#ദിനസരികള്‍ 795



          കുട്ടികള്‍‌ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഒരു സ്ഥിതിവിവരക്കണക്കാണ് കേരളത്തിലെ ചൈല്‍ഡ് ലൈന്‍ പുറത്തു വിട്ടിരിക്കുന്നത്. വിദ്യാഭ്യാസംകൊണ്ടും നിയമ സംവിധാനങ്ങളുടെ പര്യാപ്തമായ ഇടപെടലുകള്‍ കൊണ്ടും രാജ്യത്ത് ഏറെ മുന്നില്‍ നില്ക്കുന്ന ഒരു സംസ്ഥാനമായിട്ടുപോലും ഇത്തരത്തിലുള്ള അതിക്രമങ്ങളെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നത് ദയനീയമായ വസ്തുതയാണ്.ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും  ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നടക്കുന്നില്ലെങ്കിലും കേരളത്തിലെ പതിനാലു ജില്ലകളിലും സജീവമാണ്.എന്നിട്ടു പോലും ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുവെങ്കില്‍ കുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിയാത്ത മറ്റിടങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചു നോക്കുക.
          ഇപ്പോഴും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാണെന്നോ അവര്‍ക്ക് ശരിക്കും കുട്ടികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നുണ്ടെന്നോ ഞാന്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട കണക്കുകള്‍ ഭാഗികമായി ശരിയാകാനേ സാധ്യതയുള്ളു. അറുന്നൂറ്റിയാറ് കുട്ടികളാണ് കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ അതിക്രമത്തിന് വിധേയരായത് എന്നാണ് ചൈല്‍ഡ് ലൈന്‍ പറയുന്നത്. ചിലപ്പോള്‍ യഥാര്‍ത്ഥ സംഖ്യ അതിലുമെത്രയോ കൂടുതലാകാം? അതുകൊണ്ടുതന്നെ കര്‍ത്തവ്യ നിരതമായ നിയമവ്യവസ്ഥയോടൊപ്പം നമ്മുടെ പൊതുസമൂഹവും തോളോടു തോള്‍ ചേര്‍ന്നു നിന്നാല്‍ മാത്രമേ കുട്ടികള്‍‌ക്കെതിരെയുള്ള അതിക്രമങ്ങളെ ഇല്ലാതാക്കാന്‍ നമുക്കു കഴിയുകയുള്ളു. നിയമത്തെക്കാള്‍ നമ്മുടെ സമൂഹത്തിന് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാകുമെന്ന കാര്യം ഊന്നിപ്പറയട്ടെ
          ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നതിനുള്ള സാധ്യത ഏറെ കുറവാണ് എന്നതാണ് ദയനീയമായ മറ്റൊരു കാര്യം. മുക്കാല്‍ ശതമാനം കേസുകളിലും പ്രതികള്‍ വളരെ എളുപ്പത്തില്‍ രക്ഷപ്പെട്ടുപോകുന്നു. ചെറിയ കുട്ടികള്‍ കൃത്യമായി മൊഴി കൊടുക്കാതെയും സംഭവത്തിന്റെ ഗൌരവം മനസ്സിലാക്കാതെയും പോകുന്നു. അതുപോലെ നീണ്ടു പോകുന്ന വിചാരണകള്‍ അവരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു.ചെറുപ്രായത്തില്‍ സംഭവിച്ച ഒരത്യാഹിതത്തിന്റെ തീക്ഷ്ണത ജീവിത കാലം മുഴുവന്‍ ചുമക്കേണ്ടി വരുന്നതിന്റെ വിഷമം അവരെ എത്രയും പെട്ടെന്ന് കേസുകള്‍ അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. അതുപോലെ കാര്യക്ഷമമായി മൊഴി രേഖപ്പെടുത്താത്ത നിയമപാലകര്‍ , പണവും സ്വാധീനവുമുപയോഗിച്ച് കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ എന്നിവയൊക്കെ ഈ കേസുകളിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നു.
          വിചാരണ കാലം നീണ്ടുപോകാതെ കേസ് അവസാനിപ്പിക്കാനും  കുറ്റമറ്റ രീതിയില്‍ മൊഴി രേഖപ്പെടുത്താനും കോടതിയും പോലീസുമൊക്കെ തയ്യാറാകണം.അവര്‍ കുട്ടികള്‍‌ക്കെതിരെയുള്ള കേസുകളില്‍ ഏറ്റവും അധികം ശ്രദ്ധാലുക്കളാകണം. ഇര എന്ന വിശേഷണത്തിന്റെ സംരക്ഷണമല്ല , ഇരയാകാതിരിക്കാനുള്ള സംരക്ഷണമാണ് സമൂഹത്തിന് ആവശ്യമെന്ന തിരിച്ചറിവിലേക്ക് നാം എത്തിച്ചേരണം.
