------------------------------------------------

|| കോണ്‍ഗ്രസ് അസ്തമിക്കുന്നതിന് മുമ്പൊരു സ്തുതിഗീതം ||

------------------------------------------------

|| #ദിനസരികള്‍ - 93 -2025 ജൂലൈ 07 , മനോജ് പട്ടേട്ട് ||

------------------------------------------------

വിശ്വാസ്യത എന്നത് സംഘടനകളായാലും വ്യക്തികളായാലും ഒരു പ്രധാന ഗുണമാണ്. നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ തിരിച്ചു പിടിക്കുക എന്നത് "ഇമ്മിണി" വിഷമം പിടിച്ച ഒന്നാണ് ആ പറയുന്ന വിശ്വാസ്യത എന്ന കാര്യത്തില്‍ തര്‍ക്കമില്ല. വ്യക്തികളെ സംബന്ധിച്ച് ഉദാഹരണം വേണമെങ്കില്‍ പി സി ജോര്‍ജ്ജും പി വി അന്‍വറുമൊക്കെ അക്കൂട്ടത്തില്‍ പെടുന്നവരാണ്. പൊതുസമൂഹത്തില്‍ ഏറെ സ്വീകാര്യതയുണ്ടായിരുന്ന ഇവരുടെ ചെയ്തികള്‍ തന്നെയാണ് അഗണ്യകോടിയിലേക്ക് തള്ളിമാറ്റിയത്. നിരന്തരം കളവുപറയുകയും നിലപാടുകള്‍ മാറ്റുകയും ചെയ്യുക എന്നതായിരുന്നു ഇക്കൂട്ടരുടെ ഏറ്റവും പ്രിയപ്പെട്ട വിനോദംഅങ്ങനെ പറഞ്ഞും ചെയ്തും ജനത്തിന്  കാല്‍ക്കാശിന് വിലയില്ലാത്തവരായി രണ്ടുപേരും നമുക്കിടയിലുണ്ട് ; രണ്ടുകോമാളികളായി.

 

            ആ ഒരു ഗതി ഉമ്മന്‍ ചാണ്ടിമന്ത്രിസഭയുടെ അവസാന കാലമായപ്പോഴേക്കും കോണ്‍ഗ്രസ് പാര്‍ട്ടിയേയും ഗ്രസിച്ചു കഴിഞ്ഞിരുന്നു. പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമായി ഒരു തരത്തിലുള്ള വിശ്വാസ്യതയുമില്ലാത്ത ഒരു കൂട്ടം നേതാക്കന്മാരുടെ സംഘമായി ആ സംഘടന മാറി. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നു പറയുന്നതുപോലെ അഴുക്കു തെറിച്ച് മലിനപ്പെടാത്ത ഒരു നേതാവും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ കൊടിക്കീഴിലില്ല എന്ന അവസ്ഥ സംജാതമായി. അതോടൊപ്പം ജനങ്ങളോട് പ്രകടനപത്രികയിലൂടെ പറഞ്ഞ കാര്യങ്ങള്‍ പരിപൂര്‍ണമായും നടപ്പിലാക്കുകയും അഴിമതിമുക്ത - വിവാദ രഹിത - വികസനോന്മുഖ കാഴ്ചപ്പാടിലൂടെ കേരളത്തെ മുന്നോട്ടു നയിക്കുകയും ചെയ്തതോടെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇടതുമുന്നണി തുടര്‍ച്ചയായി രണ്ടാംതവണയും  അധികാരത്തിലെത്തി.

 

            ഇപ്പോഴിതാ കേരളം  മറ്റൊരു നിയമസഭാ  തിരഞ്ഞെടുപ്പിന്റെ പടിവാതിലിലെത്തി നില്ക്കുന്നു. മറ്റൊരു പ്രധാനകാര്യമുള്ളത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേക്ക് ഇനി ഏതാനും ആഴ്ചകളുടെ ദൂരമേയുള്ളു എന്നതാണ്.  ഈ സമയം മുതലാണ് പൊതുബോധം സൃഷ്ടിക്കപ്പെടാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ നടത്തുക. ഇവിടെ നിന്നങ്ങോട്ടുള്ള ഒരു വര്‍ഷക്കാലം അതുകൊണ്ടുതന്നെ രാഷ്ട്രീയ കക്ഷികള്‍ക്ക് അതീവപ്രാധാന്യമുള്ളതാണ്. എന്നാല്‍ രണ്ടു തിരഞ്ഞെടുപ്പുകളിലേക്കും മത്സരിക്കുവാനുള്ള കോണ്‍ഗ്രസിന്റെ നീക്കിയിരിപ്പ് എന്താണ്  നിലമ്പൂരും പാലക്കാടും കണ്ട്  കേരളം എളുപ്പം ചാടിക്കടക്കാവുന്ന ഒന്നാണ് എന്ന ചിന്തയിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വം എന്ന കാര്യം ഉറപ്പ്. രണ്ടുവിജയങ്ങള്‍ സമ്മാനിച്ച ഒരു തരം ഉന്മാദം ഇന്നലത്തെ മഴക്കു മുളച്ച രാഹുല്‍ മുതല്‍ തമ്പുരാനായി അരങ്ങുവാഴാന്‍ കച്ചകെട്ടിയ സതീശന്‍ വരെയുള്ളവരില്‍ കാണാം.

 

            എന്നാല്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ല എന്നാണ് നിഷ്പക്ഷമായി രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് മനസ്സിക്കുവാന്‍ സാധിക്കുന്നത്. ഘനമുള്ള ഒരു വിഷയംപോലും ജനങ്ങളുടെ മധ്യത്തില്‍ ഉന്നയിച്ച് വിശ്വാസ്യത നേടിയെടുക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ഒമ്പതുകൊല്ലമായിട്ടും കേരളം ഭരിക്കുന്ന ഇടതുപക്ഷമുന്നണിക്കെതിരേയും മുഖ്യമന്ത്രിക്കെതിരേയും ഫലപ്രദമായി ഒരാരോപണം പോവും ഉന്നയിക്കുവാനും തെളിയിക്കുവാനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞിട്ടില്ല. അതൊടൊപ്പം ഏറ്റെടുക്കുന്ന സമരങ്ങളെല്ലാം തന്നെ വെറും കാട്ടിക്കൂട്ടലുകളും ജനങ്ങളില്‍ ചലനങ്ങളുണ്ടാക്കുവാന്‍ സാധിക്കാത്തതുമാകുന്നു. നിലമ്പൂര്‍ ഇലക്ഷന്‍ സമയത്ത് ഷോക്കടിച്ചു മരിച്ച അനന്ദുവിനെ മുന്‍നിറുത്തി യു ഡി എഫ് ആടിയ കപട നാടകം നാം കണ്ടതാണ്. സാമൂഹ്യവിരുദ്ധര്‍ ഉണ്ടാക്കിയ ഒരു അപകടത്തെ സര്‍ക്കാറിന്റെ വീഴ്ചയായി വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു നിലമ്പൂരില്‍ യു ഡി എഫ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ആ നിലപാട് അവരെത്തന്നെ വെട്ടിലാക്കിയെന്ന് ഏറെ കഴിയുന്നതിനു മുമ്പേ തന്നെ നേതൃത്വത്തിന് മനസ്സിലാകുകയും പതിയെ പിന്‍വലിയുകയും ചെയ്തു.

         

          ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പൊളിക്കാന്‍ തീരുമാനിച്ച ഒരു കെട്ടിടം ഇടിഞ്ഞുവീണ്ട് ഒരമ്മ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി.ദൌര്‍ഭാഗ്യകരമായ ആ സംഭവത്തെക്കുറിച്ച് ജനങ്ങള്‍ക്ക് നല്ല ധാരണയുണ്ടെങ്കിലും യു ഡി എഫ് നേതൃത്വം അത് ഭരണപക്ഷത്തിന്റെ വീഴ്ചയായി വ്യാഖ്യാനിച്ചും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. യു ഡി എഫ് നേതൃത്വം ഈ സംഭവത്തില്‍ വലിയ സമരസാധ്യത കാണുകയാണ്. കെട്ടിടത്തില്‍ അമ്മ കുടുങ്ങിയിട്ടുണ്ട് എന്ന കാര്യം അറിയിച്ചിട്ടും ആരോടും വിവരം കൈമാറാതെ ആ അമ്മയുടെ മരണം ഉറപ്പാക്കിയ ചാണ്ടിഉമ്മനെപ്പോലെയുള്ളവരാണ് ഈ സമരവുമായി രംഗത്തിറങ്ങിയിട്ടുള്ളത്. അപകടം കാത്തിരിക്കുന്ന ഒരു കുഞ്ഞു തിരുവഞ്ചൂരാണ് കുഞ്ഞൂഞ്ഞിന്റെ ഈ സത്പുത്രന്‍ എന്ന കാര്യം ഈ സംഭവത്തോടെ കേരളം മനസ്സിലാക്കിക്കഴിഞ്ഞു. ബി ജെ പിയോടും മുസ്ലും തീവ്രവാദ കക്ഷികളോടും ഒരേപോലെ ബന്ധം പുലര്‍ത്തിക്കൊണ്ടാണ് യു ഡി എഫ് മുന്നോട്ടു പോകുന്നത്. അതെത്രമാത്രം ആത്മഹത്യപരമായിരിക്കും എന്ന് ചിന്തിക്കുവാന്‍ കോണ്‍ഗ്രസ്സില്‍ ആരും തന്നെ അവശേഷിക്കുന്നില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രധാനപ്പെട്ട ഗതികേട് !

 

          എന്തായാലും കോണ്‍ഗ്രസ് ഈ കാണുന്നതൊക്കെ വെച്ചാണ് ഇനിയും തിരഞ്ഞെടുപ്പുകളെ നേരിടാന്‍ പോകുന്നതെങ്കില്‍ ഇതോടുകൂടി കേരളത്തില്‍ കോണ്‍ഗ്രസ്സ് അവസാനിക്കുകയാണ് എന്നതുമാത്രമാണ് ഭരതവാക്യം !

 

         

 

------------------------------------------------

|| #ദിനസരികള്‍ - 93 -2025 ജൂലൈ 07 , മനോജ് പട്ടേട്ട് ||

------------------------------------------------

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