ജോണേട്ടന്‍ എന്ന് ഞങ്ങളെല്ലാം സ്നേഹത്തോടെ വിളിച്ചിരുന്ന ശ്രീ പി വി ജോണ്‍ കോണ്‍ഗ്രസിന്റെ മാനന്തവാടി ബ്ലോക്ക് പ്രസിഡന്റായിരുന്നു. ഞങ്ങളുടെ നേതാവ് കെ വി മോഹനേട്ടന്‍ , ലീഗ് നേതാവ് പി പി വി മൂസക്കാ , പിന്നെ കോണ്‍ഗ്രസിലെ ജോണേട്ടന്‍ - ഇവരോടൊക്കെ മാനന്തവാടിക്കാര്‍ക്ക് രാഷ്ട്രീയത്തിനതീതമായ ഒരു സ്നേഹവും ബഹുമാനവുമൊക്കെയുണ്ടായിരുന്നു. എത്രതന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും മാനന്തവാടിക്കാര്‍ക്ക് പൊതുവേ ഈ നേതാക്കന്മാരോട് ഒരല്പം സ്നേഹം കൂടുതല്‍ തന്നെയായിരുന്നു എന്നു പറയാം. കാരണം അവര്‍ ജനങ്ങളുടെ വിഷമങ്ങളോടൊപ്പം ജീവിച്ചു വന്നവരായിരുന്നു. ആരെങ്കിലും ഒരാവശ്യം പോയി പറഞ്ഞാല്‍ അത് നടപ്പിലാക്കുകയെന്നത് അവരുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കുമായിരുന്നു. ഇന്ന് പൊതുവേ നേതാക്കന്മാരെല്ലാം , പഠിക്കട്ടെ എന്നാണ് പറയുക! സത്യത്തില്‍ അതൊരു ഒന്നാന്തരം ഒഴിവാക്കലാണ്. ഒരിക്കലും പഠിക്കുകയുമില്ല , ആ വിഷയത്തില്‍ പിന്നീട് ഈ നേതാവ് ഇടപെടുകയുമില്ല. എന്നാല്‍ അങ്ങനെയല്ലാതെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചിലരുണ്ട്. സത്യത്തില്‍ അവരിലാണ് പൊതുജനം വിശ്വാസം അര്‍പ്പിച്ചിരിക്കുന്നതെന്നതാണ് സത്യം. പ്രവര്‍ത്തനനിരതരായ ആ കുറച്ചുപേരാണ് എല്ലാക്കാലത്തും ജനതയെ നയിച്ചിട്ടുള്ളത് എന്നതാണ് സത്യം. ഈ ഗണത്തില്‍ പെടുത്താവുന്ന ഒരാളായിരുന്നു തന്റെ സഹപ്രവര്‍ത്തകരുടെ ക്രൂരമായ വിശ്വാസ വഞ്ചനയെത്തുടര്‍ന്ന് ബ്ലോക്ക് കമ്മറ്റി ഓഫീസില്‍ ഒരു മുഴം കയറില്‍ ജീവനൊടുക്കേണ്ടി വന്ന പ്രിയപ്പെട്ട ജോണേട്ടന്‍ .
2015 ലെ മാനന്തവാടി മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ ദയനീയ പരാജയമാണ് ജോണേട്ടനെ അമ്പേ തളര്‍ത്തിയത്. തന്റെ കൂടെ നടന്ന് വോട്ടു പിടിച്ചവരുടെ പോലും വോട്ടുകള്‍ തനിക്ക് കിട്ടിയില്ല എന്നത് അദ്ദേഹത്തെ ഞെട്ടിച്ചു. കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള ഒരു പ്രദേശത്താണ് ഈ സംഭവം നടക്കുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പിന്റെ ഫലം വന്നതോടെ ജോണേട്ടന്‍ വലിയ പ്രയാസത്തിലായിരുന്നെങ്കിലും ഉരുക്കുപോലെയുള്ള ഒരു മനുഷ്യന്‍ എന്ന പൊതുവേ ഞങ്ങള്‍ കരുതിയിരുന്ന അദ്ദേഹം ആത്മഹത്യ ചെയ്യും എന്ന് ആരും കരുതിയിരുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞപ്പോള്‍ കേട്ട ഒരാളുപോലും ആദ്യം അത് വിശ്വസിച്ചില്ല എന്നതൊരു വാസ്തവമായിരുന്നു. പക്ഷേ ഈ ചതി അദ്ദേഹത്തെ അത്രമാത്രം തളര്‍ത്തി എന്നത് കൂടെ ആത്മാര്‍ത്ഥതയോടെ നടന്നവര്‍ക്കും മനസ്സിലായില്ല. അദ്ദേഹം മരിക്കുന്നതിന് കുറച്ചുമുന്നേ മുമ്പ് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതാണ്. എപ്പോഴത്തേയും പോലെ അപ്പോഴും അദ്ദേഹം വിശാലമായി ചിരിച്ചുകൊണ്ടുതന്നെയാണ് സംസാരിച്ചത്. തോറ്റതിനെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചപ്പോള്‍ ഇനിയും തിരഞ്ഞെടുപ്പുകളുണ്ടല്ലോ നീയൊന്നും എന്നെ അങ്ങനെയങ്ങ് തള്ളിക്കളയണ്ടടാ എന്നാണ് എന്നോട് പറഞ്ഞത്. ആ പറഞ്ഞ മനുഷ്യനാണ് തൊട്ടടുത്ത നിമിഷം കോഫീ ഹൌസില്‍ ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ മരിച്ചു എന്ന വിവരം എനിക്ക് കിട്ടുന്നത്.
തന്റെ മരണത്തിന് കാരണക്കാരായവരുടെ പേരുകള്‍ അദ്ദേഹം തന്റെ മരണക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ആ പേരുകള്‍ പുറത്തായതോടെ കോണ്‍ഗ്രസിലെ പ്രവര്‍ത്തകരുടെ ഇടയില്‍ വ്യാപകമായ പ്രതിഷധങ്ങള്‍ ഉയര്‍ന്നതുമാണ്. എന്നിട്ടും കോണ്‍ഗ്രസിന്റെ നേതൃത്വം ഫലപ്രദമായി ഇടപെടുകയോ തിരുത്തലുകള്‍ നടത്തുകയോ ചെയ്തിട്ടില്ല. ജോണേട്ടന്‍ സൂചിപ്പിച്ച പേരുകളിലൊന്ന് കോണ്‍ഗ്രസിലെ അക്കാലത്തെ സംസ്ഥാന നേതൃത്വവുമായി ആഴമുള്ള ബന്ധങ്ങളുണ്ടായിരുന്ന ഒരു പ്രമുഖ വനിതാ നേതാവായിരുന്നു. ജനരോഷം എതിരായിരുന്നിട്ടും അവരെയെല്ലാം സംരക്ഷിച്ചു പിടിക്കാന്‍ കോണ്‍ഗ്രസില്‍ നേതാക്കന്മാരുണ്ടായി. സാങ്കേതികമായി ആത്മഹത്യയാണെങ്കിലും സത്യത്തില്‍ ജോണേട്ടന്റേത് ഒരു കൊലപാതകമായിരുന്നു. "വിശ്വസ്തര്‍" കൂടെ നടന്ന് കരുതിക്കൂട്ടി കൊന്നുകളയുകയായിരുന്നു അദ്ദേഹത്തെ എന്നതാണ് വസ്തുത.
ആ കൊലപാതക പ്രവണത 2015 മുതല്‍ ഇന്നും കോണ്‍ഗ്രസില്‍ നിലയ്ക്കാതെ തുടരുന്നു. ജോണേട്ടനടക്കം കഴിഞ്ഞ പത്തുകൊല്ലക്കാലത്തിനുള്ളില്‍ ജില്ലയില്‍ നാലുപേര്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഫലമായി "കൊലചെയ്യപ്പെട്ടു" അവരൊന്നും ആത്മഹത്യ ചെയ്തതല്ല , മറിച്ച് പക്ഷം പിടിച്ചും ഒറ്റിക്കൊടുത്തും കൂടെ നടന്നവര്‍ തന്നെ കൊന്നൊടുക്കിയതാണ്. തങ്ങളുടെ നേട്ടത്തിനു വേണ്ടി സ്വന്തം അനുയായികളെ ബലി കൊടുക്കുന്ന പ്രാകൃത ഗോത്രസമൂഹമായി വയനാട്ടിലെ കോണ്‍ഗ്രസ് മാറിയിരിക്കുന്നു. അവര്‍ കൊന്നൊടുക്കുന്ന ആളുകളെ കുടുംബങ്ങള്‍ വലിയൊരു ചോദ്യ ചിഹ്നമായി പൊതു സമൂഹത്തിന് മുന്നില്‍ അവശേഷിക്കുന്നു. ജീവിച്ചിരിക്കുന്ന ആ പാവങ്ങളെ വീണ്ടും വീണ്ടും ഗ്രൂപ്പു കളിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ കൊത്തി വലിക്കുന്നു. ഇത് കേവലം ഒരു സംഘടന പ്രശ്നം മാത്രമല്ല , പൊതുസമൂഹത്തെ ബാധിക്കുന്ന ഒന്നു കൂടിയാണ്. അതുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്ന സമയം അതിവിദുരമല്ല.
|| #ദിനസരികള് – 151 - 2025 സെപ്റ്റംബര് 16 മനോജ് പട്ടേട്ട് ||
Comments