പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ !
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാഥന്‍ -
തൊണ്ണൂറുകളുടെ തുടക്കത്തില്‍ കേരളമാകെ പടര്‍ന്നുപിടിച്ച ഒരു കവിതയായിരുന്നു വി മധുസുദനന്‍ നായരുടെ നാറാണത്തുഭ്രാന്തന് ! മനോഹരമായ ശബ്ദത്തില്‍ കവി തന്നെ ആലപിക്കുന്ന കസെറ്റുകള്‍ കൂടി പുറത്തു വന്നതോടെ 1986 ല്‍ എഴുതപ്പെട്ട കവിത പ്രശസ്തിയുടെ പരമാവധിയിലേക്ക് എത്തി.
മനോഹരമായി നിബന്ധിക്കപ്പെട്ട പദസംഘാതങ്ങള്‍ ! ആരേയും ആകര്‍ഷിക്കുകയും ഏറ്റുപാടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന താളാത്മകത !
ഓരോ ശിശു രോദനത്തിലും കേള്‍പ്പു ഞാ - നൊരു കോടിയീശ്വര വിലാപം , ഓരോ കരിന്തിരിക്കണ്ണിലും കാണ്മൂ ഞാന്‍ ഒരു കോടി ദേവനൈരാശ്യം എന്നെല്ലാം കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്ന പ്രതിഷേധാത്മകത - അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഈ കവിത ഏറെക്കാലം മനസ്സില്‍ ഹരിതാഭ പടര്‍ത്തി പരിലസിച്ചു നിന്നു. ഇപ്പോള്‍ ഏറെക്കാലത്തിനുശേഷം അവിചാരിതമായി ഈ കവിത കേള്‍ക്കാനിടയായി. ഞാന്‍ മുകളില്‍ പറഞ്ഞ വശങ്ങളെല്ലാംതന്നെ അനുഭവിപ്പിക്കുവാന്‍ ഈ കവിതയ്ക്ക ഇപ്പോഴും കഴിയുന്നുണ്ടെങ്കിലും കവിത ഉയര്‍ത്തിപ്പിടിക്കുന്ന ആശയലോകം തനി പിന്തിരിപ്പനാണ് എന്ന് പറയാതെ വയ്യ !
ഒരൊറ്റ അച്ഛനും അമ്മയ്ക്കും പിറന്നവരെങ്കിലും തങ്ങളില്‍ തങ്ങളില്‍ തല്ലിയും തലകീറിയും പുലരുന്ന മക്കളെക്കുറിച്ചുള്ള വേവലാതി ആകെയുള്ള മനുഷ്യരുടെ മുഴുവന്‍ കഥയായി വിപുലപ്പെടുത്തുവാനും മറുമരുന്ന് തേടുവാനും കവി ഉദ്യമിക്കുന്നത് കാണാതിരുന്നു കൂട. തമ്മില്‍ കണ്ടാലറിഞ്ഞേക്കുമെങ്കിലും വളര്‍ന്നു വന്നത് രണ്ടെന്ന ഭാവം തന്നെയാണ്. കവി വിശദമാക്കുന്നു :-
ആദി ബാല്യം തൊട്ടു പാലായി നല്‍കിയോ
രാന്ദ്യം കുടിച്ചും തെഴുത്തും മുതിർന്നവർ
പത്തു കൂറായ് കൂറ്റുറപ്പിച്ചവർ
'എന്റെ യെന്റെ' യെന്നാർത്തും കയർത്തും
ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നതും ഗൃഹ
ഛിദ്ര ഹോമങ്ങള്‍ തിമര്‍ക്കുന്നതും കണ്ട്
പൊരുളിന്റെ ശ്രീ മുഖം പൊലിയുന്നതും കണ്ട്
കരളിൻ കയത്തിൽ ചുഴികുത്തു വീഴവേ - വേദനിക്കുകയും പരിഹാരം ആലോചിക്കുകയും ചെയ്തത് താന്‍ മാത്രമാണ് എന്ന് നാറാണത്ത് ഭ്രാന്തന് ഏറ്റു പറയുന്നുണ്ട്. എന്നാല്‍ അങ്ങനെ പരിഹാരം അന്വേഷിച്ച് അലഞ്ഞതിന്റെ ഫലം ഭ്രാന്തന് എന്ന പേരു വീണു എന്നതാണെന്നും പറയുന്നു :-
പൊട്ടിച്ചിരിച്ചും പുലമ്പിക്കരഞ്ഞും
പുലഭ്യം പറഞ്ഞും പെരും കാലനത്തിയും
ഇരുളും വെളിച്ചവും തിരമേയ്ച്ചു തുള്ളാത്ത
പെരിയ സത്യത്തിന്റെ നിർവ്വികാരത്ത്വമായ്
ആകാശഗർഭത്തിലാത്മതേജസ്സിന്റെ
ഓം കാര ബീജം തിരഞ്ഞും
എല്ലാരുമൊന്നെന്ന ശാന്തി പാഠംതനി
ച്ചെങ്ങുമേ ചൊല്ല ത്തളർന്നും
ഉടൽതേടി അലയുമാത്മാക്കളോട്
അദ്വൈതമുരിയാടി ഞാനിരിക്കുമ്പോൾ
ഉറവിന്റെ കല്ലെറിഞ്ഞൂടെ പിറന്നവർ കൂകി
നാറാണത്തു ഭ്രാന്തൻ .
