#ദിനസരികള് 690




          സി പി ജലീല്‍.പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ്. വ്യാജമായി സൃഷ്ടിച്ച ഏറ്റുമുട്ടലിലൂടെ പോലീസ് അദ്ദേഹത്തെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുമിത്രാദികള്‍ ആരോപിക്കുന്നു. സായുധരായ മാവോസംഘം പോലീസിനു നേരെ വെടിവെയ്ക്കുകയും ഗത്യന്തരമില്ലാതെ പോലീസ് തിരിച്ചടിയ്ക്കുകയുമായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.എന്തായാലും തോക്കില്‍ കുഴലിലൂടെ ജനങ്ങളുടെ മോചനം സ്വപ്നം കണ്ട് നാളുകള്‍ പുലര്‍ത്തിയിരുന്ന ഒരാള്‍ കൂടി ദയനീയമായ കൊല്ലപ്പെട്ടിരിക്കുന്നു.നാളെ വരാനിരിക്കുന്ന വലിയ മുന്നേറ്റങ്ങള്‍ക്ക് ശക്തി പകരുന്ന ഒന്നായി ആ രക്തസാക്ഷിത്വത്തെ അടയാളപ്പെടുത്തി കോള്‍‌മയിര്‍‌കൊള്ളുന്നവരുണ്ടാകാം.വഴി പിഴച്ചുപോയ ഒരാശയത്തിന്റെ പ്രവാചകന്മാരായി വേഷം കെട്ടിയാടുന്ന ഇത്തരം അല്പായുസ്സുകളെയോര്‍ത്ത് എനിക്ക് വേദനയാണ് തോന്നുന്നത്.കൊന്നും കൊലയ്ക്കു നിന്നുകൊടുത്തും ഇവര്‍ നടപ്പിലാക്കിയെടുക്കാനുദ്ദേശിക്കുന്നതിലൊന്നും തന്നെ - അതെന്തു തന്നെയായാലും - അവിടങ്ങളിലൊന്നും മാനവികത എന്നൊരാശയം തൊട്ടു തീണ്ടിയിട്ടേയുണ്ടാകില്ലെന്ന് എനിക്കുറപ്പാണ്.യാന്ത്രികവും ആധുനിക കാലഘട്ടത്തിന്റെ സാമൂഹ്യ സങ്കല്പങ്ങളോട് പിണങ്ങി മാറിനില്ക്കുന്നതുമായ ഇത്തരം ആശയങ്ങളെ നാം , മനുഷ്യര്‍ എന്നേ തള്ളിക്കളയേണ്ടതാണ്.
          എങ്കിലും വേദന അനുഭവിക്കുന്ന , ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കുന്ന ഒരു ജനത വിമോചിപ്പിക്കപ്പെടണമെന്ന മോഹവുമായി സ്വന്തം ജീവിതം പോലും തൃണവത്ഗണിച്ചു കൊണ്ട് വെടിയേറ്റു വീണ മനുഷ്യനെ , അവന്റെ സ്വപ്നങ്ങളെ മുന്‍നിറുത്തി , ഞാന്‍ അഭിവാദ്യം ചെയ്യട്ടെ!
          ഭീഷണിപ്പെടുത്തി പണം സമാഹരിച്ചും ആദിവാസി കോളനികളിലെത്തി ആഹാരസാധനങ്ങള്‍ സംഘടിപ്പിച്ചും അനുസരിക്കാത്ത ദുര്‍ബലരായ ആളുകളെ തോക്കിന്‍മുനയില്‍ നിറുത്തി അനുസരിപ്പിച്ചുമൊക്കെ എന്തു തരം ജനകീയ ജനാധിപത്യ വിപ്ലവമാണ് ഇക്കൂട്ടര്‍ നടപ്പിലാക്കാന്‍ ഉദ്യമിക്കുന്നത് ? അമിത വൈകാരികത പേറുന്ന ആളുകളുടെ ആക്രമണോത്സുകമായ ഒത്തു ചേരല്‌‍ മാത്രമാണ് മാവോയിസം എന്ന തലത്തില്‍ ജനങ്ങള്‍ ചിന്തിക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ കാരണമാകുന്നു. മാവോവാദികളുടെ ഈ തലത്തിലുള്ള നീക്കങ്ങളെക്കുറിച്ച് സി കെ ശശീന്ദ്രന്‍ എം എല്‍ എ പറയുന്നത് കേള്‍ക്കുക മാവോയിസ്റ്റുകളുടെ ഒരു സംഘം ഇതിനുമുമ്പും സുഗന്ധഗിരിയിലെത്തിയിരുന്നു. സായുധരായെത്തി ആളുകളെ ഭയപ്പെടുത്തുന്ന രീതിയായിരുന്നു അവരുടേത്. ആദിവാസികള്‍ അവരെ ഭയപ്പെടുന്നു. അവര്‍ക്ക് ഉപയോഗിക്കാനുള്ള അരിയെടുത്തുകൊണ്ടുപോകുക, നിര്‍ബന്ധിച്ച് ഭക്ഷണം പാകം ചെയ്യിപ്പിക്കുക, ഇതൊക്കെയായിരുന്നു മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലി. പ്രളയകാലത്ത് ദുരിതാശ്വാസമായി എത്തിച്ച അരിയടക്കം ഇവര്‍ കൊണ്ടുപോയിട്ടുണ്ട്. ഇന്നലെയും ഹോട്ടലുടമയെ സമീപിച്ച് പണം വേണമെന്നാണ് ആവശ്യപ്പെട്ടത്. കൈയില്‍ പണമില്ല എന്നു പറഞ്ഞപ്പോള്‍ എ.ടി.എമ്മില്‍ നിന്നും എടുത്തു വരാന്‍ പറഞ്ഞയച്ച സമയത്താണ് പൊലീസിലറിയിക്കാന്‍ ഉടമയ്ക്ക് സാധിച്ചത്. സാധാരണഗതിയില്‍ ഭയപ്പെട്ട് ആളുകള്‍ പണം കൊടുക്കുകയാണ് പതിവ്. ജീവിക്കാന്‍ തന്നെ ഗതിയില്ലാത്ത ആദിവാസികള്‍ക്ക് പ്രളകാലത്ത് കിട്ടിയ സമാശ്വാസങ്ങളെപ്പോലും മാവോയിസ്റ്റുകള്‍ കടത്തിക്കൊണ്ടുപോയെന്ന ആക്ഷേപത്തെ അത്ര നിസ്സാരമായി കാണുക വയ്യ.ഇതിനു മുമ്പും ചിലയിടങ്ങളില്‍ തോക്കുചൂണ്ടി ഭയപ്പെടുത്തി സാധനങ്ങളും പണവും കവര്‍ന്ന വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്.
