#ദിനസരികള് 672



ഓഷോ തിരിച്ചു വരവിന്റെ കാഹളങ്ങള്‍

            താങ്കളൊരു ഫ്രീ സെക്സ് ഗുരുവാണോ എന്ന ചോദ്യത്തിന് ഓഷോ പറയുന്ന ഉത്തരം കേള്‍ക്കുക എന്റെ അഭിപ്രായത്തില്‍ സെക്സ് എന്നത് ലളിതവും മനോഹരവുമായ ഒരു സ്വാഭാവിക പ്രതിഭാസമാണ്.രണ്ടു വ്യക്തികള്‍ അന്യോന്യം ഊര്‍ജ്ജം പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ ആര്‍ക്കും ഇടപെടേണ്ട കാര്യമില്ല.മാത്രമല്ല ഫ്രീ സെക്സ് എന്ന പ്രയോഗം വിരല്‍ ചൂണ്ടുന്നത് നിങ്ങള്‍ക്ക് ലൈംഗികതയും ഒരു വില്പനച്ചരക്ക് ആണ് എന്നതിലേക്കാണ്.അതായത് അത് വിലകൊടുത്തു വാങ്ങേണ്ടിയിരിക്കുന്നു. ഒന്നുകില്‍ ഒരു ദിവസത്തേക്ക് അഭിസാരികയില്‍ നിന്നോ അല്ലെങ്കില്‍ ഒരു ജീവിതകാലത്തേക്ക് ഒരു ഭാര്യയില്‍ നിന്നോ രണ്ടായാലും അത് വിലകൊടുത്തു വാങ്ങേണ്ടതാണ് എന്ന്. അതേ ഞാന്‍‌ ഫ്രീ സെക്സില്‍ വിശ്വസിക്കുന്നു.സെക്സ് എന്നത് പങ്കുവെക്കാനുള്ള ആഹ്ലാദിക്കുവാനുള്ള ഏതൊരാളുടെയും ജന്മാവകാശമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ( ലൈംഗികത പണത്തിനു വേണ്ടിയാണെങ്കില്‍ , ശരീരം ഉപയോഗിച്ചുകൊണ്ടു ചെയ്യുന്ന തൊഴില്‍ തന്നെയാണെന്ന അഭിപ്രായമാണ് എനിക്കുള്ളത്. നാം ഏതൊരു തൊഴിലിനും കൊടുക്കുന്ന മാന്യതയില്‍ത്തന്നെയാണ് ഇതിനേയും പരിഗണിക്കേണ്ടത്. പക്ഷേ യാഥാസ്ഥിതികവും പിന്തിരിപ്പനുമായ ധാര്‍മികതയിലൂന്നിയ നമ്മുടെ സമൂഹം ലൈംഗികവൃത്തിയെ ഒരു തൊഴിലായി കാണാനും വിലയിരുത്താനും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അതുകൊണ്ട് സെക്സിന് പണം പ്രതിഫലമായി വാങ്ങുന്നതില്‍ ഓഷോ കാണുന്നതുപോലെ അസ്വാഭാവികതയൊന്നും ഞാന്‍ കാണുന്നില്ലെന്നും ലൈംഗികതയും പണം കൊടത്തു കൈറ്റാവുന്ന ഒരു വില്പനച്ചരക്കുമാത്രമാണെന്നും സൂചിപ്പിക്കട്ടെ )
            തന്റെ ലൈംഗിക സങ്കല്പങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനം കേട്ട ഒരാളാണ് ഓഷോ.അവയില്‍ പലതും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ കാതല്‍ മനസ്സിലാക്കാതെയായിരുന്നുവെന്നതാണ് വസ്തുത.സെക്സ് ദിവ്യമായ ഒരനുഭൂതിയായിട്ടാണ് ഓഷോ അവതരിപ്പിച്ചത്. എന്നാല്‍ നാമാകട്ടെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളില്‍ ലൈംഗികമായ അരാജകത്വത്തെ വായിച്ചെടുത്തു.ഓഷോ കുടുംബാന്തരീക്ഷത്തിന്റെ സാമൂഹികതയെ മാനിക്കാത്തയാളാണെന്ന് കുറ്റപ്പെടുത്തി.അതിനുമപ്പുറം ഓഷോ ചിന്തിച്ചെത്തിയ തലങ്ങളിലുടെ വിശാലതകളിലേക്ക് ഒരു കാലത്തും നമ്മളില്‍ പലര്‍ക്കും എത്താന്‍ കഴിഞ്ഞിരുന്നില്ല. നമുക്ക് മനസ്സിലാകാത്താതിനേയും നമ്മുടെ കൈപ്പിടിയിലൊതുങ്ങാത്തതിനേയും കുറ്റപ്പെടുത്തി സ്വസ്ഥനാകുക എന്നൊരു തന്ത്രമാണല്ലോ നാം സ്വീകരിക്കുക.ഇവിടേയും അതുതന്നെ സംഭവിച്ചു.ഓഷോയെ നാം അരാജകത്വം പഠിക്കുന്ന സെക്സ് വ്യാപാരിയാക്കി.
