#ദിനസരികള്‍ 807

 
ഇനിയും മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായും ആരാധനാ സ്വാതന്ത്ര്യം നല്കിയിട്ടില്ല എന്നിരിക്കേ ഈ വിഷയവുമായി ബന്ധപ്പെട്ട് എം.എന്‍. കാരശ്ശേരി എഴുതുന്നതു നോക്കുക – “മുഹമ്മദ് നബിയുടെ കൂടെ സ്ത്രീകള്‍ പള്ളിയില്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്ന് എല്ലാ സമകാലികരും സാക്ഷ്യപ്പെടുത്തുന്നു. ചില ഉദാഹരണങ്ങള്‍. 1. നബി പത്നി ആയിശ പറയുന്നു “പ്രഭാത പ്രാര്‍ത്ഥനയ്ക്ക് സ്ത്രീകള്‍ വസ്ത്രം കൊണ്ട് മൂടിപ്പുതച്ച് പള്ളിയില്‍ വരാറുണ്ടായിരുന്നു. 2. ഉമ്മു സല്‍മ്മ പറയുന്നു – പ്രാര്‍ത്ഥനയില്‍ നിന്നും വിരമിച്ചു കഴിഞ്ഞാല്‍ പിന്നിലുള്ള സ്ത്രീകള്‍ എഴുന്നേറ്റു പോകും. അതു കഴിഞ്ഞേ നബി എഴുന്നേല്ക്കൂ. 3. സഹല് പറയുന്നു – പുരുഷന്മാര്‍ പ്രണാമത്തില്‍ നിന്നും തല ഉയര്‍ത്തുംമുമ്പ് തല ഉയര്‍ത്തരുതെന്ന് നബി സ്ത്രീകളോട് കല്പിക്കുകയുണ്ടായി.
ഇത്തരം സംഭവങ്ങളും ഉദ്ധരണികളും നിരവധിയുണ്ട്. രാത്രിയില്‍ പോലും പ്രവാചകന്റെ കൂടെ സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നു എന്നതിന് രേഖ കാണാം. നബി ചര്യാ രേഖകളില്‍ ഏറ്റവും പ്രാമാണികമായി അംഗീകരിക്കപ്പെടുന്ന സഹീഹുല്‍ ബുഖാരിയില്‍ നബി നല്കിയ ഖണ്ഡിതമായ ഈ വിധി കിടപ്പുണ്ട് – ഇബ്നു ഉമര്‍ പറയുന്നു നബി തിരുമേനി അരുളി സ്ത്രീകള്‍ രാത്രിയില്‍ പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ചാല്‍ അതു നല്കിക്കൊള്ളുക.”
പ്രവാചകനായ നബിയുടെ വചനങ്ങള്‍ അവസാനത്തെ തീര്‍പ്പാണെന്ന് വിശ്വസിച്ചു പോരുന്ന ഒരു ജനവിഭാഗം ഈ വിഷയത്തില്‍ മാത്രമെന്താണ് അത് ലംഘിക്കുന്നത്? ചരിത്ര വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ചും അടിച്ചേല്പിച്ചും സ്ത്രീകളുടെ പള്ളിപ്രവേശനത്തെ തടഞ്ഞു നിറുത്തുന്ന ഇക്കൂട്ടര്‍ ഏതു മതശാസനങ്ങളെയാണ് പ്രമാണമായി സ്വീകരിച്ചിരിക്കുന്നത്? അധികാരങ്ങളെല്ലാം തങ്ങള്‍ക്കുള്ളതാണെന്ന് വിചാരിച്ചുപോരുന്ന പുരുഷ കേന്ദ്രിതമായ ഒരു സമൂഹത്തിന്റെ ചിന്താരീതിയും പ്രവര്‍ത്തന പദ്ധതിയും മാത്രമാണിത്. നബിയുമായി ബന്ധപ്പെട്ട ഒരു ചര്യാഗ്രന്ഥങ്ങളും ഇത്തരത്തിലുള്ള നിലപാടുകളെ അംഗീകരിക്കുന്നില്ലെന്നിരിക്കേ മറ്റൊരു കാരണവും പള്ളിപ്രവേശനം വിലക്കുന്നതിനായി കാണുന്നില്ല.
