#ദിനസരികള് 691
മാവോയിസം :
കണ്ണുകെട്ടി കുരുവിയെപ്പിടിക്കുന്നവര്‍
മഹാനായ
മാവോവിന്റെ പേരില്‍ ആവിഷ്കരിക്കപ്പെട്ട മാവോയിസത്തിന്റെ സൈദ്ധാന്തിക നിലപാടുകള്‍
യഥാര്‍ത്ഥത്തില്‍ ചൈനീസ് വിപ്ലവത്തിന്റെ അനുഭവങ്ങളിലൂടെ മാവോ വികസിപ്പിച്ചെടുത്ത
ജനാധിപത്യ വിപ്ലവ കാഴ്ചപ്പാടുകളെയാകെ നിരസിക്കുന്നതാണ്.സവിശേഷമായ ഇന്ത്യന്‍
സാഹചര്യത്തില്‍ മാവോയിസ്റ്റുകളുടെ അതിവിപ്ലവവാദവും സാമ്ര്യാജ്യത്വപ്രോക്തമായ എന്‍
ജി ഒയിസവും സന്ധിക്കുന്ന
പ്രത്യയശാസ്ത്ര മുന്നണികളെക്കൂടി മാര്‍ക്സിസ്റ്റുകള്‍ തിരിച്ചറിയേണ്ടതുണ്ട്. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ
കണക്കിലെടുക്കാതെ മറ്റൊരു രാജ്യത്തിന്റെ വിപ്ലവപാത യാന്ത്രികമായി അനുകരിക്കുന്നവരെ
കണ്ണുകെട്ടി കുരുവിയെ പിടിക്കുന്നവര്‍ എന്നാണ് മാവോ പരിഹസിച്ചത് ( കെ. ടി
കുഞ്ഞിക്കണ്ണന്‍ , മാവോയിസം മാര്‍ക്സിസസമോ? )
കണ്ണുകെട്ടി
കുരുവിയെപ്പിടിക്കുന്നവര്‍.
എത്ര അര്‍ത്ഥവത്തായ പ്രയോഗമാണ് ഒരു രാജ്യത്തിന്റെ തനതായ
സ്ഥിതികളെ ശരിയായി വിലയിരുത്താതെ വിപ്ലവത്തിന്റെ പേരില്‍ അന്ധമായ അനുകരണത്വരയോടെ
മുന്നിട്ടിറങ്ങുന്നവരെ വിശേഷിപ്പിക്കാന്‍ മാവോ ഉപയോഗിച്ചത്?
ഇന്ത്യയില്‍ മാവോയിസത്തിന്റെ പേരില്‍ സായുധകലാപം നടത്താന്‍
തുനിഞ്ഞിറങ്ങിയവര്‍ക്ക് മഹാനായ ആ വിപ്ലവകാരിയുടെ പ്രയോഗം കൃത്യമായും ചേര്‍ന്നു
പോകുന്നതാണ്.
ആചാര്യനായ
ചാരുമജുംദാര്‍ എഴുപതുകളെയാണ് മാറ്റത്തിന്റെ ദശകമായി അടയാളപ്പെടുത്തിയത്.വര്‍ഗ്ഗശത്രുവിന്റെ
രക്തത്തില്‍ കൈമുക്കാത്തവര്‍ കമ്യൂണിസ്റ്റുകാരല്ലെന്ന പ്രഖ്യാപിക്കപ്പെട്ട നാളുകള്‍.
കൊന്നൊടുക്കുക എന്നതിനപ്പുറം മറ്റൊന്നും ചിന്തിക്കേണ്ടതില്ലെന്ന നിലപാടുകള്‍
വിപ്ലവകാരികളുടെ ഇടയില്‍ ശക്തമായി രൂപപ്പെട്ടു വന്നു.വിജയം ഇതാ അടുത്ത് എന്ന
പ്രതീതി ജനിപ്പിക്കുന്ന പ്രസംഗങ്ങള്‍ , എഴുത്തുകള്‍ , പ്രവര്‍ത്തനങ്ങള്‍. പക്ഷേ
കാല അക്കൂട്ടര്‍ക്കു വേണ്ടി കരുതിവെച്ചത് മറ്റു ചിലതായിരുന്നു. ആശയങ്ങളുടെ പേരിലും
വിവിധങ്ങളായ വ്യാഖ്യാനങ്ങളുടെ പേരിലും തമ്മില്‍ത്തമ്മില്‍ കലഹിച്ച് അവര്‍ അനേകം
ഗ്രൂപ്പുകളായി ചേരി തിരിഞ്ഞു. പരസ്പരം ഗ്വാ ഗ്വാ വിളിച്ചു. അപരന്‍ തെറ്റാണെന്ന്
സ്ഥാപിക്കാന്‍ വ്യഗ്രതപ്പെട്ടു.
