#ദിനസരികള്‍ 799



ചിതറിയ ചിന്തകള്‍

            ദാരിദ്ര്യത്തിന്റെ ഉഷ്ണകാലങ്ങളെ അനുഭവിക്കാത്ത ഒരാള്‍ ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ മനസ്സിലാക്കുന്നില്ല എന്നാണ് ഞാന്‍ പറയുക. കാരണം ദാരിദ്യം മനുഷ്യനെ കൂടുതല്‍ക്കൂടുതല്‍ മനുഷ്യനാക്കുന്നു.നട്ടെല്ലിനെ കാര്‍ന്നു തിന്നുന്ന വിശപ്പിന്റെ നീരാളിപ്പിടുത്തത്തില്‍ ജീവിതത്തിന്റെ ഓരോ മുഹുര്‍ത്തങ്ങളേയും നാം സജീവമായ തീക്ഷ്ണതയോടെ ഓര്‍ത്തുവെയ്ക്കുന്നു.ഉദാഹരണത്തിന് അയല്‍പക്കത്തു നിന്നും ഒരു കപ്പു പഞ്ചസാര വായ്പ ചോദിച്ചപ്പോള്‍ അവര്‍ ഇല്ലെന്നു കൈമലര്‍ത്തിയത് എന്നാണെന്നും എന്നാണ് ഈ വഴിക്ക് പോസ്റ്റുമാന്‍ അവസാനമായി കടന്നു വന്നതെന്നും കാത്തുനിന്നതിന് മറുപടിയായി തല വശങ്ങളിലേക്ക് വെട്ടിച്ചുകൊണ്ട് ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചതെന്നും നാം കൃത്യമായും ഓര്‍ത്തിരിക്കും. എന്നാല്‍ ധാരാളിത്തത്തിന്റേതായ ഒരു കാലത്ത് നിങ്ങള്‍ക്ക് ഒരിക്കലും ഇത്ര ആഴത്തില്‍ ഈ മുഹൂര്‍ത്തങ്ങളുടെ അനുഭവങ്ങളെ ഓര്‍ത്തിരിക്കാന്‍ കഴിയാറില്ല. കാരണം ഇല്ലായ്മ , ജീവിതത്തിന്റെ ഓരോ നിമിഷങ്ങളേയും നാം എങ്ങനെയൊക്കെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
          ദാരിദ്ര്യം നമ്മെ തുരുത്തുകളാക്കുന്നു.ആരേയും അകറ്റി നിറുത്തുന്ന ഏകാന്തഭീകരമായ ഒരു തുരുത്ത്.ആരും അറിഞ്ഞുകൊണ്ട് അവിടേക്ക് കടന്നു വരില്ല അകലെ നിന്ന് നോക്കുമ്പോള്‍ ആവാസകേന്ദ്രത്തിന്റെ പ്രതീതിയൊക്കെ ജനിപ്പിക്കുമെങ്കിലും ഇത്തിരി അടുത്തു ചെന്ന് കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാകുമ്പോള്‍ തുരുത്തിലേക്കുള്ള വഴിയില്‍ നിന്നും തിരിഞ്ഞുപോകുവാന്‍ നാം പ്രേരിപ്പിക്കപ്പെടുന്നു.
          ചെരുപ്പു തിന്നുന്നവന്‍ അയ്യേ അവന്‍ പഴയ ചെരുപ്പാണ് തിന്നുന്നതെന്ന് കണ്ടെത്താനുള്ള ജാഗ്രത നാം കൈവരിച്ചിരിക്കുന്നു.
ഉള്‍‌പ്പുറങ്ങളുടെ സ്നിഗ്ദതകള്‍ക്കപ്പുറം യാഥാര്‍ത്ഥ്യത്തിന്റെ പരുപരുത്ത വശങ്ങളിലാണ് ജീവിതം കൂടുതല്‍ ആഴത്തില്‍ വേരുകള്‍ പടര്‍ത്തിക്കിടക്കുകയെന്ന ദര്‍ശനത്തെ അവന് വിശപ്പില്‍ നിന്നും കണ്ടെടുക്കാനാകുന്നു. എന്നാല്‍ ദാരിദ്ര്യത്തില്‍ ജീവിച്ച് ദാരിദ്ര്യത്തില്‍ തന്നെ മരിക്കുകയെന്നത് അത്യധികം സങ്കടകരമാണെന്ന് പറായതെ വയ്യ. 
