പണ്ട്
പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ് ഒരു പ്രിഡിഗ്രിക്കാരന്‍ ഉച്ചഭക്ഷണം
കഴിക്കാനിറങ്ങി. തൊട്ടടുത്ത് ആലഭാരങ്ങളുള്ള വലിയ ഒരു ഹോട്ടലിന്റെ
സമീപത്തെത്തിയപ്പോള്‍ അവന്‍ കൂട്ടുകാരോട് പറഞ്ഞു -" നിങ്ങള്‍ കഴിച്ചോളൂ, എനിക്ക് അത്യാവശ്യമായി മറ്റൊരാളെ കാണേണ്ടതുണ്ട്" കഴിച്ചിട്ടുപോയാല്‍ പോരേ എന്ന അവരുടെ
ചോദ്യത്തെ അവഗണിച്ചു കൊണ്ട് കേള്‍ക്കാത്തപോലെ അവന്‍ തെരുവിലേക്ക് നടന്നു.
ഇത് എല്ലാ ദിവസവും ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു
തുടര്‍ക്കഥയായിരുന്നു. കൈയ്യിലുള്ള തുക എത്രയാണെന്ന് കൃത്യമായും
അറിയാമായിരുന്ന അവന്‍ ബോധപൂര്‍വ്വം തന്നെയാണ് ആ കൂട്ടുകൂടലില്‍ നിന്നും മാറി
നിന്നത്. പല ദിവസങ്ങളിലും അവന് ഉച്ചഭക്ഷണം ഇല്ലായിരുന്നു. ഉള്ള ദിവസങ്ങളിലാകട്ടെ
വളരെ കുറഞ്ഞൊരു തുക കൊണ്ട് കുറഞ്ഞ രീതിയില്‍ എന്തെങ്കിലുമൊക്കെ കഴിച്ച് അവന്‍ ഉച്ച
കടത്തിവിട്ടു. വിശപ്പ് അവനൊരു ശീലമായിരുന്നതുകൊണ്ട് അതൊന്നും തെല്ലും
വിഷമിപ്പിച്ചിരുന്നില്ല. കവിത ഒരു ശമനതാളമായി അന്നും അവന്റെയൊപ്പമുണ്ടായിരുന്നു.
ഉച്ചയുടെ ഇടവേളകളില്‍ മനസ്സില്‍ കവിതയുമുരുവിട്ടു കൊണ്ട് പട്ടണത്തിലെ
ഊടുവഴികളിലൂടെ വെറുതെ അലഞ്ഞു നടന്നു. ഇടവേള അവസാനിക്കാറാകുമ്പോഴേക്കും കൃത്യമായി
തിരിച്ചെത്തുകയും ചെയ്തു.
ആ അലച്ചിലിനൊടുവിലാണ് ഒരു ഹോട്ടല്‍ അവന്റെ കണ്ണില്‍
പെടുന്നത്. ഈ ഹോട്ടലിനെക്കുറിച്ച് അവന്‍ കേട്ടിട്ടുണ്ടായിരുന്നു. അവിടെ
ഭക്ഷണത്തിന് താരത്യമേന ചെറിയ വിലയേ ഈടാക്കാറുള്ളവത്രേ ! ചെറിയൊരു ഹോട്ടല്‍. ഒരു ചേട്ടനും
ചേച്ചിയുമാണ് നടത്തിപ്പുകാര്‍. സാമാന്യം തിരക്കുണ്ടെങ്കിലും അതിന്റെ
പരവേശങ്ങളൊന്നും അവിടെ പ്രത്യക്ഷമായിരുന്നില്ല. കൈയ്യില്‍ കാശുള്ള ഒരു ദിവസം അവിടെ
കയറണമെന്ന് അവന്‍ മനസ്സിലുറപ്പിച്ചു. മൂന്നാലു ദിവസത്തെ നീക്കിയിരിപ്പുകള്‍
ഒന്നിച്ചെണ്ണി നോക്കിയപ്പോള്‍ അന്ന് ഉച്ചയ്ക്ക് ഊണു കഴിക്കാനുള്ള ദമ്പടി
കൈവശമുണ്ടെന്ന് അവന്‍ തിരിച്ചറിഞ്ഞു. ഉച്ചയായപ്പോള്‍ നേരത്തെ കണ്ടുവെച്ചിരുന്ന
ചെറിയ ഹോട്ടലിലേക്ക് അവന്‍ കുതിച്ചെത്തി. ഒരു കസേരയില്‍ കയറിയിരുന്ന് ഇടം
പിടിച്ചു. ഒരു ചേച്ചി നല്ല പച്ച വാഴയില കൊണ്ടു വന്നു വെച്ചു. പിന്നെ ഒരു ഗ്ലാസ്
വെള്ളം. പിന്നാലെ ഒരു തൂക്കുപ്പാത്രത്തില്‍ ഉപ്പേരികള്‍ , ചെറിയ കറികള്‍. കുത്തരിയുടെ ചോറ്. സാമ്പാറ് ഒഴിക്കട്ടെ
എന്ന് ചോദിച്ചു. അവന്‍ തല കുലുക്കി. മീന്‍ കറിപ്പാത്രമെടുത്ത് ഒഴിക്കട്ടെ എന്ന്
ചോദിച്ചപ്പോള്‍ മാത്രം വേണ്ട എന്നു പറഞ്ഞു. അത് മീന്‍ കറി ഇഷ്ടമല്ലാത്തതുകൊണ്ടല്ല.
മറിച്ച് മീന്‍ കറി വാങ്ങിയാല്‍ മീന്‍ പൊരിച്ചതും വാങ്ങേണ്ടി വരും. അതിനുള്ള തുക
കൈവശമില്ലെന്ന് അവന് നന്നായിട്ടറിയാം. അതുകൊണ്ട് തല്ക്കാലം ഒരു ശുദ്ധ
വെജിറ്റേറിയനായി അഭിനയിച്ചു കളയാം എന്ന് അവന്‍ ആ നിമിഷം തീരുമാനിച്ചു. ചോറിന് വലിയ
വിലയൊന്നുമുണ്ടായിരുന്നില്ല എന്നത് ആശ്വസമായി. പറ്റിയ ഒരിടം എന്ന് മനസ്സില്‍
ഉറപ്പിക്കുകയും ചെയ്തു.
അങ്ങനെ കഴിയുന്ന ദിവസങ്ങളൊക്കെ അവിടത്തെ സ്ഥിരം സന്ദര്‍ശകനായി.
ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് നല്ല പരിചയമായി. പച്ചക്കറി മാത്രം കഴിക്കുന്ന
കൊച്ചന്‍ എന്ന പരിഗണനയില്‍ ഇത്തിരി തൈരോ ചമ്മന്തിയോ അങ്ങനെ എന്തെങ്കിലുമൊക്കെ
സ്പെഷ്യലായി അവന്റെ ഇലയിലെത്തും. അങ്ങനെ കുറച്ചു കാലം കടന്നുപോയി. ആ ഹോട്ടല്‍
കാരണം അവന്റെ ഉച്ചകള്‍ വിശപ്പും തളര്‍ച്ചയുമില്ലാത്തതായി.
പിന്നീട് അവന് ആ പട്ടണം വിടേണ്ടിവന്നു. ജിവിതത്തിന്റെ
തിക്കിലും തിരക്കിലും പെട്ട് ഏതേതൊക്കെയോ നാടുകളിലൂടെ ഒട്ടധികം സംഭവ വികാസങ്ങളിലെ
നായകനായി അവന്‍ ജീവിതം കരുപ്പിടിപ്പിച്ചെടുത്തു. ഏറക്കൊലത്തിന് ശേഷം തന്റെ പ്രിയപ്പെട്ട
ബാല്യകാല നഗരത്തിലേക്ക് അവന്‍ തിരിച്ചെത്തി. മുഖച്ഛായ മാറിയെങ്കിലും അന്ന് തനിക്ക്
കയറാന്‍ കഴിയാതിരുന്ന കണ്ണാടിച്ചില്ലിട്ട ഹോട്ടല്‍ അപ്പോഴും അവിടെയുണ്ടായിരുന്നു.
ഒരു തരം പ്രതികാര മനോഭാവത്തോടെ അവന്‍ രാവിലേയും ഉച്ചയ്ക്കും വൈകുന്നേരവും അവിടെ
കയറിയിറങ്ങി. ഒരു തരം പുത്തന്‍ കൂറ്റുകാരന്റെ നെഗളിപ്പ് ആ പെരുമാറ്റത്തില്‍
വായിച്ചെടുക്കുവാന്‍ കഴിയുമായിരുന്നു.
ഒരു ദിവസം ആ പഴയ ഹോട്ടലില്‍ അവിചാരിതമായി വീണ്ടും
ചെന്നു കയറി. ചേട്ടന്റെ ചിത്രം ഭിത്തിയില്‍ തൂങ്ങുന്നുണ്ടായിരുന്നു. അതില്‍
പുക കൊണ്ട് കറുത്ത ഒരു പ്ലാസ്റ്റിക്ക് മാല തുങ്ങിക്കിടന്നു. മുന്നില്‍ ഒരു ചെറിയ
നില വിളക്ക് കത്തുന്നുണ്ടായിരുന്നു.
കടയില്‍ അന്നത്തെപ്പോലെതന്നെ സാമാന്യം തിരക്കുണ്ടായിരുന്നു. അവന്‍ ഒരു കസേരയിലിരുന്നു.
ജീവനക്കാരായി രണ്ടു മൂന്നു പുതിയ ആളുകളുണ്ട്. പരിചയമില്ല. അവരില്‍ ഒരാള്‍ ഇല
വെച്ചു. ഒരാള്‍ ചോറു വിളമ്പി. കറിപ്പാത്രവുമായി വന്നത് പഴയ ചേച്ചി തന്നെയാണ്. അവര്‍
അവനെ ശ്രദ്ധിച്ചുവോ എന്നറിയില്ല. എന്നാല്‍ അവരെ അവന്‍ സൂക്ഷിച്ചു
നോക്കുന്നുണ്ടായിരുന്നു. വലിയ പരിചയമൊന്നും അവരുടെ മുഖത്തു കണ്ടില്ല. തിരിച്ചറിഞ്ഞില്ല
എന്നത് അപ്പോള്‍ അവനൊരു ആശ്വാസമായിട്ടാണ് തോന്നിയത്. അവര്‍ സാമ്പാര്‍ ഒഴിക്കട്ടെ എന്ന് ചോദിച്ചു. അവന്‍
തലകുലുക്കി. അവര്‍ ചൂടുചോറിന് മുകളിലൂടെ സാമ്പാര്‍ ഒഴിച്ചു. "മീന്‍കറി?" എന്ന
ചോദ്യത്തിന് ഒഴിച്ചോളൂ എന്ന് അവന്‍ പറഞ്ഞപ്പോള്‍ ചേച്ചിയുടെ മുഖമൊന്ന് മാറുന്നത്
അവന്‍ കണ്ടു.
" നീ എന്നാണ് മീനൊക്കെ കഴിക്കാന്‍ തുടങ്ങിയത് ?" എന്ന് ചോദിച്ചുകൊണ്ട് അവര്‍ ചോറില്‍ മീന്‍
കറി ഒഴിച്ചു.
ഒരൊറ്റ നിമിഷം കൊണ്ട് അവനെ തച്ചുടച്ചു കളയാന്‍ പോന്ന ശേഷി ആ
ചോദ്യത്തിനുണ്ടായിരുന്നു. ആ സ്നേഹത്തിന്റെ അസാമാന്യമായ മൂര്‍ച്ചയില്‍ അവന് ദേഹമാസകലം
മുറിവേറ്റു. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ
അവന്റെ തൊണ്ട വരണ്ടു. ഒരുരുള പോലും കഴിക്കാനാകാതെ ചോറില്‍ കൈകള്‍ പൂഴ്ത്തി അവന്‍
തരിച്ചിരുന്നു. വിശപ്പിന് തണലായി നിന്ന ഒരു മഹാശാഖി ചുവടറ്റ് നിലം പതിച്ചു
കിടക്കുന്നത് അവന്‍ അനുഭവിച്ചറിഞ്ഞു.
ചോറിന്റെ പണം കൊടുത്ത് അവര്‍ ചോദിച്ച വിശേഷങ്ങള്‍ക്കെല്ലാം
യാന്ത്രികമായി മറുപടി പറഞ്ഞ് റോഡിലേക്ക് ഇറങ്ങുമ്പോള്‍ അവന്റെ കണ്ണുകള്‍
എന്തിനെന്നില്ലാതെ നിറഞ്ഞിട്ടുണ്ടായിരുന്നു.
ഇതെഴുതുമ്പോഴും അവന്റെ കണ്ണുകള്‍ നിറഞ്ഞു നില്ക്കുക
തന്നെയായിരുന്നു.
||ദിനസരികള്‍ - 1 -2025 ഏപ്രില്‍ 1, മനോജ് പട്ടേട്ട്||
Comments