          ജനതയുടെ മോചനത്തിനു വേണ്ടി പോരാടുന്നവരെ ജനങ്ങള്‍ സഹായിക്കുക തന്നെ വേണമെന്നായിരിക്കും മറുവാദങ്ങള്‍. മാത്രവുമല്ല കാടിനുള്ളില്‍ പോലീസിനെ ഭയപ്പെട്ടു ജീവിച്ചു പോകുന്നവരുടെ വെപ്രാളങ്ങള്‍ നമുക്കു മനസ്സിലാകും.എന്നാല്‍ എന്തിനു വേണ്ടി എന്ന ചോദ്യത്തെ മുഖവിലക്കെടുക്കാതെ വയ്യ.മാറുന്ന കാലത്തിനും ജനതയുടെ സങ്കല്പത്തിനും അനുസരിച്ചുള്ള സമരങ്ങള്‍ അനുവര്‍ത്തിക്കേണ്ട ബാധ്യത മാവോയിസത്തെ പിന്‍പറ്റുന്നവര്‍ക്കുമുണ്ട്.ഉന്മൂലന രീതികളെ വിശ്വാസത്തിലെടുക്കുന്ന ഒരു ജനതയെ ഇക്കാലത്ത് കണ്ടെത്തുക ദുഷ്കരമാണ്.
          മാവോയിസത്തിനു വേണ്ടി വാദിക്കുന്ന സൌഹൃദങ്ങളെ കാണുമ്പോള്‍ വേദനയാണ് എനിക്കു തോന്നുക.അവര്‍ , ആ കൂട്ടമൊന്നാകെത്തന്നെ ഇനിയെങ്കിലും മാറിച്ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ജനാധിപത്യത്തിന്റെ അതിവിശാലമായ ഒരു ലോകത്തെ ആലിംഗനം ചെയ്തുകൊണ്ട് ജനതയെ തിരുത്താനും മാറ്റിച്ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ഊര്‍ജ്ജസ്വലമായ പ്രേരണകളായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കഴിയും. അത്തരമൊരു സാധ്യതയെ വിനിയോഗിക്കണമെന്ന് മനുഷ്യനന്മയെ മുന്നില്‍ നിറുത്തി അപേക്ഷിക്കട്ടെ
          സി പി ജലീലിനെ വെടി വെച്ചു കൊന്നതിന്റെ കാരണമായി പോലീസ് പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്നുവെന്ന് കരുതണ്ട. ഈ ഏറ്റുമുട്ടലിനെക്കുറിച്ച് വ്യക്തവും സത്യസന്ധവുമായ അന്വേഷണം നടക്കണം. ജലീലിനു പിന്നിലാണ് വെടിയേറ്റിരിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നു. കൂടാതെ മാവോയിസ്റ്റുകള്‍ ഉണ്ട് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പോലീസ് സ്ഥലത്തേക്ക് എത്തിയത്. അപ്പോള്‍ വെടിവെപ്പടക്കം ഏതു തരത്തിലുള്ള ആക്രമണത്തേയും നേരിടാന്‍ അവര്‍ സുസജ്ജരായിരിക്കണം. മാവോയിസ്റ്റുകള്‍ അപ്രതീക്ഷിതമായി വെടിവെയ്ക്കുകയായിരുന്നുവെന്ന വാദത്തിലെ അസ്വാഭാവികത ഇവിടെ വ്യക്തമാകുന്നു. ഒരു വട്ടമേശ ചര്‍ച്ചയിലേക്ക് ക്ഷണിക്കപ്പെട്ടല്ല്ലല്ലോ പോലീസ് ചെല്ലുന്നത്? അപ്പോള്‍ കുറച്ചു കൂടി കരുതല്‍ കാണിക്കണമായിരുന്നു. പോലീസ് പറയുന്നത് വസ്തുതകളാണോയെന്ന് അറിയേണ്ടതും ജനാധിപത്യത്തിലെ അവകാശങ്ങള്‍ തന്നെയാണ്.
          പണ്ട് കമ്യൂണിസ്റ്റുകാരനായാല്‍ കൊല്ലപ്പെടാന്‍ മറ്റൊരു കാരണവും വേണ്ട എന്നൊരു അവസ്ഥ കേരളത്തിലുണ്ടായിരുന്നു. പോരാടിത്തന്നെയാണ് നാം അതു മാറ്റിയെടുത്തത്. എന്നാല്‍ ഇന്ന് മാവോയിസ്റ്റായാല്‍ മതി വെടിവെച്ചു കൊല്ലാന്‍ കാരണമായി എന്നൊരു അവസ്ഥയിലേക്ക് നാം ചെന്നു വീഴരുത്.മാവോയിസ്റ്റുകളേയും തിരുത്തുകയും തിരിച്ചു കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം