#ദിനസരികള്‍ 994 സഖാവ് വര്‍ഗ്ഗിസിനെ ഒറ്റിയവരെത്തേടി .


               സഖാവ് വര്‍ഗ്ഗീസ് കൊല്ലപ്പെടുന്നത് ഏറ്റുമുട്ടലിലൂടെയല്ലെന്നും 1970 ഫെബ്രുവരി പതിനെട്ടാം തീയതി രാവിലെ പിടിക്കപ്പെട്ട അദ്ദേഹത്തെ വൈകുന്നേരം ഇന്ന് വര്‍ഗ്ഗീസ് പാറ എന്നറിയപ്പെടുന്ന സ്ഥലത്തെത്തിച്ച് കൈകള്‍ പിന്നില്‍ കെട്ടി വെടിവെച്ചുകൊല്ലുകയായിരുന്നെന്നും തെളിഞ്ഞു കഴിഞ്ഞതാണ്. പ്രസ്തുത കൃത്യം നിര്‍വ്വഹിച്ച രാമചന്ദ്രന്‍ എന്ന പോലീസുകാരന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് നാല്പതു വര്‍ഷത്തിനു ശേഷം ഈ കേസ് പരിശോധിച്ച കോടതി ഐ ജി ലക്ഷ്മണയെ ജീവപര്യന്തം തടവിന് വിധിച്ചു. കൊല്ലാന്‍ രാമചന്ദ്രന് നേരിട്ട് ഉത്തരവ് നല്കിയ വിജയനെ കോടതി വെറുതെ വിടുകയും ചെയ്തു.
          രാവിലെ വര്‍ഗ്ഗീസിനെ പോലീസ് പിടിച്ചിരിക്കുന്നുവെന്ന വിവരം അറിഞ്ഞ് ഒറ്റുകാരനായ ശിവരാമന്‍ നായരുടെ വീട്ടിലേക്ക് കുതിച്ചെത്തിയ ജനം അദ്ദേഹത്തെ നേരിട്ടു കണ്ടതാണ്.മാത്രവുമല്ല സ്കൂളിന് മുന്നിലൂടെ നടത്തിച്ചാണ് അദ്ദേഹത്തെ  ക്യാമ്പിലേക്ക് എത്തിച്ചത്.പിന്നീട് വൈകുന്നേരം വരെ ക്രൂരമായി ഭേദ്യം ചെയ്തുവെന്ന് വര്‍ഗ്ഗീസിന്റെ സഖാക്കളെല്ലാം പറയുന്നു.തിളച്ച വെള്ളത്തില്‍ നിറുത്തിയെന്നും ബയണറ്റുകൊണ്ട് കണ്ണുകള്‍ ചൂഴ്ന്നെടുത്തുവെന്നും കാലില്‍ ഇരുമ്പ് കമ്പി പഴുപ്പിച്ച് അടിച്ചു കയറ്റിയെന്നുമൊക്കെ അജിതയടക്കം (കൂടുതല്‍ വിവരങ്ങള്‍ക്ക് അജിതയുടെ ആത്മകഥ ഓര്‍മ്മക്കുറിപ്പുകള്‍ നോക്കുക.പലരും പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെ വെടിവെച്ചു കൊന്ന പോലീസുകാരന്‍ രാമചന്ദ്രന്‍ വര്‍ഗ്ഗീസിനെ മര്‍ദ്ദിച്ചുവെന്ന വാദങ്ങളോട് യോജിക്കുന്നില്ല. തോക്കിന്റെ സ്ലിംഗ് ഉപയോഗിച്ച് കൈകള്‍ പിന്നില്‍ കെട്ടിയതിനാല്‍ ചോറു കുഴച്ചുരുട്ടി വായില്‍ വെച്ചു കൊടുത്തുവെന്നും ബീഡി കത്തിച്ചു കൊടുത്തുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വൈകുന്നേരം മുതല്‍ പിറ്റേന്നു രാവിലെ വരെ വെടിവെച്ചിടത്തുതന്നെ കിടത്തിയതിനാല്‍ കണ്ണുകള്‍ ഉറുമ്പു തിന്നു പോയതാണെന്നും അതുകണ്ടിട്ടാണ് ചൂഴ്ന്നെടുത്തതാണെന്ന് പറയുന്നതെന്നുമാണ് രാമചന്ദ്രന്‍ പറയുന്നത്. വര്‍ഗ്ഗീസിനോട് ഒട്ടി നിന്ന് സ്വയം വലുതാകാന്‍ ശ്രമിച്ച  സഹപ്രവര്‍ത്തകരെക്കാള്‍ നാല്പതുകൊല്ലക്കാലത്തിനു ശേഷം വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതിനു പിന്നിലെ സത്യം ലോകത്തോടു വിളിച്ചു പറഞ്ഞ് സ്വയം ശിക്ഷ ഏറ്റു വാങ്ങിയ രാമചന്ദ്രന്റെ വാക്കുകളെ വിശ്വാസത്തിലെടുക്കുന്നതാണ് ഏറെ അഭികാമ്യമായിട്ടുള്ളത്.
          കൊലയ്ക്കു പിന്നിലെ വസ്തുത ഒരാഴ്ചയ്ക്കു ശേഷം രാമചന്ദ്രന്‍ തന്നെ വര്‍ഗ്ഗീസിന്റെ സഹോദരനോട് വെളിപ്പെടുത്തിയിരുന്നത്രേ ! പക്ഷേ അന്ന് അദ്ദേഹം അത് കാര്യമായെടുത്തില്ല.പിന്നീട് പലയിടത്തുമായി ജോലി ചെയ്തപ്പോഴെല്ലാം അവിടെയുള്ള സുഹൃത്തുക്കളോട് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും ആരും മുഖവിലയ്ക്കെടുത്തില്ല.എന്നാല്‍ പിന്നീട് ഒരഭിമുഖത്തില്‍ കുറ്റമേറ്റു പറഞ്ഞ് ശിക്ഷ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞപ്പോള്‍ ആ വാക്കുകളെ കേരളം ശ്രദ്ധിച്ചു. വേദനകൊണ്ടു പിടയുന്ന ഒരു മനസ്സിനെ കണ്ടു.പിന്നീട് നടന്നതെല്ലാം ചരിത്രമാണ്.
          ഈ കുറിപ്പിന്റെ ഉദ്ദേശം മറ്റൊന്നാണ്. വര്‍ഗ്ഗീസിന്റെ സഹപ്രവര്‍ത്തകനായിരുന്ന എ.വാസുവിനോട് പോലീസുകാരന്‍ രാമചന്ദ്രന്‍ എല്ലാംതന്നെ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. തനിക്ക് എല്ലാ വിവരങ്ങളും ഒരു കത്തായി രാമചന്ദ്രന്‍ എഴുതി നല്കിയിട്ടുണ്ടായിരുന്നുവെന്നാണ് ഗ്രോ വാസു പിന്നീട് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. എഴുതിക്കൊടുത്തിട്ടില്ല കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തതേയുള്ളുവെന്നാണ് പോലീസുകാരന്‍ രാമചന്ദ്രന്‍ പറയുന്നത്.എന്തായാലും വാസുവിന് കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നതാണ് വസ്തുത. എന്നിട്ടും രാമചന്ദ്രന്‍ കേരളത്തിനു മുന്നില്‍ കരഞ്ഞു പറയുന്നതുവരെ വാസു ഇക്കാര്യം മറ്റൊരാളോടും വെളിപ്പെടുത്തിയില്ല എന്നതിലൊരു അസ്വാഭാവികതയുണ്ട്.
          എന്തുകൊണ്ടാണ് ഇത്രകാലവും താങ്കള്‍ക്ക് എഴുതിക്കിട്ടിയെന്ന് താങ്കള്‍തന്നെ അവകാശപ്പെടുന്ന കുറിപ്പ് രഹസ്യമാക്കി വെച്ചത് എന്നൊരു ചോദ്യം വാസുവിനോട് ഉന്നയിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി വിചിത്രമായിരുന്നു.അദ്ദേഹം പറയുന്നു :- ഇരുപതു വര്‍ഷം മുമ്പാണ് എനിക്കാ കുറിപ്പ് കിട്ടിയത്.അത് പരസ്യമായിക്കഴിഞ്ഞാല്‍ രാമചന്ദ്രന്‍ നായര്‍ക്കും കുടുംബത്തിനുമുണ്ടാകുന്ന ഭവിഷ്യത്തിനെ സംബന്ധിച്ച ചിന്ത ഒരു നിമിഷം എന്നിലൂടെ കടന്നുപോയി.ഇന്നത്തെപ്പോലെ കുറിപ്പ് മുഴുവന്‍ പ്രസിദ്ധീകരിക്കാന്‍ ഒരു പത്രം കണ്ടെത്തുക അന്ന് പ്രയാസകരമായിരുന്നു.അതുകൊണ്ട് തല്കാലം ആ കുറിപ്പ് ഞാന്‍ പെട്ടിയില്‍ സൂക്ഷിച്ചു വെച്ചു.പിന്നീട് അതെവിടെവെച്ചു എന്ന കാര്യം ഞാന്‍ മറന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ അങ്ങനെയൊരു കുറിപ്പ് കിട്ടിയ കാര്യം പോലും ഓര്‍ക്കാന്‍ കഴിഞ്ഞില്ല.നക്സല്‍ പ്രസ്ഥാനത്തിന് പല്ലും നഖവും കൊടുത്ത ഒരു സഖാവിന്റെ മരണത്തെക്കുറിച്ചാണ് ഇത്രയും നിരുത്തരവാദപരമായി സഹപ്രവര്‍ത്തകന്‍ പറയുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൈയ്യില്‍ എഴുതിക്കിട്ടിയ തെളിവുണ്ടായിട്ടും ഒരു പത്രസമ്മേളനം വിളിച്ച് ആ രേഖ വെളിപ്പെടുത്താന്‍ കഴിയാതെ പോകുക എന്നത് എത്ര അക്ഷന്തവ്യമായ അപരാധമാണ്. എല്ലാ കൊല്ലവും വര്‍ഗ്ഗീസ് അനുസ്മരണത്തില്‍ അദ്ദേഹം ഇക്കാര്യം പറയുമായിരുന്നത്രേ ! അതിനെതിരെ കെ എന്‍  രാമചന്ദ്രന്‍ വാസു പറഞ്ഞതെല്ലാം വെറും യക്ഷിക്കഥയാണെന്നും ആക്ഷേപിക്കാറാണ് പതിവത്രേ! അങ്ങനെ കെ എന്‍  രാമചന്ദ്രന്‍ പറയുന്നുണ്ടെങ്കില്‍ എഴുതിക്കിട്ടിയ രേഖ ഹാജരാക്കേണ്ടതിനു പകരം അതിനെ മറവിയിലടിയാന്‍ അനുവദിക്കുയാണോ വേണ്ടത് ? എന്തായാലും പോലീസുകാരന്‍ രാമചന്ദ്രന്‍ പറഞ്ഞ സത്യത്തോട് വാസു സ്വീകരിച്ച നിലപാട് ഒരു കമ്യൂണിസ്റ്റുകാരന് പ്രത്യേകിച്ച് ഒരു നക്സല്‍ വിപ്ലവകാരിക്ക്   യോജിച്ചതേയല്ല എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
          1970 ഫെബ്രുവരി പത്താംതീയതിയോ മറ്റോ ആണ് വാസു എ വര്‍ഗ്ഗീസിനെ അവസാനമായി കാണുന്നത്. എട്ടു ദിവസത്തിനുശേഷം വര്‍ഗ്ഗീസ് പിടിക്കപ്പെടുകയായിരുന്നു. കാട്ടില്‍ പോലീസുകാരെ കണ്ട് വര്‍ഗ്ഗീസും വാസുവും ചോമനുമടക്കം അഞ്ചോളമാളുകളുണ്ടായിരുന്ന തങ്ങളുടെ കൂട്ടം ചിതറിപ്പോവുകയണുണ്ടായതെന്നാണ് വാസു അവകാശപ്പെടുന്നത്. ചോമന്‍ മൂപ്പനെപ്പോലെയുള്ള കാടറിയുന്ന ആദിവാസികളില്‍ നിന്നും വര്‍ഗ്ഗീസിനെ മാറ്റി നിറുത്തുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്.അങ്ങനെയെങ്കില്‍ വര്‍ഗ്ഗീസിനെ ഒറ്റിക്കൊടുക്കാന്‍ പോലീസുമായി കരാറുണ്ടാക്കിയത് ആരൊക്കെയായിരുന്നു എന്ന ചോദ്യമുയരും. എന്തായാലും വിശ്വസനീയത തീരെ കുറവായ വാദങ്ങളാണ് വാസു മുന്നോട്ടു വെയ്ക്കുന്നത്. വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം മാനന്തവാടി ചിറക്കരയില്‍ നിന്നുമാണ് വാസുവിനെ പോലീസ് പിടികൂടിയതെന്ന കാര്യം കൂടി വ്യക്തമാക്കട്ടെ.
വര്‍ഗ്ഗീസിനെ പിടിച്ചതിനു പിന്നില്‍ ശിവരാമന്‍ നായര്‍ മാത്രമല്ല ഒറ്റുകാരനായി പ്രവര്‍ത്തിച്ചതെന്ന് ഊഹിക്കാന്‍ പല കാരണങ്ങളുമുണ്ട്. എന്നാല്‍ തെളിവുകളുടെ അഭാവം നമ്മെ നിരായുധരാക്കുന്നു. ഇത്രയും കാലത്തിനു ശേഷം  സത്യം വെളിപ്പെടുത്താന്‍ ഇനിയാരാണ് ഉള്ളത് ? എന്തായാലും    വര്‍ഗ്ഗീസിന്റെ കൊലയ്ക്കു പിന്നിലെ വസ്തുതകള്‍ നാല്പതുകൊല്ലങ്ങള്‍ക്കു ശേഷമാണ് നാം അറിഞ്ഞതെങ്കില്‍ വര്‍ഗ്ഗീസിനെ ഒറ്റിക്കൊടുത്തതിനു പിന്നില്‍ ആരൊക്കെയാണ് പ്രവര്‍ത്തിച്ചതെന്ന സത്യവും പുറത്തു വന്നുകൂടായ്കയില്ല.അങ്ങനെയാണെങ്കില്‍ വീരപരിവേഷത്തിന്റെ മറവില്‍ ഇന്നു ജീവിച്ചു പോകുന്ന ചിലരെങ്കിലും കേവലം അസ്ഥിപഞ്ജരങ്ങളായി രൂപംമാറുന്നത് കാണാം, കാത്തിരിക്കുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം