#ദിനസരികള്‍ 1094 കഥ വായിക്കുമ്പോള്‍



കാരൂരിന്റെ മരപ്പാവകള്‍ എന്നൊരു കഥയുണ്ടല്ലോ. എനിക്ക് ഇതുവരെ ആ കഥ മനസ്സിലായിട്ടില്ല. അതു തുറന്നു പറയാന്‍ മടിയൊന്നുമില്ല.മരപ്പാവകള്‍ മാത്രമല്ല , ഞാന്‍ വായിച്ചിട്ടുള്ള കഥകളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതൊന്നും തന്നെ എനിക്ക് മനസ്സിലാകാറേയില്ല. അതുകൊണ്ടുതന്നെ ഞാന്‍ ആ കഥകളിലേക്ക് മടങ്ങിച്ചെല്ലുന്നു.പക്ഷേ ഓരോ വായനയ്ക്കു ശേഷവും  അവ എന്നെ വീണ്ടും ചെല്ലാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ എന്തോ ഒന്ന് ഒളിച്ചു വെയ്ക്കുന്നതായി തോന്നുന്നു. അതുകൊണ്ട് ഒരു നദിയില്‍ ഒന്നിലധികം തവണ ഒരാള്‍ക്കും കുളിക്കാന്‍ കഴിയില്ലെന്ന് പറയുന്നതുപോലെ ഓരോ തവണയും പുതിയ കഥയിലേക്കാണ് ഞാന്‍ തിരിച്ചു ചെല്ലുന്നു. ഒരു നദിയിലേക്കാണ് ഇറങ്ങുന്നതെന്നും മുങ്ങുന്നതെന്നും നിവരുന്നതെന്നും നിങ്ങള്‍ക്കു തോന്നാമെങ്കിലും ഓരോ ഘട്ടത്തിലും നാം ഓരോ പുതിയ നദിയെയാണ് അഭിവാദ്യം ചെയ്യുന്നത്.അതുപോലെ ഒരിക്കല്‍ നാം വായിച്ചതാണല്ലോ ഈ കഥയെന്ന് തോന്നാമെങ്കിലും രണ്ടാമത്തെ വായനയില്‍ തികച്ചും പുതിയ ഒരു കഥയെയായിരിക്കും നിങ്ങള്‍ കണ്ടെടുക്കുക. ഇതു തന്നെയാണ് പിന്നേയും പിന്നേയും വായിക്കാന്‍ പ്രേരിപ്പിക്കുന്ന പല നല്ല കഥകളും ചെയ്യുന്നത്. അവ അനുനിമിഷം വ്യത്യസ്തമായിരിക്കൊണ്ടേയിരിക്കുന്നു.  അങ്ങനെ വ്യത്യസ്തമായിക്കൊണ്ടിരിക്കുന്നില്ലെങ്കില്‍ അവ കാലത്തെ അതിജീവിക്കാതെ മണ്ണടിഞ്ഞു പോകുന്നു. എഴുതപ്പെട്ടിരിക്കുന്ന ലക്ഷക്കണക്കിന് കഥകളില്‍ ഒരു മരപ്പാവകളോ ഒരു പൂവമ്പഴമോ മാത്രം അവശേഷിക്കുന്നത് ഈ അതിജീവന ശേഷി കൊണ്ടായിരിക്കും. അതുകൊണ്ട് നല്ല കൃതികള്‍ എല്ലാക്കാലത്തും വര്‍ത്തമാനകാലത്തോട് സംവദിക്കുന്നതായിരിക്കും.
 കേരളത്തില്‍ അല്ലെങ്കില്‍ ലോകത്തെവിടെയെങ്കിലും കാരൂരിന്റെ ആ കഥ, മരപ്പാവകള്‍ , മനസ്സിലായി എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത് നുണയായിരിക്കും എന്നു കൂടി ഞാന്‍ പറയും. കാരണം നിങ്ങള്‍ മനസ്സിലായി എന്നു പറയുന്നത് നിങ്ങള്‍തന്നെ നടത്തിയ നിങ്ങളുടെ വ്യാഖ്യാനങ്ങളെ മുഖവിലക്കെടുത്തുകൊണ്ടാണ്. അല്ലാതെ മറ്റൊന്നുമല്ല. നളിനി എന്തിനാണ് രൌദ്രഭാവത്തിലുള്ള പ്രതിമ തിരിച്ചു വാങ്ങിയതെന്നും എന്തിനാണ് പാര്‍വ്വതി തപസ്സു ചെയ്യുന്ന വലിയ പ്രതിമ അയാള്‍ക്ക് സമ്മതിച്ചതെന്നും  നമുക്കിനിയും മനസ്സിലായിട്ടില്ല. എന്നുമാത്രവുമല്ല വീട്ടിലേക്ക് നടക്കുന്ന അയാളുടെ ഹൃദയത്തില്‍ വീണക്കമ്പി മീട്ടിയാലുണ്ടാകുന്ന നാദം പ്രതിധ്വനിച്ചു കൊണ്ടിരുന്നുവെന്ന് കാരൂര്‍ കഥ അവസാനിപ്പിക്കുമ്പോള്‍ എഴുതുന്നത് നമുക്ക്  എന്ത് മനസ്സിലാക്കിത്തരാനാണ് എന്നും അറിയില്ല നമുക്കറിയില്ല. ചില ഊഹാപോഹങ്ങള്‍ നാം അതിനെക്കുറിച്ചെല്ലാം നിരത്തുന്നു. അവനവന്റെ യുക്തിക്കനുസരിച്ച് അതാണ് ശരിയെന്ന് വാദിക്കുന്നു.
            അവള്‍ക്ക് അയാളോട് പ്രണയം തോന്നിയെന്നും അതുകൊണ്ടാണ് പ്രതിമ മാറ്റി നല്കിയതെന്നും നിങ്ങള്‍ക്ക് പറയാം. അത്രയേ നിങ്ങള്‍ക്ക് പറയാന്‍ കഴിയൂ. അതാകട്ടെ നിങ്ങളുടെ തോന്നല്‍ മാത്രവുമാണ്. പക്ഷേ ആ തോന്നലിന്റെ ശരിയില്‍ നിങ്ങള്‍ മരിക്കുന്നതുവരെ ഈ കഥ നിങ്ങളില്‍ ജീവിച്ചുകൊണ്ടിരിക്കും.അതിനപ്പുറം ഈ കഥയില്‍ നിന്ന് നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും മനസ്സിലാക്കണമെന്ന് എഴുത്തുകാരനോ മനസ്സിലാകണമെന്ന് നിങ്ങളോ വാശി പിടിക്കേണ്ടതില്ല.
            ചില നിരൂപകന്മാര്‍ , പി കെ രാജശേഖരനെപ്പോലെയുള്ളവര്‍‍ , മരപ്പാവകളിലേക്ക് ഭരണകൂടം അധികാരവും ലൈംഗികതയുമൊക്കെയായി കടന്നു വരുന്നതിനെപ്പറ്റി എഴുതിയിട്ടുണ്ട്. വ്യാഖ്യാനസാമര്‍ത്ഥ്യമെന്നല്ലാതെ മറ്റൊന്നും തന്നെ അതിനെക്കുറിച്ച് പറയാനില്ല. ഫൂക്കോ എന്നും ബയോപവ്വറെന്നുമൊക്കെ കേട്ട് നിങ്ങള്‍ വിരണ്ടു പോയില്ലെങ്കില്‍ പി കെ രാജശേഖരന്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് ശാന്തമായി ഒന്നാലോചിച്ചു നോക്കുക. ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ചില അധികാരങ്ങളുമായി ഒരു സ്ഥാപനം എക്കാലത്തും ഇടപെട്ടുകൊണ്ടേയിരിക്കും.അതു കുടുംബം മുതല്‍ സ്റ്റേറ്റ് വരെയുള്ളവയില്‍‌ ഏതെങ്കിലുമൊന്നാകാം. എന്നാല്‍ സ്വാഭാവികതയില്‍ നിന്ന് വ്യത്യസ്തമായി ഇടപെടലുകള്‍ മാറുമ്പോഴാണ് അവ അസ്വാഭാവികമായി മാറുക.ഇവിടെ ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട ഒരാള്‍ അത്തരത്തിലുള്ള ഒരധികാരം ചെലുത്താനാണ് വന്നിരിക്കുന്നതെന്ന് വ്യാഖ്യാനിക്കണമെങ്കില്‍ നിരൂപകന് അസാധാരണ വൈഭവം വേണം.
അതൊരു തമാശയാണെങ്കില്‍ അതിലും വലിയൊരു തമാശയ്ക്ക് അതേ നിരൂപകന്‍ തന്നെ പിന്നേയും മിനക്കെടുന്നുണ്ട്. മരപ്പാവകളില്‍ പാവകള്‍ക്ക് പ്രാധാന്യമുണ്ട്. നളിനി പാവകള്‍ ഉണ്ടാക്കാറുണ്ട്. ആദ്യകാലങ്ങളില്‍ അവളുണ്ടാക്കിയവയെ ഒരു ചാണ്‍ നീളത്തിലുണ്ടാക്കിയ സ്ത്രീരൂപങ്ങള്‍. എല്ലാം നന്നായിരിക്കുന്നു.തിളങ്ങുന്ന ചായപ്പണി ചെയ്തത്. കൊഴുത്തു മിനുത്തത്.ഭംഗിയുള്ള അവയവം. കൊഴുത്ത മാറിടം.ഭാരിച്ച് ജഘനം.കൃശമായ മധ്യം.അക്ഷാമമായ ചികുരഭാരം. ആകര്‍ഷകമായ മന്ദസ്മേരം. ആകെപ്പാടെ മാദകമായ സുന്ദരശില്പങ്ങള്‍എന്നാണ് കാരൂര്‍ രേഖപ്പെടുത്തുന്നത്. പിന്നീട് അവള്‍ സ്വന്തം ഛായയിലുള്ള പ്രതിമകളെയാണ് സൃഷ്ടിച്ചതെന്നും കഥാകാരന്‍ പറയുന്നുണ്ട് ഇപ്പോള്‍ എനിക്കാരേയും പേടിയില്ല.ഞാനല്ലാതെ മറ്റാരെങ്കിലും ഉണ്ടെന്നുതന്നെ എനിക്ക് വിചാരമില്ലഎന്നാണ് നളിനി ആ മാറ്റത്തിന് ന്യായമായി പറയുന്നത്. എന്നാല്‍ ഇവിടെ നിന്നും പി കെ രാജശേഖരന്‍ ഒരു മാന്ത്രികക്കയറിലൂടെ എവിടേക്കോ കയറിപ്പോകുകയാണ്.അധികാരത്തോടൊട്ടി നില്ക്കുന്ന ജ്ഞാനമണ്ഡലം വാഴ്ത്തിയ രൂപമാതൃകകളെയാണ് അവള്‍ സൃഷ്ടിച്ചതെന്നും അതില്‍ നിന്നുമുള്ള കുതറി മാറലാണ് സ്വന്തം രൂപത്തെ സൃഷ്ടിച്ചുകൊണ്ട് അവര്‍ നടത്തിയതെന്നും പി കെ രാജശേഖരന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഇവിടെവരെ നമുക്ക് കാര്യങ്ങളൊക്കെ ശരിയായാണ് പോകുന്നതെന്ന് തോന്നിയേക്കാം. എന്നാല്‍ തപസ്സു ചെയ്യുന്ന പാര്‍വ്വതിയുടെ പ്രതിമയാണ് നളിനി എന്യുമറേറ്റര്‍ക്ക് സമ്മാനിക്കുന്നത്. നേരത്തെ നാം കണ്ട അതേ അധികാരത്തിന്റെ ജ്ഞാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയ അഴകളവുകളെ ഉപയോഗിച്ച് സൃഷ്ടിച്ചതുതന്നെയാണല്ലോ അതും. അധികാരത്തെ ഒരു തരത്തില്‍ അംഗീകരിക്കുന്നുവെന്നു തന്നെയാണല്ലോ അര്‍ത്ഥമാക്കുന്നത്. എന്നാലിവിടെ നിരൂപകന്‍ ആ പാവയെ സമ്മാനിക്കുന്നതിനെ മുക്തകണ്ഠം പ്രശംസിക്കുവാനാണ് ഒരുങ്ങുന്നത്. പാര്‍വ്വതിയും സൃഷ്ടിക്കപ്പെട്ടത് നേരത്തെ തള്ളിക്കളഞ്ഞ അതേ അധികാരത്തിന്റെ ജ്ഞാനമാര്‍ഗ്ഗങ്ങളെ പിന്‍പറ്റിയാണ് എന്ന കാര്യം ഇവിടെ നിരൂപകന്‍ മറക്കുന്നു. കൂടാതെ തപസ്സു ചെയ്യുക എന്നതും അതേ കീഴ്‌വഴക്കംതന്നെയാണെന്നും ഇദ്ദേഹം കാണുന്നില്ല മറിച്ച് ലൈംഗികതയെ ആധാരമാക്കി സ്ത്രീയെ അധികാര വ്യവസ്ഥയ്ക്ക് കീഴിലാക്കുന്ന അധികാര പ്രയോഗത്തിനുള്ള സ്ഥലമായി മാറ്റുന്ന തന്ത്രങ്ങള്‍‌ക്കെതിരെയുള്ള പ്രതിരോധമാണിത്എന്നാണ് അദ്ദേഹം എഴുതുന്നത്. ഇത് വലിയൊരു ഇരട്ടത്താപ്പാണ്. ഇത്തരം സമീപനങ്ങള്‍ പാഠത്തെ അതിന്റെ ജൈവപരിസരങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി കേവലം യാന്ത്രികമാക്കിത്തീര്‍ക്കാന്‍ മാത്രമാണ് സഹായമാകുന്നത്.
നിരൂപകര്‍ എങ്ങനെയാണ് തങ്ങള്‍ ആര്‍ജ്ജിച്ചു വെച്ചിരിക്കുന്ന വിജ്ഞാനങ്ങളെമുഴുവന്‍ നേരെ വായിക്കേണ്ട ഒരു കഥയിലേക്ക് കുത്തിച്ചെലുത്തി കഥയെ സങ്കീര്‍ണമാക്കുന്നത് എന്നതിന് ഒരുദാഹരമാണ് പറഞ്ഞത്. എന്നാല്‍ ഈ ഉദാഹരണം ചൂണ്ടിക്കാണിച്ചതിന് വിമര്‍ശകന്റെ ആവശ്യമേയില്ല എന്ന അതിവായന പാടില്ല. വായനക്കാരനെ തെറ്റായ വഴികളിലൂടെ നടക്കുവാന്‍ പ്രേരിപ്പിക്കുന്നതല്ല വിമര്‍ശകന്റെ കടമ , മറിച്ച് വഴികളേതൊക്കെ എന്ന് യുക്തിഭദ്രമായി ചൂണ്ടിക്കാണിക്കുക എന്നതാണ്. യുക്തിഭദ്രതയ്ക്ക് രണ്ടുവട്ടം അടിവരയിടണമെന്നു മാത്രം.
കൃതിയെ തെറ്റായി വായിക്കുന്നത് അതിന്റെ അതിജീവന ശേഷിയെ , അഥവാ ഏതുകാലത്തെ വര്‍ത്തമാനകാലവുമായി സംവദിക്കാനുള്ള ശേഷിയെ ഇല്ലാതാക്കുകയാണ് ചെയ്യുക.അത് കൃതിയോടു രചയിതാവിനെ വിടുക, അയാള്‍ക്ക് കഥയിലൊരു കാര്യവുമില്ല- ചെയ്യുന്ന ക്രൂരതയാണ്.
            അപ്പോള്‍ എന്താണോ നിങ്ങള്‍ക്ക് മനസ്സിലായത് അതാണ് നിങ്ങളുടെ കഥ. എഴുത്തുകാരന്റെ കഥ വേറെയായിരിക്കും. അതും നിങ്ങളുടെ കഥയുമായി ഒരു ബന്ധവുമുണ്ടാകണമെന്നില്ല. പക്ഷേ നിങ്ങളുടെ കഥ നിങ്ങളില്‍ നിങ്ങളുടെ മാത്രം കഥയായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അത് നിങ്ങള്‍ക്ക് മനസ്സിലായിക്കഴിഞ്ഞാല്‍ കഥ മരിക്കും. അങ്ങനെയാണ് മരപ്പാവകള്‍ എന്ന കഥ ഇന്നും മനസ്സിലാകാത്ത ഒന്നായി എന്നില്‍ ജീവനോടെ മിടിച്ചു നില്ക്കുന്നത്.
           
           



           




Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം