#ദിനസരികള്‍ 870 - ഉദ്യോഗസ്ഥര്‍ ജനാധിപത്യ മര്യാദ പഠിക്കണം


 
കളമശേരി എസ്.ഐ. അമൃത് രംഗനും സി.പി.ഐ.എം. ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനുമായുള്ള ഫോണ്‍ സംഭാഷണം ശ്രദ്ധിച്ചു കേട്ടു. സ്ഥലത്തെ ക്രസമാധാനത്തിന്റെ ചുമതലയുള്ള ഒരുദ്യോഗസ്ഥനെ വിളിച്ച് ഒരു പൊതുപ്രവര്‍ത്തകന്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നു എന്നതിനപ്പുറത്തേക്ക് അസ്വാഭാവികമായ യാതൊരു വിധത്തിലുള്ള ഇടപെടലും നടത്തണമെന്ന് സക്കീര്‍ ഹുസൈന്‍ ആവശ്യപ്പെടുന്നില്ല. എന്നിട്ടും കത്തിക്കയറുന്ന എസ്.ഐയെയാണ് നാം കാണുന്നത്. എന്നുമാത്രവുമല്ല സംഭാഷണം മാധ്യമങ്ങള്‍ക്ക് എത്തിച്ചു കൊടുത്തതിലൂടെ ഏരിയാ സെക്രട്ടറിയോട് ബോധപൂര്‍വ്വം തന്നെ അങ്ങനെ പ്രതികരിക്കുകയായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. അതായത് ഫോണ്‍ സംഭാഷണം വെളിപ്പെടുത്തിയതിനു പിന്നില്‍ ചില കാര്യങ്ങള്‍ അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്. ഒന്ന് ഈ സര്‍ക്കാറിനു കീഴില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് ഭയപ്പെടാതെ ജോലി ചെയ്യാനുള്ള സാഹചര്യമില്ല, രണ്ട് എന്നിട്ടും എല്ലാ വിധ ഭീഷണികളേയും തട്ടിത്തെറിപ്പിച്ചു കൊണ്ട് തന്നെപ്പോലെയുള്ളവര്‍ നിര്‍ഭയം ജോലി ചെയ്യുന്നു.
ഒന്നാമത്തേത് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ്. സി.പി.ഐ.എം. ഭരിക്കുന്ന ഒരു സംസ്ഥാനത്ത് ആ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലിരിക്കുന്നവര്‍ തെറ്റായി ഇടപെടുന്നുവെന്ന് വരുത്തിത്തീര്‍ക്കുക എന്നതാണ് എസ്.ഐ. ഉദ്ദേശിക്കുന്നതെന്ന് വ്യക്തം. അതുകൊണ്ടാണ് ഒരു സാധാരണ ഫോണ്‍ സംഭാഷണത്തോട് വൈകാരികമായി പ്രതികരിച്ച് വിവാദത്തിന്റേതായ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിക്കാന്‍ ഒരവസരം അദ്ദേഹം കാത്തിരിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. സക്കീര്‍ ഹുസൈനെന്നല്ല നാലുപേര്‍ അറിയുന്ന ഏതു നേതാവു വിളിച്ചാലും ഇതുതന്നെയായിരിക്കും എസ്.ഐയുടെ പ്രതികരണം. ഉദ്യോഗസ്ഥ തലത്തില്‍ പ്രത്യേകിച്ച് പോലീസുകാരുടെ ഇടയില്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരുടെ നീക്കം ശക്തവുമാണ്. സംസ്ഥാനത്തൊട്ടാകെ അത്തരത്തിലുള്ളവരുടെ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരങ്ങളും ചിലര്‍ പങ്കു വെക്കുന്നുണ്ട്. എസ്.ഐയെ അത്തരമൊരു നീക്കത്തിന്റെ ഭാഗമായി എന്നതാണ് വസ്തുത.