            എന്നാല്‍ ഓഷോയെ സംബന്ധിച്ചാകട്ടെ അദ്ദേഹം ലോകത്തോടു പറഞ്ഞ നിരവധി കാര്യങ്ങളില്‍ ഒന്നു മാത്രമായിരുന്നു ലൈംഗികത.അമിതവും അസാധാരണവുമായ ഒരു പ്രാധാന്യവും അദ്ദേഹം സെക്സിന് നല്കിയില്ല. അദ്ദേഹം തന്നെ പറയുന്നതു നോക്കുക ഞാനൊരു പുസ്തകം എഴുതിയിട്ടുണ്ട്. എഴുതിയതല്ല, എന്റെ പ്രഭാഷണങ്ങള്‍ ശേഖരിക്കപ്പെട്ടതാണ്.അതിന്റെ പേര് ലൈംഗികതയില്‍ നിന്ന് അതിബോധത്തിലേക്ക് എന്നാണ്.അതിനു ശേഷം എന്റെ നൂറു കണക്കിനു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു.എന്നാല്‍ ആരും മറ്റൊന്നും വായിക്കുന്നതായി തോന്നുന്നില്ല. പ്രത്യേകിച്ചും ഇന്ത്യയില്‍.അവരെല്ലാം ലൈംഗികതയില്‍ നിന്നും അവബോധത്തിലേക്ക് വായിക്കുന്നു. അവരെല്ലാം അതിനെ വിമര്‍ശിക്കുകയും ചെയ്യുന്നുഓഷോ ഈയൊരു പുസ്തകം മാത്രമേ എഴുതിയിട്ടുള്ളു എന്ന തരത്തിലാണ് അദ്ദേഹത്തിനെതിരെ പടയൊരുക്കങ്ങള്‍ നടന്നത്.ഇത് സൂചിപ്പിക്കുന്നത് ലൈംഗികതയെ ചുറ്റിപ്പറ്റി നാം എത്രമാത്രം ആവലാതിപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതാണ്. സെക്സ് പവിത്രവും ഗുപ്തവുമായ എന്തോ ഒന്നാണെന്നാണ് നമ്മള്‍ ധരിച്ചുവെച്ചിരിക്കുന്നത്.ഈ ചിന്ത ഒരു പാടു ലൈംഗിക കാഴ്ചപ്പാടുകളെ ഉല്പാദിപ്പിച്ചു വിട്ടിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ലൈംഗികതയില്‍ തുടങ്ങി ലൈംഗികതയില്‍ അവസാനിക്കുന്നവരാണ് നാം ഓരോരുത്തരും എന്നുതന്നെ പറയേണ്ടിവരും.
