#ദിനസരികള് 699
2019 ല്‍
വീണ്ടും മോഡി അധികാരത്തിലെത്തിയാല്‍ ഇനിയൊരു ഇലക്ഷന്‍ ഇന്ത്യയില്‍ ഉണ്ടാവില്ലെന്ന
സാക്ഷി മഹാരാജിന്റെ പ്രസ്താവന ശ്രദ്ധിക്കുക.തന്റെ പ്രസംഗത്തിന്റെ
കൊഴുപ്പുകൂട്ടുവാനുള്ള വെറും ചെപ്പടിവിദ്യയല്ല , മറിച്ച് സംഘപരിവാരത്തിന്റെ ,
ഹിന്ദുത്വ വാദത്തിന്റെ ഉള്ളിലിരുപ്പ് തന്നെയാണ് സാക്ഷി മഹാരാജ് പ്രകടിപ്പിച്ചത്.
ഇന്ത്യയിലെ മതഫാസിസ്റ്റുകള്‍ ഏറ്റവും അധികം വെറുക്കുന്നതും
അവസാനിപ്പിക്കുവാന്‍ ശ്രമിക്കുന്നതും പേരിനെങ്കിലും ഇക്കാലത്തും നിലനില്ക്കുന്ന
ജനാധിപത്യത്തേയും അയ്യഞ്ചുവര്‍ഷത്തിന്റെ ഇടവേളകളില്‍ നടപ്പിലാക്കുന്ന
തിരഞ്ഞെടുപ്പുകളേയുമായാണ്.
ഇലക്ഷനില്‍ വോട്ടിംഗ് മെഷീന്‍ നിര്‍ബന്ധമാക്കിയതോടെ എങ്ങനെ
ജയിക്കണമെന്ന് മോഡിയും കൂട്ടരും പഠിച്ചു കഴിഞ്ഞു.ജനങ്ങള്‍ തങ്ങള്‍ക്ക് എതിരെ
വോട്ടു ചെയ്താലും അനുകൂലമാക്കിയെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഇലക്ട്രോണിക്
വോട്ടിംഗ് മെഷീനില്‍ ഇടപെടാന്‍ കഴിയുമെന്നത് ഏറെക്കുറെ സുവ്യക്തമാണ്. ഇനി അത്
അംഗീകരിക്കാത്തത് സംഘപരിവാറും ഇലക്ഷന്‍ കമ്മീഷനും മാത്രമായിരിക്കും.
അപ്പോള്‍ ഇലക്ഷന്‍ നടന്ന സംസ്ഥാനങ്ങളില്‍ ബി ജെ പിയിതര പാര്‍ട്ടികള്‍
വിജയിച്ചതോ എന്ന ചോദ്യം സ്വഭാവികമായും ഉയരാം. ഈ ചോദ്യമുയരുന്നതിനുവേണ്ടിതന്നെയാണ്
ആ സംസ്ഥാനങ്ങളില്‍ പരാജയമുണ്ടാക്കിയതെന്നതാണുത്തരം.പ്രതിപക്ഷ പാര്‍ട്ടികളുടെ
അടിസ്ഥാനര ഹിതമായ ആരോപണം മാത്രമാണത് എന്ന് വ്യാഖ്യാനിച്ചെടുക്കാന്‍ ആ പരാജയങ്ങള്‍
സംഘപരിവാരത്തെ സഹായിച്ചിട്ടുണ്ട്. എന്നു മാത്രവുമല്ല , ഫെഡറല്‍ സ്വഭാവം തന്നെ
അട്ടിമറിയ്ക്കപ്പെട്ട വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ആര്
ഭരിക്കുന്നു എന്നത് ബി ജെ പിയെ സംബന്ധിച്ച് ഒരു പ്രശ്നമേയല്ല.
കഴിഞ്ഞ അഞ്ചുകൊല്ലക്കാലത്തെ ഭരണത്തില്‍ ബി ജെ പിക്ക് ഏറ്റവും
അധികം പ്രതിസന്ധി സൃഷ്ടിച്ചത് രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മയാണ്.ആറെസ്സസ്സ്
ചിന്തിക്കുന്നത് നടപ്പിലാക്കാന്‍ ഈ ഭൂരിപക്ഷമില്ലായ്മ വിഘാതങ്ങള്‍ സൃഷ്ടിച്ചു. എന്‍
ഡി എയുടെ 109 സീറ്റുകളില്‍ 80 സീറ്റുകളാണ് ബി ജെ
പിയ്ക്ക് മാത്രമായിട്ടുള്ളത്.യു പി എ യ്ക്കാകട്ടെ 66 പേരും കോണ്‍ഗ്രസിന് 50
പേരുമാണുള്ളത്.ബി ജെ പിയ്ക്ക് 2019 ലെ ഇലക്ഷനില്‍ സ്വന്തമായി ഭൂരിപക്ഷം കിട്ടുകയും
2020 ഓടെ അവര്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടാകുകയും
ചെയ്താല്‍ സാക്ഷി മഹാരാജിന്റെ പ്രസ്താവനയുടെ പിന്നിലുള്ള മനസ്സുകള്‍ എങ്ങനെയെല്ലാം
പ്രവര്‍ത്തിക്കുമെന്ന് നമുക്ക് മൂകസാക്ഷിയായി നിന്നു കാണേണ്ടിവരും.
വിവിപാറ്റ് വലിയൊരാശ്വാസമാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
പക്ഷേ രണ്ടു എണ്ണുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണം. അങ്ങനെയുള്ള
ഒരാവശ്യമുന്നയിച്ചുകൊണ്ട് സുപ്രിംകോടതിയില്‍ ഒരു കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നത് പ്രതീക്ഷ നല്കുന്നു.കോടതി ഇലക്ഷന്‍ കമ്മീഷനോട് റിപ്പോര്‍ട്ട്
തേടിയിട്ടുമുണ്ട്. അനുകൂലമായി കോടതി ഒരു നിലപാടെടുത്താല്‍ അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ
കരുത്തും സത്യസന്ധതയും ഏറെ വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും.
രണ്ടു സഭകളിലും ബി ജെ പിക്ക് ഭൂരിപക്ഷമെന്ന സ്വപ്നമാണ്
പരിവാരം ചുമക്കുന്നത്.ആ സ്വപ്നത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് സാക്ഷി
മഹാരാജടക്കമുള്ളവര്‍ പ്രകടിപ്പിക്കുന്നത്.ഇലക്ഷന്‍ അട്ടിമറിയ്ക്കപ്പെടുകയും ഇന്ത്യ
പരിപൂര്‍ണമായും ഫാസിസ്റ്റുകളുടെ ചൊല്പടിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന
സാഹചര്യങ്ങളെയാണ് ഈ തിരഞ്ഞെടുപ്പില്‍ നാം, പൊതുജനം നേരിടാന്‍ പോകുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ഈ രാജ്യം എന്തൊക്കെ അസംതൃപ്തികളെ
പേറുന്നുണ്ടെങ്കിലും ജനാധിപത്യപരമായി നിലനിന്നു പോകുകതന്നെ വേണമെന്നാണ് ഞാന്‍
ആഗ്രഹിക്കുന്നത്. വിശക്കുമ്പോള്‍ വിശക്കുന്നുവെന്ന് പറയാനുള്ള
സ്വാതന്ത്ര്യമെങ്കിലും ഈ നാട്ടില്‍ അവശേഷിക്കേണ്ടതല്ലേ ? അതുകൊണ്ടാണ്
സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് അജണ്ടകളെ പരാജയപ്പെടുത്തേണ്ടത് ഇന്ത്യയുടെ
നിലനില്പിന് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നത്.
Comments