#ദിനസരികള് 696


മോദിയുടെ അഞ്ചുകൊല്ലം രാജ്യം വെറുങ്ങലിച്ച നാളുകള്‍ 4
3. ഇനിയും ആഴം അളക്കാനാകാത്ത വ്യാപം
            മധ്യപ്രദേശിലെ ബി ജെ പി സര്‍ക്കാറിന്റെ കാര്‍മികത്വത്തില്‍ കൊണ്ടാടപ്പെട്ട അഴിമതിയാണ് വ്യാപം. വ്യാപത്തിന്റെ വ്യാപ്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത. ഏകദേശം രണ്ടായിരത്തോളം ആളുകള്‍ അറസ്റ്റിലായി. പരാതി ഉന്നയിച്ചവരും പ്രതിസ്ഥാനത്തുള്ളവരും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തവരുമായി എത്രയോ അധികം ആളുകള്‍ കൊല്ലപ്പെട്ടു.ജയിലില്‍  കിടക്കുന്നവര്‍ കേസ് അനന്തമായി നീണ്ടു പോകുമെന്നും തങ്ങള്‍ക്ക് ഒരിക്കലും നീതി കിട്ടില്ലെന്നും ആക്ഷേപിച്ചുകൊണ്ട് തങ്ങളെ ദയാവധത്തിന് ഇരയാക്കണമെന്ന് ഇന്ത്യന്‍ പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന സാഹചര്യം പോലുമുണ്ടായി. അഴിമതി മൂടിവെയ്ക്കുന്നതിനു വേണ്ടി ഇത്രയും ദുരൂഹമായ കൊലപാതകങ്ങള്‍ നടന്ന മറ്റൊരു കേസും ഇന്ത്യയുടെ ചരിത്രത്തിലില്ല.
            മധ്യപ്രദേശിലെ സര്‍ക്കാര്‍ നിയമനങ്ങളും പ്രവേശനങ്ങളും നിയന്ത്രിക്കുന്ന  സ്ഥാപനമാണ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ ( Madhya Pradesh Professional Examination Board) . വ്യാപം എന്ന് അറിയപ്പെടുന്ന പ്രസ്തുത സ്ഥാപനത്തിനു കീഴില്‍ ഏകദേശം പത്തുകൊല്ലക്കാലത്തോളം വിവിധ അകാദമികസ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളും പ്രവേശനങ്ങളും നടന്നത് ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ കീഴില്‍   പണം വാങ്ങിയാണ് എന്ന ആരോപണങ്ങളും തുടര്‍ന്നു പുറത്തു വന്ന സംഭവങ്ങളും ഇന്ത്യയെയൊട്ടാകെ പിടിച്ചു കുലുക്കി സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ സിനിമാക്കഥകളെ വെല്ലുന്ന തരത്തിലാണ് വ്യാപം അഴിമതിക്കഥ പടര്‍ന്നു വികസിച്ചത്. ഗവര്‍‌ണറും മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രധാന അധികാരികളുമൊക്കെ ഈ അഴിമതിയില്‍ പങ്കാളികളാണെന്ന് ആക്ഷേപമുന്നയിക്കപ്പെട്ടു.
            2013 ല്‍ വ്യാപം ബോര്‍ഡ് നടത്തിയ മെഡിക്കല്‍ പരീക്ഷയില്‍ വലിയ തോതിലുള്ള ക്രമക്കേടുകളെത്തുടര്‍ന്നാണ് അഴിമതി പുറത്താകുന്നത്. പകരക്കാരെ വെച്ച് പരീക്ഷ എഴുതിച്ചും ഒ എം ആര്‍ ഷീറ്റ് പൂരിപ്പിക്കാതെ പരീക്ഷ എഴുതുന്നവരില്‍ നിന്നും ശേഖരിച്ചുമൊക്കെ ആളുകളെ തിരുകിക്കയറ്റി. ഒരു സംസ്ഥാനത്തിലെ മുഴുവന്‍ ഔദ്യോഗിക സംവിധാനങ്ങളും ഈ ക്രമക്കേടു കാണിക്കുന്നതിന് ഒത്താശ ചെയ്തു. ബി ജെ പിയുടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ , ഗവര്‍ണര്‍ രാം നരേഷ് യാദവ് മുതലായ സംസ്ഥാനത്തെ ഒന്നാമന്മാരുടെ കൈകള്‍ കൂടി വ്യാപം കേസില്‍ പുറത്തു വന്നതോടെ എങ്ങനേയും പ്രതികളെ രക്ഷിച്ചെടുക്കാനുള്ള ഇടപെടലുകളുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍  രംഗത്തെത്തി. ഒരു ഹര്‍ജിയെത്തുടര്‍ന്ന് മധ്യപ്രദേശ് ഹൈക്കോടതി  കോടതി ഇടപെട്ടതോടെയാണ് ഫലപ്രദമായി ഒരന്വേഷണം നടത്താനുള്ള നീക്കമെങ്കിലും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
            വ്യാപം പുറത്തു വന്നതോടുകൂടി കോസുമായി നേരിട്ടു ബന്ധമുള്ള അമ്പതിലധികമാളുകള്‍ ദൂരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു.പ്രത്യക്ഷമായി ഈ കേസുമായി ബന്ധമുള്ളവര്‍ക്കു പുറമേ പുറത്തറിയാത്ത എത്രയോ അധികമാളുകളുടെ കൊലപാതകം നടന്നിട്ടുണ്ടാകാം? കൊല്ലപ്പെട്ടവരില്‍ പ്രധാനികളുടെ ഒരു ചെറിയ ലിസ്റ്റ് വിക്കിയിലുണ്ട്. നോക്കുക :-
2009 നവം. 21 നു വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട ആദ്യ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. വികാസ് സിംഗ് താക്കൂർ എന്ന വ്യാപം കേസിലെ ഇടനിലക്കാരൻ മരുന്നിന്റെ റിയാക്ഷൻ മൂലം കൊല്ലപ്പെട്ടു എന്ന് രജിസ്റ്റർ ചെയ്തു. മധ്യപ്രദേശ ഗവർണറുടെ മകൻ ഷൈലേഷ് യാദവ് കൊല്ലപ്പെട്ടു.അഴിമതി കേസിൽ സാക്ഷിയായ നമ്രദ ദാമോദറിൻെറ മൃതദേഹം ഉജ്ജയിനിലെ റെയിൽവേ പാളത്തിൽനിന്നാണ് കണ്ടെടുത്തു.നമ്രദ ദാമോറിൻെറ മാതാപിതാക്കളെ കണ്ടിറങ്ങിയ ഉടനെ ആജ്തക്ക് ചാനൽ ലേഖകൻ അക്ഷയ് സിങ്അന്വേഷണ സംഘത്തെ സഹായിച്ച ജബൽപൂർ മെഡിക്കൽ കോളജ് ഡീൻ ഡോ. അരുൺ ശർമ കൊല്ലപ്പെട്ടു.എൻ എസ്. മെഡിക്കൽ കോളേജ് ഡീനായിരുന്ന ടി കെ സകാല്ലേ കൊല്ലപ്പെട്ടു.സബ് ഇൻസ്പെക്ടർ ട്രെയിനി അനാമിക കുശ്വാഹയെ മധ്യപ്രദേശിലെ സാഗർ പൊലീസ് അക്കാദമിയിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അനാമിക ഫെബ്രുവരി മുതൽ ട്രെയിനിങ്ങിനായി ഇവിടെ താമസിച്ചു വരികയായിരുന്നു.വ്യാപം അഴിമതിയിൽ ഉൾപ്പെട്ട രണ്ട് പ്രവേശന പരീക്ഷകളുടെ നിരീക്ഷകനായിരുന്ന ഐ.എഫ്.എസ് ഓഫീസറായി വിരമിച്ച വിജയ് ബഹാദൂറിന്റെ മൃതദേഹമാണ് 2015 ഒക്ടോബർ 17ന് ഒഡീഷയിലെ ഝാർസുഗുഡയിൽ റെയിൽവെ ട്രാക്കിൽ കാണപ്പെട്ടത്. വ്യാപം അഴിമതി റിപ്പോർട്ട് ചെയ്തിരുന്ന ആജ് തക് റിപ്പോർട്ടർ, അക്ഷയ് സിംഗ് കൊല്ലപ്പെട്ടു.വ്യാപം കുംഭകോണക്കേസിലെ പ്രതികളിലൊരാളായ പ്രവീൺ കുമാറിനെ മധ്യപ്രദേശിലെ മൊറീന ജില്ലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ( വിക്കിയില്‍ നിന്ന് ലേഖനം വ്യാപം അഴമതി ).
            ഇനിയും ഫലപ്രദമായി അന്വേഷണം നടക്കാതെയും കുറ്റവാളികളാരെന്ന് കണ്ടുപിടിക്കപ്പെടാതെയും വ്യാപം അഴിമതിയെ ജനങ്ങളുടെ ശ്രദ്ധയില്‍ നിന്നും ഒളിച്ചു വെയ്ക്കുവാനുള്ള നിരന്തരമായ ശ്രമങ്ങള്‍ ഭരിക്കുന്നവരുടെ ഭാഗത്തു നിന്നുണ്ടാകുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രിയും ഐ എ എസുകാരും ഐ പി എസുകാരുമൊക്കെ പങ്കാളിയായ വ്യാപം അഴിമതിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കാത്തത് അഴിമതിക്ക് കുടപിടിക്കുന്ന ബി ജെ പിയുടെ നിലപാടുകളുടെ ഫലമായാണ്.
            അഴിമതിക്കെതിരെ വായിട്ടലയ്ക്കുമ്പോഴും ബി ജെ പിയുടെ താഴത്തട്ടുമുകള്‍ മേല്‍ത്തട്ടുവരെ അഴിമതിയില്‍ കുളിച്ചു നില്ക്കുകയാണ്. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതും നാം കണ്ടതാണ്.നിലവിലെ ബി ജെ പിയുടെ പ്രസിഡന്റ് അമിത് ഷായെക്കുറിച്ചും മകന്‍ ജയ് ഷായെക്കുറിച്ചുമൊക്കെ എത്രയോ വാര്‍ത്തകളാണ് നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.പ്രധാനമന്ത്രിയും കൂട്ടരും നാഴികയ്ക്കു നാല്പതുവട്ടം പുറമേ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചാലും അകമേ അഴിമതിയെ ചുമന്നു നടക്കുന്നവരുടെ ഒരു കെട്ടുനാറിയ കൂട്ടം മാത്രമാണ് ബി ജെപി.

                       
           


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1