#ദിനസരികള് 674



വാക്കിന്റെ മൂന്നാംകര - ഉള്ളുലച്ചിലുകളുടെ അന്വേഷണങ്ങള്‍

ആധുനികാനന്തര മലയാള നിരൂപണ സാഹിത്യത്തില്‍ പി കെ രാജശേഖരനോളം തലയെടുപ്പുള്ള വിമര്‍ശകരില്ലെന്നുതന്നെ പറയാം.സംശയമുള്ളവര്‍ അദ്ദേഹത്തിന്റെ ഏകാന്തനഗരങ്ങളോ , അന്ധനായ ദൈവം മലയാള നോവലിന്റെ നൂറുവര്‍ഷങ്ങളോ കഥാന്തരങ്ങളോ പിതൃഘടികാരമോ പരിശോധിക്കുക. നാളിതുവരെ നാം പരിചയപ്പെട്ടു പോന്ന വിചാരശീലങ്ങളില്‍ നിന്നും തെന്നിമാറിക്കൊണ്ട് മലയാളത്തിന്റെ സാഹിത്യ ഗതിവിഗതികള്‍ അദ്ദേഹം അടയാളപ്പെടുത്തുന്നതു കാണാം.കേരളീയ ജീവിതത്തിന്റെ സമസ്ത അടരുകളേയും ബാധിച്ച സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളെക്കുറിച്ചുള്ള സൂക്ഷ്മധാരകളെക്കുടി കണക്കിലെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വിമര്‍ശനം മലയാള സാഹിത്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക സാങ്കേതിക ഉപഭോഗരംഗങ്ങളില്‍ ലോകവ്യാപകമായുണ്ടായ മാറ്റങ്ങള്‍ കേരളീയ സമൂഹത്തിലും പ്രതിഫലിച്ചു.എല്ലാ കേരളീയരേയും കേരളീയ ഗ്രാമങ്ങളേയും ഒന്നടങ്കം ബാധിച്ചുവെന്ന് ഇതിനര്‍ത്ഥമില്ല.ആ വൈരുദ്ധ്യം മാറുന്ന കേരളീയ ജീവിതത്തില്‍ സൃഷ്ടിച്ച പ്രതികരണങ്ങള്‍ ഉത്തരാധുനിക സാഹിത്യത്തിന്റെ ആവിര്‍ഭാവത്തിലാണ് കൂടുതല്‍ സ്വാധീനം ചെലുത്തിയത്എന്ന് അന്ധനായ ദൈവത്തില്‍ രാജശേഖരന്‍ എഴുതുന്നുണ്ട്.ലോകാന്തരങ്ങളിലുണ്ടാകുന്ന വികാസങ്ങളെ തള്ളുകളയോ കൊള്ളുകയോ ചെയ്യുന്ന മലയാളിയുടെ ശീലങ്ങള്‍ സാഹിത്യത്തില്‍ ഇടപെട്ടതെങ്ങനെയെന്ന അന്വേഷണത്തിന് ഒറ്റപ്പെട്ടതും മുഷിഞ്ഞതും സ്വയം ഉള്‍വലിയുന്നതുമായ ഒരു പ്രദേശമായി കേരളം മാറിനില്ക്കാതെ ലോകത്തോടു സംവദിക്കുകയും സര്‍ഗ്ഗാത്മക സാന്നിധ്യമായി പ്രതിപ്രവര്‍ത്തിക്കുയും ചെയ്തുവെന്നാണ് ഉത്തരം.അത്തരത്തിലുള്ള ഇടപെടലുകളുടെ ഫലമായിട്ടാണ് നാം ആധുനികതയേയും ഉത്തരാധുനികതയേയുമൊക്കെ മനസ്സിലാക്കാനും ആവിഷ്കരിക്കാനും പരിശീലിച്ചു തുടങ്ങിയത്. നമ്മുടെ ആധുനികത ആധുനികമല്ലെന്നും നമ്മുടെ ഉത്തരാധുനികത മറ്റെന്തോ ആണെന്നുമുള്ള വിമര്‍ശനങ്ങളെ കാണാതിരിക്കുന്നില്ല.പകുതി എന്തിന് പകുതി മുക്കാലേ മുണ്ടാണിയും മധ്യകാലജീവിതങ്ങളെ മനസ്സുകൊണ്ടു ആശ്ലേഷിച്ചു പോരുന്ന മലയാളിയുടെ വര്‍ത്തമാനകാല നാട്യങ്ങളെ ആധുനികമെന്നോ ഉത്തരാധുനികമെന്നോ അഭിവാദ്യം ചെയ്യുന്നതില്‍ അസാംഗത്യമേറെയുണ്ടെന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ.
            ആധുനികതയേയും ഉത്തരാധുനികതയേയും ചുറ്റിപ്പറ്റി നമുക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിലും ലോകസാഹിത്യത്തെ മലയാളത്തിന്റെ ഭാവുകത്വങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനും നമ്മുടെ എഴുത്തുകളെ അതിന്റെ അടിസ്ഥാനത്തില്‍ മാറ്റുരച്ചു നോക്കുവാനും പി കെ രാജശേഖരന്‍ കാണിക്കുന്ന ജാഗ്രതയെ നാം വിലമതിക്കാതിരുന്നു കൂട. അതുകൊണ്ടുതന്നെയാണ് ലോകനോവലിലൂടെയുള്ള സഞ്ചാരമെന്ന വിശേഷണം പേറുന്ന വാക്കിന്റെ മൂന്നാം കര എന്ന പുസ്തകം എനിക്ക് മനോഹരമായ വായനാനുഭവം പ്രദാനം ചെയ്യുന്ന കൃതിയായി അടയാളപ്പെടുന്നത്.
            അശാന്തനായ എന്നെ ഒരു പുസ്തകം ശമിപ്പിക്കുന്നുവെന്ന തോമസ കെംപിസിന്റെ മൊഴികളെ കടന്നുവേണം നാം ഈ പുസ്തകത്തിലേക്ക് പ്രവശിക്കുക.പി.കെ രാജശേഖരന് പുസ്തകങ്ങള്‍ വേഴ്ചകള്‍ക്കിടയിലെ ശരീരരഹസ്യങ്ങള്‍‌പോലെ ഭ്രമിപ്പിക്കുന്ന ഒന്നാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പുസ്തകങ്ങളോട് അതിന്റെ മണങ്ങളോട് രുചികളോട് കുറവുകളോട് അദമ്യമായ ഒരഭിനിവേശം അദ്ദേഹം ഉള്ളില്‍ വഹിക്കുന്നു.രതിസമയത്ത് സ്വന്തം കുഞ്ഞിന്റെ രോദനം പോലും അസഹ്യപ്പെടുത്തുമെന്ന് കാളിദാസന്‍ പറഞ്ഞതുപോലെ പരായണസമയത്ത് രാജശേഖരന്‍ ഏതേതൊക്കെയോ ലോകങ്ങളിലേക്കാണ് കയറി നില്ക്കുക.തെളിവിന് ബുക്സ്റ്റാള്‍ജിയ കൂടി പരിശോധിക്കുക. അങ്ങനെ സ്വയം അറിഞ്ഞതും അനുഭവിച്ചതുമായ രസങ്ങളെ അനുഭവപ്പെടുത്താനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ എഴുത്ത്.രതിരസത്തെ പറഞ്ഞനുഭവിപ്പിക്കുന്നവന്റെ ചടുലതകയേയും ഗുപ്തമായ ഇടങ്ങളെ തുറന്നിടുന്നതിന്റേയും മാസ്മരികത ആ എഴുത്തിലുണ്ട്.അഥവാ തന്റെ ഇണയിലേക്ക് ചെന്നുലയിച്ചുചേരുന്നതുപോലെയുള്ള രതിസമാനമായ ഇടപെടലുകളാണ്.  പുസ്തകങ്ങളുമായി രാജശേഖരന്‍ നടത്തുന്നത്.പുസ്തകങ്ങളെപ്പറ്റി പറയുമ്പോള്‍ ഒളിയിടം , രഹസ്യം എന്നിങ്ങനെ ചില പ്രയോഗങ്ങള്‍ രാജശേഖരന്‍ നടത്തുന്നുണ്ടെന്നു കൂടി കാണുക.    
അങ്ങനെ അനുഭവിച്ച നോവലുകളെ - ഏകാന്തങ്ങളില്‍ തനിക്ക് രസംപകര്‍ന്നവയെ വായനക്കാരിലേക്കും എത്തിക്കുവാനാണ് വാക്കിന്റെ മൂന്നാംകര എന്ന നോവല്‍ പഠനങ്ങളുടെ പുസ്തകം ശ്രമിക്കുന്നത്. നിയമ ലംഘനത്തിന്റേയും കലഹത്തിന്റേയും വാസനകള്‍ നിറഞ്ഞ രഹസ്യ ജീവിതത്തിനിടയില്‍ എനിക്ക് സ്വാതന്ത്ര്യത്തിന്റെ പുസ്തകമാണ് നോവല്‍.എല്ലാ സാഹിത്യങ്ങളിലും വെച്ച് ഏറ്റവും സ്വാഭാവികമായ ജനുസ്സ് നോവലായിരിക്കണം.എപ്പോഴും ലോകത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന നോവല്‍ എല്ലാത്തരം രൂപനിയമങ്ങളേയും ലംഘിക്കുന്നു.പാരമ്പര്യത്തിന്റെ ബാധ്യതയും തടവുമില്ലാതെ അത് ഭാഷയേയും ആഖ്യാനത്തേയും കാരാഗൃഹങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നുഎന്നാണ് നോവലുകളെക്കുറിച്ച് എഴുത്തുകാരന്റെ നിലപാട്. ആ നിലപാടില്‍ നിന്നുകൊണ്ടാണ് നാം അറിഞ്ഞതും അനുഭവിച്ചതുമായ മഹാകൃതികളെ തനതായ മറ്റൊരു ദാര്‍ശനിക പരിസരത്തിലേക്ക് പറിച്ചു നട്ട് രാജശേഖരന്‍ നമ്മെ വിസ്മയപ്പെടുത്തുന്നത്.വാക്കിന്റെ മൂന്നാംകര എന്ന നോവല്‍ സഞ്ചാരം അങ്ങനെയാണ് എനിക്ക് വിസ്മയമാകുന്നത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം