#ദിനസരികള്‍ 898 -സ്കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ ഒന്നാമതായി കേരളം



രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്ന സ്കൂള്‍ വിദ്യാഭ്യാസ സൂചികയില്‍ (The School Education Quality Index (SEQI) ) കേരളം വീണ്ടും ഒന്നാമതെത്തിയിരിക്കുന്നു. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടിനെക്കാള്‍ പത്തുപോയന്റ് കൂടുതല്‍ നേടിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.കഴിഞ്ഞ കൊല്ലത്തെ സൂചികയിലും കേരളവും തമിഴ്നാടും തന്നെയായിരുന്നു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്.ഉത്തര്‍പ്രദേശും ബീഹാറും മധ്യപ്രദേശും ഝാര്‍ഖണ്ടും തെലുങ്കാനയും കര്‍ണാടകയുമെല്ലാം കേരളത്തെക്കാള്‍ എത്രയോ പിന്നിലാണ്.നീതി ആയോഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതി നിരവധിയായ മാനകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനതലത്തില്‍ നിലവാര പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്.  സൂചികയിലെ ഈ മുന്നേറ്റം മൂന്നുവർഷമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നേട്ടംതന്നെയാണ് എന്ന് വ്യക്തമാകുന്നത് പഠനത്തിന് ആധാരമാക്കിയ മുൻവർഷം നോക്കുമ്പോഴാണ്. 2015–-16 അടിസ്ഥാന വർഷമായി പരിഗണിച്ചുകൊണ്ടാണ് പഠനം. അതായത്  2015–-16 നെ അപേക്ഷിച്ച് എത്ര പുരോഗതി ഉണ്ടായി എന്ന്‌ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയത്. സാധാരണ സ്വകാര്യ സ്ഥാപനങ്ങളും സർക്കാരിതര സംഘടനകളും നടത്തുന്ന കണക്കെടുപ്പുകളെക്കാൾ പ്രസക്തമായതാണ് നിതി ആയോഗിന്റെ വിലയിരുത്തൽ. ആസൂത്രണ കമീഷനെ ഇല്ലാതാക്കി ബിജെപി സർക്കാർ കൊണ്ടുവന്ന ഈ സംവിധാനം തന്നെയാണ് ഇന്ന് ഇക്കാര്യങ്ങളിൽ ആധികാരികതയുള്ള സ്ഥാപനം. മാനവവിഭവശേഷി മന്ത്രാലയം, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് നിതി ആയോഗ് പഠനം നടത്തിയത്.എന്ന് ദേശാഭിമാനി എഴുതുന്നു.
ഈ നേട്ടം ഒറ്റ രാത്രികൊണ്ടുണ്ടായതാണെന്നൊന്നും ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല. എന്നു വെച്ചാല്‍ ഇടതുഭരണത്തിന്റെ മാത്രം നേട്ടമാണ് സൂചികയിലെ തുടര്‍ച്ചയായ മുന്നേറ്റം എന്നല്ല മറിച്ച്, കേരളം വിദ്യാഭ്യാസ രംഗത്ത് കാലങ്ങളായി ജാഗ്രതയോടെ പ്രവര്‍ത്തിച്ചു പോരുന്നതിന്റെ കൂടി നേട്ടമാണ്. ദേശാഭിമാനി തന്നെ ഇതു സമ്മതിക്കുന്നുമുണ്ട്.കേരളം ഇന്ന് നേടുന്ന നേട്ടങ്ങൾക്കൊന്നും ഇന്നലെകളുടെ പിന്തുണയില്ലെന്നൊന്നും ആരും കരുതുന്നില്ല. കേരളം വിദ്യാഭ്യാസരംഗത്ത് മുന്നിലെത്തിയത് മൂന്നുവർഷം കൊണ്ടല്ലതാനും. ഭരണനേട്ടങ്ങളും സമരനേട്ടങ്ങളും ചേർന്നാണ് വിദ്യാഭ്യാസരംഗത്തടക്കം കേരളത്തെ  ഒന്നാമതെത്തിച്ചത്.തങ്ങള്‍ മാത്രമല്ല ഈ നേട്ടത്തിന് പിന്നിലെന്ന് സമ്മതിക്കുമ്പോഴും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിദ്യാഭ്യാസ രംഗം കുത്തഴിഞ്ഞു താറുമാറായിക്കിടന്നത് നാം മറക്കാതിരിക്കുക തന്നെ വേണം.
എന്നാല്‍ കേരളത്തെ വിമര്‍ശിക്കുന്ന സംഘപരിവാരം എപ്പോഴും മാതൃകയായി നിര്‍‍‌ദ്ദേശിക്കുന്നത് ബി ജെ പി ഭരിക്കുന്ന ഗുജറാത്ത് , ഉത്തര്‍‌പ്രദേശ് മുതലായ സംസ്ഥാനങ്ങളെയാണല്ലോ. അടിസ്ഥാന വിദ്യാഭ്യാസ മേഖലയിലെന്നല്ല മറ്റു പല കാര്യങ്ങളിലും കേരളത്തെക്കാള്‍ ഏറെ പിന്നിലാണ് ഈ സംസ്ഥാനങ്ങളെന്ന വസ്തുത സ്വതന്ത്രരെന്ന് നാം വിചാരിച്ചു പോരുന്ന മാധ്യമങ്ങളും സംഘപരിവാരത്തോടൊപ്പം ചേര്‍ന്ന് മറച്ചു വെയ്ക്കുന്നു. ഇവിടെയാണ് കേരളത്തിലെ മാധ്യമങ്ങളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത്.സര്‍ക്കാറിനെതിരെയുള്ള എത്ര ചെറിയ സംഭവത്തേയും പെരുപ്പിച്ച് വലിയ വാര്‍ത്തയാക്കി കൊടുക്കുന്നതില്‍  ശുഷ്കാന്തി കാണിക്കുന്ന നമ്മുടെ മാധ്യമങ്ങളെക്കുറിച്ച് ദേശാഭിമാനിയുടെ ആരോപണം ശരിയാകുന്നു.
          അതോടൊപ്പം ഇത്രയും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന നമ്മുടെ സമൂഹത്തില്‍‌പ്പോലും നിലനില്ക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും അനാചാരങ്ങളെക്കുറിച്ചും ഒന്നാലോചിച്ചു നോക്കുക. അപ്പോള്‍ സൂചികയില്‍ പിന്നില്‍ നില്ക്കുന്ന പല സംസ്ഥാനങ്ങളുടേയും അവസ്ഥ എന്തായിരിക്കുമെന്ന് സങ്കല്പിക്കുവാന്‍ പോലും കഴിയുമോ ? ഈ നേട്ടം നിലനിറുത്തിക്കൊണ്ടുപോകാന്‍ നാം കൂടുതല്‍ പ്രതിജ്ഞാബദ്ധത കാണിക്കുക തന്നെ വേണം. ജാതിമത തീവ്രവാദികളെ അകറ്റി നിറുത്തുവാനുള്ള ഒരേയൊരു ഉപായം സമൂഹത്തിന് ഉയര്‍ന്ന വിദ്യാഭ്യാസം നല്കുക എന്നതുമാത്രമാണ്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം