#ദിനസരികള്‍ 978 ന്യൂനപക്ഷങ്ങളെ പരിഗണിക്കുമ്പോള്‍ - 4
പലരും
തിരിച്ച് മേധാവിക്ക് എഴുതിയത് തങ്ങളുടെ കീഴിലുള്ള മുസ്ലീം ജീവനക്കാരെ
വ്യക്തിപരമായി സംശയിക്കുന്നില്ല എന്നാണ്.എന്നാലും ഏതെങ്കിലും തരത്തില്‍ സംശയിക്കപ്പെടാനിടയുള്ള
ആളുകളെ മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. ബീജാപ്പുരിലെ ഒരു പട്ടാളസംഘത്തിന്റെ
തലവന്‍ , ഗോള്‍ ഗുംബസിന്റെ അധികാരി വിശ്വസ്തനല്ല എന്നു ചൂണ്ടിക്കാട്ടി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേക്ക്
റിപ്പോര്‍ട്ട് നല്കി .അദ്ദേഹത്തിന് അന്ന് യൂണിയനില്‍ ചേരാന്‍ വിസമ്മതം
പ്രകടിപ്പിച്ച ഹൈദരാബാദില്‍ ബന്ധുക്കളുണ്ട് എന്നതായിരുന്നു മേജര്‍ കണ്ടെത്തിയ
കാരണം. ആ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗോള്‍ ഗുംബസിന്റെ മേധാവിയെ ബോംബെയിലെ കാനേരി
ഗുഹകളുടെ സംരക്ഷണച്ചുമതലയിലേക്ക് മാറ്റി.
ആഗ്ര അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വടക്കന്‍ മേഖലയുടെ
സൂപ്രണ്ടില്‍ നിന്നുമാണ് ഏറ്റവുമധികം റിപ്പോര്‍ട്ടുകളെത്തിയത്.താജ് മഹലും
ഫത്തേപ്പൂര്‍ സിക്രിയും അദ്ദേഹത്തിന്റെ പരിധിയിലാണല്ലോ.അദ്ദേഹം പാകിസ്താനിലേക്ക്
കുടിയേറിയ ഇരുപത്തെട്ടു ജീവനക്കാരുടെ പട്ടികയാണ് അയച്ചത്.അതില്‍ അഞ്ചുപേരുടെ
വിശ്വാസ്യതയെക്കുറിച്ച് അദ്ദേഹം സംശയാലുവായിരുന്നു. അവസരം കിട്ടിയാല്‍ അവര്‍
ഈ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം
അടിവരയിട്ടു.അതിലൊരാള്‍ ആഗ്രകോട്ടയിലെ ഒരു ക്ലര്‍ക്കായിരുന്നു.അദ്ദേഹത്തിന്റെ
അമ്മയും സഹോദരനും മകനും ഹൈദരാബാദിലായിരുന്നു താമസം.ഭാര്യ കറാച്ചിയില്‍
താമസിക്കുന്ന ഒരു കാവലുദ്യോഗസ്ഥനായിരുന്നു മറ്റൊരാള്‍.മറ്റൊരാളുടെ രണ്ടു
പുത്രന്മാരും ഒരു പുത്രിയും കറാച്ചിയിലായിരുന്നു. ഒറ്റ നോട്ടത്തില്‍
അപകടകാരികളല്ലെങ്കിലും സാഹചര്യം കൊണ്ട് അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള ഏഴുപേരുടെ
മറ്റൊരു പട്ടിക കൂടി സൂപ്രണ്ട് തയ്യാറാക്കി.
ഒക്ടോബര്‍ ഇരുപതിന് തുടര്‍നടപടിയെന്നോണം ഹോം സെക്രട്ടറിയുടെ
ഒരു കത്ത് പാകിസ്താനില്‍ ബന്ധുക്കളുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് അയച്ചു.വിഭജനം
കഴിഞ്ഞിട്ട് അന്നേക്ക് ഏറെ മാസങ്ങള്‍ ആയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ തങ്ങളുടെ ബന്ധുമിത്രാദികളെ
പാകിസ്താനില്‍ തന്നെ നിലനിറുത്തുന്നതിന് തക്കതായ ഒരു കാരണവും കാണുന്നില്ല.എന്നു
മാത്രവുമല്ല ഇനിയും അത്തരമൊരു നിലപാട് തുടര്‍ന്നു പോരുന്നത് ഇന്ത്യന്‍
യൂണിയനോടുള്ള കൂറില്ലായ്മയായി പരിഗണിക്കപ്പെടും.അതുകൊണ്ട് ഒരു മാസത്തിനുള്ളില്‍
തങ്ങളുടെ കുടുംബങ്ങളെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്.നിര്‍ദ്ദേശം
അനുസരിക്കാത്തവരുടെ പട്ടിക ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.രാജ്യതാല്പര്യം
പരിഗണിച്ചു കൊണ്ട് എന്തു തീരുമാനമെടുക്കണമെന്ന് പിന്നീട് നിശ്ചയിക്കും.