എത്ര നിസ്സാരവും അര്‍ത്ഥശൂന്യവുമായ പരിണതികള്‍ !
ജനത ഈ വിപ്ലവപ്പകര്‍ച്ചകളെ ഒട്ടൊക്കെ ഭയത്തോടെയും ഒട്ടേറെ
കൌതുകത്തോടെയും നോക്കി നിന്നു.അതിവിപ്ലവകരമായ സ്വപ്നങ്ങളില്‍ മുഴുകി പുലര്‍ന്നു
പോകുന്ന നക്സല്‍ യുവതയോട് അവര്‍ പേറുന്ന സ്വപ്നത്തെ മുന്‍നിറുത്തി ചിലര്‍
കാരുണ്യമാര്‍ന്നു.ചിലര്‍ പരിഹസിച്ചു. ഭൂരിപക്ഷം വരുന്ന പരിണതപ്രജ്ഞരായ ജനത യാഥാര്‍ത്ഥ്യങ്ങളെ
മനസ്സിലാക്കി മാവോയിസ്റ്റുകളുടെ വിപ്ലവവായാടിത്തങ്ങളെ തള്ളിക്കളഞ്ഞു.കാലം തെറ്റി
ജീവിക്കുന്ന ഒരു കൂട്ടം ഇന്നും മാവോയിസ്റ്റുകള്‍ എന്ന പേരില്‍ , കുറ്റിയറ്റു
പോകുന്ന കാട്ടുകിളികളെപ്പോലെ, കേവലം കൌതുകം പകരുവാന്‍ അവശേഷിക്കുന്നു.
കേണല്‍ ബാറ്റിസ്റ്റയുടെ കിരാതവാഴ്ചയോട് പോരാടിയ ലോക
വിപ്ലവകാരി ചെഗുവേരയോട് മാവോയിസ്റ്റുകളെ താരതമ്യം ചെയ്യുന്ന ചിലരുണ്ട്. ചെഗുവേരയെ
അംഗീകരിക്കാമെങ്കില്‍ മാവോയിസ്റ്റുകളേയും അംഗീകരിക്കണമെന്നാണ് വാദം.
ചരിത്രബോധമില്ലാത്ത, കേവലം കൈയ്യടി മാത്രം ലക്ഷ്യം വെയ്ക്കുന്ന അത്തരം നിലപാടുകളെ
വിപ്ലവങ്ങളുടെ ചരിത്രം മനസ്സിലാക്കിയിട്ടുള്ളവര്‍ പിന്തുണക്കുമെന്ന് കരുതുന്നില്ല.
ഏകാധിപതിയായിരുന്ന കേണല്‍ ബാറ്റിസ്റ്റയുടെ ഭരണവും ജനാധിപത്യ സംവിധാനങ്ങളില്‍ പുലര്‍ന്നു
പോകുന്ന നമ്മുടെ വ്യവസ്ഥിതിയും തമ്മില്‍ രണ്ടു ധ്രുവങ്ങളുടെ അന്തരമുണ്ട്. ഇവിടെ
നിങ്ങള്‍ക്ക് എതിര്‍ അഭിപ്രായങ്ങളുണ്ടാകാം, അത് അവതരിപ്പിക്കാം , മാറിനില്ക്കാം.
എന്നാല്‍ ബാറ്റിസ്റ്റയുടെ ഭരണത്തില്‍ അത്തരമൊരു ഭിന്നാഭിപ്രായത്തിനുള്ള
ഇടംപോലുമില്ലെന്നതുതന്നെ വളരെ പെട്ടെന്ന് നമുക്ക് മനസ്സിലാക്കാനുതകുന്ന
ഉദാഹരണമാണ്.
ഇന്ന് സായുധ മുന്നേറ്റങ്ങളേയും ഉന്മൂലനങ്ങളേയും
അംഗീകരിച്ചുകൊണ്ട് കമ്യൂണിസ്റ്റ് വിപ്ലവം നടപ്പിലാക്കിയെടുക്കേണ്ട സാഹചര്യമില്ല.
ഉണ്ടെന്ന വാദങ്ങള്‍ അതിസാഹസകത്വം ഇഷ്ടപ്പെടുന്ന കുറച്ചാളുകളുടെ
ചോരപകരുന്ന വൃഥാവിലാപങ്ങള്‍ മാത്രമാകുന്നു. അവയ്ക്കു പിന്നില്‍ പുതിയ പ്രദേശങ്ങള്‍
തേടിയോടുന്ന സാഹസികനായ കപ്പലോട്ടക്കാരന്റെ കൌതുകം മാത്രം.
മാവോയിസം തെറ്റായ കാലത്ത് രംഗത്തുവന്ന് ചിരിപ്പിക്കുന്ന ഫലിതം
മാത്രമാണ്.
Comments