            സ്ത്രീയുടെ മുഖത്തു നോക്കി ഞാനൊന്ന് അറിഞ്ഞു വിളയാടിയാല്‍പ്പിന്നെ പത്തുമാസത്തേക്ക് നീയൊന്നും എഴുന്നേല്ക്കില്ലെന്ന് വീമ്പിളക്കുന്ന പുരുഷന്മാര്‍ ഇക്കാലത്തും നമ്മുടെ സമൂഹത്തില്‍ കൈയ്യടി നേടാറുണ്ട്.അത്തരക്കാര്‍ക്ക് സെക്സ് പെണ്ണിന്റെ മുകളിലെ വിജയമാണ്.പുരുഷകേന്ദ്രിതമായ ഒരു സമൂഹത്തിന്റെ ഊരുബലം പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ മാത്രമാണ്.സ്ത്രീ കീഴടങ്ങേണ്ടവളാണെന്നും ഭര്‍ത്താവിനൊപ്പം കിടപ്പറയില്‍‌‌പ്പോലും ഒന്നിളകിപ്പോകാതെ അടങ്ങിക്കിടക്കേണ്ടവളാണെന്നും നാം ചിന്തിക്കുന്നു. ഒന്ന് മുന്‍‌കൈയ്യെടുത്താല്‍ ഒന്ന് തുളുമ്പിപ്പോയാല്‍ ആണ്‍‌കോയ്മ അവളെ കാമഭ്രാന്തി എന്ന് മുദ്രകുത്തും. അടങ്ങാത്തവള്‍ എന്നാക്ഷേപിക്കും. ഈ കാഴ്ചപ്പാടിനെയാണ് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഓഷോ തിരുത്താന്‍ ശ്രമിച്ചത്.
            അതായത് ലൈംഗികത ഒരു പൂവു വിരിയുന്ന പോലെയുള്ള സ്വാഭാവികപ്രക്രിയയാണെന്നും ഒരാള്‍ മറ്റൊരാള്‍ക്കു മുകളില്‍ അധികാരം സ്ഥാപിക്കുന്നതല്ലെന്നും പരസ്പരം അറിഞ്ഞനുവദിക്കുന്ന സ്നേഹോദാരതകളാണെന്നും അദ്ദേഹം ചിന്തിക്കുന്നു. യാന്ത്രികമായ എല്ലാത്തിനേയും അതിലംഘിക്കുന്ന ഒന്നാണ് സെക്സ് എന്നാണ് അദ്ദേഹം കരുതുന്നത്. അത്തരത്തിലൊരു ഇഴുകിച്ചേരലില്‍ , അവിടെയൊരു തടസ്സമാകുമെന്നു കണ്ടിട്ടായ പണം എന്ന സാങ്കേതികതയെപ്പോലും ഓഷോ മാറ്റി നിറുത്തിയത്.അതിര്‍ത്തികളും അരുതുകളുമില്ലാതെ ഒരനുഭൂതിയെ പരസ്പരം പ്രദാനം ചെയ്യക എന്ന കാഴ്ചപ്പാടിനെ സ്വാംശീകരിക്കുവാന്‍ പുരുഷാധിപത്യപരമായ ഒരു സമൂഹത്തിന് കഴിയില്ല. കാരണം അത്തരം സമൂഹം ചിന്തിക്കുന്നത് പുരുഷന്‍റെ കീഴില്‍ നിന്ന് അവന്‍ അറിഞ്ഞു നല്കുന്നതു മാത്രമേ സ്ത്രീ അനുഭവിക്കാവു എന്നാണ്.അതിനപ്പുറത്തേക്കുള്ളതെല്ലാം അസാന്മാര്‍ഗ്ഗികമാകുന്നു.അതുകൊണ്ടാണ് സ്ത്രീ പുരുഷന്റെ സ്വത്താകുന്നതും കെട്ടിപ്പൂട്ടിനിറുത്തി സംരക്ഷിക്കപ്പെടേണ്ടവളാകുന്നതും. എല്ലാ ആധിപത്യങ്ങളേയും എതിര്‍ക്കുമ്പോഴും പുരുഷാധിപത്യപ്രവണതകളെ മാന്യതപ്പെടുത്തി ന്യായീകരിച്ചെടുക്കാനുള്ള വഴികള്‍ ഈ സമൂഹത്തില്‍ നിലനിറുത്തി.
            ഓഷോ ചോദ്യം ചെയ്തത് പരമ്പാരഗതമായ ഈ പിന്തുടര്‍ച്ചകളെയാണ്. അതിന്റെ ആന്തരികാര്‍ത്ഥങ്ങളെ ശരിയായ വിധം മനസ്സിലാക്കാതെയും മനസ്സിലായിട്ടും തെറ്റായി വ്യഖ്യാനിച്ചും നാം അദ്ദേഹത്തെ പ്രതിക്കൂട്ടിലേക്ക് കയറ്റി നിറുത്തി. ഓഷോ വിശാലമായ അര്‍ത്ഥത്തില്‍ തിരിച്ചു വരേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം