#ദിനസരികള്‍ 965 “ഖണ്ഡനമാണ് വിമര്‍ശനം “




ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ വിശ്വസാഹിത്യ പഠനങ്ങള്‍ മൂന്നു ഭാഗങ്ങളായി സാമാന്യം, ഭാരതീയം, പാശ്ചാത്യം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. സാമാന്യം എന്ന ഭാഗത്ത് സാഹിത്യാദി കലകളെക്കുറിച്ച് പൊതുവേയും ഭാരതീയത്തില്‍ നമ്മുടെ പൈതൃകഭാഷാസമ്പത്തുകളേയും പാശ്ചാത്യമെന്ന ഭാഗത്തില്‍ അരിസ്റ്റോട്ടിലും ടോള്‍സ്റ്റോയിയും വോള്‍ട്ടയറും ബൈബിളിലെ പുതിയ നിയമവും ചര്‍ച്ച ചെയ്യപ്പെടുന്നു.
ഖണ്ഡനമാണ് വിമര്‍ശനം, ഭാവന എന്ന വിസ്മയം, നോവലിന്റെ ഉദയവികാസങ്ങള്‍, കവിതയുടെ മൂലഘടകങ്ങള്‍ തുടങ്ങിയ ഏറെ പ്രസിദ്ധമായ ലേഖനങ്ങളാണ് സാമാന്യം എന്ന ഭാഗത്തില്‍ ഉള്‍‌പ്പെടുത്തിയിരിക്കുന്നത്. സാഹിത്യത്തിന്റെ അടിസ്ഥാന ശിലകളെക്കുറിച്ചും അത് മനുഷ്യസമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നുമുള്ള പൊതുമായ അവബോധം സൃഷ്ടിച്ചെടുക്കാന്‍ ഈ ലേഖനങ്ങള്‍ പര്യാപ്തമാണ്.

ആഴത്തിലും പരപ്പിലുമുള്ള സത്യാന്വേഷണമാണ് ഈ ലേഖനങ്ങളിലെല്ലാം നമുക്ക് കാണാന്‍ കഴിയുക. അതോടൊപ്പം വിജ്ഞാനത്തിന്റേയും സഹൃദയത്വത്തിന്റേയും അത്യപൂര്‍വ്വമായ സമ്മേളനവും. ഭാരതീയ തത്ത്വചിന്തയും അതിനെ ആസ്വദിച്ചു വളര്‍ന്ന ഭാരതീയ കാവ്യമീമാംസയും അഴീക്കോടിന്റെ സാഹിത്യാവബോധത്തിലും ജീവിതദര്‍ശനത്തിലും ചെലുത്തിയ അഗാധമായ പ്രേരണ ഈ പ്രബന്ധങ്ങളില്‍ അന്തര്‍ദ്ധാരയായി വര്‍ത്തിക്കുന്നുവെന്ന് ആമുഖത്തില്‍ ടി എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത് ഈ ലേഖനങ്ങളെ സംബന്ധിച്ചും തികച്ചും വസ്തുതാപരമാണ്.
കവിതയുടെ മൂലഘടകങ്ങള്‍ എന്ന ലേഖനം എന്തൊക്കെയല്ല കവിത എന്ന അന്വേഷണമാണ്. കൃതികളെ കാലാതിവര്‍ത്തിയാക്കുന്ന ഘടകങ്ങളെന്ത് എന്ന ചിന്ത ആരെയാണ് ആകര്‍ഷിക്കാതിരിക്കുക? ഹോമറും ഷേക്സ്പിയറും കാളിദാസനും വാല്മീകിയും ഇന്നും വായിക്കപ്പെടുന്നുവെങ്കില്‍ അവരുടെ സൃഷ്ടികളെ പ്രോജ്വലിപ്പിച്ചു നിറുത്തുന്ന ആന്തരികമായ ശക്തിവിശേഷങ്ങളെന്തൊക്കെയായിരിക്കുമെന്ന് തിരിച്ചറിയുന്നത് വര്‍ത്തമാനകാലത്ത് സൃഷ്ടികളില്‍ ഏര്‍‌പ്പെട്ടിരിക്കുന്നവരെ ആകര്‍ഷിക്കുന്നതാണല്ലോ.
അതുകൊണ്ടായിരിക്കണം അഴീക്കോട് കവിതയുടെ മൂലഘടകങ്ങളെ കണ്ടെത്തുവാന്‍ ഉദ്യമിക്കുന്നത്. ശബ്ദവും അര്‍ത്ഥവും ഒത്തിണങ്ങി രസസ്ഫൂര്‍ത്തി ഉല്പാദിപ്പിക്കപ്പെടുന്നതിന്റെ വഴികളെ അദ്ദേഹം പാരമ്പര്യ ഭാരതീയ കാവ്യസരണികളെ മുന്‍ നിറുത്തി ഈ പ്രബന്ധത്തില്‍ വരച്ചു കാണിക്കുന്നു.
സാഹിത്യത്തിന് കവിത നാടകം നോവല്‍ എന്നിങ്ങനെ മൂന്നു മുഖങ്ങളേയുള്ളു. വേറെ വല്ല സാഹിത്യ വിഭാഗങ്ങളും ഉണ്ടെന്നു വരികില്‍ അവയെല്ലാം ഇവയുടെ ചില ഭാവദേദങ്ങളോ ചലനഭേദങ്ങളോ മാത്രമാണ് എന്നു സമ്മതിക്കേണ്ടി വരും.എന്ന് സുവ്യക്തമാക്കിക്കൊണ്ടാണ് നോവലും ജീവിതവീക്ഷണവും എന്ന പ്രൌഢമായ ഉപന്യാസം എഴുതപ്പെട്ടിരിക്കുന്നത്.
ഓരോ കാലഘട്ടത്തിലും പ്രാധാന്യം നേടിയ വിവിധങ്ങളായ ആശയപ്രകാശനോപാധികളില്‍ നോവലിന് മറ്റെന്തിനെക്കാളും പൊതുസമ്മതിയുണ്ട്. നോവലിസ്റ്റിന്റെ പ്രതിഭയ്ക്ക് രചനയുടെ ഘട്ടത്തില്‍ മറ്റു എഴുത്തുകാരെക്കാള്‍ പ്രതിബന്ധങ്ങളേയും പ്രലോഭനങ്ങളേയും നേരിടേണ്ടി വരുന്നുവെന്നുള്ളതുകൊണ്ടാണ് നോവലിസ്റ്റിന്റെ ജീവിത വീക്ഷണത്തെ പ്രത്യേകമായി വിലയിരുത്തേണ്ടി വന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ഖണ്ഡനമാണ് വിമര്‍ശനം എന്നു പ്രഖ്യാപിക്കുന്ന ഉപന്യാസമാണ് ഒരു പക്ഷേ ഈ സമാഹാരത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് തുറന്നു പറയട്ടെ. കേവലം ആസ്വാദനക്കുറിപ്പുകളായി ഒതുങ്ങിപ്പോകുന്നതായിരിക്കരുത് കൃതികളെക്കുറിച്ചുള്ള വിലയിരുത്തലുകളെന്നാണ് ഈ ലേഖനം ചിന്തിക്കുന്നത്.
ആഴത്തിലുള്ള പരിശോധനക്കു ശേഷം കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ നിഷ്കരുണം തള്ളാനുമുള്ള സാമര്‍ത്ഥ്യം നമ്മുടെ വിമര്‍ശകര്‍‌ കൈവരിക്കേണ്ടതുണ്ട് എന്ന അഭിപ്രായം ഇക്കാലത്ത് ഏറെ പ്രസക്തമാണ്. നല്ലതു മാത്രം പറഞ്ഞു പോകാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ ഒരു യഥാര്‍ത്ഥ വിമര്‍ശകന്‍ അതിനപ്പുറവും കടന്നു പോകുന്നു.
കൃതിയുടെ ഉള്ളിലെ മുത്തും പവിഴവും കണ്ടെത്തി ലോകത്തോടു വിളിച്ചു പറയുന്നു. എന്നാല്‍ പുറമേ നിറംപൂശി ഭംഗിയാക്കിയിരിക്കുന്നവയുടെ ഉള്ളില്‍ പാഷാണങ്ങളാണെങ്കില്‍ അതും ജനത്തെ അറിയിക്കുക എന്നതാണ് അല്ലാതെ പുറംകാഴ്ച കണ്ട് മയങ്ങിപ്പോകുക എന്നതല്ല വിമര്‍ശകന്റെ കടമ എന്ന് ഈ ലേഖനം അടിവരയിടുന്നു. വിമർശകൻ ശക്തിദൌര്‍ബല്യങ്ങള്‍ വെളിപ്പെടുന്നത് ഖണ്ഡന വിമര്‍ശനങ്ങളിലാണ്.
അന്യം നിന്നു പോയ ബലവത്തായ ഒരു ശാഖയെ സാക്ഷ്യപ്പെടുത്തുന്നവയാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനവുമെന്നതാണ് വസ്തുത.ഒരു സാഹിത്യ വിദ്യാര്‍ത്ഥിക്കും പരിണതപ്രജ്ഞനായ ഒരു നിരൂപകനും ഒരു പോലെ വഴികാട്ടിയാകുന്നുവെന്നതാണ് വിശ്വസാഹിത്യപഠനങ്ങളെ കൂടുതല്‍ പ്രസക്തമാക്കുന്നത്.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1