രണ്ടാമത്തേത് ജനകീയനാകുക എന്ന ഉദ്ദേശമാണ്. താന്‍ ഒരാളുടേയും മുമ്പിലും മുട്ടുമടക്കില്ലെന്നും സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്നവനാണെന്നും വരുത്തിത്തീര്‍ത്തു മാധ്യമങ്ങളുടേയും ജനതയുടേയും കൈയ്യടി വാങ്ങുക എന്നതാണ്. എന്നാല്‍ ജനാധിപത്യ ബോധമുള്ളവരാരും ഈ എസ് ഐയ്ക്ക് കൈയ്യടിക്കുമെന്ന് തോന്നുന്നില്ലെന്നു മാത്രവുമല്ല, അയാളുടെ ജനാധിപത്യ വിരുദ്ധതയെ വിമര്‍ശിക്കുകയും ചെയ്യും.രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കന്മാരും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചു വന്നതല്ല. നാട്ടിലെ ജനങ്ങളുടെ വിഷയങ്ങള്‍ക്കു വേണ്ടി ഇടപെട്ടും സമരം ചെയ്തും അധികാരികളോട് ഏറ്റു മുട്ടിയും തന്നെ അനുഭവങ്ങളിലൂടെ വന്നതാണ്. സി.പി.ഐ.എമ്മായാലും കോണ്‍ഗ്രസ്സായാലും അതില്‍ നിന്നും വ്യത്യസ്തമല്ല. അത്തരം പാര്‍ട്ടികളുടെ നേതാക്കന്മാരോട് ഇടപെടുമ്പോള്‍ ഒരല്പം മര്യാദ കാണിക്കുകയെന്നതിന് നിയമനിഷേധത്തിന് കൂട്ടു നില്ക്കുക എന്നല്ല അര്‍ത്ഥം.
നേതാക്കന്മാര്‍ പോലീസ് സ്റ്റേഷനിലേക്ക് പോകണ്ടതില്ലെന്ന് പണ്ട് ആന്റണി പറഞ്ഞപ്പോള്‍ അതിനെ ഒറ്റക്കെട്ടായി എതിര്‍ത്തവരാണ് നാം. ഉദ്യോഗസ്ഥരുടെ ഭരണമല്ല നാട്ടില്‍ നടക്കേണ്ടത് എന്ന ജനാധിപത്യ ബോധം നമുക്കുണ്ടായിരുന്നു. അത്തരമൊരു ബോധം ഇല്ലായ്മയാണ് എസ്.ഐയെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹത്തെ പരുവപ്പെടുത്തിയെടുത്ത രാഷ്ട്രീയ അന്തരീക്ഷം ജനാധിപത്യ അവകാശങ്ങളെ മാനിക്കുന്ന ഒന്നല്ലെന്ന് വ്യക്തമാണ്.
ഇടപെടേണ്ടത് സര്‍ക്കാറാണ്. സര്‍ക്കാര്‍ നല്കിയ ഔദ്യോഗിക നമ്പറിലേക്ക് വിളിച്ചത് മനപ്പൂര്‍വ്വം മാധ്യമങ്ങള്‍‌ക്കെത്തിച്ചു കൊടുത്തതിന്റെ നീതികേടും അധാര്‍മികതയും വിലയിരുത്തപ്പെടണം. ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും തമ്മില്‍ പരസ്പര വിശ്വാസത്തിന്റേതായ ഒരു സജീവത എല്ലാക്കാലത്തുമുണ്ടാകണം. ഇതുപോലെയുള്ള എസ്.ഐമാര്‍ വ്യക്തിപരമായ താല്പര്യങ്ങളെ മുന്‍നിറുത്തി ആ വിശ്വാസത്തെയാണ് ഇല്ലാതാക്കുന്നത്. അത് അനുവദിക്കുക വയ്യ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കന്മാര്‍ക്കും ഈ സമൂഹത്തില്‍ മാന്യമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകണം. അതുകൊണ്ട് ആവര്‍ത്തിക്കട്ടെ, സര്‍‌ക്കാര്‍ ഇടപെടുക തന്നെ വേണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1