#ദിനസരികള്‍ 895 ബി.ഡി.ജെ.എസ് : വര്‍ത്തമാനകാലത്തില്‍ നിന്ന് ഭാവിയിലേക്കുള്ള വഴികള്‍ -2
എന്‍ ഡി എയില്‍ നിന്ന് ബി ഡി ജെ എസ് പുറത്തു വന്നു കഴിഞ്ഞാല്‍പ്പിന്നെ പരിശോധിക്കപ്പെടേണ്ടത് കേരളത്തില്‍ നിലവിലുള്ള ഇടതുവലതു മുന്നണികളെക്കുറിച്ചാണല്ലോ . അവയില്‍ ഏതൊന്നിനോട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതാണ് തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങളെ സംരക്ഷിച്ചെടുക്കാന്‍ ഗുണപ്പെടുക എന്ന ആലോചന ചരിത്രത്തേയും വര്‍ത്തമാനത്തേയും മുന്‍നിര്‍ത്തി അവര്‍ തന്നെ നിര്‍വ്വഹിക്കേണ്ട ഒന്നാണ്. ശ്രീനാരായണന്റെ ദര്‍ശനങ്ങളെക്കുറിച്ച് അനുഭാവപൂര്‍വ്വം ചിന്തിക്കുന്ന മുന്നണിയിലായിരിക്കണം ബി ഡി ജെ എസും നിലയുറപ്പിക്കേണ്ടത്.
കേരളത്തില്‍ ബി ജെ പിയുടെ അഥവാ എന്‍ ഡി എയുടെ ബി ടീമായി പ്രവര്‍ത്തിച്ചു പോരുന്ന ഒന്നാണ് കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്കുന്ന വലതു പക്ഷ മുന്നണിയുമെന്ന് പലതവണ വ്യക്തമായതാണ്. സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ യുവതി പ്രവേശനത്തിന് കളമൊരുങ്ങിയപ്പോള്‍ ബി ജെ പിയോടൊപ്പം നിന്ന് വലതുപക്ഷം പോരാടിയത് നാം കണ്ടതുമാണ്. അതോടൊപ്പം പ്രാദേശിക ഭരണകൂടങ്ങളിലേക്കും നിയമസഭയിലേക്കും മറ്റുമായി നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ധാരണകളുണ്ടാക്കി വോട്ടുകച്ചവടം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചും നാം ധാരാളമായി മനസ്സിലാക്കിയിട്ടുണ്ട്.
അതിലൊക്കെയുപരി ശ്രീനാരായണ ദര്‍ശനങ്ങള്‍ മനുഷ്യനെയാണ് കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നത്. മതമേതായലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ചിന്ത അങ്ങനെയാണ് രൂപപ്പെട്ടു വന്നത്. എന്നാല്‍ മതമാണ് വലുതെന്ന് ചിന്തിക്കുന്ന മതാചാരങ്ങളാണ് വിട്ടുവീഴ്ചയില്ലാതെ നാം നിറവേറ്റേണ്ടതെന്ന ശാഠ്യം പുലര്‍ത്തുന്ന ഒരു കൂട്ടത്തോട് എന്താണ് ശ്രീനാരായണീയര്‍ക്ക് സംവദിക്കാനുള്ളത്? അവര്‍ പിടിച്ച കുടയുടെ തണലിലേക്ക് എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ പിന്‍പറ്റുന്നവര്‍ കയറി നില്ക്കുക എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
ഇനിയും അവശേഷിക്കുന്നത് ഇടതുപക്ഷമാണ്.
പൊതുസമൂഹത്തിന്റെ ഒരു പരിച്ഛേദമെന്ന നിലയ്ക്ക് വലതു താല്പര്യങ്ങളുടെ ഒരു തിര
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജാതിയുടേയും മതത്തിന്റേയും വ്യാപകമായ ഇടപെടല്‍
ഉണ്ടാവുന്നില്ലെന്നു മാത്രവുമല്ല അത്തരം പ്രവണതകളെ ആവോളം കൈയ്യൊഴിയാന്‍
ഭുരിപക്ഷമാളുകളും ശ്രദ്ധിക്കാറുമുണ്ട്. കുറച്ചു കൂടി വിശാലമായി പറഞ്ഞാല്‍
ശ്രീനാരായണനടക്കമുള്ള നവോത്ഥാന നായകന്മാരുടെ ചിന്തകളെ പിന്‍പറ്റുന്നവരില്‍
ഇടതുപക്ഷത്തിന് മുന്‍കൈയുണ്ട്. 2016 ല്‍
ഇടതു സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ദളിതു
പൂജാരിമാരെ ക്ഷേത്രത്തിലെ ശാന്തികര്‍മ്മങ്ങള്‍
ചെയ്യുന്നതിനുവേണ്ടി നിയോഗിച്ചത് മാത്രം മതി ഇടതുപക്ഷത്തിന്റെ പ്രതിജ്ഞാ
ബദ്ധതയെ മനസ്സിലാക്കുവാന്‍ . അതുപോലെ ശബരിമല വിഷയത്തില്‍ മനുഷ്യത്വപരമായി നിലപാടു
സ്വീകരിച്ചുകൊണ്ട് ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും അവര്‍ക്ക് സാധിച്ചു
എസ് എന്‍ ഡി പിയുടേയും ബി ഡി ജെ
എസിന്റേയും പ്രഖ്യാപിത മൂല്യങ്ങള്‍ക്ക് ഇടതുപക്ഷമാണ് നിര്‍ലോഭമായ പിന്തുണ
കൊടുക്കുന്നതെന്ന് വ്യക്തമാകുന്നു.എന്നാല്‍ അത് തിരിച്ചറിഞ്ഞ് ഉചിതമായ
തീരുമാനമെടുക്കാന്‍ കഴിയാതെ സങ്കുചിതമായി ചിന്തിക്കുന്ന നേതൃത്വമാണ്
ബി.ഡി.ജെ.എസിന്റെ ശാപം.
Comments