിരുന്നു
ഈ സംഭവം.എന്നാല്‍ താന്‍ എല്ലാ നിയമങ്ങള്‍ക്കും അതീതനാണെന്ന ധാരണയും അതിനൊത്ത
അഹങ്കാരവും അയാളെ കൊലപാതകിയാക്കി തുറുങ്കിലേക്ക് ആനയിച്ചു. ശ്രീറാമിനു വേണ്ടി
പടവാളെടുത്തിരുന്ന , നാളിതുവരെയുള്ള അയാളുടെ അതിസാഹസികത്വങ്ങളെ നിയമപരമെന്ന്
സംരക്ഷിച്ച ‘അഭ്യുദയാകാംക്ഷികള്‍’ തന്നെയാണ്
കല്ലും കവണയുമായി അയാളെ നേരിടുന്നതും. നോക്കുക, ഒരു ചുവടുവെപ്പിലെ പിഴ അയാളെ എത്ര
അഗാധമായ ഗര്‍ത്തത്തിലേക്ക് കൊണ്ടു പോയി ചാടിച്ചതെന്ന് ? തന്റെ
സ്വാധീനവും മറ്റുമുപയോഗിച്ച് കേസില്‍ നിന്നും അയാള്‍ക്കു രക്ഷപ്പെടുവാന്‍
കഴിഞ്ഞാലും ജീവിതകാലം മുഴുവന്‍ നിരപരാധിയായ ഒരുവന്റെ കണ്ണുനീര്‍ അയാളുടെ ചുറ്റും
നിരന്തരം നിലവിളിച്ചുകൊണ്ടേയിരിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.
കേരളം കണ്ട മറ്റൊരു മഹാപതനം നടന്‍
ദിലീപിന്റേതാണ്.ഒരു വട്ടമേശക്കു ചുറ്റുമിരുന്ന് സംസാരിച്ചാല്‍ തീരുമായിരുന്നത്ര
ഒരു ചെറിയ സംഭവം കൈവിട്ടുപോയപ്പോള്‍ എത്ര ജീവിതങ്ങളെയാണ് ഇനിയൊരിക്കലും തിരിച്ചു
വരാനാകാത്ത വിധത്തിലുള്ള മഹാപ്രളയത്തില്‍ ഒഴുക്കിക്കൊണ്ടു പോയതെന്ന് നോക്കുക.കേരളം
കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുത്ത ഒരു ജനകീയ കലാകാരന്‍
നാല്ക്കവലയില്‍ കുറ്റവാളിയായി തലകുമ്പിട്ടു നില്ക്കുന്നു.കഷ്ടമെന്നല്ലാതെ എന്തു
പറയാന്‍.ഒന്നു സഹതപിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ അയാള്‍ ചെയ്ത ദുഷ്പ്രവര്‍ത്തിയുടെ
തിക്തഫലങ്ങള്‍ അയാളെ കൊത്തിവലിച്ചേ കൊണ്ടിരിക്കുന്നു.
അക്കൂട്ടത്തില്‍ വേദനിപ്പിച്ച ഒരു
വീഴ്ചയായിരുന്നു എം ജെ ശ്രീചിത്രന്റേതെന്ന് പറയാതിരിക്കാന്‍ വയ്യ. വളരെ
പെട്ടെന്നായിരുന്നു അയാളുടെ സ്വരത്തിനു വേണ്ടി കേരളം കാത്തിരുന്ന ഒരു കാലമുണ്ടായി
വന്നത്.ഒരു ജനത അയാളെ പ്രതീക്ഷയോടെ ഉറ്റുനോക്കിപ്പോന്നു.കേരളത്തില്‍
അങ്ങോളമിങ്ങോളം അയാള്‍ക്ക് വേദികള്‍ ഒരുക്കപ്പെട്ടു.ഭാവിയില്‍ കേരളത്തെ
നയിക്കാനുള്ള യോഗ്യത നാം അയാളില്‍ കണ്ടെടുത്തു. എന്നാല്‍ തന്റെ ഭൂതകാലം കുടത്തില്‍
നിന്നും പുറത്തുവന്ന് അയാളെ വിഴുങ്ങിയൊടുക്കുന്നതും നമുക്കു തന്നെ കാണേണ്ടി
വന്നു.അതിനിശിതമായ ഭാഷയില്‍ അയാളെ തള്ളിപ്പറയുമ്പോഴും ഒരു സങ്കടം എവിടെയൊക്കെയോ
തൊട്ടു നില്ക്കുന്നുണ്ടായിരുന്നു.
ഇക്കഥകളൊക്കെയും ചൂണ്ടിക്കാട്ടിയത് ഒരു
വീഴ്ചയിലും ആനന്ദിക്കാന്‍ വേണ്ടിയല്ല.സാരോപദേശകഥകളായി പരിണമിപ്പിച്ചെടുത്ത് വിതരണം
ചെയ്യാനുമല്ല.ഒരൊറ്റ ജീവിതം മാത്രമുള്ള നമുക്ക് നീതിബോധത്തിലടിയുറച്ച ജാഗ്രത എത്ര
ആഴത്തില്‍ വേരോടിയിരിക്കുന്നുണ്ടെന്ന് സ്വയംപരിശോധിക്കാന്‍ മാത്രമാണ് !
Comments