#ദിനസരികള് 685

ബി.ജെ.പിയെക്കുറിച്ച് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. ഹിന്ദു ജനതയുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും മറ്റും മറ്റും സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിച്ചു പോരുന്ന അക്കൂട്ടര്‍ അവകാശപ്പെടുന്നതുപോലെ ഹിന്ദുക്കള്‍ക്കു വേണ്ടി സത്യത്തില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോയെന്ന് ആ ആലോചനകളില്‍ കടന്നു വരാറുമുണ്ട്. ബാക്കി നില്ക്കുന്ന മതവിഭാഗങ്ങളെയൊക്കെ താല്കാലികമായി മാറ്റി നിറുത്തുക. ബി.ജെ.പിയേയും അവരുടെ കൊടിക്കീഴില്‍ നില്ക്കുന്നവരേയും മാത്രം പരിഗണിക്കുക. അങ്ങനെയൊരു പരിശോധന നടത്തിയാല്‍ ഹിന്ദുക്കളുടെ പേരില്‍ അധികാരത്തിലെത്തിയവര്‍ ഹിന്ദുക്കള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നതു വ്യക്തമാകും. എന്നു മാത്രവുമല്ല, ലോക ജനതയുടെ മുന്നില്‍ പ്രാകൃതമായ ജീവിത രീതികളും വിശ്വാസസംഹിതകളും പിന്‍പറ്റുന്ന, ഇതര മതവിഭാഗങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറുന്ന ഒരു കൂട്ടമാണ് ഹിന്ദുക്കള്‍ എന്ന ധാരണയുണ്ടാക്കാനാണ് ബി.ജെ.പിയ്ക്കും അവരെ നയിക്കുന്ന സംഘത്തിനും ആകെ കഴിഞ്ഞത്.
ആധുനിക ജനതയ്ക്ക് ഒരിക്കലും സ്വീകരിക്കാന്‍ കഴിയാത്ത എന്തൊക്കെ അല്പത്തരങ്ങളാണ് സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ ബി.ജെ.പി, ഹിന്ദു മത വിശ്വാസികളുടെ ഇടയിലേക്ക് തിരിച്ചുകൊണ്ടുവന്നത്? നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരുന്ന ഈ അഞ്ചുകൊല്ലക്കാലം കൊണ്ട് ഇന്ത്യയെ സാംസ്കാരികമായി അയ്യായിരം കൊല്ലങ്ങള്‍ പിന്നിലേക്കാണ് നയിച്ചത്. ഒരു കാലത്ത് ഉന്നതമായ ചിന്തകളെ മുന്നോട്ടു വെയ്ക്കുന്ന പ്രമാണങ്ങളെന്ന നിലയില്‍ വേദത്തിന്റേയും ഉപനിഷത്തിന്റേയുമൊക്കെ പേരിലാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. അദ്വൈത ചിന്ത ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ചിന്തകരെ ആകര്‍ഷിച്ചിട്ടുള്ളതാണ്. വൈദേശികരായ എത്രയോ മഹാരഥന്മാര്‍ ഈ ചിന്താപദ്ധതികളെ പഠിക്കാനും പ്രചരിപ്പിക്കാനും മുന്നിട്ടിറങ്ങിയില്ല?
എന്നാല്‍ അത്തരം ഉദാത്തമായ ചിന്തകളുടെ പശ്ചാത്തലത്തിലല്ല മറിച്ച് നാണം കെട്ട്, പുലര്‍ത്തിപ്പോന്ന വിഖ്യാതമായ സഹിഷ്ണുതയെ കൈവിട്ട്, തലകുനിച്ചാണ് ഇന്ത്യ ലോകത്തിനു മുന്നില്‍ നില്ക്കുന്നത്. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വവാദവും ഏത് അധാര്‍മ്മിക രീതിയിലും അധികാരം പിടിച്ചെടുക്കണമെന്ന ദുശാഠ്യവുമാണ് ഇന്ത്യയിലെ ഹിന്ദുമത വിശ്വാസികളെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചത് എന്ന വസ്തുത നാം മറന്നുകൂട.
താമര ചിഹ്നമായി സ്വീകരിച്ചുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടിയായി അവര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നത് 1980 ലാണ്. അതിനു മുമ്പ് അടിയാന്തിരാവസ്ഥക്കു ശേഷം വിവിധ കക്ഷികളോടൊപ്പം ചേര്‍ന്ന് ജനതാ പാര്‍ട്ടി എന്ന പേരിലാണ് പഴയ ജനസംഘത്തിന്റെ നേതാക്കന്മാര്‍ പ്രവര്‍ത്തിച്ചു പോന്നത്. ജനതാ പാര്‍ട്ടിയില്‍ നിലകൊള്ളുകയും, ആറെസ്സസ്സിന്റെ ആശയങ്ങളെ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തത് ജനതാ പാര്‍ട്ടിയില്‍ അന്തച്ഛിദ്രത്തിന് വഴിവെച്ചു. അങ്ങനെയാണ് പ്രധാനമന്ത്രിമാരായിരുന്ന മൊറാര്‍ജി ദേശായിയും ചരണ്‍ സിംഗും രാജി വെക്കേണ്ട സാഹചര്യത്തിലേക്കെത്തുന്നതും, ജനതാ പാര്‍ട്ടിക്ക് നേതൃത്വം നല്കിയ വിവിധ കക്ഷികള്‍ കൂട്ടു പിരിഞ്ഞു പോയതും.
1925 ല്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍, ഹിന്ദു ദേശീയതയുടെ അടിത്തറയില്‍ രാഷ്ട്രീയ സ്വയം സേവക സംഘം സ്ഥാപിക്കുമ്പോള്‍ പ്രധാനമായും ലക്ഷ്യം വെച്ചത് ഹൈന്ദവ ജീവിത രീതികള്‍ക്കും ചിന്താപദ്ധതികള്‍ക്കും പ്രാമുഖ്യമുള്ള ഒരു രാഷ്ട്രജീവിതമുണ്ടാക്കുക എന്നായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദു – മുസ്ലീം ഐക്യപ്പെടലിനെ അദ്ദേഹം ശക്തിയോടെ നിരാകരിച്ചു. ഹിന്ദു ദേശീയതക്കുള്ളില്‍ ഒതുങ്ങി നില്ക്കുന്ന മുസ്ലീം എന്നൊരു ആശയത്തിനെ ആറെസ്സെസ്സുകാര്‍ പരുവപ്പെടുത്തി. സ്വാതന്ത്ര്യ പൂര്‍വ്വ കാലങ്ങളിലെ ഹിന്ദു മുസ്ലിം ഭായി ഭായി മുദ്രാവാക്യത്തെ അതുകൊണ്ടുതന്നെ ആറെസ്സസ്സ് നോക്കിക്കണ്ടത് ദേശവിരുദ്ധത എന്ന ആക്ഷേപത്തിലൂടെയായിരുന്നു. സ്വാതന്ത്ര്യം നേടിയെടുക്കാനും, നയിക്കാനും, ഹൈന്ദവ ചിന്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള ആശയങ്ങള്‍ മാത്രം മതിയെന്ന് ഹെഡ്‌ഗേവര്‍ ചിന്തിച്ചു. അതുകൊണ്ടുതന്നെ മുസ്ലിംവിഭാഗങ്ങളെ മാറ്റിനിറുത്തിക്കൊണ്ടുള്ള ഒരു മുന്നേറ്റത്തെയായിരുന്നു അദ്ദേഹം വിഭാവനം ചെയ്തത്.
