#ദിനസരികള്‍ 775


നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളുടെ കണക്ക് എടുക്കുക. മതവിഭാഗം തിരിക്കുന്നത് വര്‍ഗ്ഗീയമാണെന്ന വ്യാഖ്യാനം വരുമെങ്കില്‍ അതുവേണ്ട എന്നും കരുതുക. എന്നാല്‍‌പ്പോലും ഓരോ സ്ഥലത്തും കഴിഞ്ഞ അഞ്ചോ പത്തോ കൊല്ലത്തിനുള്ളില്‍ എത്രയെത്ര ആരാധനാലയങ്ങളാണ് നിര്‍മ്മിച്ചെടുത്തിരിക്കുന്നത്?
ഓരോ മതത്തിലേയും വ്യത്യസ്ത വിഭാഗങ്ങള്‍ ഒരേ ദൈവത്തിനെ ആരാധിക്കാന്‍ തന്നെ എത്രയോ ആലയങ്ങള്‍? തന്റേത് മറ്റവരുടേതിനെക്കാള്‍ കെങ്കേമമായിരിക്കണം എന്നാണ് ഓരോരുത്തരുടേയും വാശി. അതിന്റെ ഫലമായി ആരാധനാലയങ്ങള്‍ എന്ന പേരില്‍ പണിതുയര്‍ത്തിയിരിക്കുന്ന ആഡംബര സൌധങ്ങളെ കാണുമ്പോള്‍ ആരും ഒന്ന് വിസ്മയിക്കാതിരിക്കില്ല.
എത്ര വലുപ്പത്തിലും ഉയരത്തിലുമാണ് അവ ഉണ്ടാക്കിയിരിക്കുന്നത്? എത്ര വില കൂടിയ കല്ലുകള്‍ കൊണ്ടും മറ്റുമാണ് ഓരോ ഇടവും മിനുക്കിയെടുത്തിരിക്കുന്നത്? എത്ര കോടികളാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ദേവാലയത്തിന്റെ മഹത്വം നിശ്ചയിച്ചിരിക്കുന്നതെന്നാണ് ഇതെല്ലാം കാണുമ്പോള്‍ നമുക്ക് തോന്നുക.
സ്വന്തം സമൂഹത്തില്‍തന്നെ ആയിരക്കണക്കിനുപേര്‍ ഉണ്ണാനും ഉടുക്കാനുമില്ലാതെ ദൈവത്തെ വിളിച്ച് വാവിട്ട് കരഞ്ഞുകൊണ്ട് ദിവസം തള്ളി നീക്കുന്ന ഒരു നാട്ടിലാണ് ഈ കോമാളിത്തരം നടക്കുന്നതെന്ന് മറക്കരുത്. രോഗം വന്നിട്ട് ചികിത്സിക്കാന്‍ പോലും കഴിയാതെ നരകിക്കുന്ന, മകളെ കല്യാണം കഴിച്ചു വിടാനോ വൃദ്ധയായ മാതാപിതാക്കളെ സംരക്ഷിക്കാനോ തന്നെ ആശ്രയിച്ചു ജീവിക്കുന്ന മറ്റുള്ളവരെ സഹായിക്കാനോ ഒരു വഴിയും കാണാതെ ആത്മഹത്യ ചെയ്യുന്ന ആളുകളുള്ള ഒരു നാട്ടിലാണ് ഈ തരത്തിലുള്ള തെമ്മാടിത്തരം നടക്കുന്നതെന്ന് നാം മറക്കരുത്.
ഇതെഴുതുന്നതിനിടയിലാണ് പൊതു ഇടങ്ങള്‍ കൈയ്യേറി അനധികൃതമായി നിര്‍മ്മിച്ച ആരാധനാലയങ്ങളുടെ ഒരു കണക്ക് എന്റെ ശ്രദ്ധയില്‍ പെട്ടത്. 2010 ല്‍ അന്നത്തെ ലാന്റ് റവന്യു കമ്മീഷണര്‍ തയ്യാറാക്കിയ ആ പട്ടിക എനിക്ക് ഏഷ്യാനെറ്റില്‍ നിന്നുമാണ് ലഭിച്ചത്. അങ്ങനെ ആകെ കൈയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ എണ്ണം 76 ആണ്. ജില്ല തിരിച്ചുള്ള കണക്കു കൂടി നോക്കുക:-
തിരുവനന്തപുരം – 131, കൊല്ലം – 197, കാസര്‍കോഡ് – 286, കണ്ണൂര്‍ – 18, ഇടുക്കി – 143, പാലക്കാട് – 77, തൃശൂര്‍ – 17, മലപ്പുറം – 8, എറണാകുളം – 24, ആലപ്പുഴ – 23, വയനാട് – 7, പത്തനംതിട്ട – 41, കോട്ടയം – 1, കോഴിക്കോട് – 6 എന്നിങ്ങനെയാണ് അനധികൃത ദേവാലയങ്ങളുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. (ഈ കണക്ക് കൃത്യമാണെന്ന് കരുതുവാന്‍ വയ്യ. ഉള്ളതില്‍ പത്തിലൊന്നു പോലും കണക്കില്‍ വന്നിട്ടില്ലെന്നു തന്നെയാണ് എന്റെ അഭിപ്രായം.)
കയ്യേറിയ സ്ഥലങ്ങളില്‍ നിര്‍മ്മിച്ച ആരാധനാലയങ്ങളിലിരുന്ന് നടത്തുന്ന ഏതു പ്രാര്‍ത്ഥനയാണ് സത്യവാനാണെന്ന് സങ്കല്പിക്കപ്പെടുന്ന ഈ ദൈവം കേള്‍ക്കുമെന്ന് വിശ്വാസികള്‍ കരുതുന്നത്? അവര്‍ സ്വയം തന്നെയും ഈശ്വരേനേയും (അങ്ങനെ വിശ്വസിക്കുന്നവര്‍ക്ക്) ഒരേ പോലെ പറ്റിക്കുകയാണ്. ഏതു ദൈവത്തിനാണ് ഇത്തരത്തിലുള്ള അക്രമങ്ങളില്‍ വിശ്വാസികളെ സംരക്ഷിക്കാന്‍ കഴിയുക? അത്തരം നിര്‍മ്മാണങ്ങള്‍ പൊളിച്ചു കളയേണ്ടതാണെന്നല്ലേ സത്യത്തില്‍ വിശ്വാസകള്‍ മതാധിപരോട് പറയേണ്ടത്? ഒരു ദേവാലയം പൊളിഞ്ഞാലും നാട്ടുകാര്‍ക്ക് ഗുണമുണ്ടാകുമെങ്കില്‍ അതു ചെയ്യാനല്ലേ അവര്‍ മുന്നിട്ടിറങ്ങേണ്ടത്?
അനധികൃതമായ ദേവാലയ നിര്‍മ്മാണത്തെക്കുറിച്ചല്ല സത്യത്തില്‍ ഞാനെഴുതിത്തുടങ്ങിയത്. ലാളിത്യത്തിന്റെ പരിവേഷമണിഞ്ഞ് ഏതൊരു വിശ്വാസിയേയും ശാന്തിയുടേയും സമാധാനത്തിന്റേയും വിതാനങ്ങളിലേക്ക് ആനയിക്കേണ്ട കേന്ദ്രങ്ങള്‍, രാജകൊട്ടാരങ്ങളെപ്പോലെ ഭൂമുഖത്ത് ലഭ്യമായിരിക്കുന്ന സര്‍വ്വ ആഭരണങ്ങളും വാരിയണിഞ്ഞ്, കാണുക തങ്ങളുടെ പ്രൌഡികളെ എന്ന് പ്രഖ്യാപിക്കുന്നതിനെക്കുറിച്ചാണ്.
ഇവയെ നാമെങ്ങനെയാണ് ദേവാലയങ്ങള്‍ എന്നു വിളിക്കുക? ഇത്തരം സൌധങ്ങളിലാണ് നിങ്ങളുടെ ദൈവങ്ങള്‍ ആവസിക്കുന്നതെങ്കില്‍ അയാള്‍ എത്രമാത്രം അല്പനായിരിക്കുമെന്ന് സ്വയമൊന്നു കരുതുക
ദൈവത്തെക്കാണണമെങ്കില്‍ പണിയെടുക്കുന്നവനെ നോക്കണമെന്ന് ടാഗോര്‍ പാടിയത് ