#ദിനസരികള്‍ 913 അയോധ്യ – നടപ്പാക്കേണ്ടത് നീതി.



            ഹിന്ദുതീവ്രവാദികള്‍ 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രിംകോടതിയില്‍ നിന്നും അന്തിമവിധി വരാന്‍ ഇനി അധികം ദിവസമില്ല. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാബെഞ്ചിനു മുന്നില്‍ കേസിലെ കക്ഷികളായവരെല്ലാം തന്നെ തങ്ങളുടേതായ വാദങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം, തുടര്‍ച്ചയായി നാല്പതു ദിവസമാണ് കോടതി വാദം കേട്ടത്. വിധി വരുന്നതോടെ മസ്ജിദ് തകര്‍ക്കപ്പെട്ട അന്നുമുതല്‍ തുടരുന്ന കേസുകള്‍ക്കും മറ്റു തര്‍ക്കങ്ങള്‍ക്കും അതോടെ അവസാനമാകുമെന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
1947 ലെ വിഭജനത്തില്‍ ഇന്ത്യയെ വെട്ടിമുറിച്ചത് ശാരീരികമായിട്ടായിരുന്നുവെങ്കില്‍ 1992 ല്‍ പള്ളി തകര്‍‌ത്തെറിഞ്ഞതോടെ ഇന്ത്യ എന്ന ആശയത്തെയാണ് ഇനിയൊരിക്കലും യോജിക്കാത്ത വിധത്തില്‍ രണ്ടായി വെട്ടിപ്പിളര്‍ന്നത്.പതിനാറാം നൂറ്റാണ്ടിയില്‍ , കൃത്യമായി പറഞ്ഞാല്‍ 1528 കാലഘട്ടത്തില്‍ ഒരു ക്ഷേത്രം തകര്‍ത്തുകൊണ്ടാണ് ഈ പള്ളി നിര്‍മ്മിക്കപ്പെട്ടതെന്ന അടിസ്ഥാനരഹിതമായ അവകാശവാദത്തിന്റെ പിന്‍ബലത്തിലാണ് ഏകദേശം ഒന്നര നൂറ്റാണ്ടുകാലമായി തുടരുന്ന തര്‍ക്കം നിലനിന്നു പോരുന്നത്.ഈ തര്‍ക്കത്തെ തെറ്റായ റിപ്പോര്‍ട്ടുകള്‍ നല്കിയും ആവശ്യത്തിനു ഉപയോഗിച്ചും സജീവമായി നിലനിറുത്തിപ്പോന്നത് ബ്രിട്ടീഷുകാരായിരുന്നു. ജനത്തെ തമ്മില്‍ തല്ലിച്ചും വിഭജിച്ചും ഭരിച്ചു പോന്ന അവര്‍ക്ക് അയോധ്യയും അത്തരത്തിലുള്ള ഒരുപകരണം മാത്രമായിരുന്നു.എന്നാല്‍ 1949 ഡിസംബര്‍ ഇരുപത്തിരണ്ടിന് പള്ളിക്കുള്ളില്‍ നിന്നും വിഗ്രഹം കണ്ടെത്തി എന്ന വാര്‍ത്ത പരന്നു. ( ആരുംകാണാതെ വളരെ രഹസ്യമായി പള്ളിയുടെ ഉള്ളിലെത്തിച്ച ഈ വിഗ്രഹം സരയുവിലെറിയണമെന്നാണ് വിവരമറിഞ്ഞപ്പോള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്രു  പ്രതികരിച്ചത്. ) എന്തായാലും വിഗ്രഹം നീക്കം ചെയ്യണമെന്ന് നെഹ്രു ആവശ്യപ്പെട്ടത് ഉത്തര്‍‌പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്ത് നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. വിഗ്രഹത്തെ മുന്‍നിറുത്തി ക്രമേണ അയോധ്യയെക്കുറിച്ചുള്ള സംഘപരിവാരത്തിന്റെ അവകാശത്തിന് അധികാരപ്രയോഗത്തിന്റെ സ്വഭാവം വന്നു. 1980 കളില്‍ ക്ഷേത്രം തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വി എച്ചി പിയും മറ്റും വലിയ സമരങ്ങള്‍ നടത്തി. 1985 ല്‍ ഷബാനു കേസ് വിധിയ്ക്കെതിരെ രാജീവ് ഗാന്ധി സ്വീകരിച്ച നടപടികള്‍ മുസ്ലിംപ്രീണനത്തിന്റേതാണെന്ന വാദം ശക്തമായി ഉയര്‍ന്നു വന്നപ്പോഴാണ് ബാബറി മസ്ജിദ് തുറന്നുകൊടുത്തുകൊണ്ട് ഹിന്ദുതീവ്രവാദികളുടെ വായടപ്പിക്കാനുള്ള ശ്രമം രാജീവ് ഗാന്ധി നടത്തിയത്. അതോടെ അയോധ്യ ഹിന്ദുത്വവാദികളുടെ കൈയ്യിലെ ഒരു രാഷ്ട്രീയോപകരണമായി മാറി. ഇന്ത്യയുടെ അധികാരം പിടിക്കുക എന്ന ഉദ്ദേശത്തോടെ അയോധ്യയെ മുന്‍നിറുത്തി ഹൈന്ദവ ഏകീകരണം നടത്താനുള്ള സംഘപരിവാരത്തിന്റെ ശ്രമം ബലപ്പെട്ടു. അതിന്റെയൊക്കെ ഫലമായി ഹൈന്ദവഫാസിസ്റ്റുകള്‍ അധികാരത്തിലേക്കെത്തി.
കൈയ്യൂക്കുകൊണ്ട് ഹിന്ദുത്വവാദികള്‍ വെട്ടിപ്പിടിച്ച അയോധ്യയില്‍ ഇനി നടക്കേണ്ടത് നിയമവാഴ്ചയാണ്. മുസ്ലീങ്ങളുടെ ആരാധനാലയം അവര്‍ക്കുതന്നെ തിരിച്ചുകൊടുക്കുക എന്നതാണ് ഒരേയൊരു പോംവഴി.അതിനപ്പുറമുള്ള ഏതൊരു നീക്കവും ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തിന് അപമാനമുണ്ടാക്കുന്നതായിരിക്കുമെന്ന കാര്യത്തില്‍ സംശയില്ല.എന്നുമാത്രവുമല്ല ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ മുസ്ലീങ്ങലുടെ മനസ്സിലുണ്ടായ അരക്ഷിതാവസ്ഥ മാറ്റിയെടുക്കാനും നീതിന്യായ സംവിധാനങ്ങളില്‍ വിശ്വാസമുണ്ടാക്കുവാനും അത്തരമൊരു നീക്കത്തിനു മാത്രമേ കഴിയുകയുള്ളു. അതല്ലെങ്കില്‍ ഇന്ത്യ തങ്ങള്‍ക്ക് അന്യമായ ഒരു രാജ്യമാണെന്ന ചിന്ത അവരിലുണ്ടാക്കുകയും നമ്മുടെ സാമൂഹിക രാഷ്ട്രീയാന്തരീക്ഷങ്ങളെ എക്കാലത്തും കലുഷമാക്കിക്കൊണ്ടേയിരിക്കുകയും ചെയ്യും.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1