#ദിനസരികള്‍ 794


കോടിയേരിയും മകനും
ചോദ്യോത്തരങ്ങള്‍
ചോദ്യം : - കോടിയേരി ബാലകൃഷ്ണന്റെ മകന്‍ കേസില്‍ പെട്ടിരിക്കുകയാണല്ലോ ?  സത്യം പറഞ്ഞാല്‍ പൊതുരംഗത്ത് സ്വാധീനമുള്ള ഒരച്ഛന്റെ തണല്‍ മകനും കിട്ടുമെന്നതിനാല്‍ തന്റെ എല്ലാ സ്ഥാനമാനങ്ങളും ബാലകൃഷ്ണന്‍ ഉപേക്ഷിക്കേണ്ടതല്ലേ ? കോടിയേരിക്കെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുമുണ്ട്.
ഉത്തരം :  നല്ല ചോദ്യമാണ്. നമ്മുടെ നവമാധ്യമങ്ങളിലെ ചില പ്രതികരണങ്ങള്‍  ഞാനും കണ്ടിട്ടിട്ടുണ്ട്. ബിനോയ് കോടിയേരിയെക്കാള്‍ തെറി കേള്‍ക്കുന്നത് കോടിയേരി ബാലകൃഷ്ണനാണ് എന്നതും ശ്രദ്ധിച്ചിട്ടുണ്ട്. ബിനോയ് ഇന്ത്യാ മഹാരാജ്യത്തിലെ ഒരു സ്വതന്ത്ര പൌരനാണെന്നും അയാളുടെ ജീവിതം അയാള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ - നിലവിലുള്ള നിയമങ്ങളെ ലംഘിക്കാതിരിക്കാത്തിടത്തോളം കാലം -  ജീവിക്കാവുന്നതാണെന്നുമുള്ള വസ്തുതകളൊന്നും നാം ഗൌനിക്കില്ല. നിയ ലംഘനം നടന്നാല്‍ ഇന്നാട്ടിലെ വ്യവസ്ഥയനുസരിച്ചുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യട്ടെ ! അങ്ങനെയല്ലേ ഒരു ജനാധിപത്യ രാജ്യത്ത് കാര്യങ്ങള്‍ നടക്കേണ്ടത്? അല്ലാതെ സ്വന്തം വീട്ടിലുള്ളവരെ  കമ്യൂണിസം പഠിപ്പിക്കാത്ത കോടിയേരി എങ്ങനെയാണ്  നാട്ടില്‍ ഇറങ്ങി പഠിപ്പിക്കുക എന്നൊക്കെയുള്ള ചോദ്യവുമായി കോടിയേരിയെ ശരിയാക്കാനിറങ്ങുന്നവരുടെ താല്പര്യം രാഷ്ട്രീയ വിരോധം മാത്രമാണെന്ന് മനസ്സിലാക്കാന്‍ വലിയ വിജ്ഞാനമൊന്നും ആവശ്യമില്ല.
ചോദ്യം : എന്നാലും കോടിയേരിക്ക് യാതൊരു പങ്കുമില്ലെന്നത്.......

ഉത്തരം : ഞാനൊരു കഥ പറയാം.  ഹരിലാല്‍. ഗാന്ധിജിയുടെ മകനാണ്. മൂത്ത മകന്‍. ഹിന്ദു വിശ്വാസമനുസരിച്ച് അച്ഛന്‍ മരിച്ചാല്‍ മൂത്തമകനാണ് ചിതയ്ക്ക് തീകൊളുത്തേണ്ടത്. എന്നാല്‍ ഗാന്ധിയുടെ ചിതയ്ക്ക് തീകൊളുത്തിയത് മൂന്നാമത്തെ മകനായ രാംദാസാണ്.മൂത്തമകന്‍ സംസ്കാരത്തിന് എത്തിയ ആയിരക്കണക്കായ ജനങ്ങളുടെ ഇടയില്‍ കുടിച്ച് ലക്കില്ലാത കാഴ്ചക്കാരനായി നിന്നു.ലോകം ആരാധിക്കുന്ന ഒറു മനുഷ്യന്റെ മകനാണെന്നോര്‍ക്കണം. ജീവിതകാലം മുഴുവന്‍ ഗാന്ധി പോരാടിയത് മൂല്യങ്ങള്‍ക്കു വേണ്ടിയാണെന്ന് നാം നാഴികയ്ക്ക് നാല്പതുവട്ടം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും അദ്ദേഹം മൂല്യമെന്നു കരുതിയ എല്ലാത്തിന്റേയും എതിര്‍ ദിശയിലേക്കാണ് ഹരിലാല്‍ സഞ്ചരിച്ചു.ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുകയും യഥാര്‍ത്ഥ ഹിന്ദുവാകാന്‍ ഗാന്ധി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ഈ മകന്‍ പിതാവില്‍ നിന്നും തെന്നിമാറി മുസ്ലിംമതം സ്വീകരിച്ചുകൊണ്ട് അബ്ദുള്ള ഗാന്ധി എന്ന പേരു സ്വീകരിച്ചു.ഗാന്ധി മദ്യത്തിനെതിരെ നിലപാടെടുത്തപ്പോള്‍ രാജ്യത്തെ മുഴുവന്‍ മദ്യവും എനിക്കു തന്നോളൂ ഞാന്‍ കുടിച്ചു തീര്‍‌ത്തോളാം എന്ന് പ്രഖ്യാപിച്ചു.ഗാന്ധി സ്വദേശി വസ്ത്രത്തിന്റെ പ്രചാരണങ്ങള്‍ക്കുവേണ്ടി ജീവിതത്തിന്റെ ചര്‍ക്ക തിരിച്ചു തീര്‍ത്തപ്പോള്‍ മകന്‍ ഗാന്ധി ബ്രിട്ടനില്‍ നിന്നും വിദേശ വസ്ത്രങ്ങള്‍ ധാരാളമായി ഇറക്കുമതി ചെയ്ത് വ്യാപാരം നടത്തി ജീവിച്ചു.നാട്ടിലെ ജനത മുഴുവന്‍ ഗാന്ധിയെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്തപ്പോള്‍ ഒരു മകന്‍ മാത്രം ഗാന്ധിയ്ക്കെതിരെ തനിക്കു തോന്നിയ രീതിയില്‍ ജീവിച്ചു.
          ലോകം മുഴുവന്‍ വഴി പിഴച്ച ആ മകനെ ശപിച്ചു.ഗാന്ധിക്ക് അങ്ങനെയൊരു മകനുണ്ടായതില്‍ പരിതപിച്ചു. പരസ്യമായും രഹസ്യമായും പലരും ഹരിലാലിനെ ആക്ഷേപിച്ചു.
          ഇനി പറയൂ സുഹൃത്തേ , നിങ്ങള്‍ കോടിയേരിയുടെ കാര്യത്തില്‍ സ്വീകരിച്ച അതേ അളവുകോലുകൊണ്ട് ഗാന്ധിയേയും മകന്‍ ഗാന്ധിയേയും അളക്കുമോ?
          കഴിഞ്ഞില്ല. സഞ്ജയ് ഗാന്ധിയെ അറിയാമല്ലോ? ഇന്ദിരാഗാന്ധിയെ മുന്നില്‍ നിറുത്തി കളം നിറഞ്ഞാടിയ മകന്‍. തുര്‍ക്ക്മാന്‍ ഗേറ്റിലെ ചേരികളിലേക്ക് ബുള്‍‌ഡോസര്‍ ഇടിച്ചു കയറ്റിയ താന്തോന്നി. നിര്‍ബന്ധിത വന്ധ്യം കരണം നടത്തിയ ഏകാധിപതി. അങ്ങനെ എന്തെല്ലാം വിശേഷണങ്ങള്‍. സ്വന്തം മാതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ഒപ്പിടുവിച്ചത്. എന്നിട്ടോ രാജ്യത്താകമാനം കിരാത ഭരണം നടത്തി. അക്കാരണങ്ങളാല്‍ അയാളെ  സൃഷ്ടിച്ച ഫിറോസ് ഗാന്ധിയേയും ഇന്ദിരാ ഗാന്ധിയേയും തെറി വിളിക്കുന്നവരൊന്ന് കൈ പൊന്തിക്കുക.
          അപ്പോള്‍ കാര്യം ഇത്രയേയുള്ളു. മകന്‍ ചെയ്തതിന്റെ പേരില്‍ പിതാവിന് എന്തെങ്കിലും ഉത്തരവാദിത്തമോ അയാളെ കുറ്റപ്പെടുത്താനോ ചീത്ത വിളിക്കാനോ ആര്‍ക്കും യാതൊരു വിധ അവകാശവുമില്ല. എന്നാല്‍ ഇവിടെ കോടിയേരി ബാലകൃഷ്ണന്‍ വെറുമൊരു പിതാവു മാത്രമല്ല , സി പി ഐ എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയാണ്.അതുമാത്രമാണ് ഈ തെറിവിളികളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരേയൊരു ഘടകം. അങ്ങനെ തെറി വിളിക്കുന്നവരാകട്ടെ ചരിത്രത്തെ ബോധപൂര്‍വ്വം മറക്കുന്നുവെന്നേയുള്ളു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം