#ദിനസരികള്‍ 1294 - കര്‍ഷകപ്രക്ഷോഭം - തലകുനിക്കുന്ന ഇന്ത്യ

 

ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെയായിരിക്കുന്നിടത്തോളം കാലം കര്‍ഷക പ്രതിഷേധംപോലെയുള്ള ജനകീയ പ്രതിരോധ സമരങ്ങളെ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാറിന് അറിയാം. അതുകൊണ്ടുതന്നെയാണ് രാജ്യത്താകമാനവും ഹിന്ദി ബെല്‍റ്റിനെ പ്രത്യേകിച്ചും അടിമുടി പിടിച്ചു കുലുക്കിയ കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനും തങ്ങളുടെ കിരാത നിയമങ്ങളില്‍ നിന്ന് ഒരിഞ്ചുപോലും പുറകോട്ട് പോകാതിരിക്കാനും കേന്ദ്രം ഭരിക്കുന്ന സംഘപരിവാരത്തിന് കഴിയുന്നത്. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ പോലും വിന്യസിക്കാത്തതരത്തിലും തലത്തിലുമുള്ള പ്രതിരോധങ്ങളാണ് ഡല്‍ഹിയുടെ പ്രവേശനകവാടങ്ങളില്‍ പോലീസ് ചെയ്തുവെച്ചിരിക്കുന്നത്. അവകാശങ്ങള്‍ക്കും നിലനില്പിനും വേണ്ടി പോരാടുന്ന കര്‍ഷകരെ രാജ്യത്തിന്റെ ശത്രുക്കളായിട്ടാണ് ഭരണകൂടം കാണുന്നതെന്ന് വ്യക്തം.റിപ്പബ്ലിക് ദിന മാര്‍ച്ചിനെ തടസ്സപ്പെടുത്തുവാനും  രാജ്യത്തിന്റെ പൊതുമനസാക്ഷിയ്ക്ക് കര്‍ഷകരോടുള്ള  ഐക്യപ്പെടലിനെ ഇല്ലാതെയാക്കുവാനും കേന്ദ്രസര്‍ക്കാറും ബി ജെ പിയും നടത്തിയത് രാജ്യത്ത് ഇതുവരെ ഒരു സമരത്തോടും അവലംബിച്ചിച്ചിട്ടില്ലാത്ത രീതിയാണ്. സമരത്തിലേക്ക് നുഴഞ്ഞു കയറി കുഴപ്പങ്ങള്‍ സൃഷ്ടിച്ചും കര്‍ഷകര്‍ സമരം ചെയ്യുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ വെല്ലുവിളിച്ചുകൊണ്ടാണെന്ന് പ്രചരിപ്പിച്ചുമൊക്കെ പല വിധത്തിലുള്ള കുത്സിതമാര്‍ഗ്ഗങ്ങളാണ് അധികാരികള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ കര്‍ഷക സമരമാകട്ടെ ദിനംപ്രതി കൂടുതല്‍ക്കൂടുതല്‍ ശക്തിപ്പെട്ടുവരുന്നു എന്നതാണ് വസ്തുത.

 

            ഇപ്പോള്‍ ലോകമാസകലമുള്ള മാനവിക മനസ്സുകള്‍ ഇന്ത്യയിലെ കര്‍ഷകകോടികളുടെ സമരങ്ങള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നത് നാം കാണുന്നു. പോപ്പ് ഗായിക റിഹാനയും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യൂണ്‍‌ബെര്‍ഗും ജാക്ക് ഡോര്‍സിയുമടക്കം അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായവര്‍ കര്‍ഷകസമരങ്ങളെ പിന്തുണക്കുകയും അവരുടെ ആവശ്യങ്ങളെ അടിച്ചമര്‍ത്താതെ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഗ്രെറ്റക്കെതിരെ കേസെടുത്തുകൊണ്ടാണ് ഇന്ത്യ പ്രതികരിച്ചത്.ആ നീക്കം ലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ - അങ്ങനെയൊന്ന് അവശേഷിക്കുന്നുണ്ടെങ്കില്‍ - വളരെയധികം ഇടിച്ചുകളഞ്ഞു.എന്നാല്‍ പോലീസിന്റെ നീക്കത്തെക്കാള്‍ ജനാധിപത്യമനസ്സുകളെ ഞെട്ടിച്ചു കളഞ്ഞത് സാംസ്കാരിക - രാഷ്ട്രീയ രംഗങ്ങളിലെ ചിലരുടെ പ്രതികരണങ്ങളാണ്. കര്‍ഷകര്‍ ചോദ്യം ചെയ്യുന്നത് രാജ്യത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയുമാണ് എന്ന നിലപാടു സ്വീകരിച്ച് അമിത് ഷായും കൂട്ടരും ആരംഭിച്ച പ്രപഗണ്ഡക്കെതിരെ എന്ന കാമ്പയിന്‍ യാതൊരു സങ്കോചവും കൂടാതെയാണ് ആ ഭിക്ഷാംദേഹികള്‍ ഏറ്റെടുത്തത്. ഒരുളുപ്പും കൂടാതെ അക്കൂട്ടര്‍ ഭരണകൂടം പ്രചരിപ്പിച്ച നുണകളെ ഏറ്റുവിളിച്ചു. കര്‍ഷകര്‍ ഖലിസ്ഥാന്‍ വാദികളാണെന്നും ഛിദ്രശക്തികളാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ യുദ്ധംചെയ്യുന്ന ശത്രുക്കളാണെന്നുമുള്ള എന്ന കേന്ദ്രസര്‍ക്കാറിന്റെ നുണ അതേപടി അവര്‍ ആവര്‍ത്തിച്ചു.

 

            കര്‍ഷക പ്രതിഷേധങ്ങളെ അടിച്ചൊതുക്കാന്‍ സര്‍വ്വസന്നാഹങ്ങളോടും കൂടി ബി ജെ പി ഭരിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നിലുണ്ട്.യു പിയില്‍ വെള്ളം കൊടുക്കാതെ തിരിച്ചു പോയ സര്‍ക്കാര്‍ വക കുടിവെള്ളവിതരണ വാഹനങ്ങള്‍ തടഞ്ഞ സ്ത്രീകളെ വണ്ടി കയറ്റി അരച്ചു കളഞ്ഞത് ഞെട്ടലോടെയാണ് നാം കണ്ടത്. എന്തുതന്നെ സംഭവിച്ചാലും ഇന്ത്യയിലെ കര്‍ഷകര്‍ കോര്‍പ്പറേറ്റുകളുടെ അടിമകളാകില്ലെന്ന പ്രഖ്യാപനത്തില്‍ ഉറച്ചു നിന്നുകൊണ്ട് രണ്ടാം സ്വാതന്ത്ര്യസമരമാണ് സംഘടിപ്പിക്കുന്നത്. രാജ്യം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആ സമരത്തോട് ഐക്യപ്പെടുകയാണ് വേണ്ടത്.

 


മനോജ് പട്ടേട്ട്

05-02-2021

           

           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1