ഒരിക്കല്‍ കൂടി ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശം എ എസ്
ഐയുടെ തലവന്‍ മുഖാന്തിരം ഉപമേധാവികളിലേക്ക് എത്തി.ആഗ്ര മേധാവിയില്‍ നിന്നും
വീണ്ടും വിശദമായ റിപ്പോര്‍ട്ട് എത്തിച്ചേര്‍ന്നു.അത്തരമൊരു റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നതില്‍
അദ്ദേഹം ആഹ്ലാദിക്കുന്നതായി തോന്നി.താജ്മഹലിന്റെ പരമ്പരാഗത കാവല്‍ക്കാരായ
ഖാദിമുകളോട് അദ്ദേഹത്തിനുള്ള അനിഷ്ടം ആ റിപ്പോര്‍ട്ടുകള്‍ എടുത്തുപറഞ്ഞു. ഷാജഹാന്‍
ചക്രവര്‍ത്തിയാല്‍ നിയമിതരായവരും ബ്രിട്ടീഷുകാര്‍തന്നെ പിന്നീട്
അംഗീകരിച്ചവരുമായ പതിനെട്ടു ഖാദിമുകളെ സുപ്രണ്ട് പ്രതിസ്ഥാനത്തു നിറുത്തി.സത്യം
തുറന്നു പറയാത്തവരും ശത്രുക്കളുടെ ഏജന്റുമാരായുമാണ് അദ്ദേഹം അവരെ വിലയിരുത്തിയത്.
അവരില്‍ ആറുപേരുടെ കുടുംബമെങ്കിലും ഇപ്പോഴും പാകിസ്താനിലാണ്.അവരിലൊരാള്‍ തനിക്കനുവധിക്കപ്പെട്ട
അവധി കഴിഞ്ഞും പാകിസ്താനില്‍ താമസിച്ചതിന്റെ പേരില്‍ സസ്പെന്റ്
ചെയ്യപ്പെട്ടു.വേനല്‍ക്കാലത്തും ശൈത്യകാലത്തും കഴിഞ്ഞു പോകുന്നതിന് സര്‍ക്കാറില്‍
നിന്നും അനുവദിക്കപ്പെട്ട സാധനസാമഗ്രികളും മറ്റും തിരിച്ചേല്പിക്കാന്‍
ഉത്തരവായി.മറ്റൊരാളെക്കൂടി സൂപ്രണ്ടിന് സസ്പെന്റ് ചെയ്യണമെന്നുണ്ടായിരുന്നു.അയാള്‍
പാകിസ്താനിലേക്ക് കടക്കുന്നതിനു മുമ്പ് ഇന്ത്യയിലെ തന്റെ സ്വത്തുക്കള്‍
വിറ്റൊഴിക്കാനായി പതുങ്ങിയിരിക്കുകയാണെന്നാണ് സൂപ്രണ്ട് സംശയിച്ചത്. ഇനിയുമൊരാള്‍,
അധികം സമ്മര്‍ദ്ദം ചെലുത്തിയില്ലെങ്കിലും പാകിസ്താനിലുള്ള തന്റെ കുടുംബത്തെ
ഇന്ത്യയിലേക്ക് കൊണ്ടു വരാനായി പരിശ്രമിച്ചയാളാണ്.
( പ്രൊഫസര്‍
രാമചന്ദ്രഗുഹയുടെ India After Gandhi എന്ന വിഖ്യാത ഗ്രന്ഥത്തിലെ Minding the Minority എന്ന അധ്യായത്തിന്റെ ഭാഷാവിഷ്കാരം)
Comments