#ദിനസരികള്‍ 776



രാഹുല്‍ രാജി വെയ്ക്കണം !

          ആകെയുള്ള ലോകസഭാ സീറ്റുകളില്‍ പത്തു ശതമാനം പോലും നേടാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട പ്രമുഖരില്‍ ഒരാള്‍ പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്.യോഗേന്ദ്ര യാദവിനെപ്പോലെയുള്ളവര്‍ കുടുംബാധിപത്യത്തിന്റെ കെടുതികളെ കാരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുലിന്റെ രാജിയെ സ്വാഗതം ചെയ്തു. ഇങ്ങനെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്ന രാജി എന്ന ആവശ്യത്തെ അംഗീകരിക്കുന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും പ്രതികരണങ്ങളുണ്ടായതെന്ന് നമ്മുടെ മാധ്യമങ്ങള്‍ പറയുന്നു. എന്തായാലും ഇപ്പോഴും രാഹുലിന്റെ രാജിയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്ക്കുകതന്നെയാണ്.
          എന്നാല്‍ ഇന്ത്യ പോലെയുള്ള ഒരു മഹാരാജ്യത്ത് നടന്ന തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഉത്തരവാദിത്തം ഒരൊറ്റ വ്യക്തിയിലേക്ക് ഒതുക്കി നിറുത്തിക്കൊണ്ട് അയാളെ മാത്രം ബലിയാടാക്കുക എന്ന രീതി ശരിയായ ഒന്നല്ലെന്നാണ് രാഹുലിന് വേണ്ടി വാദിക്കുന്നവര്‍ ഉന്നയിക്കുന്നത്.താഴെത്തലം മുതല്‍ മുകള്‍ത്തട്ടുവരെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതിനു പകരം ഓരോരോ നേതാക്കന്മാരും അവരവരുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന രീതിയില്‍ പെരുമാറുകയും സുരക്ഷിത മേഖലകളിലെ കളിക്കളങ്ങളില്‍ മാത്രമിറങ്ങുകയും ചെയ്തതടക്കമുള്ള പ്രവര്‍ത്തികളാണ് പരാജയത്തിന്റെ കാരണമെന്നും സത്യത്തില്‍ അവര്‍‌ക്കെതിരെയാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നുമാണ് അവര്‍ വാദിക്കുന്നത്.സ്വന്തം മക്കളേയും മറ്റു വേണ്ടപ്പെട്ടവരേയും ഈ നിര്‍ണായക ഘട്ടത്തിലും ഓരോ നിലയിലെത്തിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടത്തിയ അത്തരം നേതാക്കള്‍‌ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണമെന്ന ആവശ്യം ന്യായമുള്ളതാണ്.
          നമുക്ക് കോണ്‍ഗ്രസ് എന്ന വലതു പക്ഷ പാര്‍ട്ടിയുമായി എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും മതേതര ഭാരതം എന്ന സങ്കല്പത്തെ സാധ്യമാക്കാനുള്ള രാഷ്ട്രീയ ശ്രമങ്ങളില്‍ ആ പാര്‍ട്ടിയെ ഒഴിച്ചു നിറുത്തുക അസാധ്യമാണ്.അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ഇന്ത്യയില്‍ ഇല്ലാതാകുക എന്ന ആശയത്തോട് അതിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും ഐക്യപ്പെടുമെന്ന് കരുതുന്നില്ല. പക്ഷേ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സത്യത്തില്‍ മന്ത്രവടികളൊന്നും നേതൃത്വത്തിന്റെ കൈയ്യിലില്ല എന്ന കാര്യം സുവ്യക്തമാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മടിയില്ലാത്ത , അവരോട് സംവദിക്കാനും അവര്‍ക്കു ചെവി കൊടുക്കാനും തയ്യാറുള്ള ഒരു നേതൃത്വം കൈമെയ് മറന്ന് നിസ്വാര്‍ത്ഥതയോടെ അടുത്ത അഞ്ചു കൊല്ലക്കാലം സജീവമായി രംഗത്തിറങ്ങിയാല്‍ മാത്രമേ ഇനിയും നമുക്ക് കോണ്‍ഗ്രസില്‍ പ്രതീക്ഷയുണ്ടാകുകയുള്ളു. ജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുക എന്ന അതിപ്രധാനമായ കര്‍ത്തവ്യമാണ് അവര്‍ക്ക് കൈവരിക്കാനുള്ളത്.ഇപ്പോള്‍ രാഹുലിന്റെയൊപ്പം അത്തരത്തിലുള്ള ഒരു നേതൃത്വമില്ല എന്നതുതന്നെയാണ് ഈ പരാജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് എന്ന വിലയിരുത്തല്‍ അസ്ഥാനത്താകുകയില്ല.