വാര്‍ത്ത വായിക്കുക -
സംസ്ഥാനത്ത് ഒരുവർഷത്തിനകം സ്വന്തം വീട്ടിൽ ലൈംഗികാതിക്രമത്തിന് ഇരയായത് 606 കുട്ടികൾ. പ്രതിസ്ഥാനത്ത് അച്ഛൻ മുതൽ അടുത്ത ബന്ധുക്കൾവരെ. മക്കളെപോലും വെറുതെ വിടാത്ത ക്രൂരതയുടെ നേർകാഴ്ചയാണ് ചൈൽഡ് ലൈൻ റിപ്പോർട്ട്. ഒരുവട്ടം മാത്രമല്ല, പത്ത് തവണ വരെ കുട്ടി അതിക്രമത്തിന്് ഇരയായ കേസുകളും റിപ്പോർട്ടിലുണ്ട്.
2018 ഏപ്രിൽ മുതൽ 2019 മാർച്ച‌് വരെയുള്ള കണക്കാണ് റിപ്പോർട്ടിലുള്ളത്. 60 ലൈംഗികാതിക്രമ കേസുകളിൽ അച്ഛനാണ് വില്ലൻ. രണ്ടാനച്ഛൻ-69, അമ്മാവൻ-120, ബന്ധു-92, മുത്തച്ഛൻ-35, സഹോദരൻ പ്രതികളായി 22 കേസുകളും റിപ്പോർട്ട് ചെയ‌്തു. ഇതിൽ 141 എണ്ണവും ഗുരുതര ലൈംഗിക ആക്രമണങ്ങളാണ് അയൽക്കാർ-366, കാമുകൻ-149, അധ്യാപകർ-112, സുഹൃത്തുക്കൾ പ്രതിസ്ഥാനത്തുള്ള 57 കേസുകളുമുണ്ട്  
ഇക്കാലയളവിൽ ആകെ 1328 കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായി. ഇതിൽ പെൺകുട്ടികൾ-979, ആൺകുട്ടികൾ 349. ഇതിൽ 424 കുട്ടികൾ രണ്ട് മുതൽ അഞ്ച് തവണ വരെയും 123 പേർ ആറ് മുതൽ പത്ത് തവണ വരെയും പീഡിപ്പിക്കപ്പെട്ടു.
വിദ്യാലയത്തിൽ-70, സ്കൂളിലേക്ക് പോകുംവഴി-29, പ്രതിയുടെ വീട്ടിൽ-159 കുട്ടികളും അതിക്രമത്തിന‌് ഇരയായി. സ‌്പർശനം വഴിയുള്ള അതിക്രമം- 182, നോട്ടത്തിലൂടെയും വാക്കുകളിലൂടെയും 77. 26 പോണോഗ്രാഫി കേസുകളും ചൈൽഡ് ലൈന്റെ മുന്നിൽ എത്തി.
തിരുവനന്തപുരമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല, 191. മലപ്പുറം-160, കോഴിക്കോട്-120, എറണാകുളം-106, തൃശൂർ-101 കേസുകളും റിപ്പോർട്ട്് ചെയ‌്തു. 13നും 15 വയസ്സിനും ഇടയിലാണ് കൂടുതൽ കുട്ടികൾ അതിക്രമത്തിന് ഇരയായത്. 416 പെൺകുട്ടികളും 164 ആൺകുട്ടികളും ഈ പ്രായത്തിൽ അതിക്രമത്തിന് ഇരയായി. അഞ്ച് വയസ്സിൽ താഴെ 61 പെൺകുട്ടികളും 17 ആൺകുട്ടികളും പത്ത് വയസ്സിന് താഴെ 351 പെൺകുട്ടികളും 141 ആൺകുട്ടികളും അതിക്രമത്തിന് ഇരയായി.
ചൈൽഡ‌്‌ലൈൻ നമ്പറായ 1098ൽ വിളിച്ചതിലൂടെയാണ് കൂടുതൽ കേസുകളും അറിഞ്ഞത് 958 കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ‌്തു. 248 കേസുകൾ മാതാപിതാക്കൾ വിളിച്ചറിയിച്ചപ്പോൾ 213 സംഭവങ്ങൾ അറിയിച്ചത് അധ്യാപകരാണ്. അതിക്രമത്തിന് ഇരയായ 74 കുട്ടികളും അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ-61, ബന്ധുക്കൾ-155, അയൽവാസികൾ-92, പൊതുപ്രവർത്തകർ-281 കേസുകളും അറിയിച്ചു. 89 കുട്ടികൾ  ചൈൽഡ് ലൈൻ ഓഫീസിൽ നേരിട്ട് എത്തി സംഭവം വെളിപ്പെടുത്തി. 227 സംഭവങ്ങൾ ചൈൽഡ് ‌ലൈൻ നേരിട്ടാണ് കണ്ടെത്തിയത്. ( ദേശാഭിമാനി 21-06- 2019 )



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം