#ദിനസരികള്‍ 784


            മോഷണം മോഷണം മാത്രമാണ്.എന്തൊക്കെ ന്യായങ്ങളുടെ പരിവേഷങ്ങള്‍ നാം അണിയിച്ചുകൊടുത്താലും അതിനപ്പുറത്തേക്കുള്ള ഒരാനുകൂല്യവും മോഷണത്തിന് ലഭിക്കുന്ന സാഹചര്യമുണ്ടാകരുത്.
            അന്യന്റെ വസ്തുവകകള്‍ മോഷ്ടിച്ചാല്‍ വളരെ കര്‍ശനമായിത്തന്നെ പിടികൂടി ശിക്ഷ നല്കുന്ന നിയമവ്യവസ്ഥ നമ്മുടെ രാജ്യത്തുണ്ട്.എന്നാല്‍ കലയിലേയും സാഹിത്യത്തിലേയും മോഷണങ്ങളെ പിടികൂടാനും ശിക്ഷിക്കാനും അത്രതന്നെ ജാഗ്രതയോടെയുള്ള കരുതലുകള്‍ നമ്മള്‍ സൂക്ഷിക്കുന്നില്ല.
            അതുകൊണ്ടുതന്നെയാകണം , കലാസാഹിത്യമേഖലകളിലെ മോഷണത്തിന് ഒട്ടും കുറവില്ലാതെ തുടര്‍ന്നു പോകുന്നത്.
            ഉദാഹരണങ്ങള്‍ നിരവധിയുണ്ട്.
തന്റെ ബ്ലോഗെഴുത്തുകള്‍ മോഷ്ടിച്ചെടുത്ത് സ്വന്തം പേരില്‍ പുസ്തകമാക്കിയ കാരൂര്‍ സോമനെപ്പറ്റി മനോജ് നിരക്ഷരന്‍ എഴുതിയത് നാം വായിച്ചതാണല്ലോ. വൈകാരിക പരിസരങ്ങളുടെ ശക്തമായ ഇടപെടലുകള്‍ മൂലമുണ്ടായ കവിതാ വിവാദവും അലകളൊടുങ്ങി അവസാനിച്ചു കഴിഞ്ഞിട്ടില്ല.ഇതൊക്കെ ഈ അടുത്ത കാലത്ത് നടന്നതുകൊണ്ടാണ് ഉദാഹരണമായി എടുത്തത്.
            സാഹിത്യത്തിലും കലയിലും കൊടുമ്പിരിക്കൊണ്ടിട്ടുള്ള മോഷണ വിവാദങ്ങള്‍ എത്രയെങ്കിലുമുണ്ട്.എന്നാല്‍‌ ഇക്കാലങ്ങളില്‍ അത്രയൊന്നും പ്രാധാന്യം കിട്ടാത്ത , ഒന്നാണ് ചിത്രങ്ങളുടെ മോഷണം.ഒരാള്‍ എടുത്ത ചിത്രങ്ങള്‍‌ ഒരു കടപ്പാടുപോലും രേഖപ്പെടുത്താതെ മറ്റൊരാള്‍ മറ്റൊരാവശ്യത്തിന് ഉപയോഗിക്കുന്നു.ചൂണ്ടിക്കാണിച്ചാല്‍ പോലും ഇത് തെറ്റാണെന്ന് സമ്മതിക്കാനോ തിരുത്താനോ അക്കൂട്ടര്‍ തയ്യാറാകുന്നില്ലെന്നതാണ് വിഷമകരമായ വിശേഷം.
            ഒരു വ്യക്തി മാത്രമല്ല ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട സ്ഥാപനങ്ങളും ഇതേ രീതി അനുവര്‍ത്തിക്കുന്നുവെന്നതാണ് വിചിത്രം. ഇന്ന് രാവിലെ വിക്കിപ്പീഡിയന്‍സിന്റെ ഒരു ഗ്രൂപ്പില്‍ അത്തരമൊരു വിഷയം ചര്‍ച്ചക്കു വന്നു. ഫോട്ടോഗ്രാഫര്‍മാര്‍തന്നെ പറയുന്നത് പറഞ്ഞു പറഞ്ഞു മടുത്തു എന്നാണ് പറയുന്നത്. എത്ര പറഞ്ഞാലും വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്ന നിരാശയുണ്ടായിരുന്നു അവരുടെ വാക്കുകളില്‍.
            അവിടെ രണ്ട് ഉദാഹരണങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.നിര്‍ഭാഗ്യവശാല്‍ ഉന്നയിക്കപ്പെട്ട രണ്ടു സംഭവങ്ങളിലും പ്രതിസ്ഥാനത്തു വരുന്നത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്.അവര്‍ പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങള്‍ - രണ്ടു പുസ്തകങ്ങളാണ് ഉദാഹരണമായി വന്നത്, കൂടുതലുണ്ടാകാം അവിടെ പരാമാര്‍ശിക്കപ്പെട്ടു.ഒന്ന് ഒഎന്‍വിയുടെ ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതയെക്കുറിച്ച് നടന്നിട്ടുള്ള പഠനങ്ങളുടെ സമാഹാരമാണ്.എന്‍ ജയകൃഷ്ണന്‍ എഡിറ്റു ചെയ്തിട്ടുള്ള ഈ പുസ്തകത്തിന്റെ കവര്‍ പേജിന് ഉപയോഗിച്ചിരിക്കുന്ന ചിത്രത്തെക്കുറിച്ചാണ് പരാതി.രണ്ടാമത്തേതത് ചിത്രാ മോഹന്റെ കേരള നടനം എന്ന പുസ്തകമാണ്.ആ പുസ്തകത്തിന്റെ കവര്‍ ഫോട്ടോയും ഫോട്ടോഗ്രാഫറുടെ അനുവാദമില്ലാതെയാണ് ഉപയോഗിച്ചിട്ടുള്ളത്.
            കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപനങ്ങളുടെ സമീപനങ്ങള്‍ ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവയുടെ അവസ്ഥ പറയാതിരിക്കുകയാകും ഭേദം.
            സാഹിത്യ ചോരണത്തെക്കാള്‍ ചിത്രമോഷണങ്ങള്‍ ഇക്കാലങ്ങളില്‍ ധാരാളമായി നടക്കുന്നു. വിക്കിപ്പീഡിയയില്‍ നിന്നും കിട്ടുന്ന ചിത്രങ്ങളൊക്കെ ഒരു കടപ്പാടും രേഖപ്പെടുത്താതെ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം എന്നാണ് പലരുടേയും ധാരണ.വാണിജ്യ അടിസ്ഥാനത്തിലുള്ള ആവശ്യങ്ങള്‍ക്കും ഇത്തരത്തില്‍ ലഭ്യമാകുന്ന ചിത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ രേഖമൂലമുള്ള അനുമതിയോ വാങ്ങാനോ പ്രതിഫലം നല്കാനോ തയ്യാറായില്ലെങ്കില്‍ കൂടി ചിത്രത്തിന് കടപ്പാടു രേഖപ്പെടുത്താനുള്ള സാമാന്യ മര്യാദയെങ്കിലും നാം കാണിച്ചു തുടങ്ങണം.
            തന്റെ ചിത്രങ്ങള്‍ ലോകത്തെ കാണിക്കാന്‍ ഒരാള്‍ക്കുള്ള ഏറ്റവും എളുപ്പമായ ഇടം നവ മാധ്യമങ്ങളാണ്.അതുകൊണ്ടു തന്നെ ചിത്രകാരന്മാരില്‍ ഒട്ടധികം പേരും ഈ ഇടത്തെ നന്നായി ആശ്രയിക്കുന്നുമുണ്ട്.അതുകൊണ്ട് ചിത്രവേട്ടക്കാര്‍ക്ക് അധികം വിഷമിക്കാതെതന്നെ തങ്ങള്‍ക്ക് വേണ്ടത് കണ്ടെത്താന്‍ കഴിയാറുണ്ട്. അങ്ങനെ കിട്ടുന്ന ചിത്രങ്ങള്‍ ആവശ്യത്തിന് എഡിറ്റു ചെയ്തും ചെയ്യാതെയും ചിത്രമെടുത്തവനെ മറന്നുകൊണ്ട് , ഒരു കടപ്പാടുപോലും രേഖപ്പെടുത്താതെ തങ്ങളുടേതാക്കി ഉപയോഗിക്കുന്നവരുണ്ട്. അവര്‍ ചെയ്യുന്നത് ഒന്നാന്തരം മോഷണം തന്നെയാണ്.അന്യന്റെ വിയര്‍പ്പ് കട്ടു തിന്നുന്ന ഇവരേയും കള്ളനെന്നു തന്നെയാണ് നാം വിളിക്കുക.
            അതുകൊണ്ട് ഇനിയെങ്കിലും ഇങ്ങനെ ചിത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അനുവാദം ചോദിക്കാനും കടപ്പാടുരേഖപ്പെടുത്താനുമുള്ള മര്യാദ നാം കാണിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1