ഇപ്പോഴും പുരുഷന്മാരില്‍ ലൈംഗികോത്തേജനമുണ്ടാക്കും എന്നൊക്കെയുള്ള വാദങ്ങളില്‍ ചുറ്റിപ്പിടിച്ച് കറങ്ങിത്തിരിയുന്നവരുണ്ടാകാം. അത്രമാത്രം അല്പത്തരം നിറഞ്ഞ വാദങ്ങളുടെ പിന്നാലെ പോയി മുസ്ലിം മതത്തിലെ പുരുഷസമൂഹം സ്വയം അവഹേളിക്കപ്പെടുകയാണെന്ന സത്യം അവര്‍ ഇനിയെങ്കിലും മനസ്സിലാക്കണം.
മറ്റൊന്ന് ഇതൊക്കെ പര്‍ദ്ദയുടെ കാര്യത്തില്‍ പറയുന്നതുപോലെ സ്ത്രീകളുടെ ഇഷ്ടമാണ് തങ്ങള്‍ ഇടപെടുന്നേയില്ല എന്ന നിലപാടാണ്. പുരുഷന്മാരുണ്ടാക്കിയ പൊതുബോധങ്ങളെ പിന്‍പറ്റി സ്ത്രീകളില്‍ വളര്‍ത്തിയെടുത്ത ധാരണകളാണ് ഇത്തരം അവിഹിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഇത് ജീവിതത്തിലെ ഒരു നല്ല മൂല്യമായി അവരില്‍ കുത്തിവെയ്ക്കപ്പെടുന്നു. ദൈവത്തിന്റെ താല്പര്യമാണെന്ന് സ്ഥാപിച്ചെടുക്കുന്നു. ഫലത്തില്‍ അടിച്ചേല്പിക്കപ്പെടുന്ന ആചാരമായി അവരതു സ്വയം അണിയുകയും എന്നാല്‍ ആരും നിര്‍ബന്ധിച്ചിട്ടല്ലെന്ന് വിചാരിച്ചു പോകുകയും ചെയ്യുന്നു.
കാരശേരിയെ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ “സൌദി അറേബ്യയിലെ ചെറു നഗരമായ മക്കയിലെ കഅ്ബ ദേവാലയമാണ് മൂസ്ലിംങ്ങളുടെ ഏറ്റവും വിശുദ്ധമായ പുണ്യസ്ഥലം. അതിന്റെ ചുറ്റിലുമായി പണിതുയര്‍ത്തിയ വിശുദ്ധപള്ളി (ഹറം) യില്‍ മുമ്പെന്ന പോലെ ഇന്നും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. അറേബ്യയിലെ മദീനാനഗരത്തിലെ നബിയുടെ പള്ളി എന്നറിയപ്പെടുന്ന വിശുദ്ധ ദേവാലയത്തില്‍ അന്നും ഇന്നും പെണ്ണുങ്ങള്‍ക്ക് കയറാം. നബിയും സഹചരന്മാരും സ്വന്തം കൈകൊണ്ട് നിര്‍മിച്ച പള്ളിയാണത്. ഇതിന്റെ രു ഭാഗത്താണ് പ്രവാചകന്‍ മറപ്പെട്ടു കിടക്കുന്നത്. കൂട്ടത്തില്‍ ഓര്‍ത്തു വെയ്ക്കുക. സ്വന്തം നാട്ടില്‍ പള്ളിയില്‍ കയറാന്‍ അനുവാദമില്ലാത്ത കേരളീയ മുസ്ലിംസ്ത്രീകള്‍ ഹജ്ജ്, ഉംറ എന്നീ തീര്‍ത്ഥാടനങ്ങളുടെ ഫലമായി അവിടെച്ചെല്ലുമ്പോള്‍ ഇപ്പറഞ്ഞ രണ്ടുപള്ളികളിലും കയറി പ്രാര്‍ത്ഥിക്കാറുണ്ട്. വിലക്ക് വിശുദ്ധ ദേവാലയങ്ങളില്‍ ഇല്ല; നാടന്‍ ദേവാലയങ്ങളിലേ ഉള്ളൂ.”

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1