കമ്യൂണിസ്റ്റ് എന്നാലെന്താണെന്ന ചോദ്യത്തിന് അയല്‍വാസിയുടെ അടുപ്പില്‍ ഇന്നെന്തു വേവിച്ചു എന്ന് പറയുവാന്‍ കഴിയുന്നവന്‍ എന്ന് മറുപടി പറഞ്ഞ ഒരു കാലമുണ്ടായിരുന്നു.ഇക്കാലങ്ങളിലാകട്ടെ വിശപ്പിനെ അറിയുന്ന കമ്യൂണിസ്റ്റുകള്‍ ഇല്ലാതായിരിക്കുന്നു.അതിമനോഹരമായ മണിമാളികകളുടെ സ്ഫാടികഭംഗി നുകര്‍ന്ന് അവയുടെ ആകാശപ്പൊക്കങ്ങളില്‍ അമ്പരന്ന് താഴേക്ക് നോക്കുവാന്‍ ഇടവേളകളില്ലാത്ത ജീവിതം നമുക്കു ശീലമായിരിക്കുന്നു.
വിപ്ലവത്തിന് കഴുത്തു വെച്ചുകൊടുത്തവന് നീണ്ട നാല്പതു വര്‍ഷമായി ദാരിദ്ര്യം പകരം കൊടുത്ത കഥയാണ് മാര്‍‌ക്വേസിന്റെ കേണിലിന് ആരും എഴുതുന്നില്ല എന്ന നോവല്‍ പറയുന്നത്.ദാരിദ്ര്യത്തില്‍ നിന്നും ദാരിദ്ര്യത്തിലേക്ക് ഓരോദിവസവും കൂപ്പുകുത്തിക്കൊണ്ടിരുന്ന കേണലിന്റെ ജീവിതം മാര്‍‌ക്വേസ് അടയാളപ്പെടുത്തുന്നത് വളരെ നിസ്സാരമായ അധികം ആയുസ്സില്ലാത്തതുമായ ചെറു ചെറു സംഭവങ്ങളെ മുന്നില്‍ നിറുത്തിയാണ്.നിസ്സാരങ്ങളെന്ന് നമുക്ക് തോന്നിയേക്കാമെങ്കിലും അവയൊന്നും തന്നെ കേണലിനെ സംബന്ധിച്ച് നിസ്സാരമായിരുന്നില്ല.കാരണം ഇത്തരം ആയുസ്സില്ലാത്ത ചെറിയ കാര്യങ്ങളാണ് അയാളുടെ നാല്പതുകൊല്ലത്തെ ജീവിതത്തെ അപഹരിച്ചു പോയത്.അവസാനം എന്താണ് നാളെ തിന്നുക എന്ന ചോദ്യത്തിന് നേരെ തീട്ടം എന്ന ഉത്തരം കേണല്‍ വലിച്ചെറിയുമ്പോഴാണ് അതുവരെ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന ഒരു ഒരഗ്നിപര്‍വ്വതത്തിന്റെ അസാധാരണ സാമീപ്യം നാം അനുഭവിക്കുക.
ചില ജീവിതങ്ങളെപ്പറ്റി ആലോചിക്കുമ്പോള്‍ ഇങ്ങനെയാണ്.എവിടെയാണ് തുടങ്ങിയതെന്നോ എവിടെയാണ് അവസാനിക്കുന്നതെന്നോ അറിയാത്ത അവസ്ഥ. അത്തരം ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തും എവിടെയോ തുടങ്ങി എവിടെയോ അവസാനിച്ചു പോകും. എങ്കിലും ഇവിടെയൊരു പൂവുണ്ടായിരുന്നുവെന്ന് ഞെട്ട് ഓര്‍മിപ്പിക്കുന്നതുപോലെ ചിലതെല്ലാം അവശേഷിപ്പിച്ചുകൊണ്ട് , എന്റെ ഈ കുറിപ്പുപോലെ !


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം