#ദിനസരികള്‍ 792
പ്രിയ കവികളേ
ഇതിലേ ഇതിലേ !
ഇക്കാലങ്ങളില്‍
നമുക്കു ചുറ്റും ധാരാളം കവികളുണ്ട്.ധാരാളമെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ധാരാളം. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു
കല്ലെടുത്ത് വെറുതെ മുകളിലേക്കെറിഞ്ഞാല്‍ അതു വന്നു വീഴുന്നത് ഏതെങ്കിലും കവിയുടെ
തലയിലായിരിക്കുമെന്നുറപ്പിക്കാം. ഇപ്പോള്‍ കവികുലത്തിന്റെ എണ്ണത്തെക്കുറിച്ച് ഏകദേശം
വ്യക്തമായല്ലോ! മറ്റു
വിഭാഗക്കാര്‍ - കഥ, വിമര്‍ശനം , നാടകം , പാന, കഥകളി ഇത്യാദികള്‍ - തുലോം കുറവുതന്നെയാണ്.
അതെന്തുകൊണ്ടാണെന്ന് പഠിക്കാന്‍ കേരള സര്‍വ്വകലാശാല ഒരു ഗവേഷക സംഘത്തെ
നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ റിപ്പോര്‍ട്ടു വരുന്നതുവരെ കാത്തിരിക്കുക.
കവികളിലേക്ക് വരാം. കവികളുടെ
എണ്ണമെടുക്കാന്‍ നിലവിലുള്ള സ്മാര്‍ട്ടു ഫോണുകളുടെ എണ്ണമെടുത്താലും മതിയെന്ന്
എന്റെ സുഹൃത്ത് ഡോക്ടര്‍ ജോസഫ് മറ്റത്തില്‍ പറയും. അദ്ദേഹം ഈ വിഷയത്തില്‍
ആധികാരികമായ അറിവുള്ളവനാണ്. കാരണം അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം തന്നെ ആധുനിക
യന്ത്രസാമഗ്രികളുടെ സമ്പര്‍ക്കം എഴുത്തിലുണ്ടാക്കിയ മുന്നേറ്റം എന്നതാണ്.
പഠിച്ചതും പഠിപ്പിക്കുന്നതും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയാണെങ്കിലും മലയാള
സാഹിത്യവുമായുള്ള ബന്ധം കാത്തുസംരക്ഷിച്ചു പോരുന്നുവെന്നതാണ് എനിക്ക്
അദ്ദേഹത്തെക്കുറിച്ചുള്ള സ്നേഹബഹുമാനങ്ങള്‍ക്ക് ആധാരമായിരിക്കുന്നത്.
ഈ കവികളില്‍ ചിലരെ കണ്ടു കിട്ടുമ്പോള്‍
മലയാള കവിതയെക്കുറിച്ചും കഴിഞ്ഞ കാല കവികളെക്കുറിച്ചും വെറുതെയൊന്ന് ചര്‍ച്ച
ചെയ്യുക. അതൊന്നും തന്നെ ഇക്കൂട്ടര്‍ വായിച്ചിട്ടുണ്ടാകില്ല. കഴിഞ്ഞു പോയ കവികളുടെ
കാര്യം പോകട്ടെ , ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കവികളെക്കുറിച്ചും ചോദിക്കുക.
തനിക്കു ചുറ്റുമുള്ള ഠ വട്ടമല്ലാതെ മറ്റൊന്നും തന്നെ ഇവരുടെ ശ്രദ്ധയില്‍
പെട്ടിട്ടുണ്ടാകില്ല. അറിയാന്‍ ശ്രമിക്കാറുമില്ല എന്നതാണ് വസ്തുത.ഓ അതൊക്കെ
എന്തിനറിയണം എന്നതാണ് അവരുടെ അടിസ്ഥാന ഭാവം. എന്നാലോ താനെഴുതുന്നത് ലോകത്തിലുള്ള
മുഴുവന്‍ ആളുകളും വായിക്കണം എന്ന നിര്‍ബന്ധ ബുദ്ധി ഇക്കൂട്ടര്‍ കാണിക്കാറുമുണ്ട്.
നമ്മുടെ ഫോണുകളിലേക്കും പൊതുഇടങ്ങളിലേക്കും മറ്റും മറ്റും സ്വന്തം കവിതയുമായി
ഇടിച്ചുകയറിയെത്തുന്ന ഇവര്‍ വായിക്ക് വായിക്ക് എന്ന് നമ്മെ പ്രേരിപ്പിക്കും.
വായനയുടെ കാര്യത്തില്‍ ഈ കവികള്‍ സംപൂജ്യരായി നിലകൊള്ളുകയും ചെയ്യും.
കവിതയെക്കുറിച്ചുള്ള ഇവരുടെ ധാരണയാണ്
അതിലും രസം.വൃത്തമെന്നോ താളമെന്നോ കേട്ടാല്‍ അപ്പോള്‍ നെറ്റി ചുളിക്കും.അതെന്തോ
പഴകിപ്പോയ ഏര്‍പ്പാടാണെന്നും തങ്ങള്‍ ആധുനിക കാലത്തിന്റെ വക്താക്കളാണെന്നും ആ
ചുളിവുകളില്‍ തെളിഞ്ഞു നില്ക്കുന്നത് നമുക്ക് വായിച്ചെടുക്കാം. വൃത്തവും
താളവുമുണ്ടെങ്കിലേ കവിതയാകൂ എന്നൊന്നുമില്ല. എന്നു മാത്രവുമല്ല അത്തരം
കാര്യങ്ങളൊക്കെ കവിതയെ സംബന്ധിച്ച് അസ്ഥാനത്താണെന്ന് നമ്മുടെ മികച്ച ആധുനിക കവികള്‍
തെളിയിച്ചിട്ടുമുണ്ട്. പക്ഷേ അവരൊക്കെ കവിതയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള അഭ്യാസം
നീണ്ടു നിന്ന വായനയിലൂടേയും പഠനത്തിലൂടേയും സ്വാംശീകരിച്ചെടുത്തതിന് ശേഷമാണ്
വേദിയിലെത്തിയത്. എന്നാല്‍ നമ്മുടെ മൊബൈല്‍ കവികളാകട്ടെ ഇതൊന്നും പഠിക്കാനായി
ഇരുന്നുകൊടുക്കുന്നവരല്ല.അല്ലെങ്കിലും ബുദ്ധിമാന്മാര്‍ ശങ്കിച്ചു
നില്ക്കുന്നിടത്ത് വിഡ്ഢികള്‍ ഇടിച്ചു കയറുന്നു എന്നാണല്ലോ !
എന്നേ
വിസ്മയ! മേതുമില്ല
കവിതാ സാമര്‍ത്ഥ്യ; മെന്നാല്‍ ഭവാ
നിന്നേറെക്കഷണിച്ചിവണ്ണമുളവാക്കീട്ടെന്തു
കാര്യം സഖേ
മുന്നം
ഗര്‍ഭിണിയായ നാള്‍ മുദിതയായ് മാതാവു നേര്‍ന്നിട്ടുമു
ണ്ടെന്നോ
താന്‍ കവിയായ് ജനങ്ങളെ വലച്ചീടേണമെന്നിങ്ങനെ ? എന്ന്
വെണ്‍മണി മഹന്‍ ചോദിച്ചത് ആവര്‍ത്തിച്ചുകൊണ്ട് ഞാന്‍ വിരമിക്കട്ടെ.
അനുബന്ധം
ഡോക്ടര്‍ ജോസഫിനെക്കുറിച്ച് നിങ്ങള്‍
വായിച്ചല്ലോ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു
രഹസ്യമാണ് ഞാനിവിടെ പറയുന്നത്. ഐ ടിയാണ് ഇദ്ദേഹത്തിന്റെ മേഖലയെന്ന്
പറഞ്ഞല്ലോ. അദ്ദേഹം ഒരു സോഫ്റ്റ്‌വേര്‍
ഉണ്ടാക്കിയിട്ടുണ്ട്. കാവ്യം 2.0 എന്നാണ് പേര്. സംഭവം കവിത എഴുതാനുള്ളതാണ്. ആ
സോഫ്റ്റ് വെയറിലേക്ക് അദ്ദേഹം കുറേയധികം വാക്കുകളെ കീവേര്‍ഡുകളായി ചേര്‍ത്തു
വെച്ചിട്ടുണ്ട്. കീവേര്‍ഡുകള്‍ എന്നു കേള്‍ക്കുമ്പോള്‍ കമ്പ്യൂട്ടര്‍
പ്രോഗ്രാമിംഗ് അറിയാവുന്നവര്‍ക്ക് എളുപ്പം മനസ്സിലാകും. എന്നാല്‍ പ്രോഗ്രാമിംഗിലെ
കീവേര്‍ഡുകളെപ്പോലെ ഉപഭോക്താവിന് ഉപയോഗിക്കാന് പറ്റാത്തതാക്കിയിട്ടില്ല എന്നൊരു
വ്യത്യാസമുണ്ട്. എന്നു മാത്രവുമല്ല ആ കൂട്ടത്തിലേക്ക് അദ്ദേഹം ദിവസേന പദങ്ങളെ
കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നുണ്ട്.അങ്ങനെ വാക്കുകളുടെ നല്ലൊരു ഖനി അദ്ദേഹം
ശേഖരിച്ചുവെച്ചിരിക്കുന്നുവെന്ന് മനസ്സിലായല്ലോ. ഇനി ഒരു കവിത വേണമെങ്കില്‍ സംഭവം
എളുപ്പമാണ്. ലോട്ടറി ടിക്കറ്റില്‍ സമ്മാനം തിരഞ്ഞെടുക്കുന്നതു കണ്ടിട്ടില്ലേ?
അതുപോലെ ഈ പദങ്ങളെ ഇട്ടൊരു കറക്കലാണ്.അപ്പോള്‍ ഓരോ പദങ്ങളും
ഓരോ വരികളിലായി വന്ന് നിരന്നു നില്ക്കും.അങ്ങനെ മുപ്പതോ നാല്പതോ വരികളുണ്ടാക്കി
ആവശ്യത്തിന് ആക്സിലറികളും അനുബന്ധ ചേരുവകകളും ചേര്‍ത്ത് ഒന്നു കൂടി
കറക്കിയെടുക്കുമ്പോള്‍ നല്ല ഉഗ്രനൊരു കവിത റഡി. അദ്ദേഹം അതു വ്യാഖ്യാനിച്ച് അര്‍ത്ഥം
പറയുമ്പോള്‍ നമുക്ക് വായില്‍ക്കൂടി വെള്ളമൂറും. മാത്രവുമല്ല അദ്ദേഹം അത്
വേദികളിലൊക്കെ ചൊല്ലിച്ചൊല്ലി എത്ര കൈയ്യടിയാണ് വാങ്ങുന്നതെന്നോ?
മാത്രവുമല്ല അപ്പുറത്തെ സോനുച്ചേച്ചി
വരെ അദ്ദേഹത്തിന് പ്രമേലേഖനം അയക്കാറുമുണ്ടത്രേ! ആ സോഫ്‌റ്റ് വെയറിന്റെ ഒരു കോപ്പി ഞാന്‍
ചോദിച്ചിട്ടുണ്ട്. ഇത്തിരിക്കൂടി പരിപാടി ചെയ്യാനുണ്ടത്രേ !
അതിനു ശേഷം തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.
കവിയാകണമെന്നുതന്നെയായിരുന്നു
എന്റേയും ആഗ്രഹം. അതുകൊണ്ടാണ് ഞാന്‍ കവികളെ ഏറ്റവും നന്നായി ശ്രദ്ധിച്ചു പോന്നത്.
അത്രയധികം കവികളുണ്ടെന്ന് നാം കണ്ടല്ലോ . എന്നിട്ടും
അവരിലൊരാളായിത്തീരാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് ദയനീയമായ വസ്തുത.
ഇന്നലെ അക്ഷരം പഠിച്ച കൊച്ചൂട്ടന്‍ പോലും ഇന്ന് കവിതയെഴുതിത്തുടങ്ങി. അതിന്റെ
കൊതിക്കെറുവിലാണ് ഞാന്‍ നമ്മുടെ പാവപ്പെട്ട ആധുനിക കവികളെയൊക്കെ ഇങ്ങനെ പുലഭ്യം
പറയുന്നത്.
Comments