അങ്ങനെ ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും, കൂട്ടായ്മകളുണ്ടാക്കുകയും ചെയ്ത സംഘത്തിന് രാഷ്ട്രീയ മുഖം നല്കാനാണ് ശ്യാമപ്രസാദ് മുഖര്‍ജി അധ്യക്ഷനായി 1950 ല്‍ ജനസംഘം രൂപീകരിക്കുന്നത്. ഭാരതത്തിന് ഭാരതീയമായ ഭരണക്രമം എന്ന് ആറെസ്സസ്സ് ചിന്തിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി ജനസംഘത്തിന്റെ സ്ഥാപക നേതാവും ജനറല്‍ സെക്രട്ടറിയുമായിരുന്ന ദീനദയാല്‍ ഉപാധ്യായ 1965 ല്‍, ഏകാത്മാ മാനവവാദം എന്നൊരു ആശയം ജനസംഘത്തിനു വേണ്ടി രൂപപ്പെടുത്തി. അതായിരുന്നു അവരുടെ രാഷ്ട്രദര്‍ശനം. തികച്ചും ഹൈന്ദവമായ ആത്മീയതയുടെ അടിസ്ഥാനത്തില്‍ ആവിഷ്കരിച്ച ആ ചിന്തകളുടെ അടിത്തറയിലാണ് നാളിതുവരെ ആറെസ്സസ്സ് നിയന്ത്രിക്കുന്ന ഹൈന്ദവ സംഘടനകളെല്ലാം തന്നെ പ്രവര്‍ത്തിച്ചു പോന്നത്. എന്നാല്‍ 1980 ല്‍ ബി.ജെ.പി നിലവില്‍ വന്നതോടെ തങ്ങളുടെ ആശയം സോഷ്യലിസത്തിലൂന്നിയതാണെന്ന അവകാശപ്പെടലുകളുണ്ടായെങ്കിലും, അതും ഏകാത്മാ വാദത്തെപ്പോലെ എല്ലാക്കാലത്തും ഹിന്ദുത്വവാദപരവും ഇതരമതവിരുദ്ധവുമായിരുന്നു.
പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ 1965 ഏപ്രില്‍ 22 ന് നടത്തിയ പ്രഭാഷണത്തില്‍ നിലവിലുള്ള മുഴുവന്‍ രാഷ്ട്രീയ സംവിധാനങ്ങളേയും തത്വചിന്തകളേയും വൈദേശികമെന്ന വിശേഷണത്തോടെ തള്ളിക്കളഞ്ഞിരുന്നു. ഭാരതീയതയിലൂന്നിയ പുതിയൊരു ദര്‍ശനമെന്ന നാട്യത്തില്‍ ഏകാത്മാ മാനവ ദര്‍ശനത്തെ (പിന്നീടത് Integral Humanism എന്ന പേരില്‍ പുസ്തകമായിട്ടുണ്ട്.) സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് അദ്ദേഹം നടത്തിയത്. ബി.ജെ.പി ഒരു കാലത്തും അംഗീകരിക്കുന്നില്ലെങ്കിലും അവരുടെ എല്ലാ വിധ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുകയും നിശ്ചയിക്കുകയും ചെയ്തുപോന്നത് വര്‍ണങ്ങളെ അടിസ്ഥാനപ്പെടുത്തിയ ചിന്ത തന്നെയായിരുന്നു. ഏകാത്മാ മാനവ ദര്‍ശനം, ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയെ പിന്‍പറ്റുന്ന ഒന്നായിരുന്നു. ആയിരത്താണ്ടുകളായി നിലനിന്നിരുന്ന ധര്‍മ്മത്തേയും കര്‍മ്മത്തേയും സംസ്കാരത്തേയുമൊക്കെ പിന്‍പറ്റി രൂപപ്പെടുത്തിയെടുത്ത ഒന്നിന് അങ്ങനെയാകാതെ തരമില്ലല്ലോ.
പറഞ്ഞു വന്നത് ബി.ജെ.പി എങ്ങനെയെല്ലാമാണ് ഹിന്ദുവിനെ ഹിന്ദുവല്ലാതെയാക്കി മാറ്റിയത് എന്നാണ്. ജാതീയതയും, വര്‍ണ വ്യവസ്ഥയും അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയെടുത്ത ഒരു തത്വസംഹിത ജനജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇടപെട്ട് വിഘടിപ്പിച്ചും വിഭജിച്ചും തമ്മില്‍ തല്ലിച്ചുകൊണ്ട് രാഷ്ട്രീയ അധികാരത്തിനു വേണ്ടി മുന്നിട്ടിറങ്ങിയിപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാതായത് ലോകം ബഹുമാനിച്ച ഇന്ത്യ എന്ന സങ്കല്പമായിരുന്നു. ഇനി ഹിന്ദു ചിന്തിക്കേണ്ടത് കുനിഞ്ഞുപോയ തങ്ങളുടെ തല ഏതു വിധത്തില്‍ നിവര്‍ത്തിയെടുക്കാം എന്നു മാത്രമാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം