വീണ
വിജയനെതിരെ എസ് എഫ് ഐ ഒ കുറ്റപത്രം സമര്‍പ്പിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍
ഒന്നോടിച്ചു നോക്കിയാല്‍ മനസ്സിലാകുന്ന ഒരു കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ
തേജോവധം ചെയ്യാനുള്ള അവസരം ഉണ്ടാക്കുക എന്നതുമാത്രമാണെന്ന് മനസ്സിലാകും. "വീണ വിജയനെതിരെ കുറ്റപത്രം , മുഖ്യമന്ത്രി
പ്രതിക്കൂട്ടില്‍" എന്നാണ്
ഒരു പത്രം വെണ്ടയ്ക്ക നിരത്തിയത്. പിന്നാലെ ബി ജെ പിയുടെ പുതിയ പ്രസിഡന്റ് രാജീവ്
ചന്ദ്രശേഖര്‍, പിണറായി രാജി വെയ്ക്കണം
എന്നാവശ്യപ്പെടുകയും പ്രതിപക്ഷ നേതാവ് വി ഡി
സതീശന്‍ അതേറ്റുപാടുകയും ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. എസ് എഫ് ഐ ഒ
യെ , ഇ ഡി പോലെയുള്ള മറ്റു കേന്ദ്ര ഏജന്‍സികളെപ്പോലെ
തന്നെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് കെട്ടിച്ചമച്ച ഈ കേസ് ഉന്നംവെയ്ക്കുന്നത് വീണയെയല്ല , മുഖ്യമന്ത്രി പിണറായി
വിജയനേയും അതുവഴി സി പി എമ്മിനേയുമാണ്.
സംസ്ഥാന സര്‍ക്കാറിനോ മുഖ്യമന്ത്രിക്കോ സിഎംആര്‍എല്‍ ഉം എക്‌സാലോജിക്സും ആയി നടത്തിയ ഇടപാടുകളില്‍ - അത്
നിയമപരമായാലും അല്ലെങ്കിലും - ഒരു ബന്ധവുമില്ല എന്ന കാര്യം എല്ലാവര്‍ക്കും
അറിയാവുന്നതാണ്. ഈ കേസിന് ഏതെങ്കിലും
വിധത്തില്‍ മുഖ്യമന്ത്രിയുമായി ഒരു ബന്ധമുണ്ടാക്കാനുള്ള തീവ്രശ്രമം പലതലത്തിലും
നടന്നു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ നമ്മുടെ നീതിന്യായ കോടതികള്‍ക്ക്
അത്തരത്തിലുള്ള ഒരു ബന്ധവും കണ്ടെത്തായിട്ടില്ല. ഒന്നും കിട്ടാതെ വന്നപ്പോഴാണ്
എപ്പോഴത്തേയും പോലെ ഒരു പുകമറ സൃഷ്ടിച്ച് കരിവാരിത്തേയ്ക്കുവാന്‍ കഴിയുമോ എന്ന
ആലോചനയിലേക്ക് ചില കുരുട്ടുബുദ്ധികള്‍ എത്തിച്ചേരുന്നത്. അതിന്റെ ഫലമായിട്ടാണ്
കേസിന്റെ നിലനില്പുതന്നെ ചോദ്യം ചെയ്യുന്ന ഒരു ഹരജി ഡല്‍ഹി ഹൈക്കോടതിയില്‍ നിലവിലിരിക്കേതന്നെ തിരക്കിട്ട് കുറ്റപത്രം
സമര്‍പ്പിച്ചതിന്റെ പിന്നിലെ രഹസ്യം.
സി
പി ഐ എമ്മിനെ സംബന്ധിച്ചും അതിന്റെ നേതാക്കളെ സംബന്ധിച്ചും ഇത്തരത്തിലുള്ള കേസുകള്‍ക്ക്
ഒരു പുതുമയുമില്ല. നേതാക്കന്മാരെ കുടുക്കാന്‍ ഒന്നും തന്നെ കിട്ടാതിരിക്കുമ്പോള്‍
അവരുടെ മക്കളേയും മരുമക്കളേയുമൊക്കെ ഓരോരോ കേസുകളില്‍ കുടുക്കി പാര്‍ട്ടിയേയും
നേതാക്കന്മാരേയും സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമോ എന്ന ശ്രമം കേരളത്തില്‍
ഏറെക്കാലമായി നടക്കുന്നതാണ്. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ പേരിലുള്ള കേസുകള്‍
ഒരുദാഹരണമാണ്.അവരെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്നായിരുന്നു മാധ്യമങ്ങള്‍
പ്രചരിപ്പിച്ചത്. എത്രയൊക്കെ തരം താണ ദുഷ്പ്രചാരണങ്ങളാണ് പത്രമാധ്യമങ്ങളും എതിര്‍
രാഷ്ട്രീക്കാരും കൂടി കോടിയേരിക്കെതിരെ നടത്തിയത് എന്ന് നമുക്കറിയാം. ബഹുമാന്യനായ
വി.എസ് അച്ചുതാനന്ദനേയും അദ്ദേഹത്തിൻ്റെ മകൻ അരുൺ കുമാറിനേയും കുറിച്ചും നാം കഥകൾ
കേട്ടു. ഇ പി ജയരാജൻ , പി കെ ശ്രീമതി തുടങ്ങി ഒട്ടേറെ
നേതാക്കൻമാരെ ലക്ഷ്യം വെ ച്ചു കൊണ്ട് ഇത്തരുണത്തിലുള്ള നുണ പ്രചാരണങ്ങൾ
നടത്തപ്പെട്ടിട്ടുണ്ട്. അതിൻ്റയൊക്കെ ഉദ്ദേശം കേവലം ആ വ്യക്തിയെ ഇല്ലാതാക്കുക
എന്നതായിരുന്നില്ല , മറിച്ച് വ്യക്തിയിലൂടെ
പാർട്ടിയെ ലക്ഷ്യം വെയ്ക്കുക എന്നതായിരുന്നു.
നേതാക്കൻമാർ
ദുഷിച്ചവരാണെന്ന് വരുത്തിത്തീർത്താൽ ഒരു പ്രസ്ഥാനത്തെ നിലം പരിശക്കാൻ എളുപ്പമാണ്. സി പി ഐ എമ്മിനെപ്പോലെ കേഡര്‍ സ്വഭാവമുള്ള ഒരു സംഘടനയാകുമ്പോള്‍ വീഴ്ചയുടെ
ആക്കം കൂടും. ഇതറിയാവുന്ന കുബുദ്ധികളുടെ പരിശ്രമങ്ങള്‍ എന്നാല്‍ നാളിതുവരെ വിജയിക്കാതെ
പോയത് അണികള്‍ക്ക് നേതാക്കളിലുള്ള വിശ്വാസം കൊണ്ടു മാത്രമാണ്. അതേ വിശ്വാസംതന്നെ പിണറായി
വിജയനെതിരേയുള്ള ഗൂഢാലോചനകളേയും നിഷ്പ്രഭമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
||ദിനസരികള് - 5 -2025 ഏപ്രില് 5, മനോജ്
പട്ടേട്ട്||
Comments