#ദിനസരികള്‍ 872 - “ലോകത്തിലെ ഏറ്റവും നിഷ്കളങ്കനായ കൊലയാളി”


            ഓണപ്പതിപ്പുകളുടെ കുത്തൊഴുക്കില്‍ കൈയ്യില്‍ തടഞ്ഞതൊക്കെ വാങ്ങിച്ചു. ചിലത് വായിച്ചു.പലതും വായിക്കണമെന്നു തോന്നിയില്ല.വായിച്ചവയില്‍ തന്നെ മനസ്സില്‍ തങ്ങി നില്ക്കുന്നവ വിരളമാണ്.താന്‍ സത്യസന്ധനല്ലാത്തതുകൊണ്ട് തനിക്ക് ഒരിക്കലും ആത്മകഥ എഴുതാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞ കമലാഹാസനുമായി മാതൃഭുമിയില്‍ ഭാനുപ്രകാശ് നടത്തിയ അഭിമുഖം മനസ്സിലുണ്ട്.അതോടൊപ്പംതന്നെ മാതൃഭൂമി,  നമ്പൂതിരിയും കാനായിയും പ്രഭാകരനും കബിതയും മദനനും പ്രസാദുമടക്കമുള്ള ഒരു നിര ചിത്രകാരന്മാരെയും കരുതിവെച്ചിട്ടുണ്ട്.മലയാളം ഓണപ്പതിപ്പിലും ചിലതുണ്ട്.വിയോജിപ്പുകളുണ്ടെങ്കിലും അടൂരുമായി മധുപാല്‍ നടത്തുന്ന അഭിമുഖവും  മനോജ് കൂറൂര്‍ എഴുതിയ കെണിക്കൂട്ട് എന്ന കവിതയും കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്.
          വായിച്ചവയുടെ കൂട്ടത്തില്‍ മനസ്സില്‍ തങ്ങിനിന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നത് ഇതൊന്നുമല്ല. അത് ദേശാഭിമാനിയുടെ ഓണപ്പതിപ്പില്‍ ലോകത്തിലെ ഏറ്റവും നിഷ്കളങ്കനായ കൊലയാളി എന്ന പേരില്‍ അഡ്വക്കേറ്റ് കാളീശ്വരം രാജ് സഖാവ് വര്‍ഗ്ഗീസിനെ വെടിവെച്ചു കൊന്ന രാമചന്ദ്രന്‍ നായരെക്കുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പാണ്. ഒരു പക്ഷേ വര്‍ഗ്ഗീസ് ഒരു പൊതു വികാരമായി മലയാളിയുടെ മനസ്സില്‍ കുടിയിരിക്കുന്നതുകൊണ്ടാകണം ഈ എഴുത്തിനോട് സവിശേഷമായ ഒരിഷ്ടം തോന്നാനുള്ള കാരണമെന്ന് എനിക്കു തോന്നുന്നു.
            1970 ഫെബ്രുവരി പതിനെട്ടിനാണ് സഖാവ് വര്‍ഗ്ഗീസിനെ പോലീസ് വെടിവെച്ചു കൊന്നത്. അന്ന് നമ്മുടെ മാധ്യമങ്ങള്‍ - ദേശാഭിമാനി ഒഴിച്ച്. ദേശാഭിമാനിയില്‍ വര്‍ഗ്ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന് ഒന്നാം പേജില്‍തന്നെ കൊടുത്തു. അധികൃതരുടെ നിര്‍‌ദ്ദേശം വാങ്ങി കയ്യും കാലും കൂട്ടിക്കെട്ടി വര്‍ഗ്ഗീസിനെ വെടിവെച്ചു കൊന്നു എന്നാണ് വാര്‍ത്ത പോലീസിന്റെ ഈ ഭാഷ്യത്തെയാണ് പ്രചരിപ്പിച്ചത്. എന്നാല്‍ മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ഗ്ഗീസിനെ താന്‍ മേലുദ്യോഗസ്ഥന്മാരുടെ ഉത്തരവു പ്രകാരം വെടി വെച്ചു കൊല്ലുകയാണുണ്ടായതെന്ന് കൃത്യം നിര്‍വ്വഹിച്ച പോലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ തുറന്നു പറഞ്ഞു.അന്ന് വര്‍ഗ്ഗീസിനെ വെടിവെച്ചു കൊല്ലാന്‍ നിര്‍‌ദ്ദേശം നല്കിയ ഐ ജി ലക്ഷ്മണയെ നാല്പതുകൊല്ലത്തിനു ശേഷം 2010 ല്‍ സി ബി ഐ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.അപൂര്‍വ്വമായ ഈ കേസിനെക്കുറിച്ചും രാമചന്ദ്രന്‍ എന്ന പച്ചയായ മനുഷ്യനെക്കുറിച്ചുമാണ് കാളീശ്വരം രാജ് എഴുതുന്നത്.
          ഓര്‍മ്മയില്‍ മായാതെ നില്ക്കുന്ന ഒരു ക്രിമിനല്‍ കേസ് പ്രതി എന്റെ മനസ്സിലുണ്ട്. അദ്ദേഹം കേരളത്തിന്റെ പൊതുമനസ്സില്‍ നിന്നും മാഞ്ഞു പോകാനിടയില്ലാത്ത ഒരു വ്യക്തിയാണ്.സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും നിയമചരിത്രത്തിലും സ്വന്തം സ്വന്തം ഏറ്റു പറച്ചിലിലൂടെ സ്ഥാനം നേടിയയാളാണ്എന്ന മുഖവുരയോടുകൂടിയാണ് അദ്ദേഹം തന്റെ അനുസ്മരണക്കുറിപ്പ് ആരംഭിക്കുന്നത്.ഏറ്റുമുട്ടല്‍ മരണമായി പോലീസും മാധ്യമങ്ങളും പ്രചരിപ്പിച്ച വര്‍ഗ്ഗീസ് വധം കൊലപാതകമാണെന്ന് രാമചന്ദ്രന്‍ ഏറ്റു പറഞ്ഞതിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹത്തെ കോടതി ജയിലിലേക്ക് അയച്ചു.ജാമ്യത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാനാണ് കാളീശ്വരം രാജിനെ രാമചന്ദ്രന്റെ സുഹൃത്തുക്കള്‍ സമീപിച്ചത്. കോണ്‍‌സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ അനുഭവിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് നല്ല തിട്ടമുണ്ടായിരുന്ന ജസ്റ്റീസ് പത്മനാഭന്‍ നായര്‍ അദ്ദേഹത്തിന് ഉടനടി ജാമ്യമനുവദിച്ചുവെന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു.
കൊലപാതകം നടന്നതിനു ശേഷമുള്ള ഈ നീണ്ട കാലയളവില്‍ വര്‍ഗ്ഗീസ് വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ജയിലില്‍ കഴിഞ്ഞ ആ ദിവസങ്ങളിലാണ് തന്റെ ജീവിതത്തില്‍ ഏറ്റവും മനസമാധാനത്തോടെ ഉറങ്ങിയത് എന്ന് പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എത്ര ആഴത്തിലും തീവ്രതയിലുമായിരുന്നു അദ്ദേഹം അനുഭവിച്ച വേദന എന്ന് ഈ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാലും കോടതിയുടെ വിധി വരുന്നതുവരെ അദ്ദേഹം ജീവിച്ചിരുന്നില്ല.വിധി എന്താണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന് കൂടുതല്‍  സന്തോഷമാകുമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.
          കൃത്യം ചെയ്തിട്ടുണ്ട് , എന്നാല്‍ കുറ്റം ചെയ്തിട്ടില്ല എന്നു ഏറ്റു പറഞ്ഞു കൊണ്ട് കേരളത്തിലെ ജനതയോടും നിയമവ്യവസ്ഥയോടും വസ്തുതകള്‍ തുറന്നു സമ്മതിച്ചപ്പോള്‍ ഒരാളുപോലും ഒരു കൊലയാളി എന്ന നിലയില്‍ രാമചന്ദ്രനെ ആക്ഷേപിക്കുന്നതോ വിലയിരുത്തുന്നതോ നാം കേട്ടില്ല. മറിച്ച് മേലുദ്യോഗസ്ഥരുടെ ഉത്തരവിന് വഴങ്ങേണ്ടി വന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്റെ വേദനയായാണ് നാം അത് ഉള്‍‌ക്കൊണ്ടത്. അല്ലായിരുന്നുവെങ്കില്‍ വര്‍ഗ്ഗീസിനെപ്പോലെയുള്ള യഥാര്‍ത്ഥ വിപ്ലവകാരിയെ കൊന്നുകളഞ്ഞ ഒരന്യായിയോട് നാം ഇത്തരുണത്തില്‍ പ്രതികരിക്കുമായിരുന്നില്ലല്ലോ.  
          വ്യത്യസ്തമായ ഒരനുസ്മരണം എഴുതിയതിന് അഡ്വക്കേറ്റ് കാളീശ്വരം രാജിനോടും ദേശാഭിമാനിയോടും നന്ദി പറയുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1