------------------------------------------------

||ഏംഗല്സിന്റെ കവിതകളിലൂടെ ||

------------------------------------------------

 

ഏംഗല്‍സ് : കവിതയും പ്രത്യയശാസ്ത്രവും എന്ന പേരില്‍ പി ഗോവിന്ദപ്പിള്ള ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഏംഗല്‍സിന്റേയും കാള്‍ മാര്‍ക്സിന്റേയും കാവ്യജീവിതത്തെക്കുറിച്ചുള്ള ഒരു ക്ഷിപ്രാവലോകനമാണ് ഈ ലേഖനം. മാര്‍ക്സും ഏംഗല്‍സും ചെറുപ്പത്തില്‍ തന്നെ കവിതകള്‍ എഴുതാറുണ്ടായിരുന്നുവെങ്കിലും ഏംഗല്‍സ് തന്റെ കവിതകള്‍ വിവിധ പത്രമാസികകളില്‍ പ്രസിദ്ധീകരിക്കുവാനും താല്പര്യം കാട്ടി. മാര്‍ക്സാകട്ടെ എഴുതിയെങ്കിലും തന്റെ ജീവിത കാലത്ത് ഒരു കവിത പോലും പ്രസിദ്ധീകരിച്ചിട്ടില്ല. ഒരിക്കല്‍ കവിതകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹം സ്വന്തം പിതാവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ രസകരമായ മറുപടി പി ജി ഉദ്ധരിക്കുന്നുന്നുണ്ട് കവിതയൊക്കെ എഴുതിക്കോളൂ.എഴുതി ഇരുത്തം വരട്ടെ. എന്തെങ്കിലും എഴുതിത്തീര്‍ന്നാല്‍ അതപ്പോള്‍ തന്നെ അച്ചടിശാലയിലേക്ക് അയക്കുകയല്ല വേണ്ടത്.പക്വതയും പൂര്‍ണതയും കവിത്വത്തിന് കൈവന്നുവെന്ന് ബോധ്യമായ ശേഷം മാത്രമേ അച്ചിലാക്കാന്‍ ഓടിപ്പോകാവൂ ആ ഉപദേശം ശിരസ്സാ വഹിച്ചതുകൊണ്ടാകണം , ഒരു പുസ്തകം അച്ചടിക്കാനുള്ള പ്രാപ്തിയൊക്കെ ഉണ്ടായ കാലത്തും അദ്ദേഹം കവിത പ്രസിദ്ധീകരിക്കുവാന്‍ തുനിയാതിരുന്നത്.

 

          എന്നാല്‍ ഏംഗല്‍സിന്റെ കാര്യം നേരെ തിരിച്ചായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ  ! എഴുതുന്ന കവിതകള്‍ പ്രസിദ്ധീകരിക്കുവാനും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആ കവിതകളില്‍ രാഷ്ട്രീയമായ പ്രതീക്ഷകളെ ഇണക്കിവെയ്ക്കുവാനാണ് ഏംഗല്‍സ് ഉദ്യമിച്ചത്.

          അതെ,

          സ്വാതന്ത്ര്യത്തിന്റെ തിളക്കമാര്‍ന്ന

          അന്തരീക്ഷവായുവിന്റെ വിശാലതയിലൂടെ

          പാടിപ്പറക്കുന്ന ചുണയുള്ള

          പക്ഷിക്കൂട്ടത്തില്‍‌പ്പെട്ടവന്‍ ഞാന്‍

          ഒരു പക്ഷേ അവയുടെ വഴിയില്‍

          ഞാന്‍ കേവലമൊരു അടയ്ക്കാക്കുരുവിയാകാം

          കൂട്ടിലകപ്പെട്ട്

          ചിറകടിക്കാനാകാതെ

          രാജകര്‍ണങ്ങളില്‍ മാത്രം

പാടാന്‍ കഴിയുന്ന

രാപ്പാടിയാവതേക്കാള്‍

ഞാനിങ്ങനെയൊരു

അടയ്ക്കാക്കുരുവിയായിരിക്കും ഒരു സായാഹ്നം എന്ന് പേരിട്ടിട്ടുള്ള ഈ കവിതയില്‍ സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസ്സില്‍ ചങ്ങലകളില്ലാതെ പാറിനടക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു പോരാളിയെ നമുക്ക് കാണാം.

പടിഞ്ഞാറിന്റെ തിളക്കം

ഏതാണ്ട് അരങ്ങൊഴിഞ്ഞു

ക്ഷമിക്കുക ഒരു പുതിയ നാള്‍

നമ്മെ കാത്തിരിക്കുന്നു സ്വാതന്ത്ര്യത്തിന്റെ നാള്‍

സൂര്യന്‍ തന്റെ നിത്യശോഭയുള്ള

സിംഹാസനത്തില്‍ ആരുഢനാകും

രാത്രിയുടെ കറുത്ത ഉത്ക്കണ്ഠകളെ

അവന്‍ വിദൂരതിയിലേക്ക് വലിച്ചെറിയും

പുതിയ പൂക്കള്‍ വിടരും

പക്ഷേ

നമ്മള്‍ സ്വയം സജ്ജീകരിച്ച

തിരഞ്ഞെടുത്ത വിത്തുകള്‍ വിതച്ച

നേഴ്സറിയിലെ തടങ്ങളിലല്ല

ഈ ഭൂമിയാകെ !

ഈ ഭൂമിയാകെ  പുതിയ വിത്തുകള്‍ മുളയ്ക്കും ! പുതിയ നാമ്പുകള്‍ ! പുതിയ പൂക്കള്‍ ! പുതിയ ആകാശം ! പുതിയ ഭൂമി ! – ഹാ എന്തൊരുജ്ജ്വലമായ ഒരു സ്വപ്നമായിരുന്നു അത്. ആ സ്വപ്നത്തിനു പിന്നാലെ മനുഷ്യവംശത്തെ മുഴുവന്‍ ആനയിച്ച മഹാരഥികളെ മറപ്പതെങ്ങനെ ?

 

 

|| #ദിനസരികള് - 98 -2025 ജൂലൈ 12 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