#ദിനസരികള്‍ 806

 
സമഗ്രാധിപത്യരാജ്യത്ത് എന്താണോ മര്‍ദ്ദനായുധം, അതാണ് ജനാധിപത്യ രാജ്യത്ത് പ്രചാരണം എന്ന് ചോംസ്കി പറയുന്നതിനെ ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്തകളെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളെക്കുറിച്ച് വ്യാജ സമ്മതിയുടെ നിര്‍മ്മിതി എന്ന പുസ്തകത്തില്‍ ഡോ. ടി.എം. തോമസ് ഐസക്കും എന്‍.പി. ചന്ദ്രശേഖരനും ചര്‍ച്ച ചെയ്യുന്നത്. വാര്‍ത്തകളെ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുകയല്ല ഇക്കാലത്ത് മാധ്യമങ്ങളേറ്റെടുത്തിരിക്കുന്ന ജോലി, മറിച്ച് തങ്ങളുടേതായ രാഷ്ട്രീയത്തെ ഒളിച്ചു കടത്താന്‍ ശ്രമിക്കുക എന്നതാണ്. തത്ഫലമായി മാധ്യമപ്രവര്‍ത്തനം ഏതൊരു കക്ഷിരാഷ്ട്രീയക്കാരനേയും പോലെ പക്ഷം പിടിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. തങ്ങള്‍ക്ക് താല്പര്യമില്ലാത്തവരെക്കുറിച്ച് എന്തും പറയാന്‍ പോന്ന സ്വാതന്ത്ര്യത്തെയാണ് മാധ്യമപ്രവര്‍ത്തനം എന്ന് ധരിച്ചുവെച്ചിരിക്കുന്നവരെക്കൊണ്ട് മാധ്യമരംഗം നിറഞ്ഞിരിക്കുന്നു.
ഇവിടെയാണ് വാര്‍ത്തകളെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് നാം ചിന്തിക്കുന്നത്. അവ താഴെ കൊടുക്കുന്നു. 1. ഉടമസ്ഥത (Ownership) 2. വരുമാനം (Funding) 3. ഉറവിടങ്ങള്‍ (Sources) 4. സമ്മര്‍ദ്ദശക്തികള്‍ (Flaks) 5. നാട്ടുനടപ്പ് (Norms)
ഉടമസ്ഥത – ഏറ്റവും പ്രധാനപ്പെട്ട സ്വാധീന ശക്തിയായി ഉടമസ്ഥത മാറുന്നു. അതിന് വിധേയരായി പ്രവര്‍ത്തിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ ഇല്ല എന്നുതന്നെ പറയാം. എന്താണ് നിങ്ങളിങ്ങനെ എന്ന് നാം സ്വകാര്യമായി ചോദിച്ചാല്‍ ജീവിച്ചു പോകേണ്ടേ എന്ന മറുപടിയായിരിക്കും നമുക്കു കിട്ടുക. എത്രമാത്രം അശ്ലീലമാണ് ആ മറുപടി മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം എന്നത് കാണാതെ പോകരുത്. പഴയ ഭാഷയില്‍ പറഞ്ഞാല്‍ മുട്ടില്‍ നില്ക്കാന്‍ പറഞ്ഞാല്‍ നിലത്തു കിടന്നിഴയുന്നവരായി മാറിയിരിക്കുന്ന ഇത്തരം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും സത്യസന്ധമായ വാര്‍ത്ത എന്ന പ്രതീക്ഷ തന്നെ അസ്ഥാനത്താണ്. മുതലാളിമാരുടെ താല്പര്യങ്ങളെ കണ്ടറിഞ്ഞി തൃപ്തിപ്പെടുത്താന്‍ ശേഷിയുള്ളവനാണ് കയറങ്ങളെന്ന് അറിയാവുന്നവര്‍ മറ്റാരെയാണ് തൃപ്തിപ്പെടുത്തുക? സ്വദേശാഭിമാനിയെ നാടു കടത്തിയപ്പോള്‍ മനോരമ പാലിച്ച മൌനം പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട് (ടി. പുസ്തകം പേജ് 44.)
വരുമാനം – പരസ്യത്തില്‍ നിന്നുള്ള വരുമാനം വലിയ സ്വാധീന ശക്തിയാകുന്നു. അവരുടെ താല്പര്യങ്ങളെ സംരക്ഷിക്കുകയും അതിനൊത്ത വണ്ണം തങ്ങളുടെ അന്തരീക്ഷത്തെ പുതുക്കിയെടുക്കുകയും ചെയ്യുന്നതിന് മാധ്യമങ്ങള്‍ സവിശേഷമായ ശ്രദ്ധ വെച്ചുപുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വാര്‍ത്തകളെ എത്തിക്കുകയല്ല പരസ്യങ്ങളെ വില്ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന ആക്ഷേപം പോലും അസ്ഥാനത്തല്ല.
ഉറവിടം – വാര്‍ത്തകള്‍ക്കു വേണ്ടി ആശ്രയിക്കുന്ന ഉറവിടങ്ങളുടെ താല്പര്യം നിര്‍‌മിത വാര്‍ത്തകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു. “എല്ലാ ഉറവിടത്തിനും താല്പര്യമുണ്ട്. എന്നാല്‍ ഉറവിടങ്ങളെ മാറ്റി നിറുത്തി മാധ്യമങ്ങള്‍ക്ക് നിലനില്ക്കാനാകില്ല. പോരാ, അവയെ ആശ്രയിച്ചു മാത്രമേ മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ. അവയുടെ താല്പര്യങ്ങള്‍ ഉള്ളടക്കത്തെ സ്വാധീനിക്കുകയും ചെയ്യും” പേജ് 45. നിത്യവാര്‍ത്തകള്‍ക്കു വേണ്ടി ആശ്രയിക്കുന്ന അധികാരികളെ അവര്‍ പെരുങ്കള്ളം പറയുകയാണെങ്കിലും കള്ളനെന്ന് വിളിക്കാന്‍ പ്രയാസമാണ് എന്ന് ചോംസ്കി സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
സമ്മര്‍ദ്ദശക്തികള്‍ – വാര്‍ത്തകളെ സ്വാധീനിക്കാനും നിര്‍മിക്കാനും കഴിയുന്ന വിഭാഗങ്ങളുണ്ട്. അവയെക്കൂടി തൃപ്തിപ്പെടുത്തിക്കൊണ്ടായിരിക്കും വാര്‍ത്തകള്‍ വിതരണം ചെയ്യുന്നത്. നമ്മുടെ മത ജാതി വിഭാഗങ്ങള്‍ ഏറ്റവും ഫലവത്തായ ഉദാഹരണമാണ്. ”ഒരു തൊഴിലാളി പ്രകടനം വഴിതടസ്സമുണ്ടാക്കുന്നതിന്റെ നിറംപിടിപ്പിച്ച കഥകള്‍ കൊടുക്കുന്ന നമ്മുടെ മാധ്യമങ്ങള്‍, ഉത്സവങ്ങളടക്കമുള്ള മതചടങ്ങുകളോട് ആ സമീപനം പുലര്‍ത്താത്തതുതന്നെ ഏറ്റവും നല്ല ഉദാഹരണം” എന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു.
നാട്ടുനടപ്പ് – അതതുകാലത്തെ പൊതുധാരണകളെ ആവാഹിച്ചെടുത്തുകൊണ്ട് അവയെക്കൂടി തൃപ്തിപ്പെടുത്തുന്ന ധാരണകളുടെ കുത്തൊഴുക്കായി വാര്‍ത്താരംഗം മാറുന്നു. തെറ്റായ പൊതുബോധത്തെ താലോലിക്കാനും അതാണ് ശരിയെന്ന് വരുത്തിയെടുത്തുകൊണ്ട് ഭൂരിപക്ഷത്തിന്റെ കൈയ്യടി നേടാനുമുള്ള ശ്രമങ്ങള്‍ കൊണ്ടു പിടിച്ചു നടക്കുന്നു. സത്യസന്ധമായ വാര്‍ത്ത എന്നത് ഒരു ഫലിതം മാത്രമാകുന്നു.
ഈ അഞ്ചു ഘടകങ്ങളും വാര്‍ത്താവിതരണത്തെ കാര്യമായി സ്വാധീനിക്കുന്നുവെന്ന് ധാരാളം ഉദാഹരണങ്ങളെ മുന്‍നിറുത്തി പുസ്തകം സ്ഥാപിച്ചെടുക്കുന്നു. ജനകീയാസൂത്രണവിവാദവും ലാവലിനും ആസിയന്‍ കരാറുമൊക്കെ ഇത്തരുത്തല്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
ഇങ്ങനെയൊക്കെയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ ഇക്കാലത്ത് കൂടുതലായി മനസ്സിലാക്കി വരുന്നു.അതുകൊണ്ട് വാര്‍ത്തകളെ പടപ്പുകളായി കാണുന്ന സ്വഭാവം അവര്‍ സ്വായത്തമാക്കിയിട്ടുണ്ട്. ആ പടപ്പുകളോടുള്ള പ്രതികരണം നിങ്ങളെന്താ കഞ്ചാവടിച്ചിട്ടുണ്ടോ പത്രക്കാരാ എന്നായി മാറുന്നത് സ്വാഭാവികമാണ്. ആ ചോദ്യമുണ്ടായ അന്തരീക്ഷം ഉണ്ടാക്കിയെടുത്തതും അതിനെ നേരിടേണ്ടി വരുന്നതും ഇതേ മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണെന്നതാണ് ചരിത്രം കരുതിവെച്ചിരിക്കുന്ന പ്രതികാരം. അതുകൊണ്ട് സ്ഥാപിത താല്പര്യക്കാരുടെ ഔദാര്യങ്ങള്‍ കൈനീട്ടി വാങ്ങി ജനകീയ വിചാരണയുടെ കൊലക്കത്തിക്കു കഴുത്തു വെച്ചുകൊടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് തിരുത്തേണ്ടത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം