#ദിനസരികള്‍ 910 - പ്രിയപ്പെട്ട സുഹൃത്തിന് അന്ത്യാഭിവാദ്യങ്ങള്‍
എനിക്ക് ഏറെക്കാലമായി
പരിചയമുണ്ടായിരുന്ന പ്രിയപ്പെട്ട സഖാവായിരുന്നു ഇന്ന് രാവിലെ കാട്ടാനയുടെ
ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ സി മണി. കേവലം നാല്പത്തിനാലു വയസ്സു മാത്രം
പ്രായമുണ്ടായിരുന്ന അദ്ദേഹം തിരുനെല്ലിയിലെ ആക്കൊല്ലി എസ്റ്റേറ്റില്‍ നൈറ്റ് വാച്ചറായിരുന്നു.
രാവിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആനയുടെ മുമ്പില്‍ പെടുകയായിരുന്നു. ഇരുട്ടും
കൂടെ മൂടല്‍ മഞ്ഞും കൂടിയായപ്പോള്‍ ആന അടുത്തുള്ളത് അദ്ദേഹത്തിന് തിരിച്ചറിയാന്‍
കഴിഞ്ഞിട്ടുണ്ടാവില്ല. വീട്ടിലേക്കെത്താന്‍ പതിവിലും ഏറെ താമസിക്കുന്നതു കൊണ്ട്
അന്വേഷിച്ചിറങ്ങിയ നാട്ടുകാരാണ് അവശ നിലയിലായ അദ്ദേഹത്തെ കണ്ടെത്തുന്നത്. ഉടനെ
അപ്പപ്പാറ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം വയനാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു
പോയെങ്കിലും മരണപ്പെടുകയായിരുന്നു. ഏറെ ജനകീയനായ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഞങ്ങളെയെല്ലാം
അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ചിരുന്നു. മോര്‍ച്ചറിയില്‍ പ്രിയ സഖാവിനെ
കാണാനെത്തിയവരെല്ലാം തന്നെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് മടങ്ങിപ്പോയത്. തികച്ചും
സാധാരണക്കാരനായ സഖാവ് മണി , ജനങ്ങളുമായി എത്രമാത്രം ആഴത്തിലുള്ള ബന്ധമാണ്
സൂക്ഷിച്ചിരുന്നതെന്ന് ആ കാഴ്ച കാണുന്നവര്‍ക്ക് ബോധ്യമാകും. സി പി ഐ എം തിരുനെല്ലി
ലോക്കല്‍ കമ്മറ്റിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന സഖാവ് മണി, നിലവില്‍ അപ്പപ്പാറ
ക്ഷീരസംഘം പ്രസിഡണ്ടാണ്.
തലേദിവസം രാത്രി മണി ആക്രമിക്കപ്പെട്ട
ജനവാസപ്രദേശങ്ങളില്‍ ആനക്കൂട്ടങ്ങളെ കണ്ടതാണെന്നും എന്നാല്‍ വനപാലകരെ പല തവണ
വിളിച്ചറിയിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
എന്നു മാത്രവുമല്ല നാട്ടുകാരുടെ വിളിയില്‍ നിന്നും രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥര്‍
മൊബൈല്‍ ഫോണ്‍ ഓഫാക്കി വെക്കാറുമുണ്ടത്രേ ! ഇന്നലേയും
മൊബൈല്‍ ഓഫായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വിളിച്ചറിയിച്ച
സമയത്ത് വനപാലകരെത്തി ആനക്കൂട്ടത്തെ തുരത്താനുള്ള നടപടികള്‍
സ്വീകരിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട തങ്ങളുടെ കുടുംബത്തിലെ
ഒരുവനെ നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സഖാവ് മണിയുടെ
തന്നെ നേതൃത്വത്തില്‍ വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് നിരവധിയായ സമരങ്ങള്‍ നടന്നിട്ടുമുണ്ട്. എന്തായാലും
നീണ്ടകാലങ്ങളായി തിരുനെല്ലിയിലെ ഉള്‍പ്രദേശങ്ങളില്‍ ജീവിച്ചു പോകുന്ന
സാധാരണക്കാരായ നാട്ടുകാര്‍ക്ക് ഏതു സമയത്തും ജീവനും സ്വത്തും നഷ്ടപ്പെടാമെന്ന
അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ തിരുനെല്ലിയിലെ വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം
കാണണമെന്ന ആവശ്യത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഉദ്യോഗസ്ഥന്മാരുടെ നിരുത്തരവാദപരമായ
നടപടിക്രമങ്ങളാണ് സത്യത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
എന്തെങ്കിലും അപകടം വരുമ്പോള്‍ താല്കാലിക സമാശ്വാസവുമായി എത്തുന്ന അവരുടെ
ഇരട്ടത്താപ്പ് തിരുനെല്ലിയില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്
ഉണ്ടാക്കിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാന്‍
പ്രദേശവാസികള്‍ക്ക് കഴിയാറില്ല. കഴിഞ്ഞ പത്തു മുപ്പതു കൊല്ലത്തിനിടെ
ആയിരക്കണക്കിന് ഏക്കര്‍ സ്ഥലങ്ങളിലെ കൃഷി നശിപ്പിക്കപ്പെട്ടു. ഏകദേശം നൂറോളം
ആളുകള്‍ കൊല്ലപ്പെട്ടു. വീടുകള്‍ നശിപ്പിക്കപ്പെട്ടു. അതോടൊപ്പം
കടുവയുടേയും പുലിയുടേയുമൊക്കെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന വളര്‍ത്തു മൃഗങ്ങളുടെ
നഷ്ടംകൂടിയാകുമ്പോള്‍ നാട്ടുകാര്‍ എന്തുചെയ്യണമെന്നറിയാത്ത അങ്കലാപ്പിലാണ്.
തുച്ഛമായ സഹായമാണ് വനംവകുപ്പ് നഷം സംഭവിച്ചവര്‍ക്ക് വെച്ചു നീട്ടുന്നത്. ഒട്ടം
പര്യാപ്തമല്ലാത്ത അത്തരം പ്രഹസനങ്ങളില്‍ ജനം അതൃപ്തരുമാണ്.
നാല്പതു
ശതമാനത്തോളം ആദിവാസികളുള്ള തിരുനെല്ലി പഞ്ചായത്തിലെ ഇത്തരം പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ
ഒരു പരിഹാരം കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്.
കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങള്‍ കടന്നെത്താത്ത വിധത്തില്‍ വൈദ്യുതി വേലി കെട്ടി തിരിക്കണമെന്ന
ആവശ്യം അത്തരത്തിലൊന്നാണ്.മതിയായ നഷ്ടപരിഹാരം നല്കണമെന്നും കൊല്ലപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് ജോലി നല്കണമെന്നുമാണ് മറ്റൊരാവശ്യം. മാത്രവുമല്ല വന്‍കിടക്കാരുടെ
വനംകൊള്ളക്ക് കൂട്ടുനിന്നുകൊണ്ട് വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രങ്ങളെ
നശിപ്പിക്കുകയാണ് വകുപ്പ് ചെയ്യുന്നതെന്ന ആക്ഷേപവുമുണ്ട്. അങ്ങനെ നശിപ്പിക്കുന്ന
വനത്തില്‍ നിന്നും ആഹാരമൊന്നും കിട്ടാതാകുന്നതോടെ വന്യമൃഗങ്ങള്‍ സ്വാഭാവികമായും
ജനവാസപ്രദേശങ്ങളിലേക്ക് എത്തുന്നുവെന്നാണ് പലരും വാദിക്കുന്നത്. ഈയടുത്ത ദിവസം
തിരുനെല്ലിക്കു സമീപമുള്ള കൈതക്കൊല്ലി എന്ന പ്രദേശത്തെ സ്വാഭാവിക വനം വെട്ടിമാറ്റി
തേക്കു നടാനുള്ള വനംവകുപ്പിന്റെ തീരുമാനമെടുത്തതിനെതിരെ നാട്ടുകാര്‍
പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
തിരുനെല്ലിയിലെ
ജനത വനത്തിനോ അതില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കോ ഒരു കാലത്തും എതിരല്ലെന്നു
മാത്രമല്ല, പ്രകൃതിയോടൊപ്പം കഴിയുന്നത്ര ഇണങ്ങിപ്പോകുന്ന ഒരു ജീവിത രീതി അനുവര്‍ത്തിക്കുന്നവരുമാണ്
അവര്‍.അതുകൊണ്ട് കാട് നശിപ്പിക്കണമെന്നോ വന്യമൃഗങ്ങളെ കൊന്നു തീര്‍ക്കണമെന്നോ അവര്‍ക്ക്
അഭിപ്രായമില്ല, മറിച്ച് മനുഷ്യനുള്ള വിശേഷ ബുദ്ധി ഉപയോഗിച്ചുകൊണ്ട് മൃഗങ്ങളുടെ
ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കണമെന്ന് മാത്രമാണ്
ആവശ്യപ്പെടുന്നത്. സാങ്കേതികമായ തടസ്സവാദങ്ങളുന്നയിക്കുന്നവരല്ല, മറിച്ച വനം
വകുപ്പില്‍ മനുഷ്യപ്പറ്റുള്ള , ജനങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങളെക്കുറിച്ച്
ബോധ്യമുള്ള ഉദ്യോഗസ്ഥന്മാരുണ്ടെങ്കില്‍ അവര്‍ വേണം തിരുനെല്ലിയിലെ
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുന്നിട്ടിറങ്ങേണ്ടതെന്നാണ് പ്രദേശവാസികള്‍ ആഗ്രഹിക്കുന്നത്.
ഇനിയെങ്കിലും അധികാരികള്‍ അത്തരമൊരു സമീപനം സ്വീകരിക്കണം.പ്രദേശവാസികളുടെ
ക്ഷമയെ ഏറെ പരീക്ഷിക്കുന്നത് ശരിയായ നടപടിയായിരിക്കില്ല.
വിടപറഞ്ഞ
പ്രിയ സുഹൃത്തിന് അന്ത്യാഭിവാദ്യങ്ങള്‍ .
Comments