ജീവിതത്തിലെ
ഏറ്റവും സുന്ദരമായ നിമിഷമേതാണെന്ന് ഞാന്‍ പലരോടും ചോദിക്കാറുണ്ട്. പലരും പല
സാഹചര്യങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഉത്തരം പറയാന്‍ ശ്രമിക്കുക. ചിലര്‍ക്ക് ഈ
മനോഹരമായ ലോകത്തേക്ക് പിറന്നു വീഴുന്ന ആ നിമിഷമായിരിക്കും ഏറ്റവും സുന്ദരമായി
തോന്നുക. ചിലര്‍ക്ക് സുന്ദരമായത്, താന്‍ അച്ഛനായി അല്ലെങ്കില്‍ അമ്മയായി മാറിയ
നിമിഷമായിരിക്കും! മറ്റു ചിലര്‍ക്ക് തന്റെ മകന്റെ / മകളുടെ മുഖം
ആദ്യമായി കണ്ട നിമിഷമായിരിക്കും! ചിലര്‍ക്ക് തന്റെ കുഞ്ഞ് ചെന്തൊട്ടി വായ് മലര്‍ ആദ്യമായി
തന്റെ മുലക്കണ്ണുകളോട് ചേര്‍ത്ത് ഊറി വരുന്ന അമ്മിഞ്ഞപ്പാല് ഞൊട്ടി നുണയുന്ന ആ
നിമിഷമായിരിക്കും. മകന്റെ , മകളുടെ കല്യാണമായിരിക്കും ഇനിയും ചിലര്‍ക്ക് ഏറ്റവും
ആസ്വാദ്യകരമായ നിമിഷമാകുക. മറ്റു ചിലര്‍ക്ക് പൂന്താനം പറഞ്ഞതുപോലെ ഉണ്ണിയുണ്ടായി
വേള്‍പ്പിച്ചതിലോരോ ഉണ്ണിയുണ്ടായിക്കാണുമ്പോഴായിരിക്കും. ഇങ്ങനെ ജീവിതത്തിന്റെ വിവിധ
പടവുകളെ തൊട്ടു നില്ക്കുന്ന അനുഭവങ്ങളായിരിക്കും സുന്ദരനിമിഷങ്ങളായി ഓരോരുത്തര്‍ക്കും
തൊട്ടുകാണിക്കാനുണ്ടാകുക. എന്നാല്‍ ജീവിതത്തിലെ ഏറ്റവും സുന്ദരമായി നിമിഷം
ഇതൊന്നുമല്ലെന്ന് ഞാന്‍ പറയും. അത് ഒരാള്‍ അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്ത തന്റെ
തന്നെ മരണനിമിഷമാണ് എന്ന് ഞാന്‍ പറയും !
ജീവിതത്തിന്റെ
തെളിച്ചങ്ങളെ മറച്ചു വെച്ച് ഞാന്‍ ഇരുണ്ട ആശയങ്ങളുടെ വക്താവാകാന്‍ ശ്രമിക്കുകയാണ്
എന്ന് തെറ്റിദ്ധരിക്കരുത്. മുകളില്‍ ഉദ്ധരിക്കപ്പെട്ടതും അല്ലാത്തതുമായ ഓരോ
നിമിഷങ്ങളും അതിമനോഹരങ്ങള്‍ തന്നെയാണ്. എന്നാല്‍ അവയെയെല്ലാം കൂടുതല്‍
മനോഹരമാക്കുന്നത് എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെട്ടുപോയേക്കാം എന്നു എന്നു
കരുതുന്ന ജീവനക്കുറിച്ചുള്ള ആധിതന്നെയാണ്. ആ ആധി, അഥവാ മരണഭയം ഇല്ലാതിരുന്നെങ്കില്‍
നമ്മുടെ ജീവിതങ്ങളൊന്നും തന്നെ ഇത്രയേറെ സുന്ദരവും അര്‍ത്ഥപൂര്‍ണവുമാകില്ലായിരുന്നു.
രോഗങ്ങളും ദാരിദ്ര്യവും ജരാനരപീഢകളും ബാധിക്കാതെയും മരണമില്ലാതെയും അനിശ്ചിതമായി
നീണ്ടുപോകുന്ന ഒരു ജന്മം എത്ര ബോറായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കുക ! വൃദ്ധിക്ഷയങ്ങളില്ലാതെ
ഒരേ രാശിയില്‍ സഞ്ചരിക്കുന്ന ഒന്നും തന്നെ രസങ്ങളെ, കൌതുകങ്ങളെ
ഉല്പാദിപ്പിക്കുന്നില്ല ! രതി ആനന്ദമാണ്. എന്നാല്‍ അത് ഏതൊരു ജീവിയേയും ഇണചേരുവാനും
ആനന്ദം കണ്ടെത്തുവാനും പ്രേരിപ്പിക്കുന്നു. എന്നാല്‍ അനിയന്ത്രിതമായി നീണ്ടു
നില്ക്കുന്ന അഥവാ Persistent Orgasm Disorder രത്യാനന്ദത്തെ ഒരു രോഗമായിട്ടാണ് നാം പരിഗണിക്കുക.
സൂചിപ്പിക്കുന്നത് , ഏതൊരാനന്ദവും ഒരു ഉച്ഛസ്ഥായിയിലെത്തുകയും അവരോഹണത്തിലായി
പതിയെ നിലച്ച് ഒടുങ്ങുകയും വേണം. എന്നാലേ നമുക്ക് സന്തോഷങ്ങളെ സ്വീകാര്യമാകുകയുള്ളു.
അപ്പോള്‍ , ജീവിതത്തിലെ ഏറ്റവും സുന്ദരമായ
നിമിഷങ്ങളുടെ കണക്കെടുക്കുമ്പോള്‍ മരണം തൊട്ടെണ്ണിത്തുടങ്ങുക തന്നെ വേണം. മരണമാണ് ജീവിതത്തിലെ
ഓരോ നിമിഷങ്ങള്‍ക്കും അര്‍ത്ഥംകൊടുത്ത് പൊലിപ്പിച്ചെടുക്കുന്നത്. സുന്ദരമായി എങ്ങനെ
മരിക്കാം എന്ന് നിങ്ങള്‍ ,നമ്മള്‍ ഓരോരുത്തരും അവനവന്റെ വഴികളിലൂടെ കണ്ടെത്തുകയും വേണം.
ആ വഴികളാണ് നിങ്ങളുടെ മരണത്തെ അസുന്ദരമോ സുന്ദരമോ ആക്കി മാറ്റുന്നത് എന്ന് ഒരിക്കല്‍ക്കൂടി
വ്യക്തമാക്കട്ടെ. അപ്പോള്‍ ഇന്നുമുതലെങ്കിലും സുന്ദരമായി മരിക്കാനുള്ള വഴി കണ്ടെത്താനുള്ള
ശ്രമങ്ങളില്‍ നമുക്ക് വ്യാപൃതരാകാം , എല്ലാവര്‍ക്കും
വിജയാശസംകള്‍ !
|| #ദിനസരികള് – 150- 2025 സെപ്റ്റംബര് 14 മനോജ് പട്ടേട്ട് ||
Comments