#ദിനസരികള്‍ 961 ദൈവം ജനിക്കുന്നു !
ഒരു
പാതിരാവില്‍ വിശാലമായ മൈതാനത്ത് മലര്‍ന്നു കിടന്ന് ആകാശത്തിലേക്ക് നോക്കുക. എത്രയോ നക്ഷത്രങ്ങള്‍!
എണ്ണിയാല്‍ തീരാത്തത്ര !
നോക്കി നോക്കിയിരിക്കവേ അവയില്‍ ചിലതെല്ലാം ചലിക്കാന്‍
തുടങ്ങുന്നതായി തോന്നുന്നു. ചില കൊള്ളിയാന്‍പരലുകള്‍ എവിടെക്കെന്നില്ലാതെ
പാഞ്ഞെരിഞ്ഞു തീരുന്നു. ചിലതെല്ലാം തെളിഞ്ഞു മിന്നിയും ചിലതെല്ലാം മയങ്ങി മങ്ങിയും
നമ്മുടെ കാഴ്ചവട്ടങ്ങളെ വിസ്മയപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ഒന്നിലും
തൊട്ടുനില്ക്കാതെ വെറുതെ ശൂന്യതയില്‍ തങ്ങി നില്ക്കുന്ന അവ ആരെയാണ്
അത്ഭുതപ്പെടുത്താതിരിക്കുക ?
ആരാണ് ഇതൊക്കെയും ഇങ്ങനെ വിതാനിച്ചു നിറുത്തിയത് ? ഏതൊരു കരങ്ങളാണ് അവാച്യസുന്ദരമായ ഈ
തോജോഗോളങ്ങളെ ആകാശത്ത് ഉയര്‍ത്തി നിര്‍ത്തുന്നത് ? എല്ലാം അത്ഭുതം തന്നെ ! അനന്തമജ്ഞാതമവര്‍ണനീയം
എന്നാണ് കവി ആ അത്ഭുതത്തെ അടയാളപ്പെടുത്തിയത്.സാമാന്യഭാഷക്ക് വിശദീകരിക്കാന്‍
കഴിയുന്നതിനുമപ്പുറം ചിലതെല്ലാം ഇവിടെ നിലകൊള്ളുന്നുവെന്നും അതിന്റെയെല്ലാം
രഹസ്യങ്ങളെ കണ്ടെത്തുക അസാധ്യമായിരിക്കുമെന്നുമാണല്ലോ ആ പ്രയോഗം സൂചിപ്പിക്കുന്നത്
?
ഇനി ആകാശത്തു നിന്നും കണ്ണെടുക്കുക. പകല്‍ വെളിച്ചത്തില്‍
ഭൌമഭംഗികളിലേക്ക് കണ്ണോടിക്കുക!
അവിടേയും അത്ഭുതം തന്നെ ! ആയിരമായിരം ജീവികള്‍ ! പല
നിറങ്ങളില്‍ പല രൂപങ്ങളില്‍ !
കൂടിക്കലര്‍ന്ന് കൂടിക്കലര്‍ന്ന് നാനാജാതി സസ്യലതാദികള്‍! പുഴകള്‍
നദികള്‍, പൂങ്കാവനങ്ങള്‍.ഇനിയുമെന്തൊക്കെ എന്തൊക്കെ ? ഒരു
പുല്‍ക്കൊടിത്തുമ്പുമുതല്‍ മഹാകാശത്തിലെ നക്ഷത്രജാലങ്ങള്‍ വരെയുള്ള വിസ്മയങ്ങള്‍ ! ആരേയും
സ്തബ്ദരാക്കുന്നവ!
എല്ലാം അനന്തമജ്ഞാതം തന്നെ !
ഒന്നിനെക്കുറിച്ചും സുവ്യക്തമായി ഒന്നും പറയാനാകാത്തവന്റെ
വേവലാതി. ആകെ അത്ഭുതപ്പെടുക എന്നല്ലാതെ മറ്റൊന്നും തന്നെ ചെയ്യാനില്ലാത്ത
അവസ്ഥ.അത്ഭുതപ്പെടുക , വീണ്ടും വീണ്ടും അത്ഭുതപ്പെടുക !
