#ദിനസരികള് 694

മോദിയുടെ അഞ്ചുകൊല്ലം – രാജ്യം വെറുങ്ങലിച്ച നാളുകള്‍ – 2


ലോകരാജ്യങ്ങളിലെ അഴിമതിയെ നിരീക്ഷിക്കുന്ന രാജ്യാന്തര സന്നദ്ധ സംഘടനയായ ട്രാന്‍സ്പെരന്‍സി ഇന്‍റര്‍നാഷണലിന്റെ പഠനങ്ങള്‍ പ്രകാരം നരേന്ദ്ര മോദി യുടെ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇന്ത്യ മറ്റു രാജ്യങ്ങളുടെ ഇടയില്‍ 36 ആം സ്ഥാനത്തായിരുന്നു. എന്നാല്‍ മോദിയുടെ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം 180 രാജ്യങ്ങളില്‍ നടത്തിയ കണക്കെടുപ്പുകളുടെ ഫലമായി നമ്മുടെ രാജ്യം ചെന്നെത്തി നില്ക്കുന്നത് 78 ആം സ്ഥാനത്താണ്. എന്നുവെച്ചാല്‍ കേവലം അഞ്ചു കൊല്ലം കൊണ്ട് അഴിമതി നേരെ ഇരട്ടിയിലധികമായി എന്നര്‍ത്ഥം.
ഫോബ്സ് മാഗസിനില്‍ ജനുവരി 31, 2019 ന് പ്രസിദ്ധീകരിച്ച Corruption Is Still Thriving In Modi’s India എന്ന കുറിപ്പ് തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ് “അഞ്ചുകൊല്ലങ്ങള്‍ക്കു മുമ്പ് രാജ്യത്തെ അഴിമതിയെ നിര്‍മാര്‍ജ്ജനം ചെയ്യും എന്ന് ആവര്‍ത്തിച്ച് വീരവാദം മുഴക്കിയ നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ ഒരവസരം അനുവദിച്ചുകൊടുത്തു. ഇന്ത്യയെ അഴിമതി മുക്തമാക്കുക എന്നതായിരുന്നു ജനത മോദിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ രാജ്യത്ത് അഴിമതിയ്ക്ക് തഴച്ചു വളരാനുള്ള അവസരങ്ങളാണ് ധാരാളമായി സൃഷ്ടിക്കപ്പെട്ടത്.” റഫേല്‍ ഇടപാടും പതിനായിരത്തില്‍പ്പരം കോടിയുടെ പഞ്ചാബു നാഷണല്‍ ബാങ്കിലെ തിരിമറിയും മാഗസിന്‍ സൂചിപ്പിക്കുന്നു. കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന മോദിയുടെ വീരവാദങ്ങള്‍ക്കുമാത്രം ഒരു കുറവും സംഭവിച്ചിട്ടില്ല.
നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ നടന്ന അഴിമതികളെ നമുക്കു പരിശോധിക്കാം.
1. റഫേല്‍ ഇടപാട്
ഫ്രാന്‍‌സിലെ ദസോള്‍ട്ട് ഏവിയേഷനില്‍ നിന്നും വിവിധോദ്ദേശ യുദ്ധ വിമാനമായ റഫേല്‍ വാങ്ങുവാന്‍ അനില്‍ അംബാനിയുടെ കമ്പനിയെ ഇടനിലക്കാരാക്കി മാറ്റിക്കൊണ്ട് ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും അഴിമതിയ്ക്ക് കളമൊരുക്കി. യു.പി.എ സര്‍ക്കാരാണ് ഫ്രാന്‍സില്‍ നിന്നും റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ തീരുമാനിച്ചത്. അന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണിയായിരുന്നു.126 വിമാനങ്ങളും സാങ്കേതിക വിദ്യയും കൈമാറ്റം ചെയ്യുന്ന ഒരു കരാറിനായിരുന്നു അക്കാലത്ത് ഇന്ത്യ ശ്രമിച്ചത്. ആദ്യ പതിനെട്ട് വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും എത്തിക്കുവാനും ബാക്കിവരുന്നവ ഹിന്ദുസ്ഥാന്‍ എയ്‌റോ നോടിക്സ് ലിമിറ്റഡില്‍ കൈമാറ്റം ചെയ്യുന്ന സാങ്കേതിക വിദ്യയനുസരിച്ച് നിര്‍മ്മിക്കാനുമായിരുന്നു കരാറിലെ ധാരണ.
എന്നാല്‍ 2015 ലെ തന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിനു ശേഷം, അപ്രതീക്ഷിതമായി, ഇന്ത്യ റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെ ഫ്രാന്‍സ് സന്ദര്‍ശിക്കുവാന്‍ അനില്‍ അംബാനിയുമുണ്ടായിരുന്നുവെന്നതു കൂടി ശ്രദ്ധിക്കുക. പൊതുമേഖലാ സ്ഥാപനമായ HAL നെ ഒഴിവാക്കിക്കൊണ്ട് കേവലം കടലാസു കമ്പനിയായ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിനെ പങ്കാളിയായി നിശ്ചയിച്ചുകൊണ്ടാണ് കരാര്‍ നടപ്പിലാക്കാന്‍‌ തീരുമാനിച്ചത്. എന്നു മാത്രവുമല്ല യു.പി.എ സര്‍ക്കാറിനു കീഴിലുണ്ടാക്കിയ കരാറിനെ അടിമുടി പുതുക്കിപ്പണിതുകൊണ്ടും പലതും തള്ളിക്കളഞ്ഞുകൊണ്ടുമാണ്, മോദി കരാര്‍ തയ്യാറാക്കിയത്.
126 വിമാനങ്ങള്‍ എന്നത് മുപ്പത്താറെണ്ണമായി വെട്ടിക്കുറച്ചു. വിലക്കൂടുതല്‍ എന്നതായിരുന്നു കാരണമായി പറഞ്ഞത്. എന്നാല്‍ 126 വിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയും ഏകദേശം അറുപത്തി രണ്ടായിരം കോടി രൂപയ്ക്ക് ലഭിക്കുമായിരുന്ന സാഹചര്യത്തിലാണ് മുപ്പത്തിയാറു വിമാനങ്ങള്‍ , സാങ്കേതിക വിദ്യയില്ലാതെ 58,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള കരാറില്‍ മോദി 2016 ല്‍ ഒപ്പിടുന്നത്.
മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പേരില്‍, രാജ്യവ്യാപകമായി പ്രചാരണങ്ങള്‍ അഴിച്ചു വിട്ട മോദിതന്നെയാണ് ലോകത്തെ ഏറ്റവും മികച്ച പോര്‍വിമാനങ്ങളിലൊന്നായിരുന്ന റാഫേല്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ കഴിയുമായിരുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കിയത്. ഈ ഇടപാടില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നുവെന്നാണ് ഇന്ന് കണ്ടെത്തിയിരിക്കുന്നത്.
റഫേല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുപോലും പ്രതിരോധ രേഖകള്‍ രഹസ്യമാണെന്ന വാദമുന്നയിച്ചുകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാറിനെ ദ ഹിന്ദു പത്രമാണ് വീഴ്ത്തിയത്. ഹിന്ദു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എന്‍. റാം എഴുതിയ ലേഖനം കേന്ദ്രസര്‍ക്കാറിന്റെ നിലപാടുകളെ കീഴ്മേല്‍മറിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ രേഖകളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം തയ്യാറാക്കിയ ലേഖനം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രതിരോധ രഹസ്യങ്ങളുടെ മറവില്‍ അഴിമതിയെ ഒളിപ്പിച്ചു വെയ്ക്കാനുള്ള ഒരു ശ്രമത്തേയും, അനുകൂലിക്കാനാകില്ലെന്ന് കോടതിയെക്കൊണ്ട് പറയിപ്പിക്കുവാന്‍ ഹിന്ദുവിന്റെ നിലപാടുകള്‍ക്ക് കഴിഞ്ഞു. കോടിക്കണക്കിനു രൂപയുടെ അഴിമതി ലക്ഷ്യം വെച്ചു നടത്തിയ ഈ ഇടപാടിനെക്കുറിച്ചുള്ള വസ്തുതകള്‍ ഇനിയും പുറത്ത വരാനുണ്ട്. (അവസാനിക്കുന്നില്ല.)

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം