അപ്പോള്‍ മാലോകരേ ഒരു കാര്യം പറഞ്ഞു കൊള്ളട്ടയോ ?
നമ്മുടെയിടയില്‍ പൊതുവേ കാണുന്ന ഒരു പ്രവണത, ചരിത്രകാലങ്ങളിലുണ്ടായ ഒരു സംഭവത്തെ അതിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി , ഇന്നിന്റെ യുക്തിബോധത്തില്‍ വെച്ച് വിലയിരുത്തുക എന്നുള്ളതാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഒരു സാഹിത്യകൃതിയെ അല്ലെങ്കില്‍ ഒരു ചരിത്ര സംഭവത്തെ അത് ആവിഷ്കരിക്കപ്പെട്ട കാലത്തിന്റെ നീതിബോധങ്ങളെ , സാമൂഹികതകളെ പരിഗണിക്കാതെ വര്‍ത്തമാനകാലത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തുന്നതും വിമര്‍ശിക്കുന്നതും പന്തിയായ ഒരു കാര്യമല്ല എന്നതാണ് ഈ ആശയത്തിന്റെ കാതല്‍. ഒരുദാഹരണം പറഞ്ഞാല്‍ രാമായണത്തെ വിലയിരുത്തുമ്പോള്‍ അക്കാലത്ത് നിലനിന്ന രാഷ്ട്രീയ വ്യവസ്ഥകളേയും ധാര്‍മ്മിക സങ്കല്പങ്ങളേയുമൊക്കെ പരിഗണിക്കേണ്ടിവരും. ദേവദാസി സമ്പ്രദായം നില നിന്ന ഒരു സമൂഹത്തെക്കുറിച്ച് അത് മോശമായിരുന്നു എന്ന് നമുക്ക് ഇന്ന് പറയാം. എന്നാല്‍ അത്തരമൊരു വ്യവസ്ഥയെ അംഗീകരിച്ചിരുന്ന ഒരു സമൂഹം അതാണ് ശരി എന്നാണ് ചിന്തിക്കുക. അത് പരിഗണിക്കാതെ ഇന്ന് ഇങ്ങനെ ചരിത്രത്തിലെ ഓരോ ഘട്ടത്തേയും വിലയിരുത്തേണ്ടി വരുമ്പോള്‍ ചരിത്രവത്കരിക്കുക വേണം.
ഈ
ആശയം അമേരിക്കന്‍ ചിന്തകനായ പേര് ഫ്രെഡഫിക് ജെയിംസന്റെയാണ്. always historicize എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം തന്നെ ! എല്ലാത്തിനേയും
- സാഹിത്യകൃതിയായാലും ചരിത്ര സംഭവമായാലും ഭരണരൂപങ്ങളായാലും സാംസ്കാരിക
വിനിമയങ്ങളായാലും സാമ്പത്തിക ഇടപാടുകളായാലും - അതാത് കാലത്തിന്റെ മടിത്തട്ടില്‍വെച്ചുകൊണ്ടു
വേണം പരിശോധിക്കാനെന്നും ചരിത്രത്തില്‍ നിന്നും വേറിട്ടൊരു അസ്തിത്വം ഒന്നിനുമില്ല
. അതുകൊണ്ട് എല്ലാം ചരിത്രവത്കരിക്കപ്പെടണം . ഈ ആശയത്തിന്റെ വെളിച്ചത്തില്‍
രാമന്‍ സീതയെ കാട്ടിലുപേക്ഷിച്ചതിനെ അക്കാലത്തെ ധര്‍മ്മബോധത്തിന്റെ അടിസ്ഥാനത്തില്‍
തെറ്റാണ് എന്ന് പറയാനാകില്ല. എന്നാല്‍ ഇന്നാണത് ചെയ്യുന്നതെങ്കില്‍ ഒരിക്കലും
നമുക്ക് അംഗീകരിക്കാനാകില്ല. കുരിശില്‍ തൂക്കിക്കൊല്ലുന്നതിനെ അന്ന്
നടപ്പിലാക്കിയിരുന്ന ഒരു ശിക്ഷാ പദ്ധതി എന്ന നിലയില്‍ നമുക്ക് ന്യായീകരിക്കാനാകും.
എന്നാല്‍ ആധുനിക ജനാധിപത്യ മൂല്യങ്ങളുടെ വെളിച്ചത്തില്‍ ക്രൂശീകരണം ന്യായമില്ലാത്ത
ഒന്നായി മാറും. അമ്പത്തിമൂന്നുകാരനായ
മുഹമ്മദ് ഒമ്പതോ പത്തോ വയസ്സുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ അക്കാലത്തെ
നാട്ടുനടപ്പനുസരിച്ച് മുഹമ്മദ് നബിയെ നമുക്ക് കുറ്റപ്പെടുത്താന്‍
കഴിയില്ല.ശൈശവവിവാഹം ഒരു കാലത്ത് ലോകത്തെല്ലാമുള്ള സമൂഹങ്ങളില്‍ നടന്നിട്ടുള്ള
ഒന്നു തന്നെയാണ്. എന്നാല്‍ ഇക്കാലത്ത് ആധുനിക
ജനസമൂഹം അത്തരത്തിലുള്ള വിവാഹങ്ങളെ അംഗീകരിക്കുന്നില്ല.
പറഞ്ഞു വന്നത് അന്ന് നടന്ന
സംഭവങ്ങളേയും വ്യക്തികളേയും നമുക്ക് വെറുതെ വിടാം. എന്നാല്‍ അവര്‍ ചെയ്ത
കാര്യങ്ങളെ ഇന്നും ആവര്‍ത്തിക്കണം എന്നു പറയുന്നുവെങ്കില്‍ അത് തെറ്റാണ്. മുഹമ്മദ്
ചെയ്തതുപോലെയുള്ള വിവാഹങ്ങള്‍ , അല്ലെങ്കില്‍ ഗാന്ധിയുടെ തരത്തിലുള്ള ശൈശവ
വിവാഹങ്ങള്‍ ഇന്നും നടപ്പിലാക്കണം എന്നു വാദിക്കുന്നിടത്താണ് കാര്യങ്ങള്‍
കുഴമറിയുന്നത്. ചരിത്രകാലങ്ങളുടെ നീതിബോധത്തില്‍ നിന്നുകൊണ്ടാണ് നമ്മള്‍ ഇന്നും
ചിന്തിക്കുന്നതെങ്കില്‍ നാം ജീവിക്കുന്നത് അത്രത്തോളം പഴയ നിലവാരം
വെച്ചുകൊണ്ടാണെന്ന് സാരം.
അതുകൊണ്ട് കഴിഞ്ഞ കാലത്ത് ശരിയാണെന്ന്
കരുതിപ്പോയ കാര്യങ്ങളെ അക്കാലത്തെ ശരികളായി നമുക്ക് വിടാം. എന്നാല്‍ അത്
ഇക്കാലത്തും നടപ്പിലാക്കണം എന്നു വാശിപിടിക്കരുത്. അത്രമാത്രം
|| #ദിനസരികള് – 141 - 2025 സെപ്റ്റംബര്‍ 02, മനോജ് പട്ടേട്ട് ||
Comments