കവി അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്ന പ്രശ്നങ്ങള്‍, ഏതൊരു മനുഷ്യ കുലത്തിന്റെയും അടിസ്ഥാന പ്രശ്നങ്ങള്‍ തന്നെയാണ്. ഓരോ ശിശുരോദനത്തിലെ ഈശ്വരവിലാപവും , കരിന്തിരിക്കണ്ണുകളിലെ ദേവനൈരാശ്യവും ജ്ഞാനഭിക്ഷുവിന്റെ ജാതി ചോദിക്കുന്ന അര്‍ത്ഥശൂന്യതയും ജീവനു വേണ്ടി കൈനീട്ടുന്ന പ്രാവിന്റെ ജാതകം നോക്കുന്ന നീതിബോധവും അര്‍ഥിയുടെ വര്‍ണം പരതുന്ന രക്ഷകരുമൊക്കെ ഇവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവയൊന്നും തന്നെ ഒറ്റപ്പെട്ട സംഭവങ്ങളെല്ലെന്നും മനുഷ്യ മനസാക്ഷി ഒറ്റക്കെട്ടായി നിന്നുകൊണ്ട് ഉത്തരം തേടേണ്ടതാണ് എന്നുമുള്ള സാമൂഹ്യ ബോധമാണ് നമ്മെ നയിക്കേണ്ടത്. എന്നാല്‍ കവി പോകുന്നത് ആശയപരമായ മറ്റൊരു ലോകത്തിലേക്കാണ്. വൈദികവും സവര്‍ണവുമായ ഒരന്തരീക്ഷത്തിനു കീഴെയാണ് ഈ പ്രശ്നങ്ങളുടെയെല്ലാം ഉത്തരമിരിക്കുന്നത് എന്ന നിഗമനത്തിലേക്ക് കവി നമ്മെയും വലിച്ചു കൊണ്ടു പോകുന്നു. ഈ കവലയില്‍ വെച്ച് നാം കവിയുമായി വേര്‍പിരിയുക തന്നെ വേണം .
നോക്കൂക :-
ചാരങ്ങൾപോലും
പകുത്തു തിന്നുന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടി പേറിയടരാടുന്ന നേരം
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോൾ
ആഴങ്ങളിൽ
ശ്വാസതന്മാത്ര പൊട്ടുംബോൾ
അറിയാതെ ആശിച്ചുപോകുന്നു ഞാനും
വീണ്ടുമൊരുനാൾ വരും എന്റെ ചുടലപറമ്പിനെ
തുടതുള്ളുമീ സ്വാർത്ഥ
സിംഹാസനങ്ങളെ
കടലെടുക്കും പിന്നെ
യിഴയുന്ന ജീവന്റെ
യഴലിൽ നിന്നമരഗീതം
പോലെ
യത്മാക്കളിഴചേർന്നൊരദ്വൈത പദ്മമുണ്ടായി വരും - അങ്ങനെ ഉണ്ടായി വരുന്ന അദ്വൈതപദ്മം എല്ലാത്തരം പ്രശ്നങ്ങള്‍ക്കും
പരിഹാരമായിരിക്കും എന്നാണ് കവിയുടെ പ്രത്യാശ.
ഇത് യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. മനുഷ്യര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അമാനുഷികമായ പ്രതിവിധി മാത്രമേ സാധ്യമാകൂ എന്ന ആശയലോകത്തിന്റെ പഴകിപ്പതറിപ്പോയ സങ്കല്പങ്ങളെയാണ് കവി ഇവിടെ പങ്കുവെയ്ക്കുന്നത്. അതുമാത്രവുമല്ല , ഈ കവി ഹിന്ദുത്വയുടെ ആദ്യകാല പതാകാവാഹകന്മാരില് ഒരാളായി സ്വയം മാറുകകൂടി ചെയ്യുന്നതോടെ , മതാത്മകമായ ഒരു പടുകഴി സ്വയം തന്നെ ആരചിക്കുക കൂടി ചെയ്തിരിക്കുന്നു.
ഒരു കൽപ്പ തപമാർന്ന
ചൂടിൽനിന്നു
ഒരു പുതിയ മാനവനുയിർക്കും
അവനിൽനിന്നാദ്യമായ് വിശ്വസ്വയം പ്രഭാ പടലം
ഈ മണ്ണിൽ പരക്കും -
എന്ന പ്രത്യാശയുടെ ഉദ്ദേശം
എന്താണെന്ന് ഭാരതത്തിലെ , വിശിഷ്യാ കേരളത്തിലെ ജനതയ്ക്ക് ഇക്കാലങ്ങളില്‍ വളരെ
നന്നായി മനസ്സിലാകുമല്ലോ ? മതത്തിന്റെ വക്താക്കളായി കടന്നുവന്ന്
ആശയപ്രചാരണം നടത്തുവന്നവരെക്കാള് ഏറെ അപകടകാരികളാണ് ഇത്തരത്തില്‍
ഒളിച്ചകടത്തുന്നവര് എന്ന കാര്യം നാം മറക്കാതിരിക്കുക. കേരളത്തിലെ എല്ലാ മതേതര
മനസ്സുകളെക്കൊണ്ടും ഏറ്റുപാടിപ്പിച്ച ഒരു കവിതയുടെ ഉദ്ദേശശുദ്ധി എത്രമാത്രം
കല്മഷപൂരിതമായിരുന്നു എന്നാലോചിക്കുമ്പോള്‍ ഇപ്പോഴെങ്കിലും സ്വയം നാണക്കേടു തോന്നാതെയും നടുങ്ങാതെയുമിരിക്കുന്നതെങ്ങനെ ?
||ദിനസരികള് - 86
-2025 ജൂണ്‍ 30 , മനോജ് പട്ടേട്ട് ||
Comments