#ദിനസരികള്‍ 1097 പ്രണയവും സര്‍ഗ്ഗാത്മകതയും



          എഴുത്തില്‍, അല്ലെങ്കില്‍ എന്തിനെഴുത്ത് ? എല്ലാത്തരത്തിലുള്ള സര്‍ഗ്ഗാത്മകതയിലും പെണ്ണിനും പ്രണയത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ചില ചെറിയ കാര്യങ്ങള്‍ എന്ന രസകരമായ കുറിപ്പില്‍ എം മുകുന്ദന്‍ ചിന്തിക്കുന്നുണ്ട്.എഴുത്തുകാരും കലാകാരന്മാരും പുതിയ ഭാഷകള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും  ചെയ്യും.അങ്ങനെ കണ്ടെത്തുന്ന ഭാഷകള്‍ എല്ലാംതന്നെ പുതിയതായിരിക്കണമെന്നില്ല. ചിലത് നമ്മുടെ ഇടയില്‍ത്തന്നെ ഉള്ളതും നമുക്ക് പരിചയമുള്ളതും ആയിരിക്കും.അത് എഴുത്തുകാരുടേയും കലാകാരന്മാരുടേയും ഭാഷയാണെന്ന് നമുക്ക് അറിഞ്ഞു കൂടെന്ന് മാത്രം.പ്രണയം അങ്ങനെയുള്ള ഒരു ഭാഷയാണ്എന്നാണ് മുകുന്ദനെഴുതുന്നത്.
          പ്രണയം ഭാഷയാകുന്ന സാഹചര്യങ്ങള്‍ക്ക് സാര്‍വ്വലൌകികതയുണ്ട്. ആദിയില്‍ ഏതോ ഇരുള്‍പ്പരപ്പിലെ ജലതന്മാത്രയില്‍ ആദ്യമായി ഒരു ജീവബന്ധു ഉരുവംകൊണ്ടുവന്ന കാലത്തോളം പഴക്കവുമുണ്ട്. ഇനിയും കല്പാന്തകാലത്തോളംഅതിവിടെ അങ്ങനെത്തന്നെയായിരിക്കുകയും ചെയ്യും എന്നാല്‍‌ ആ ഭാഷ സാങ്കേതികമായ ചില വടിവുകളില്‍ രൂപം പൂണ്ട് സര്‍ഗ്ഗാത്മകമാകുന്ന വേളകള്‍ ചുരുക്കമാണ്. അത്തരം വേളകളെ സൃഷ്ടിച്ചെടുക്കുന്ന കലാകാരന്മാര്‍ക്ക് പ്രണയം എത്രമാത്രം പ്രചോദനമാകുന്നു ? ഉത്തരം പാബ്ലോ പിക്കാസോയേയും സാര്‍‌ത്രിനേയും മുന്‍നിറുത്തിയാണ് എം മുകുന്ദന്‍ അന്വേഷിക്കുന്നത്.
          സ്ത്രീ പിക്കാസോവിനെ എന്നും പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. എത്രയെത്ര സ്ത്രീകളാണ് ആ ജീവിതത്തിലൂടെ കടന്നുപോയത് ? ചിലര്‍ പറയുന്നത് പിക്കാസോ എത്ര ചിത്രം വരച്ചിട്ടുണ്ടോ അത്രതന്നെ കാമുകിമാരും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ്. ആ പ്രസ്താവന അതിശയോക്തിപരമാണെങ്കിലും പ്രണയിനികളുടെ ധാരാളിത്തം സൂചിപ്പിക്കുന്നു.തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സില്‍ അദ്ദേഹം മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ജീവിതം ഓരോ ഘട്ടത്തിലും ഓരോ സ്ത്രീകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒട്ടേറെ സ്ത്രീകളും പെണ്‍കുട്ടികളും പിക്കാസോവിന്റെ ജീവിതത്തില്‍ പ്രണയിനികളായും ഭാര്യമാരായും ജീവിച്ചു.ചിലര്‍ ദീര്‍ഘകാലം അവിടെ തങ്ങി നിന്നു.ചിലര്‍ പെട്ടെന്ന് കടന്നുപോകുകയും ചെയ്തു. വാര്‍ദ്ധക്യകാലത്തും പതിനേഴു വയസ്സുകാരികള്‍ പോലും പിക്കാസോവിന് കാമിനിമാരായുണ്ടായിരുന്നുഎന്ന് മുകന്ദന്‍ സാക്ഷ്യപ്പെടുത്തുന്നു.ഇരുപത്തിനാലു വയസ്സുള്ളപ്പോള്‍ വിവാഹിതയായിരുന്ന ഫെര്‍നാന്തിനെ പ്രണയിച്ചുകൊണ്ടാണ് പിക്കാസോയുടെ ജീവിതം അഥവാ പ്രണയ ജീവിതം ആരംഭിക്കുന്നത്. അത് അവസാനകാലത്തോളം ഒരു തടസ്സവും കൂടാതെ നിറഞ്ഞൊഴുകി.ഒരു പക്ഷേ ആ പ്രണയമുണ്ടായിരുന്നില്ലെങ്കില്‍ പിക്കാസോയെന്ന അതുല്യ കലകാരനെ ലോകത്തിനു ലഭിക്കുമായിരുന്നില്ല.     ഒരു ട്രിഗര്‍ വെടിയുണ്ടയെയെന്ന പോലെ കാമിനിമാര്‍ പിക്കാസോയെ തീപ്പിടിപ്പിച്ചു. സര്‍ഗ്ഗാത്മകമാക്കി.അദ്ദേഹത്തിന്റെ ചിന്തകളേയും പ്രവര്‍ത്തികളേയും എക്കാലത്തേയും അത്ഭുതങ്ങളായി നമുക്കു സമ്മാനിച്ചു. പെണ്ണും പിക്കാസോയും ഇല്ലായിരുന്നെങ്കില്‍ ക്യൂബിസം ഉണ്ടാകുമായിരുന്നില്ല.പാബ്ലോ പിക്കാസോയും ഉണ്ടാകുമായിരുന്നില്ല. പെണ്ണിന് ഒരുപാട് നന്ദി എന്നെഴുതിക്കൊണ്ടാണ് മുകുന്ദന്‍ പിക്കാസോയെക്കുറിച്ചുള്ള എഴുത്ത് അവസാനിപ്പിക്കുന്നത്.
          പ്രണയിനികളുടെ ധാരാളിത്തം കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന ഒരാളാണ് പിക്കാസോയെങ്കില്‍ തത്വചിന്തകനായ സാര്‍ത്രും പ്രണയത്തിന്റെ വഴികളോട് ആഭിമുഖ്യമുള്ളവനാണ്. മരണക്കിടക്കയില്‍ക്കിടന്നുകൊണ്ട് തന്റെ പ്രണയിനിയായ സിമോന്‍ ദ് ബുവ്വയോട് കുട്ടീ നിനക്കറിയാമോ ഈ നിമിഷം നിന്നെക്കൂടാതെ വേറെ ഒമ്പതു സ്ത്രീകളെങ്കിലും എന്റെ ജീവിതത്തിലുണ്ട് എന്നാണ് സാര്‍ത്ര് പറഞ്ഞത്. അവര്‍ ഒരു ജീവിതകാലം മുഴുവന്‍ അവിവാഹിതരായി ഒരുമിച്ചു ജീവിച്ചവരായിരുന്നു.ആഴത്തിലുള്ള സ്നേഹം , പക്ഷേ ഒരു ഘട്ടത്തിലും അവര്‍ക്ക് കൈമോശം വന്നിരുന്നില്ല.ആ പ്രണയമാണ് അവരുടെ സര്‍ഗ്ഗാത്മകതയെ ഒരു പക്ഷേ കരുത്തോടെ സംരക്ഷിച്ചു പോന്നത് എന്നു പറയാം.
          നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള പ്രണയമാനസങ്ങളുണ്ടായിരുന്നു. ചങ്ങമ്പുഴ ഏറ്റവും വിഖ്യാതനായ ഒരാളാണ്. പ്രണയംകൊണ്ട് ആത്മഹത്യ ചെയ്തവരേയും പ്രണയം കൊണ്ടുതന്നെ ജീവിതം കരുപ്പിടിപ്പിച്ചവരേയും നാം കേട്ടിട്ടുണ്ട്. എന്തായാലും ജീവിതത്തിന്റേതായ ഏതൊരു ഘട്ടത്തിലും ആരേയും മുന്നോട്ടു നയിക്കുന്ന ചാലകശക്തിയായി പ്രണയം വര്‍ത്തിക്കുന്നു. അത് കലാകാരന്മാരിലാകുമ്പോള്‍ ഒരല്പം തീവ്രതയോടെ അവരുടെ സര്‍ഗ്ഗാത്മകതയുമായി പ്രതിപ്രവര്‍ത്തിക്കുമെന്നു മാത്രം .


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം