#ദിനസരികള്‍ 959 അടിമ ഗര്‍ജ്ജനങ്ങള്‍



          ഒരു കാലത്ത് ഈ നാട്ടില്‍ അടിമകളായി ജീവിച്ചു പോന്ന ഒരു വംശം ക്രമേണ തങ്ങളുടെ ആത്മാഭിമാനം വീണ്ടെടുക്കുകയും മറ്റു മനുഷ്യരോടൊപ്പംതന്നെ തുല്യരാണ് തങ്ങളെന്ന് തിരിച്ചറിയുകയും ചെയ്തതിന്റെ ഒരു ഹ്രസ്വചരിത്രമാണ് തെക്കുംഭാഗം മോഹന്‍ അടിമഗര്‍ജ്ജനങ്ങള്‍ എന്ന പുസ്തകത്തിലൂടെ പ്രതിപാദിക്കുവാന്‍ ശ്രമിക്കുന്നത്. ആ ചരിത്രം പക്ഷേ , രേഖീയമായ ഒരു മുന്നേറ്റമായിട്ടല്ല മറിച്ച് വിവിധ കാലങ്ങളില്‍ ജീവിച്ചിരുന്ന ജനനായകരായ ഒരു പറ്റം മനുഷ്യസ്നേഹികള്‍ നടത്തിയ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളുടെ ചുവടു പിടിച്ചാണ് ഇവിടെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതാകട്ടെ ചാന്നാര്‍ ലഹള മുതല്‍  പൊയ്കയില്‍ യോഹന്നാന്‍വരെയുള്ള വിശാലമായ ഒരു കാലഘട്ടത്തെ വരച്ചിടുന്നു.1993 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് 2010 ല്‍ നാഷണല്‍ ബുക്ക് സ്റ്റാള്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്തമായി കുറച്ചു കൂടി വിപുലപ്പെടുത്തുകയും വസ്തുതകളെ ഉള്‍‌ക്കൊള്ളിക്കുകയും ചെയ്തതാണ് എന്‍ ബി എസ് പതിപ്പ് എന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു.
          കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങള്‍ ആരംഭിച്ച പതിനെട്ടാംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ തന്നെയാണ് ചാന്നാര്‍ സമരവും നടന്നത്. പൊതുവേ താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല.എന്നാല്‍ കൃസ്തുമതം സ്വീകരിച്ചവരെ സവര്‍ണ സ്ത്രീകള്‍ ധരിക്കുന്നതുപോലെയുള്ള റൌക്കയും മേല്‍മുണ്ടും ധരിപ്പിച്ചുകൊണ്ടാണ് മിഷണറിമാര്‍ സ്വീകരിച്ചത്. അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച സവര്‍ണര്‍ അവരേയും മാറുമറയ്ക്കുന്നതില്‍ നിന്നും വിലക്കിക്കാന്‍ ശ്രമിച്ചതാണ് ലഹളയ്ക്ക് തുടക്കം കുറിച്ചത്. വിദ്യാലയങ്ങളേയും ആരാധനാലയങ്ങളേയും അഗ്നിക്കിരയാക്കിക്കൊണ്ടു പടര്‍ന്നു പിടിച്ച പ്രസ്തുത കലാപം മേല്‍മുണ്ട് ധരിക്കുവാനും നിശ്ചയിക്കപ്പെട്ടിരിക്കുന്ന ആഭരണങ്ങളല്ലാതെ മറ്റൊന്നും അണിയാനും അനുവദിക്കില്ല എന്ന വിളംബരത്തോടെയാണ് താല്കാലികമായി ശമിച്ചത്.ഈ കലാപത്തിന്റെ രണ്ടാംഭാഗമായിട്ടാണ് തിരുവല്ലം ശാസനം പുറപ്പെട്ടുപോന്നത്. പ്രസ്തുത ശാസനമനുസരിച്ച് ജാതിമാറിയാലും പുലയന്‍ പുലയനായിരിക്കുമെന്നും ഹിന്ദുമതത്തില്‍ അവനുണ്ടായിരുന്ന വിലക്കുകള്‍ പാലിക്കപ്പെടാന്‍ നിര്‍ബന്ധിതമാണെന്നുമാണ് തിരുവല്ല ശാസനത്തിന്റെ ആകെത്തുക.ജാതിമാറിയാലും രക്ഷയില്ലെന്ന അവസ്ഥയിലായിരുന്നു അന്നത്തേയും സ്ഥിതി.എന്നാല്‍ മതംമാറിയവരോടൊപ്പം മാറാത്തവരും റൌക്കയും മേല്‍മുണ്ടും അണിയാനുള്ള സമരത്തില്‍ പങ്കുചേര്‍ന്നതോടെ കാര്യങ്ങള്‍ കുറേക്കൂടി തീക്ഷ്ണമായി.അവസാനം അവകാശം സ്ഥാപിച്ചുകൊടുക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലാതായ ഘട്ടത്തിലാണ് ഒരു വിളംബരത്തിലൂടെ ഉയര്‍ന്ന ജാതിക്കാരെപ്പോലെയാകരുതെന്ന നിര്‍‌ദ്ദേശത്തോടെ മാറുമറയ്ക്കാനുള്ള അവകാശം ഹിന്ദു കൃസ്ത്യന്‍ ചാന്നാര്‍ സമുദായത്തിന് ലഭ്യമായത്. സിവിസ്തരം തന്നെ തെക്കുംഭാഗം മോഹന്‍ ഈ ചരിത്രത്തിലെ ഈ വീരേതിഹാസം രേഖപ്പെടുത്തുന്നു.
അരികുവത്കരിച്ച് നാം മാറ്റി നിറുത്തിയ ആറാട്ടുപഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്ന ലേഖനം സരസമായി എഴുതപ്പെട്ടിരിക്കുന്നു.ചട്ടമ്പിസ്വാമികള്‍ , ശ്രീനാരായണന്‍ , അയ്യന്‍കാളി എന്നിവരൊപ്പംതന്നെ പ്രാധാന്യം സിദ്ധിക്കേണ്ട വേലായുധപ്പണിക്കരെ പക്ഷേ നാം വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്ന ആക്ഷേപത്തില്‍ കഴമ്പുണ്ട്. അധസ്ഥിതര്‍ക്കുവേണ്ടി നാരായണ ഗുരുവിനു മുമ്പേ  ക്ഷേത്രം പണിതയാളാണ് പണിക്കര്‍ എന്ന വസ്തുത നാം വിസ്മരിച്ചു.എന്തോ ചില പക്ഷപാതങ്ങള്‍ ചരിത്രത്തിലെ വസ്തുതകളെ കണ്ടില്ലെന്ന് നടിക്കാന്‍ നമ്മെ പ്രേരിപ്പിച്ചു.നാരായണ ഗുരുവിനും മുമ്പേ മിശ്രവിവാഹത്തിനും അവര്‍ണരുടെ കഥകളി യോഗമുണ്ടാക്കുവാനുമൊക്കെ മുന്‍‌കൈയ്യെടുത്ത പണിക്കരുടെ ജീവിതത്തിന്റെ പ്രധാന ഏടുകളാണ് ഈ ലേഖനത്തില്‍ വിസ്തരിക്കപ്പെടുന്നത്. ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ അപമൃത്യു വരിക്കുമ്പോള്‍ നാരായണ ഗുരുവിന് വയസ്സ് പതിനെട്ട്. ചട്ടമ്പി സ്വാമികള്‍ക്ക് വയസ്സ് ഇരുപത്തിയൊന്ന്.അയ്യന്‍ കാളിക്ക് വയസ്സ് പതിനൊന്നും.എന്നിട്ടും ചരിത്രകാരന്മാര്‍ പുരോഗമന ആശയങ്ങളുടെ പിതൃത്വം ഇവര്‍ക്ക് തുല്യം ചാര്‍ത്തുന്നു.അതിന്റെ മര്യാദയാണ് ഇന്നാട്ടിലെ സാഹിത്യ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തേണ്ടത് എന്ന് അല്പം ചൊടിച്ചു കൊണ്ടുതന്നെ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നത് സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്.
ചരിത്ര സംഭവങ്ങളെ രേഖപ്പെടുത്തുന്നതിലും ബോധപൂര്‍വ്വമായ ഒരുതരം ഉദാസീനതയോ പക്ഷപാതമോ നമ്മുടെ ചരിത്രകാരന്മാരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന് പലയിടത്തായി ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.ഒരു ചരിത്രഗ്രന്ഥത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എഴുതപ്പെട്ട ആഢ്യഗ്രന്ഥങ്ങളുടെ പട്ടികയിലേക്ക് തെക്കുംഭാഗം മോഹന്റെ ഈ ശ്രമം ചെന്നു ചേരില്ലെങ്കിലും രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുഞ്ഞിന്റെ സത്യാവബോധം ഈ പുസ്തകത്തിലുടനീളം നിഴലിച്ചു നില്ക്കുന്നതു കാണാം. അതുകൊണ്ടുതന്നെയാണ് പാരായണക്ഷമത തുലോം കുറവായ രീതിയില്‍ എഴുതപ്പെട്ടതായിട്ടുപോലും ഈ പുസ്തകം മുഴുവനായിത്തന്നെ നമ്മെ വായിച്ചു തീര്‍ക്കാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്നത്.


         


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം