#ദിനസരികള്‍ 982 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 8


            മുസ്ലിങ്ങള്‍ വെറും മാനവിക വിഷയങ്ങള്‍ പഠിച്ച് ബിരുദമൊക്കെ നേടി തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ദ്ധിപ്പിച്ച് ജീവിച്ചു പോകുന്നതിനെക്കാള്‍ അഭികാമ്യമായിട്ടുള്ളത്, സാങ്കേതിക സാമ്പത്തിക രംഗങ്ങളില്‍ വിജയിക്കുവാന്‍ കഴിയുന്ന തരത്തിലുള്ള പഠനപദ്ധതി സ്വീകരിക്കുക എന്നതാണ്.സ്വന്തം മതത്തിന്റെ ആശയങ്ങളെ കണ്ണാടിക്കൂടിലിട്ട് എക്കാലത്തേക്കുമായി സംരക്ഷിച്ചു പിടിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. ഉര്‍ദു അധികമായി ഉപയോഗിക്കപ്പെടാത്ത സാഹചര്യങ്ങളെക്കുറിച്ച് വിലപിക്കുന്നതിനു പകരം ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഇനി പ്രാമുഖ്യം നേടുമെന്ന് നാം മനസ്സിലാക്കണം.ഉര്‍ദു സാഹിത്യത്തെ ഹിന്ദിയിലേക്ക് മൊഴിമാറ്റിയും പുതിയ പുതിയ ആശയങ്ങളും വാക്കുകയും നിര്‍‌ദ്ദേശിച്ചും ഉര്‍ദുവിനെ വര്‍ത്തമാനകാലത്തിനു ചേര്‍ന്ന ഭാഷയാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം.
          മൌലാനാ അബുള്‍ കലാം ആസാദും സെയിഫ് ത്യാബിജിയും മുസ്ലിംങ്ങള്‍  കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു കൊണ്ട് എംപിമാരാകാനുള്ള സാധ്യത അന്വേഷിക്കണമെന്ന നിര്‍‌ദ്ദശം മുന്നോട്ടു വെച്ചപ്പോഴാകട്ടെ , മറ്റു ചിലര്‍ ഉയര്‍ത്തിപ്പിടിച്ച ആശയമെന്നു പറയുന്നത് മുസ്ലിംങ്ങള്‍ക്ക് അവരുടേതായ ഒരു സംഘടനയുണ്ടാക്കി അതില്‍ നിന്നുകൊണ്ട് തങ്ങളുടെ അവകാശം നേടിയെടുക്കാനുള്ള പ്രവര്‍ത്തനം നടത്തണമെന്നാണ്.ഈ രാജ്യത്ത് മാന്യമായ ജീവിതം നയിക്കുവാനും ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുവാനും ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും വേണ്ടി 1953 ല്‍ ഒരു കൂട്ടം ബുദ്ധിജീവികള്‍ അലിഗഡില്‍ ഒത്തുചേര്‍ന്നു. നിയമനിര്‍മ്മാണസഭകളും ഉയര്‍ന്ന സര്‍ക്കാര്‍ സംവിധാനങ്ങളിലും മുസ്ലിംവിഭാഗത്തില്‍ പെട്ടവര്‍ വളരെ കുറവാണ് എന്നൊരാശങ്ക അവര്‍ക്കുണ്ടായിരുന്നു.ഈ കണക്കിനു മുന്നോട്ടു പോയാല്‍ സാമ്പത്തിക മരവിപ്പും സാംസ്കാരിക മുരടിപ്പും ശിഥിലീകരണവും തകര്‍ച്ചയുമൊക്കെയായിരിക്കും മുസ്ലിം ജനത നേരിടേണ്ടിവരിക എന്നൊരു ആശങ്കയാണ് യോഗത്തിന്റെ അധ്യക്ഷന്‍ മുന്നോട്ടു വെച്ചത്. അദ്ദേഹം കല്‍ക്കത്ത നഗരസഭയുടെ ഒരു മുന്‍ മേയറു കൂടിയായിരുന്നു.ആറു മാസത്തിനു ശേഷം ഡല്‍ഹി ജുമാമസ്ജിദിലെ ഒരു പ്രഭാഷണത്തില്‍ യു പി ജമായത്ത് സെക്രട്ടറി ഇന്ത്യന്‍ സര്‍ക്കാറിനെ ജനാധിപത്യപരമല്ലാത്തതും ഹിന്ദുത്വാഭിമുഖ്യമുള്ളതുമായ ഒന്നായി ചിത്രീകരിച്ചു.
          അതേസമയം ദക്ഷിണേന്ത്യയില്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ കുറച്ചേറെ മുന്നോട്ടു പോയിരുന്നു. വിഭജനത്തിനു മുമ്പുണ്ടായിരുന്നു പാര്‍ട്ടിയോട് പേരിലും ആശയത്തിലും ഇണങ്ങി നില്ക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്  1951 ല്‍ മദ്രാസില്‍ രൂപീകരിക്കപ്പെട്ടു.ഇന്ത്യന്‍ യൂണിയന്റെ സ്വാതന്ത്ര്യത്തേയും അന്തസ്സിനേയും ഇകഴ്ത്തുന്ന എന്തിനേയും എതിര്‍ക്കാന്‍ പ്രതിജ്ഞാ ബദ്ധമായ പ്രസ്തുത പാര്‍ട്ടി , ന്യൂനപക്ഷങ്ങളുടെ പദവികളേയും സുരക്ഷയേയും നിയമപരമായ മറ്റ് അവകാശങ്ങളേയും നേടിയെടുക്കാനും തീരുമാനിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം നഗരത്തിലെ മുസ്ലിംങ്ങളെ പ്രതിനിധാനം ചെയ്യുന്ന മജ്ലിസ് ഇത്തിഹാദ് അല്‍ മുസ്ലിമിന്‍ രൂപംകൊണ്ടു. 1957 ലെ ഇലക്ഷനില്‍ അവര്‍ ധാരാളം സ്ഥാനാര്‍ത്ഥികളെ നിറുത്തിയെങ്കിലും ഒരാള്‍ മാത്രമാണ് വിജയിച്ചത്.അതേ സമയം 1960 ല്‍ പത്തു സീറ്റുകളില്‍ കേരളത്തില്‍ വിജയിച്ചുകൊണ്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് നേട്ടം കൊയ്തു.
          1957 ല്‍ ഡബ്ല്യു . സി സ്മിത്ത് ഇങ്ങനെ നിരീക്ഷിച്ചു.- ഇസ്ലാമിന്റെ ചരിത്രത്തില്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ വ്യത്യസ്തരാണ്.അവര്‍ എണ്ണത്തില്‍ ഏറെയുണ്ടെങ്കിലും സ്വന്തമായ ഒരു രാജ്യത്തിലല്ല ജീവിക്കുന്നത്.ഇറാനിലേയോ ഇറാക്കിലേയോ തുര്‍ക്കിയിലേയോ പാകിസ്താനിലേയോ മുസ്ലിംങ്ങളെപ്പോലെയല്ല ഒരു പുതിയ റിപബ്ലിക്കായ ഇന്ത്യയിലെ മുസ്ലീങ്ങള്‍. അവര്‍ ഇടകലര്‍ന്നാണ് ജീവിച്ചുപോകുന്നത്.അത് ഇവിടുത്തെ അവസ്ഥയോട് സര്‍വ്വാത്മനാ യോജിച്ചു പോകുന്നതുമാണ്.
          എണ്ണത്തില്‍ ഏറെയുണ്ടെങ്കിലും ബലത്തില്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ അവസ്ഥ ദയനീയമാണ്.ഹിന്ദുത്വവാദത്തിന്റേയും പാകിസ്താനില്‍ നിന്നുള്ള വെല്ലുവിളികളുടേയും ഇടയിലാണ് അവര്‍ ജീവിച്ചു പോകുന്നത്. ഇന്ത്യയിലെ മതേതരത്വത്തിന്റെ പാകിസ്താന്‍ നേതൃത്വം നിരന്തരം കളിയാക്കി. ഈ രാജ്യത്തിനെതിരെ ഒന്നിക്കാന്‍ അവര്‍ ഇന്ത്യന്‍ മുസ്ലിംങ്ങളോട് ആഹ്വാനം ചെയ്തു.കിഴക്കന്‍ പാകിസ്താനില്‍ നിന്നും രക്ഷപ്പെട്ടു വരുന്ന ഓരോ ഹിന്ദുവും ഓരോ അതിര്‍ത്തി തര്‍ക്കങ്ങളും ഒക്കെ ഇന്ത്യന്‍ മുസ്ലിം ജീവിതത്തെ ബാധിക്കുക തന്നെ ചെയ്തു.
                                                                                        (തുടരും)
(പ്രൊഫസര്‍ രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം