#ദിനസരികള്‍ 970 1857 ന്റെ കഥ



          സ്വന്തം മണ്ണ് കൈവശം വെയ്ക്കുന്നതില്‍ നിന്നും നാം അവരെ ചീന്തിമാറ്റിയെന്ന് ഓര്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍.സ്വന്തമായി ഭൂമി കൈവശം വെയ്ക്കാനും ക്രയവിക്രയം ചെയ്യാനും അവകാശമുള്ള ഒരു രാഷ്ട്രത്തിന്റെ മണ്ണ് കണ്ടുകെട്ടുകയും ഓര്‍‌മ്മ വെച്ച നാള്‍മുതല്‍‌ തുച്ഛമായ നികുതിയില്‍ അവരുടേതായിരുന്ന ആ മണ്ണ് നമ്മളില്‍ നിന്നും പാട്ടത്തിന് വാങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന ഒരവസ്ഥയെക്കുറിച്ച് ഓര്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍.ഒടുക്കാന്‍‌ കഴിയുന്നതിന് അപ്പുറമുള്ള നികുതിഭാരത്തെക്കുറിച്ചും പണിയായുധങ്ങള്‍ പണയം വെക്കേണ്ടതിനെക്കുറിച്ചും അവര്‍ ഓര്‍‌മ്മിക്കുന്നു. വിത്തെടുത്ത് വില്ക്കേണ്ടിവന്നതിനെക്കുറിച്ച് അവരോര്‍മ്മിക്കുന്നു.അങ്ങിനെ ബ്രിട്ടീഷ് ഗവണ്‍‌‌മെന്റ് പിടിച്ചു പറിയ്ക്കുന്ന കുടിശികയൊടുക്കാന്‍ അവര്‍ കുത്തുപാളയെടുക്കുന്നു. കൃഷി അസാധ്യമായപ്പോള്‍ അത് കൈയ്യൊഴിയേണ്ടിവന്ന സാഹചര്യം അവര്‍ ഓര്‍ക്കുന്നു.കാരണം അവര്‍ക്ക് കൃഷി ചെയ്യാന്‍ കഴിയുന്നില്ലല്ലോ.എന്നാലും കൃഷി ചെയ്യാത്ത ഭൂമിക്കും അവര്‍ നികുതി നല്കുവാന്‍ നിര്‍ന്ധിതരാകുന്ന കാര്യം അവര്‍ ഓര്‍ക്കുന്നു. സുഹൃത്തുക്കളില്‍ നിന്നും പണം കടംവാങ്ങാന്‍ കഴിയാതെ വരുമ്പോള്‍ എന്തുമാത്രം പീഢിപ്പിക്കപ്പെട്ടുവെന്ന് അവരോര്‍മ്മിക്കുന്നു. പൊരിയുന്ന വെയിലത്ത് തലകീഴായി കെട്ടിത്തൂക്കിയത് അവര്‍‌ ഓര്‍മ്മിക്കുന്നു.കാലില്‍ കല്ലുകെട്ടി തലമുടിയില്‍ കെട്ടിത്തൂക്കിയത് അവര്‍ക്ക് ഓര്‍ക്കാതിരിക്കാനാവില്ല.കൂര്‍ത്ത മരക്കൊമ്പ് നഖത്തിനടിയിലേക്ക് അടിച്ചു കയറ്റിയത് അവര്‍ വിസ്മരിക്കുകയില്ല.അച്ഛനേയും മകനേയും ഒന്നിച്ച് വരിഞ്ഞു കെട്ടി ഒരേ സമയം അടിച്ചത് മറക്കാന്‍ കഴിയുമോ? ഒരാളുടെ ദുരിതം മറ്റൊരാളുടെ വേദനയെ എത്രമാത്രം വര്‍ദ്ധിപ്പിക്കും ? സ്ത്രീകളെ ചമ്മട്ടികൊണ്ട് എങ്ങനെയാണ് പ്രഹരിച്ചത് ? അവരുടെ മാറിടത്തില്‍ തേളുകളെ നിക്ഷേപിച്ചു.അവരുടെ കണ്ണില്‍ ചുവന്ന മുളകുപൊടി വിതറി.ഇതെല്ലാം തന്നെ ഇന്ത്യക്കാര്‍ ഓര്‍ത്തുകൊണ്ടിരിക്കുന്നു
