#ദിനസരികള്‍ 988 ഇടങ്ങള്‍ ഒലിച്ചു പോകാതിരിക്കുന്നതിനു വേണ്ടി !
ഇന്ന് പുതുവത്സര ദിനമാണ് ; പ്രതിജ്ഞകളുടെ സുദിനവും. ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം പ്രഖ്യാപിച്ചു കൊണ്ടു കൂടുതല്‍ സന്തോഷകരമായ ഭാവിയെ ആനയിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജ്വസ്വലമാക്കാന്‍ തീരുമാനിക്കുക എന്നതാണ് പൊതുവേയുള്ള രീതി. എന്നാല്‍ സാമൂഹ്യജീവിതവും രാഷ്ട്രീയ ജീവിതവും ഏറെ സങ്കീര്‍ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ഇന്ത്യാമഹാരാജ്യത്തെ ഒരു പൌരനെന്ന നിലയില്‍ അത്രത്തോളം സ്വേച്ഛാപരവും സങ്കുചിതവുമായ തീരുമാനത്തിലേക്കെത്തുകയെന്നത് അസംബന്ധമാണെന്ന് എന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യ എന്ന അസ്തിത്വത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ നീതിക്കുവേണ്ടി ഒച്ചയുയര്‍ത്തിയതിന്റെ പേരില്‍ കുരുതി കൊടുക്കപ്പെടുന്ന ബഹുസഹസ്രം ജനങ്ങളുടെ വിലാപങ്ങള്‍ നാലുപാടുനിന്നും ആര്‍ത്തലച്ചെത്തുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് അയാളെ പറ്റി മാത്രമായി ഇക്കാലത്തു ചിന്തിക്കാനാകുക ? എന്നുമാത്രവുമല്ല, ഇന്നലെവരെ ഭരണഘടനാപരമായി എനിക്കും ഇടമുണ്ടായിരുന്ന ഒരു സമൂഹമായിരുന്നു ഇത്. കാരണം ഇവിടെ ജീ...