          ഇവിടെയാണ് രാഹുലിന്റെ രാജി എന്ന ആവശ്യത്തിന്റെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടേണ്ടത്. നെഹ്റു കുടുംബത്തില്‍ നിന്നുമൊരാള്‍ പടയില്‍ തോറ്റ് രാജി വെച്ചൊഴിഞ്ഞുവെന്നത് കുറച്ചു കാലത്തേക്ക് പ്രതിപക്ഷത്തിനും തല്പരകക്ഷികള്‍കള്‍ക്കും ഇഷ്ടമുള്ള വിഷയമായി മാറിയേക്കാം. എന്നാല്‍ അതിനുമപ്പുറം ഒരു രാജിയിലൂടെ രാഹുല്‍ ഗാന്ധിക്ക് ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുമെന്നത് അപാരമായ സാധ്യതയാണ്.
          പ്രധാനമായും കുടുംബവാഴ്ച എന്ന ആരോപണത്തെ രാജിയിലൂടെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയുന്നതു വഴി കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശാപമായ മക്കള്‍ രാഷ്ട്രീയത്തേയും കോണ്‍ഗ്രസിന് തുടച്ചു നീക്കാന്‍ കഴിയും.അതോടൊപ്പം തന്നെ തന്റെ ചുറ്റും കറങ്ങുന്ന താപ്പാനകളെ ഒഴിവാക്കാനും രാജ്യതാല്പര്യങ്ങളെ മാത്രം മുന്‍ നിറുത്തി പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജ്വസ്വലരായ ഒരുപറ്റം യുവാക്കളെ കണ്ടെത്താനും കോണ്‍ഗ്രസിനും കഴിയും. പുതിയ ഒരു പ്രസിഡന്റിനെ മുന്നില്‍ നിറുത്തിക്കൊണ്ട് സംഘടനാ സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ യാതൊരു വിധ കെട്ടുപാടുകളുമില്ലാതെ രാഹുല്‍ ഗാന്ധിക്ക് കഴിയുന്ന അവസ്ഥ ഉണ്ടാകും. വ്യത്യസ്ത താല്പര്യങ്ങളും ഗ്രൂപ്പുകളുമായി പ്രവര്‍ത്തിക്കുന്ന പി സി സികളെ നിയന്ത്രിക്കാനും ശക്തമായ നടപടിയെടുക്കാനും കോണ്‍ഗ്രസിന്റെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാനും പുതിയ നേതൃത്വത്തെ മുന്‍നിറുത്തി രാഹുലിന് കഴിയും.
          മേല്‍പറഞ്ഞവയൊക്കെയും രാഹുല്‍ പ്രസിഡന്റായിരുന്നാല്‍ത്തന്നെ ചെയ്യാവുന്നതല്ലേയുള്ളു എന്ന ചോദ്യം പ്രസക്തമാണ്. കഴിയില്ല എന്നുതന്നെയാണ് ഉത്തരം. ഇന്ദിരാഗാന്ധി മുതല്‍ പോരെങ്കില്‍ നെഹ്റുമുതല്‍ ആ കുടുംബവുമായി ഇടപഴകി വിനീത വിധേയനായി ജീവിച്ചു പോന്നവരുടെ ഒരു നിര എല്ലാക്കാലത്തും കോണ്‍‌ഗ്രസിന്റെ ശാപമായിരുന്നു.അത്തരത്തിലുള്ള അടുക്കള കമ്മിറ്റികളായിരുന്നു പലപ്പോഴും കോണ്‍ഗ്രസിനെ ഭരിച്ചിരുന്നത്. ഇനി അതില്‍ നിന്നുമൊരു മോചനമുണ്ടായില്ലെങ്കില്‍ - കഴിവിനേയും സേവന മനോഭാവത്തേയും മാത്രം അംഗീകരിക്കുന്ന ഒരു നയ സമീപനമുണ്ടായില്ലെങ്കില്‍ - കോണ്‍ഗ്രസിനെക്കുറിച്ച് നാം , ജനാധിപത്യ മതേതര വിശ്വാസികള്‍ ഒരു പ്രതീക്ഷയും വെച്ചു പുലര്‍‌ത്തേണ്ടതില്ല.
          അതുകൊണ്ട് രാഹുല്‍ രാജിവെച്ചു സഘടനാ സംവിധാനങ്ങളില്‍ മേല്‍ത്തട്ടുമുതല്‍ താഴെത്തട്ടുവരെ നിഷ്പക്ഷമായി ഇടപെടാനുള്ള അവസരമാണ് ആദ്യമായി സൃഷ്ടിക്കേണ്ടത്.എ ഐ സി സി പ്രസിഡന്റ് തന്നെ രാജി വെച്ച് മാറി നില്ക്കുന്ന സാഹചര്യത്തില്‍ താഴെത്തട്ടിലുള്ള ആര്‍ക്കാണ് എന്തെങ്കിലും ന്യായം കണ്ടെത്തി പിടിച്ചു നില്ക്കാന്‍ കഴിയുക?അതുകൊണ്ട് രാഹുലിന്റെ രാജിയായിരിക്കണം നരേന്ദ്ര മോഡിയുടെ വര്‍ഗ്ഗീയ ഭാരതത്തിനെതിരെ മതേതര ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുടെ ആദ്യ പടി എന്ന കാര്യത്തില്‍ സംശയമുണ്ടാകരുത്.2024 ലെ പതിനെട്ടാം ലോക സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മൂലധനമായി  ഈ രാജിയെ മാറ്റിയെടുക്കാന്‍ രാഹുലിന് കഴിയണം.
         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1