            1850 കളില്‍ , പത്തൊമ്പതാം ശതകത്തിന്റെ മധ്യകാലങ്ങളില്‍,  ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ മനുഷ്യത്വരഹിതമായ അടിച്ചമര്‍ത്തലുകളുടെ നേര്‍ച്ചിത്രമാണ് മേലുദ്ധരിച്ച ദീര്‍ഘമായ ഖണ്ഡികയിലുള്ളത്. ഈനാടിന്റെ അവകാശികളായ ജനതയോട് എത്ര കര്‍ക്കശവും മനുഷ്യത്വരഹിതവുമായിട്ടാണ് വൈദേശികാധികാരികള്‍ പെരുമാറിയതെന്നതിന്റെ നേര്‍ച്ചിത്രമാണ് ഇന്ത്യക്കാരോട് സ്നേഹനിര്‍ഭരമായ പക്ഷപാതിത്വം പുലര്‍ത്തിയ ഏണസ്റ്റ് ജോണ്‍സ് എന്ന ബ്രിട്ടീഷുകാരന്‍ രേഖപ്പെടുത്തിയതിലൂടെ വ്യക്തമാകുന്നത്. കൊളോണിയല്‍ ഭരണാധികാരികളുടെ പൈശാചികത ഏറെയും ഭൂനിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വെളിപ്പെട്ടുപോന്നത്.നാട്ടുരാജ്യങ്ങളേയും ഭൂപ്രഭുക്കന്മാരേയും തമ്മില്‍ത്തല്ലിച്ചും വിഭജിച്ചും ഭൂമിയുടെ കൈവശാവകാശം തങ്ങളുടെ കൈകളിലേക്കെത്തിക്കാന്‍ അവര്‍ കുത്സിതമായ പല മാര്‍ഗ്ഗങ്ങളും നടപ്പിലാക്കി.അവകാശികളില്ലാത്ത രാജാക്കന്മാര്‍ക്കു ശേഷം രാജ്യം തങ്ങളുടെ കൈകളിലേക്കെത്തുന്ന തരത്തിലുള്ള നിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ ആവിഷ്കരിച്ചു.കുടിയായ്മാ നിയമങ്ങളും നികുതി സംവിധാനങ്ങളും ജനതയെ എപ്രകാരമെങ്കിലും ചൂഷണം ചെയ്ത് നടപ്പിലാക്കണമെന്നതു മാത്രമായി ലക്ഷ്യം. അതോടൊപ്പംതന്നെ കൃസ്ത്യന്‍ മതത്തിലേക്കുള്ള മാറ്റത്തേയും പ്രോത്സാഹിപ്പിക്കപ്പെട്ടു.കമ്പനിയുടെ ഭരണത്തിനു കീഴില്‍ കൃസ്ത്യന്‍ മിഷണനറിമാരുടെ ചില ഉദ്യോഗസ്ഥന്മാരുടേയും ബോധപൂര്‍വ്വം മതം മാറ്റുന്നതിലേക്ക് കടന്നിരുന്നു.ഉദാഹരണമായി പല ക്ഷേത്രങ്ങളുടേയും ഭൂമിക്ക് കമ്പനി നികുതി കെട്ടിയപ്പോള്‍ ആ നികുതിയുടെ ഇനത്തില്‍ ഒരു ചെറിയ തുക തസ്ദീക്ക് എന്ന നിലയില്‍ വര്‍ഷം തോറും ക്ഷേത്രച്ചെലവിനു നല്കിയിരുന്നു.ഇത് ഒരു കൃസ്തുമത ഭരണകൂടം പാഗന്‍ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും അത് റദ്ദു ചെയ്യേണ്ടതാണെന്നും ചി മിഷനറിമാര്‍ 1850 ല്‍ കോര്‍ട്ട് ഓഫ് ഡയറക്ടര്‍‌മാര്‍ക്ക് മെമ്മോറാണ്ടം നല്കിയിരുന്നു.ഇത്തരത്തിലുള്ള പല വസ്തുതയും തങ്ങളുടെ മതവിശ്വാസം തകര്‍ക്കുവാന്‍ കമ്പനി ശ്രമിക്കുയാണെന്ന് ബോധം ഹിന്ദുക്കളിലും മുസ്ലിംങ്ങളിലും വര്‍ദ്ധിച്ചുകൊണ്ടിരുന്നു.വിദ്യാഭ്യാസ രംഗത്ത് മിഷണറിമാര്‍ ഉണ്ടാക്കിയ പാഠപുസ്തകങ്ങള്‍ ക്രിസ്തീയ സംസ്കാരത്തിനും ബൈബിളിനും നല്കുന്ന പ്രാധാന്യം കൂടുതല്‍ അപകടകരമാണെന്നും ജനത മനസ്സിലാക്കിഎന്ന് ഡോക്ടര്‍ കെ കെ എന്‍ കുറുപ്പ് 1857 ചരിത്രവും പാഠവും എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു
                                                                                      (തുടരും)

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1