#ദിനസരികള്‍ 803



തമ്പേറടിച്ച് ഘോഷിക്കുക കേരളം തോറ്റിട്ടില്ല !

            രാഹുല്‍ ഗാന്ധിക്ക് 590 ല്‍ പരം വോട്ടുകള്‍ ഭൂരിപക്ഷം നല്കിയ വയനാട്‌ കല്പറ്റ നിയമസഭാ മണ്ഡലത്തിലെ മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട് ( പതിമൂന്നാം വാർഡ് )   ഇടതുപക്ഷ സ്ഥനാര്‍ത്ഥി 174 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.ബി ജെ പി കഴിഞ്ഞ തവണ 527 വോട്ടു നേടി വിജയിച്ച കണ്ണൂരിലെ ധര്‍മ്മടം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍  ഇടതുപക്ഷത്തിന് 53 വോട്ടുകള്‍ വര്‍ദ്ധിച്ചുവെന്ന് മാത്രമല്ല ബി ജെ പിയുടെ ഭൂരിപക്ഷം 474 ലേക്ക് കുറയുകയും ചെയ്തു.
          കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ നിന്നും രണ്ടെണ്ണം മാത്രം ഉദാഹരിച്ചതാണ്. ഇരുപതു ലോക സഭാ മണ്ഡലങ്ങളില്‍ പത്തൊമ്പതെണ്ണവും യുഡി എഫ് നേടിയതിന്റെ ആഹ്ലാദാരവങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പാണ് ഈ തിരഞ്ഞെടുപ്പ് നടന്നതെന്നു കൂടി ഓര്‍ക്കുക. നാല്പത്തിനാലില്‍ ഇരുപത്തിരണ്ടെണ്ണവും ഇടതുപക്ഷം നേടി. കേരളത്തില്‍ ഇടതു പക്ഷം വിശിഷ്യാ സി പി ഐ എം അസ്തമിച്ചുവെന്ന് പലരും തിട്ടപ്പെടുത്തിയ സമയത്ത് അത്യൂജ്ജ്വല പ്രകടനം നടത്തി തിരിച്ചുവരാന്‍  സഹായിച്ച ഇന്നാട്ടിലെ ജനതയെ എത്ര അഭിനന്ദിച്ചാലാണ് അധികമാകുക?
ശബരിമലയിലെ യുവതി പ്രവേശനത്തെ മുന്‍നിറുത്തി മതസ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കുന്നുവെന്ന ആരോപണമുന്നയിച്ച് സാധാരണക്കാരായ വിശ്വാസികളില്‍ തെറ്റിദ്ധാരണകളുണ്ടാക്കി നേടിയ വിജയ താല്കാലിക വിജയമായിരുന്നു ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടായത് എന്ന് വ്യക്തമായിരിക്കുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന് തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് കേരളത്തിലെ ജനത മനസ്സിലാക്കി. നിയമം കൊണ്ടുവന്ന് വിശ്വാസം സംരക്ഷിക്കുമെന്ന് പ്രചരിപ്പിച്ച് വോട്ടു നേടിയവര്‍ കോടതി വിധി പറഞ്ഞ ഒരു വിഷയത്തില്‍ തങ്ങള്‍‌ക്കൊന്നും ചെയ്യാനില്ലെന്ന് പറഞ്ഞ കൈകഴുകിയപ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഈ ജനത മനസ്സിലാക്കി. അതിന്റെ പ്രതിഫലനമായി  ശബരിമല സ്ഥിതി ചെയ്യുന്ന പത്തനം തിട്ട ജില്ലയിലെ അങ്ങാടി പഞ്ചായത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റ് ഇടതുപക്ഷം പിടിച്ചെടുത്തുവെന്ന് മാത്രവുമല്ല ബി ജെ പിയ്ക്ക് കേവലം ഒമ്പത് വോട്ടുകള്‍‌ മാത്രമാണ് ലഭിച്ചതെന്നതുകൂടി നാം മനസ്സിലാക്കണം.അതോടൊപ്പം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള ഭരണത്തില്‍ ഒരു ജനത എന്ന നിലയില്‍ തങ്ങള്‍ തൃപ്തരാണെന്ന സന്ദേശം കൂടിയാണ് തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത്.
നാല്പത്തിനാലില്‍ ഇരുപത്തിമൂന്നു സീറ്റായിരുന്നു ഇടതുപക്ഷത്തിന് ഉണ്ടായിരുന്നത്. അതില്‍ ഒരു സീറ്റു മാത്രമാണ് നഷ്ടപ്പെട്ടത്.ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വെളിച്ചത്തില്‍ ഇടതുപക്ഷത്തെ എഴുതിത്തള്ളിയ  പശ്ചാത്തലത്തിലാണ് യു ഡി എഫിന് ഈ വാര്‍ഡുകള്‍ വലിയ ഭൂരിപക്ഷം നല്കിയിരുന്നു. ആ കണക്കു വെച്ചാണെങ്കില്‍ ഈ പ്രകടനം ഇടതുപക്ഷത്തിന്റെ തിരിച്ചു വരവാണെന്ന് കരുതാവുന്നതാണ്. അതോടൊപ്പം സി പി ഐ എമ്മിനെ മനപ്പൂര്‍വ്വം പ്രതിസ്ഥാനത്തു നിറുത്തിക്കൊണ്ടു  മാധ്യമങ്ങള്‍ വലിയ തോതില്‍ കുപ്രചാരണങ്ങളും നടത്തിയിരുന്നു. അതൊക്കെ  ജനം തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ് വെളിപ്പെടുന്നത്. അതുകൊണ്ടാണ് ഈ വിജയം ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ് എന്നുതന്നെ വിലയിരുത്തപ്പെടുന്നത്.
എല്ലാത്തിനുമുപരി ബി ജെ പിയുടെ വര്‍ഗ്ഗീയതയ്ക്കു പിന്നാലെ കേരളം പോകുന്നില്ലെന്നതുതന്നെയാണ് ഏറ്റവും വലിയ പ്രതീക്ഷയാകുന്നത്.അതോടൊപ്പം തന്നെ ഇടതുപാര്‍ട്ടികളുടെ ദേശീയ നേതൃത്വങ്ങള്‍ ഈ ഇലക്ഷന്‍ ഫലങ്ങളെ വളരെ ശ്രദ്ധയോടെ മനസ്സിലാക്കിപ്പോകുമെന്ന പ്രതീക്ഷ എനിക്കുണ്ട്. ദേശീയ തലത്തില്‍ ബി ജെ പിക്കെതിരെ ശക്തമായ ഒരു മൂന്നണിയോ മുന്നേറ്റമോ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ കേരളത്തിലെ ലോകസഭാ തിരഞ്ഞെടുപ്പു ഫലം ഇന്നുള്ളതില്‍ നിന്നും നേരെ വിരുദ്ധമാകുമായിരുന്നോ എന്നുകൂടി അവര്‍ പരിശോധിക്കേണ്ടതാണ്.ഇരുട്ടു കൊണ്ടു ഓട്ട അടയ്ക്കുന്ന വലതുപക്ഷത്തിന്റെ ശ്രമങ്ങള്‍ താല്ക്കാലികമാണെന്നും എന്നാല്‍ ദേശീയതലത്തില്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം ഇടതുപക്ഷത്തിനുണ്ടെന്നും ഈ തിരഞ്ഞെടുപ്പു ഫലം നമ്മെ പഠിപ്പിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം