#ദിനസരികള് 677


തിരിച്ചറിയപ്പെടേണ്ട രാഷ്ട്രീയ മര്യാദകള്‍ .
            കാസര്‍‌കോഡ് പെരിയയില്‍ അതിനിഷ്ഠൂരമായി രണ്ടു യുവാക്കളെ കൊന്ന സംഭവത്തില്‍ കൊലപാതകികളെ നാടൊന്നാകെ ഒറ്റപ്പെടുത്തുകയും മനസാക്ഷിയുള്ളവരെല്ലാംതന്നെ ആ കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ഉചിതമായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പ്രതികള്‍‌ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് കേരള ജനതക്ക് വാക്കുകൊടുക്കുകയുമുണ്ടായി.ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയായ സി പി ഐ എമ്മിനെ പ്രതിക്കൂട്ടിലാക്കിയ സംഭവമെന്ന നിലയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വളരെ കര്‍ക്കശമായ സ്വരത്തിലാണ് കൊലപാതകത്തിനെതിരെ പ്രതികരിച്ചത്. ഒരു കാരണവശാലും പാര്‍ട്ടിയുടേയോ ഭരണകൂടത്തിന്റെയോ  യാതൊരു പരിരക്ഷയും കുറ്റവാളികള്‍ക്കുണ്ടാകില്ലെന്ന പ്രസ്ഥാവനകളുടെ കൂടി ഫലമായി സത്വര നടപടികളാണ് അധികാരികളുടെ  ഭാഗത്തു നിന്നും ഉണ്ടായത്.
            ഈ നിലപാടുകളുടെയൊക്കെ ഫലമായി കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ശ്ലാഘനീയമായ നടപടികള്‍ പോലീസ് സ്വീകരിച്ചു.സി പി ഐ എമ്മിന്റെ ലോക്കല്‍ കമ്മറ്റി അംഗമായ പീതാംബരനും അയാളെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചുവെന്ന് വ്യക്തമായവരും അറസ്റ്റിലായി. ക്രൈംബ്രാഞ്ചിനെ അന്വേഷണമേല്പിച്ച് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളുണ്ടോ എന്ന് പരിശോധിക്കുന്നു.അങ്ങനെ ഒരു കാലത്തുമുണ്ടാകാത്ത തരത്തില്‍ അതിവേഗം വളരെ ഫലപ്രദമായി ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കഴിഞ്ഞുവെന്നത് വസ്തുതയാണെന്ന് ആരും സമ്മതിക്കുക തന്നെ ചെയ്യും.
            എന്നാല്‍ ഒരു ലോകസഭാ ഇലക്ഷന്‍ മുന്നിലെത്തിയിരിക്കുന്ന ഘട്ടത്തില്‍ ഈ കൊലപാതകങ്ങളെ രാഷ്ട്രീയമായി വീണുകിട്ടിയ ഒരവസരമായി ഉപയോഗിച്ചുകൊണ്ട് സി പി ഐ എമ്മിനെതിരെയുള്ള ആയുധമായി മാറ്റാന്‍ കോണ്‍ഗ്രസും ബി ജെ പിയുമടക്കമുള്ള പാര്‍ട്ടികള്‍ ശ്രമിക്കുന്നത് നാം കാണാതിരുന്നുകൂട.കൊലപാതകത്തോടുള്ള അമര്‍ഷത്തെക്കാളും സി പി ഐ എമ്മിനെ ഒറ്റപ്പെടുത്താനുള്ള അവസരമായി ഉള്ളില്‍ സന്തോഷിക്കുകയാണ് അവരെന്ന് പ്രതികരണങ്ങള്‍ തെളിയിക്കുന്നു.സംഘര്‍ഷങ്ങളുണ്ടാക്കി വിഷയം സജീവമായി നിലനിറുത്തിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടാകുന്നു. അതിന്റെ ഫലമായി സി പി ഐ എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്പിക്കുകയും വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുവാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു.അതിനിന്ദ്യമായ കൊലപാതകങ്ങളെ മുന്‍നിറുത്തി ഉടലെടുക്കുന്ന സ്വാഭാവികമായ പ്രതികരണങ്ങളാണിതെന്ന് വ്യഖ്യാനിച്ചെടുക്കുവാന്‍ കഴിയാത്ത തരത്തില്‍ സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും അക്രമങ്ങള്‍ തുടരുക തന്നെയാണ്.
            സ്ഥലം എംപിക്കും അദ്ദേഹത്തെ അനുഗമിച്ചിരുന്ന സംഘത്തിനുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചുകൊണ്ട് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സാധ്യതകള്‍ സൃഷ്ടിക്കുന്നു. സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായ മുഖ്യമന്ത്രിയെപ്പോലും കടത്തി വിടാന്‍ പ്രതിഷേധക്കാര്‍ സമ്മതിക്കുന്നില്ലെങ്കില്‍ അതു കടന്ന കൈയ്യാണെന്ന് പറയാതെ വയ്യ.ഏതെങ്കിലും തരത്തില്‍ സി പി ഐ എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് വിഷയം വഷളാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്.
            കേരളത്തില്‍ ഏറ്റവും അധികം പ്രവര്‍ത്തര്‍ കൊല്ലപ്പെട്ട ഒരു പാര്‍ട്ടിയാണ് സി പി ഐ എം.എന്നാല്‍ അതൊന്നും പെരിയയിലെ കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ പോന്നതല്ല. എന്നാല്‍ കുറ്റകൃത്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത സാധാരണക്കാരായ ആളുകളെ ഇത്തരത്തില്‍ ശിക്ഷിക്കാനുള്ള ശ്രമം അനുവദിക്കാനാകുന്നതുമല്ല. കൊലപാതകത്തിനെതിരെ സ്വാഭാവികമായുണ്ടാകുന്ന പ്രതിഷേധങ്ങളെ മനസ്സിലാക്കാവുന്നതും പൊറുക്കാവുന്നതുമാണ്.എന്നാല്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന പരിസരങ്ങളില്‍ തുടര്‍ന്നുകൊണ്ടു പോകുന്ന സംഘര്‍ഷം രാഷ്ട്രീയമായി മുതലെടുപ്പു നടത്താനുള്ള ശ്രമമാണ്.അത്തരം ശ്രമങ്ങള്‍ കൊലപാതകമെന്ന അക്രമത്തിനെതിരെ പ്രതികരിച്ചവരുടെ മുഖത്തു തുപ്പുന്ന നിലപാടുകളാണ്.
            ഒരു സര്‍ക്കാര്‍ തങ്ങളുടെ മുഴുവന്‍ കഴിവുകളുമുപയോഗിച്ച് നാളിതുവരെ ഇത്തരം േകസുകളില്‍ പ്രകടിപ്പിക്കാത്ത ആത്മാര്‍ത്ഥയോടെ കൃത്യമായി ഇടപെട്ടുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ അന്തസത്ത മനസ്സിലാക്കാതെ മുതലെടുപ്പു മാത്രം മുന്നില്‍ കണ്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ പക്ഷം ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്.നാട്ടില്‍ സമാധാനമുണ്ടാകണം. അക്രമങ്ങള്‍ അവസാനിക്കണം.അത് ജനങ്ങളുടെ ആഗ്രഹമാണെന്ന് എല്ലാവരും തിരിച്ചറിയണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1