#ദിനസരികള്‍ 1295 - വീണ്ടും ശബരിമന്ത്രത്തില്‍ യു ഡി എഫ്

 

ശബരിമലയില്‍ പ്രവേശിച്ച് ആചാരലംഘനം നടത്തിയാല്‍ രണ്ടുകൊല്ലം തടവുശിക്ഷ ഉറപ്പാക്കുന്ന ബില്ലുമായി യു ഡി എഫ്. അതോടൊപ്പം ക്ഷേത്രം തന്ത്രിയെ പരമാധികാരിയായി നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ശബരിമല വിഷയത്തിലെ അവസാന വാക്ക് തന്ത്രിയുടേതാകും. എന്നു മാത്രവുമല്ല അയ്യപ്പധര്‍മ്മം സ്വീകരിക്കുന്ന എല്ലാ പുരുഷന്മാരേയും ഭക്തരായി പരിഗണിക്കുന്നുണ്ടെങ്കിലും പത്തു വയസ്സിനു താഴെയും അമ്പതു വയസ്സിന് മുകളിലും പ്രായമുള്ളവരെ മാത്രമാണ് മാളികപ്പുറമെന്ന വിശേഷത്തോടെ അനുവദിച്ചിരിക്കുന്നത്. ഹിന്ദു ആചാരങ്ങളേയും വിശ്വാസങ്ങളേയും സംരക്ഷിക്കാനുള്ളത് എന്ന ഭാവത്തില്‍ അവതരിപ്പിക്കപ്പെടുന്ന പ്രസ്തുത ബില്ലിന്റെ കരട് യു ഡി എഫ് പ്രസിദ്ധീകരിച്ചിരിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ശബരിമലയേയും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളേയും വീണ്ടും തിരഞ്ഞെടുപ്പ് വിഷയമാക്കുവാന്‍ ശ്രമിച്ചുകൊണ്ട് പ്രസ്തുത കണ്ണില്‍ പൊടിയിടല്‍ ബില്ലുമായി യു ഡി എഫ് രംഗത്തെത്തിയിരിക്കുന്നത്.

            ശബരിമല വിവാദവിധിയുടെ പശ്ചാത്തലത്തിലുണ്ടായ ലോകസഭാ ഇലക്ഷനിലെ ഫലമാണ് വീണ്ടും  ശബരിമലയെ ഒരായുധമാക്കുവാന്‍ യു ഡി എഫിനെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. ജനകീയ വിഷയങ്ങളെ ചര്‍ച്ചക്കെടുക്കാതെയും വിയര്‍‌പ്പൊഴുക്കാതെയും ലാഭം കൊയ്യാമെന്ന ആ കണക്കുകൂട്ടല്‍ പക്ഷേ ജനാധിപത്യത്തിനും മതേതര സമൂഹമെന്ന പൊതുകാഴ്ചപ്പാടിനും തികച്ചും എതിരാണ്. ജനതയെ ഭിന്നിപ്പിച്ചും പ്രീണിപ്പിച്ചും അധികാരം നിലനിറുത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ നേര്‍പതിപ്പായി കേരളത്തിലെ യു ഡി എഫിന്റെ രാഷ്ട്രീയ അജണ്ട മാറുന്നുവെന്നത് ഏറെ ഖേദകരമാണ്.

            ഈ നിയമത്തിനും അതിന്റെ പിന്‍പറ്റിയുണ്ടാകുന്ന ചര്‍ച്ചകള്‍ക്കും ഇലക്ഷന്‍ വരെ മാത്രമേ ആയുസ്സുണ്ടാകുകയുള്ളു. അതിനു കാരണം ശബരിമലയിലെ യുവതി പ്രവേശനം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ് എന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ അത്തരമൊരു വിഷയത്തില്‍ നിയമമുണ്ടാക്കുമെന്ന നിലപാട് ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്നതാണ്. പോത്തിനെന്ത് ഏത്ത വാഴ എന്ന ന്യായപ്രകാരം യു ഡി എഫ് എന്ന കാട്ടാളക്കൂട്ടത്തിന് ഭരണഘടനയും സുപ്രിംകോടതിയുമൊന്നും ഒരു വിഷയമേയല്ലയെങ്കിലും കുറച്ചെങ്കിലും വിശ്വാസികളെ പാട്ടിലാക്കാനാകും എന്ന പ്രതീക്ഷയുണ്ട്. വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ മുന്നോട്ടു വെച്ചിരിക്കുന്ന ഈ ബില്‍ ഒരിക്കലും നടക്കാത്തതാണെന്ന് യു ഡി എഫിന് തന്നെ നന്നായി അറിയാവുന്ന കാര്യമാണ്. പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്തുകൊണ്ട് എങ്ങനെയെങ്കിലും വോട്ടു നേടാന്‍ കഴിയുമോ എന്ന ദുരുദ്ദേശം മാത്രമാണ് ഈ അയ്യപ്പ സ്നേഹത്തിന് പിന്നിലുള്ളത്. ആ കുതന്ത്രത്തിനെ എങ്ങനെയൊക്കെ പരാജയപ്പെടുത്താം എന്ന ആലോചിക്കുന്നിടത്താണ് ഒരു മതനിരേപക്ഷ ജനാധിപത്യ സമൂഹം എന്ന ആശയം രൂപം കൊണ്ടു തുടങ്ങുന്നത്.


മനോജ് പട്ടേട്ട്

06-02-2021

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1