#ദിനസരികള്‍ 974 കുഞ്ഞാലി മരയ്ക്കാരുടെ കഥ
ദേശദ്രോഹികളും
ഒറ്റുകാരും രാജ്യത്തു നിന്നും പുറത്താക്കപ്പെടേണ്ടവരുമായി മുസ്ലിം ജനത വ്യാഖ്യാനിക്കപ്പെടുന്ന
ഈ കാലത്ത് രാജ്യസ്നേഹത്തിന്റെ മകുടോദാഹരണമായി ചരിത്രത്തിലിടം നേടിയ കുഞ്ഞാലി
മരയ്ക്കാന്മാരെക്കുറിച്ച് വായിക്കുകയും എഴുതുകയും ചെയ്യുന്നതുതന്നെ മനുഷ്യപക്ഷത്തു
നില്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാകുന്നു. കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചു
മാത്രമല്ല , സ്വരാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ വേണ്ടി നാളിതുവരെ പോരാടിയ
ഇസ്ലാം മതവിശ്വാസികളായി ജീവിച്ചു മരിച്ച മുഴുവന്‍ പോരാളികളുടേയും ഗാഥകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്
പറഞ്ഞുറപ്പിക്കേണ്ടതായ ഒരു സന്നിഗ്ദസന്ധിയിലേക്ക് എത്തപ്പെട്ടതിന്റെ ഗതികേട്
മറക്കാതിരിക്കാനും ഈ വായന ഉപകരിക്കുമെന്നതാണ് വസ്തുത. അതുകൊണ്ടാണ് ഡോ. കെ സി
വിജയരാഘവനും ഡോ. കെ എം ജയശ്രീയും എഴുതിയ കുഞ്ഞാലിമരയ്ക്കാര്‍ എന്ന പുസ്തകം
വീണ്ടും വായിക്കുവാന്‍ ഞാന്‍ തീരുമാനിച്ചത്.
ചിന്ത പ്രസിദ്ധീകരിച്ച
കുഞ്ഞാലിമരയ്ക്കാര്‍ നവകേരള ശില്പികള്‍ എന്ന പരമ്പരയിലെ പത്തൊമ്പതാമത്തെ
പുസ്തകമായി പ്രസിദ്ധീകരിച്ചതാണ്." പാഠപുസ്തകങ്ങളിലെ ചെറിയ വിവരണങ്ങള്‍ക്ക് അപ്പുറത്ത് കുഞ്ഞാലിമരയ്ക്കാര്‍മാരുടെ
ജീവിതകഥകള്‍ എത്തിയിട്ടില്ല.ഒരു സമൂഹത്തിന്റേയും ഭരണാധികാരത്തിന്റേയും സാമ്പത്തിക
ബന്ധങ്ങളുടേയും വ്യത്യസ്ത തലങ്ങളിലേക്ക് കടന്നു പോകാന്‍ പ്രേരിപ്പിക്കുന്നതാണ്
കുഞ്ഞാലി മരയ്ക്കാരുടെ കാലം.കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ സവിശേഷമായ ചരിത്ര
ഘട്ടങ്ങളിലേക്ക് കടക്കാനുള്ള വാതായനങ്ങളാണ് അത് തുറന്നിടുന്നത്." എന്ന് പരമ്പരയുടെ
എഡിറ്ററായ പ്രദീപ് പനങ്ങാട് പുസ്തകത്തിന്റെ പ്രസക്തിയെ അടയാളപ്പെടുത്തുന്നു.
ആയിരത്തി അഞ്ഞൂറുമുതല്‍ ഒരു
നൂറ്റാണ്ടു കാലം സാമുതിരിയുടെ നാവികപ്പടയുടെ കൊടി താഴ്ത്താതെ കാത്തു
പോന്നവരായിരുന്നു കുഞ്ഞാലി മരയ്ക്കാര്‍മാര്‍.അവരുടെ സാഹസികതയുടെ തണലുപറ്റിയാണ്
സാമൂതിരിമാര്‍ തങ്ങളുടെ അധികാരത്തെ നിലനിറുത്തിപ്പോന്നത്. അവര്‍
നാലുപേരായിരുന്നുവെന്ന് ചരിത്രം പറയുന്നു. അക്കാലത്ത് കടലിലെ തമ്പുരാക്കന്മാരായ
പോര്‍ച്ചൂഗീസുകാരോട് ഏറ്റുമുട്ടി സാമുതിരിയുടെ തീരപ്രദേശങ്ങളെ കാത്തുപോന്ന
കുഞ്ഞാലിമാരുടെ ചരിത്രം വൈദേശിക ആധിപത്യത്തിനെതിരെ നമ്മുടെ നാടു നടത്തിയ ഏതൊരു
മുന്നേറ്റത്തിനൊപ്പവും നിലകൊള്ളാന്‍ യോഗ്യമാണ്. എന്നാല്‍ അത്തരത്തിലുള്ള
പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് എഴുതപ്പെട്ട പുസ്തകങ്ങള്‍ നമ്മുടെ ഭാഷയില്‍ തുലോം
കുറവാണെന്ന് സമ്മതിക്കാതെ വയ്യ. അതുകൊണ്ടുതന്നെ കുഞ്ഞാലി മരയ്ക്കാര്‍മാരെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഗ്രന്ഥങ്ങളുടെ ഒരു പട്ടിക അവസാനം ചേര്‍ത്തിരിക്കുന്നത്
കൂടുതല്‍ അറിയാനാഗ്രഹിക്കുന്ന വായനക്കാരെ സഹായിക്കാന്‍ പര്യാപ്തമാണ്.
കുഞ്ഞാലി മരയ്ക്കാര്‍മാരുടെ
ഉത്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളാണ് ചരിത്രകാരന്മാര്‍
രേഖപ്പെടുത്തിയിരിക്കുന്നത്. അവരില്‍ വില്യം ലോഗന്‍ , ഓ കെ നമ്പ്യാര്‍ , കെ വി കൃഷ്ണയ്യര്‍
എന്നിവരുടെ അഭിപ്രായങ്ങള്‍ എടുത്തു ചേര്‍ത്തിരിക്കുന്നത് വായിച്ചു
നോക്കുന്നത് രസകരമായിരിക്കും.
വില്യം ലോഗന്റെ അഭിപ്രായത്തില്‍ മരയ്ക്കാര്‍മാര്‍
പന്തലായിനിക്കൊല്ലത്തുകാരാണ്. പോര്‍ച്ചുഗീസുകാര്‍ അവിടെ നശിപ്പിച്ചിപ്പോള്‍ അവര്‍
തിക്കോടിയിലേക്കും പിന്നീട് കോട്ടയ്ക്കലിലേക്കും താമസം മാറ്റുകയായിരുന്നുവെന്ന്
ലോഗന്‍ കരുതുന്നു. കൊച്ചിയിലെ കടല്‍വ്യാപാരിയായിരുന്ന മുഹമ്മദിന്റെ
പിന്മുറക്കാരാണ് കുഞ്ഞാലിമാരെന്നാണ് ഒ കെ നമ്പ്യാര്‍ രേഖപ്പെടുത്തുന്നത്. "പോര്‍ച്ചുഗീസുകാരുടെ
ഉപദ്രവം കാരണം അവര്‍ കൊച്ചിയില്‍ നിന്നും പൊന്നാനിക്ക് താമസം മാറ്റി.മുഹമ്മദും
സഹോദരന്‍ ഇബ്രാഹിമും കൂടി കോഴിക്കോടുവന്ന് സാമൂതിരിയെക്കണ്ട് പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള
യുദ്ധത്തില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.ഈ വാഗ്ദാനം സ്വീകരിച്ച സാമൂതിരി
കുഞ്ഞാലി എന്ന ബിരുദം മുഹമ്മദിന് നല്കി"എന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.കെ വി കൃഷ്ണയ്യരുടെ അഭിപ്രായത്തില്‍
അവര്‍ പൊന്നാനിക്കാരാണ്.പോര്‍ച്ചൂഗീസുകാരാല്‍ പൊന്നാനി
ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ അകലാപ്പുഴയ്ക്ക് സമീപം താമസമുറപ്പിച്ചു. ഏറെ
താമസിയാതെ അവരുടെ ധീരത കണ്ടറിഞ്ഞ സാമൂതിരി തന്റെ നാവികസേനയുടെ നേതൃത്വം അവര്‍ക്ക്
ഏല്പിച്ചുകൊടുത്തുവെന്നും അദ്ദേഹം പറയുന്നു.
ഏതായാലും കുഞ്ഞാലിമരയ്ക്കാരുടെ
ധീരോദാത്തത വെളിപ്പെടുത്തുന്ന ഒരുപാടു സമരമൂഹൂര്‍ത്തങ്ങളുണ്ട്. അതോടൊപ്പംതന്നെ
ഒതേനനെപ്പോലെയുള്ളവരുമായി ബന്ധപ്പെടുന്ന കുഞ്ഞാലിയുടെ കൌതുകകരമായ ഒരു കഥയും
പുസ്തകം പറയുന്നുണ്ട്.
നാലാമത്തെ കുഞ്ഞാലിയെ സാമൂതിരിയുടെ
സഹായത്തോടെ പോര്‍ച്ചഗീസുകാര്‍ പിടിച്ചുകെട്ടുകയും ഗോവയില്‍ കൊണ്ടുപോയി
കൊന്നുകളയുകയും ചെയ്തതോടെ കേരളം കണ്ട ഏറ്റവും പ്രമുഖമായ നാവിക പടയാളികള്‍
ചരിത്രമായി. അവസാന നിമിഷം വരെ താന്‍ വിശ്വസിച്ചവനു വേണ്ടി ആയുധമെടുത്തു
പോരാടിയ കുഞ്ഞാലി പക്ഷേ ആര്‍ക്കു വേണ്ടിയാണോ താനും തന്റെ പൂര്‍വ്വപിതാക്കളും
പോരാടിയത് അതേ സാമൂതിരിരാജാവിന്റെ ഒറ്റുമുഖാന്തിരം തന്നെ പിടിക്കപ്പെട്ടു.മരയ്ക്കാര്‍
കോട്ട ഇടിച്ചു നിരത്താനും ആ പേരിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതായിട്ടുള്ളതൊന്നും
അവശേഷിപ്പിക്കാതിരിക്കാനുമുള്ള ധാരണയായിരുന്നു പോര്‍ച്ചുഗീസുകാരുമായി
സാമൂതിരിയുണ്ടാക്കിയത്.ആ തിരുമാനത്തിന്റെ ഭാഗമായി പോര്‍ച്ചുഗീസുകാര്‍ക്ക് ഒരു
പള്ളിയും പണ്ടികശാലയും തന്റെ രാജ്യത്ത് നിര്‍മ്മിക്കാനുള്ള അവസരം സാമുതിരി നല്കി.
അങ്ങനെ സാമൂതിരിയുടെ കൂടി അറിവോടെ ഒരു
നൂറ്റാണ്ടുകാലം കോഴിക്കോടിനെ കാത്തുപോന്ന കുഞ്ഞാലിമരയ്ക്കാര്‍മാരുടെ അവസാനത്തെ
കരുത്ത് നാമാവശേഷമാക്കപ്പെട്ടതിന്റെ ചരിത്രമാണ് ഈ പുസ്തകം പറയുന്നത്.
Comments