#ദിനസരികള്‍ 786


#ദിനസരികള്786
            പി ഭാസ്കരനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം വായിക്കാനായി കൈയ്യിലെടുക്കുമ്പോഴൊക്കെ ആ പുസ്തകത്തെക്കുറിച്ചോര്‍ത്ത് എനിക്ക് അത്ഭുതം തോന്നാറുണ്ട്.ഒരു ഭൂപ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിലെ വിസ്മയിപ്പിക്കുന്ന ചേരിതിരിവുകള്‍ ഇത്ര വിശദമായ രീതിയില്‍ അടയാളപ്പെടുത്തിയ മറ്റൊരു പുസ്തകം മലയാളത്തില്‍ നിലവിലില്ല എന്നതുതന്നെയാണ് ഈ അത്ഭുതത്തിന്റെ പ്രധാന കാരണം.ഏതു നിലയില്‍ നിന്നുമാണ് ഇന്നു കാണുന്ന തരത്തിലുള്ള സാമൂഹികതയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് തിരിച്ചറിയാനുള്ള ഏറ്റവും നല്ല വഴി ഈ പുസ്തകം പല തവണ വായിക്കുക എന്നതുമാത്രമാണ്.
          ജീവിതവുമായി ബന്ധപ്പെട്ട ഭക്ഷണം, വസ്ത്രം , പാര്‍പ്പിടം, ആചാരങ്ങള്‍ , ജാതികള്‍, കൃഷി, വാണിജ്യം കുറ്റവും ശിക്ഷയും തുടങ്ങി സമസ്ത മേഖലകളെക്കുറിച്ചും ഈ പുസ്തകം അറിവുപകരുന്നു. ജാതീയമായ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന വിവിധ ശ്രേണികള്‍ പരസ്പരം ഏതൊക്കെ വിധത്തില്‍ ബന്ധപ്പെടുന്നു അഥവാ ബന്ധപ്പെടുന്നില്ല എന്നതാണ് പി ഭാസ്കരനുണ്ണി , പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തെ വരച്ചിടുമ്പോള്‍ പ്രധാനമായും  ചൂണ്ടിക്കാണിക്കുന്നത്. അതായാത് അക്കാല മനുഷ്യ ജീവിതത്തിന്റെ ഏതൊരു ഘട്ടത്തിലേയും നിയാമകശക്തിയായി വര്‍ത്തിച്ചിരുന്നത് ജാതിയല്ലാതെ മറ്റൊന്നുമായിരുന്നില്ല എന്നുതന്നെയാണ് ഈ പുസ്തകം പ്രഖ്യാപിക്കുന്നത് .ജാതിയെ അടിസ്ഥാനപ്പെടുത്തി മാത്രമായിരുന്നു മനുഷ്യന്‍ മനുഷ്യനോട് ഇടപെട്ടിരുന്നത്.
          വര്‍ണത്തില്‍ പെട്ട താഴെത്തട്ടിലുള്ള ജനവിഭാഗത്തിന്റെ അവസ്ഥ തുലോം ദയനീയമായിരുന്നു. എന്നാല്‍ അതിശൂദ്രരായി വര്‍ണ സങ്കല്പത്തില്‍ പെടാത്തവരെ മനുഷ്യന്മാരായിപ്പോലും പരിഗണിച്ചിരുന്നില്ല.അവര്‍ പൊതു ജീവിതത്തിന്റെ എല്ലാത്തരം ഏണുകളില്‍ നിന്നും അകറ്റി നിറുത്തപ്പെട്ടിരുന്നു. എങ്ങാനും ആരുടെയെങ്കിലും കണ്ണില്‍ പെട്ടാലോ ക്ഷുദ്രജീവികളെപ്പോലെ കല്ലെറിഞ്ഞും തല്ലിക്കൊന്നും ചിത്രവധം ചെയ്യുക എന്നതൊരു തമാശ മാത്രമായിരുന്നു.
          ബ്രാഹ്മണന്‍ സര്‍‌വ്വോത്തമനായി പരിഗണിക്കപ്പെട്ടിരുന്ന അക്കാലത്ത് എന്നും എവിടേയും അയാള്‍ തന്നെയായിരുന്നു ഒന്നാമന്‍. രാജ്യത്തിന്റെ അധിപനായിരുന്നവര്‍പോലും ബ്രാഹ്മണ പ്രീതിക്കുവേണ്ടി മത്സരിച്ചു. അവനെ ഊട്ടാനും ഉറക്കാനും സമ്മാനാദികള്‍ നല്കി സത്കരിച്ച് സംതൃപ്തനാക്കാനും എല്ലാ ശ്രേണികളിലും പെട്ടവര്‍ മത്സരിച്ചു.ബ്രാഹ്മണനെ ദ്രോഹിക്കുന്നതായിരുന്നു ഏറ്റവും കൊടിയ ശാപമായി പരിഗണിക്കപ്പെട്ടിരുന്നത്.ബ്രാഹ്മണ ശാപം വാരനിരിക്കുന്ന  തലമുറകളെ‌പ്പോലും ബാധിക്കുമെന്നും അതുകൊണ്ടുതന്നെ ബ്രാഹ്മണപ്രീതി സമ്പാദിക്കുകയെന്നത് ജീവിതത്തില്‍ പ്രധാനമാണെന്നും അക്കാലം വിശ്വസിച്ചു പോന്നു.
സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്ഗ്ഗേണ മഹീം മഹീശാഃ 
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” 
എന്ന ശ്ലോകം ശ്രദ്ധിക്കുക . അതായത് ബ്രാഹ്മണനും ഗോവിനും ശുഭമുണ്ടായാല്‍ ലോകത്തിന് ശുഭമായി എന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ഗോവിനും ബ്രാഹ്മണനും യോജിക്കുന്ന രീതിയിലുള്ള ഭരണത്തെയാണ് രാജാവ് നിര്‍വഹിക്കേണ്ടതെന്ന നിര്‍‌ദ്ദേശമാണ് പ്രസ്തുത ശ്ലോകത്തിലെ കാതലായിരിക്കുന്നത്.ഈ രണ്ടു കൂട്ടര്‍ക്കും ക്ഷേമമുണ്ടെങ്കില്‍ ലോകത്തിന് ക്ഷേമമായി എന്ന തരത്തിലുള്ള സങ്കുചിതമായ ചിന്തയായിരുന്നു അത്. പൂര്‍വ്വാര്‍ദ്ധങ്ങള്‍ നല്കുന്ന അര്‍ത്ഥങ്ങളെ വേണ്ടത്ര മനസ്സിലാക്കാതെ ഉത്തരാര്‍ത്ഥത്തിലെ അവസാന പാദത്തെ നാം നമ്മുടെ വേദികളില്‍ ഉദാത്തമായ ഒരു ദര്‍ശനമെന്ന നിലയില്‍ ചൊല്ലിപ്പോകാറുണ്ടെന്നതുകൂടി സാന്ദര്‍ഭികമായി സൂചിപ്പിച്ചു കൊള്ളട്ടെ !
            ആചാരാനുഷ്ഠാനങ്ങളും കുറ്റവും അതു തെളിയിക്കപ്പെടാനുള്ള വ്യത്യസ്തമായ രീതികളും അതിനുള്ള ശിക്ഷകളും ഓരോ ശ്രേണികളിലും പെട്ട ജാതിക്കാര്‍ക്ക് വെവ്വേറെയായിരുന്നു. എന്തെങ്കിലും നിവര്‍ത്തിയുണ്ടെങ്കില്‍ ബ്രാഹ്മണനെ ശിക്ഷിക്കാതിരിക്കാനുള്ള വഴികളായിരുന്നു ഓരോ ഭരണാധികാരികളും ന്യായസഭകളും ചിന്തിച്ചിരുന്നത്.ന്യായസഭയെന്നാല്‍ വേദജ്ഞാനികളായ ബ്രാഹ്മണരും കൂടാതെ രാജാവു നിയോഗിച്ച ബ്രാഹ്മണരും കൂടിയിരിക്കുന്ന ഇടമാണ്. അവരാണ് സ്മൃതികളെ അടിസ്ഥാനമാക്കി ന്യായാന്യായങ്ങളെ വിധിക്കുക. വര്‍ണ വ്യവസ്ഥയില്‍ എത്രമാത്രം നിഷ്പക്ഷമായിരിക്കും അത്തരമൊരു ന്യായസഭയുടെ തീരുമാനങ്ങളെന്ന് നാം നാം ഊഹിക്കുക.
          പി ഭാസ്കരനുണ്ണിയുടെ പുസ്തകം നമ്മുടെ ലൈബ്രറികളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്.എന്നു മാത്രവുമല്ല , ആ പുസ്തകം നമ്മുടെ ലൈബ്രറി കൌണ്‍സില്‍ നടത്തുന്ന വായനാമത്സരങ്ങളില്‍ പെടുത്തുകയും തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങള്‍ സ്കൂള്‍ കോളേജ് സിലബസ്സുകളില്‍ ഉള്‍‌പ്പെടുത്തുകയും വേണം.ഒരു സുപ്രഭാതത്തില്‍ നവോത്ഥാനത്തിന്റെ പേരില്‍ കുറേ പുതിയ മുദ്രാവാക്യങ്ങള്‍ ഉന്നയിക്കപ്പെടുന്നതിനു മുമ്പ് നാം എങ്ങനെയാണ് ഇവിടെ ജീവിച്ചുപോന്നതെന്നും എങ്ങനെയാണ് ഇന്നത്തെ നിലയിലേക്ക് എത്തിയതെന്നും പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. എന്നിട്ടു വേണം ഇനി എന്താണ് നാം ചെയ്യേണ്ടതെന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഫലവത്തായി പുനരാരംഭിക്കുവാന്‍. അത്തരമൊരു ചര്‍ച്ചക്ക് അസ്തിവാരമിടാന്‍ പി ഭാസ്കരനുണ്ണിയുടെ ഈ ഗ്രന്ഥത്തിന് സാധിക്കുകതന്നെ ചെയ്യും.
         
         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1