ഇങ്ങനെ
അത്ഭുതപ്പെട്ടു നില്ക്കുന്ന സമയത്തായിരിക്കും മരണം ഒരു അസംബന്ധമായി കയറി വരിക.
കണ്ട കാഴ്ചകളിലേയും കാണാനിരിക്കുന്ന കാഴ്ചകളിലേയും വിസ്മയങ്ങളില്‍ നിന്നും നാം
മുക്തരായിട്ടുണ്ടാകില്ല.ഇവിടെ നിന്നൊരു യാത്ര എന്നു ചിന്തിക്കാന്‍ പോലും
തുടങ്ങിയിട്ടുണ്ടാവില്ല. അപ്പോഴേക്കും പക്ഷേ ഒരു വഴിവിളക്കുപോലുമില്ലാതെ അസമയത്ത്
കയറി വന്ന “രംഗബോധമില്ലാത്തെ
കോമാളി”
നമ്മുടെ കരം പിടിച്ചിട്ടുണ്ടാകും.
ഇരുള്‍ക്കരിക്കട്ടകള്‍
കൂട്ടിയിട്ട
തിടിച്ചു വൈരപ്പൊടി ചിന്നിടും നീ
മഹത്വമേ മൃത്യുവില്‍ നിന്നെനിയ്ക്കെ
ന്നനശ്വരത്വത്തെയെടുത്തു കാട്ടും ? എന്ന്
അപ്പോള്‍ നാം വേവലാതിപ്പെട്ടുപോകും.
ഈ വേവലാതിയും വിഷാദവുമാണ് മറ്റു ചില സ്വപ്നങ്ങളെ
പ്രത്യാനയിച്ചുകൊണ്ടുവരുന്നത്.അത് മരണാനന്തരങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയാണ്.
ഇവിടെ നിന്നും ജീവിച്ചു മരിച്ചാല്‍ ഇനിയും കാത്തിരിക്കുന്ന മറ്റൊരു
ലോകത്തെക്കുറിച്ചുള്ള മറ്റൊരു വിസ്മയം. ഇന്നാട്ടിലേതിനെക്കാള്‍ മധുരമനോഹരമാണ്
അന്നാട്ടിലെ വിശേഷങ്ങള്‍ എന്നു നാം ഉറപ്പിക്കുന്നു. അങ്ങനെയാണ് പാലും തേനും
ഒഴുകുന്ന അരുവികള്‍ എന്ന സങ്കല്പം ഉണ്ടായി വന്നത്. അങ്ങനെയാണ് വാര്‍ദ്ധക്യം
ബാധിക്കാത്ത ശരീരമെന്ന അവസ്ഥയെ നാം പകരം വെച്ചത്.അതൊക്കെ പരലോകത്തിലെ പ്രലോഭനങ്ങളായിരുന്നു.
അത്തരം മഹനീയതകളെ നമുക്ക് ലഭിക്കണമെങ്കില്‍ ഇവിടെ, നാം കാണുകയും അറിയുകയും
അനുഭവിക്കുകയും ചെയ്യുന്ന ഈ ലോകത്ത്, ചില നിയമങ്ങള്‍ അനുസരിക്കണമായിരുന്നു.ചില
വിശ്വാസങ്ങളെ കൂടെ കൊണ്ടു നടക്കണമായിരുന്നു.
പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടായതും അയാളുടെ പേരില്‍ ചില
നിയമങ്ങളുണ്ടായതും അങ്ങനെയാണ്.അങ്ങനെയാണ് മരണമുണ്ടായിരുന്നില്ലെങ്കില്‍
ദൈവമുണ്ടാകുമായിരുന്നില്ലെന്ന സത്യം വെളിപ്പെട്ടു വന്നത്.
Comments