#ദിനസരികള്‍ 998 പൊളിക്കല്‍ മാത്രമോ പ്രതിവിധി ?



            അനധികൃത നിര്‍മ്മാണങ്ങള്‍ക്കും കൈയ്യേറ്റങ്ങള്‍ക്കും കനത്ത താക്കീതായി മരടിലെ ഫ്ലാറ്റുകള്‍ ഇന്നുമുതല്‍ നിലംപൊത്തിത്തുടങ്ങും.നിയമവാഴ്ച കരുത്തോടെ സുസ്ഥാപിതമായി മുന്നോട്ടു പോകുന്നതില്‍ നാം ,മലയാളികള്‍ ആനന്ദിക്കുക തന്നെ ചെയ്യും. പണവും അധികാരസ്ഥാനങ്ങളില്‍ പിടിയുമുള്ള ആളുകള്‍ക്ക് , അതായത് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയ്ക്ക് ഏല്ക്കുന്ന ഈ തിരിച്ചടി നല്ലതുതന്നെയാണെന്നും ഇനി ആരും തന്നെ പെട്ടെന്നൊന്നും അത്തരമൊരു നീക്കം നടത്തില്ലെന്നും നാം സ്വയം വിശ്വസിപ്പിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്തുതെമ്മാടിത്തരം ചെയ്താലും കാലങ്ങളായി നീണ്ടുപോകുന്ന വിചാരണകളിലും നിയമത്തിന്റെ നൂലാമാലകളിലും പിടിച്ച് രക്ഷപ്പെടാമെന്നും ഒരിക്കലും നിയമം നടപ്പാക്കപ്പെടില്ലെന്നുമുള്ള വ്യാമോഹത്തിനേല്ക്കുന്ന തിരിച്ചടി കൂടിയാണ് ഈ വിധിയെന്നും നാം ആഹ്ലാദിക്കും.
          മേല്‍പറഞ്ഞ രേഖീയമായ ചിന്തയില്‍ നിന്നും ഞാനും മുക്തനല്ല , എന്നുമാത്രവുമല്ല അവയൊക്കെയും തന്നെ എന്റേയുംകൂടി പൊതുധാരണകളുടെ അടിസ്ഥാനത്തില്‍ മാന്യതയുടേയും നീതിബോധത്തിന്റേയും പുറംകുപ്പായമിട്ട് വേദിയില്‍ ഇരിപ്പിടം കൈയ്യടക്കിയതുതന്നെയാണ്.
           എന്നാല്‍ ഇത്തരമൊരു വിധി നടപ്പാക്കപ്പെടുമ്പോള്‍ ചില സന്ദേഹങ്ങളെ മുന്നോട്ടു വെയ്ക്കാതിരിക്കാനാവില്ല.പ്രത്യക്ഷമായിത്തന്നെ നീതിയുടെയോ നിയമത്തിന്റെ പിന്തുണ ആ സന്ദേഹങ്ങള്‍ക്ക് ഇല്ലെന്നു വരികിലും അവ ഒട്ടും അസ്ഥാനത്തല്ലെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. നിയമം നടപ്പിലാക്കേണ്ടത് പ്രതികാരമായല്ല എന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്ന കാര്യത്തില്‍ നമുക്ക് സംശയങ്ങളുണ്ടാകാനിടയില്ലല്ലോ.
          മരട് ഫ്ലാറ്റു സമുച്ചയങ്ങളുടെ നിര്‍മ്മാണഘട്ടം മുതല്‍ നാളിതുവരെയുള്ള ചരിത്രവഴികളെ പരിശോധിച്ചാല്‍ അനധികൃതമായ ഓരോ ആനുകൂല്യങ്ങളും അനുവദിച്ചുകൊടുത്തത് അധികാരികള്‍ തന്നെയാണെന്ന് കാണാം. മരട് പഞ്ചായത്താണ് (ഇപ്പോള്‍ മുന്‍സിപ്പാലിറ്റി ) അക്കാര്യത്തില്‍ ഒന്നാം പ്രതിയായി വരുന്നത്.തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല പ്രസ്തുത പ്രദേശങ്ങളെന്ന നിലപാട് മരട് മുന്‍സിപ്പാലിറ്റി സ്വീകരിച്ചതുകാരണം നിര്‍മ്മാണ അനുവാദത്തിനുള്ള അപേക്ഷ തീരദേശ സംരക്ഷണ അതോറിറ്റിക്ക് കൈമാറാതിരുന്നതാണ് കേസില്‍ നിര്‍ണായകമായത്. അവര്‍ അതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയും സി.ആര്‍.സെഡ് മൂന്നില്‍ പെട്ടിരിക്കുന്ന സ്ഥലത്താണ് പ്രസ്തുത നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് വാദിക്കുകയും ചെയ്തു. അതു ശരിവെച്ച സുപ്രിംകോടതിയാകട്ടെ കെട്ടിടങ്ങള്‍ പൊളിച്ചു കളയാനാണ് ഉത്തരവിട്ടത്.
          കേസിന്റെ ആരൊക്കെയാണ് വീഴ്ച വരുത്തിയതെന്നുള്ള ഒരു നിഗമനത്തിലേക്കല്ല കടക്കുന്നത്. മറിച്ച് അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ കടുത്ത വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നു ചൂണ്ടിക്കാണിക്കുകയായിരുന്നു. കൂടാതെ നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഹൈകോടതിയുടെ അനുവാദം വാങ്ങിയെടുത്തുകൊണ്ടാണ് മുന്നേറിയത് എന്ന കാര്യം കൂടി ഇവിടെ ഓര്‍മിക്കുക. പഞ്ചായത്തിന്റെ സ്റ്റോപ് മെമോയ്ക്കെതിരെ നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചപ്പോള്‍ സ്ഥലത്തെക്കുറിച്ച് കോടതിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ കെട്ടിടങ്ങള്‍ തന്നെ ഉണ്ടാകുമായിരുന്നില്ല. അന്നുതന്നെ അത് സി ആര്‍ സെഡില്‍ പെടുന്ന സ്ഥലമാണെന്നും അതുകൊണ്ടുതന്നെ നിര്‍മ്മാണങ്ങളൊന്നും അനുവദിക്കാനാകില്ലെന്നും കണ്ടെത്തുവാന്‍ വലിയ പാടൊന്നുമുണ്ടായിരുന്നില്ല.
          എന്തായാലും ഈ കേസിന്റെ വാദത്തിനിടയില്‍ തികച്ചും നാടകീയമായ പല രംഗങ്ങളും സുപ്രിംകോടതിയില്‍ അരങ്ങേറിയത് നാം കണ്ടതാണ്. ഒരു തരം പ്രതികാര ബുദ്ധിയോടെയാണോ കേസു കൈകാര്യം ചെയ്ത ന്യായാധിപര്‍ പെരുമാറുന്നതെന്നുപോലും സംശയിക്കപ്പെട്ടു.ഒരു ഘട്ടത്തില്‍ ജസ്റ്റീസ് അരുണ്‍മിശ്രയോട് ശാന്തനാകൂ എന്ന് സഹപ്രവര്‍ത്തകന് ഉപദേശിക്കേണ്ട സാഹചര്യം പോലുമുണ്ടായി.പൊളിക്കുക എന്നതല്ലാതെ മറ്റൊരു തീര്‍പ്പിനും കോടതി തയ്യാറല്ലെന്ന് വളരെ കര്‍ശനമായി വ്യക്തമാക്കപ്പെട്ടു.കേരളം ഇന്ത്യയിലല്ലേ എന്നും മറ്റും ചോദിച്ച കോടതി ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി നടപടിയെക്കുറിച്ച് അന്വേഷണം നടത്തി.ജസ്റ്റീസ് അരുണ്‍ മിശ്ര പ്രത്യേകമായ ഒരു മേല്‍‌നോട്ടം ഈ കേസിനു മുകളില്‍ നടത്തി.
          ഈ കുറിപ്പിന്റെ ഊന്നല്‍ കോടതി നടപടികളെക്കുറിച്ച് വിശകലനം നടത്തുക എന്നതല്ല , മറിച്ച് കോടികളുടെ മുടക്കില്‍ നിര്‍മ്മിക്കപ്പെട്ട ഫ്ലാറ്റു സമുച്ചയങ്ങള്‍ പൊടിച്ചു കളയാതിരിക്കാനുള്ള സാധ്യത നാം എന്തുകൊണ്ട് ആലോചിച്ചില്ല എന്നതിലാണ്. മരട് ഫ്ലാറ്റുകളെക്കുറിച്ച് ഇനിയും അത്തരം ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലയെങ്കിലും കേരളത്തിലും ഇന്ത്യയിലുമായി ആയിരക്കണക്കായ കെട്ടിടങ്ങള്‍ നിയമത്തിന്റെ കണ്ണുവെട്ടിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത പരിഗണിക്കുമ്പോള്‍ മരടില്‍ നിന്നൊരു പാഠം നാം പഠിക്കുന്നുവെങ്കില്‍ അതല്ലേ നന്നാവുക? നിയമം ലംഘിച്ച് നിര്‍മ്മിക്കപ്പെട്ട മുപ്പതോളം നിലകളുള്ള ആദര്‍ശ് ഫ്ലാറ്റ് അഴിമതിക്കേസ് സുപ്രിംകോടതിയുടെ മുന്നിലുണ്ട് എന്നതുകൂടി കണക്കിലെടുക്കുക.
          അപ്പോള്‍ എന്താണ് പോംവഴി ? നിയമലംഘനങ്ങള്‍ നടത്തിയ ഫ്ലാറ്റുകളെ വെറുതെ വിടണമെന്നാണോ ? അതല്ല പൊതുവേ സംഭവിക്കാറുള്ളതുപോലെ കനത്ത തുക പിഴയായി ഈടാക്കി പ്രവര്‍ത്തനാനുമതി നല്കണമെന്നോ ? രണ്ടുമല്ല ഞാനുദ്ദേശിക്കുന്നത് , മറിച്ച് ആ ഫ്ലാറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വീടില്ലാത്ത കുടുംബങ്ങള്‍‌ക്ക് വിതരണം ചെയ്യണമെന്നതാണ്.അങ്ങനെയാണെങ്കില്‍ പൊളിച്ച് പൊടിച്ച് കളയുന്ന കോടികള്‍ പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ കഴിയും. കൂട്ടത്തില്‍ അനധികൃത നിര്‍മ്മാണത്തിന് യാതൊരു തരത്തിലുള്ള സമ്മതികളും ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് മേലില്‍ ലഭിക്കുകയില്ലെന്ന് ഉറപ്പാക്കുകയും വേണം.അതല്ലാതെ പൊളിച്ചു കളയുക എന്ന പ്രതികാരത്തില്‍ അഭിരമിക്കുന്ന സാഹചര്യങ്ങളുണ്ടാകരുത്, അത് കോടതിയായലും കൊള്ളാം പൊതുജനമായാലും കൊള്ളാം.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം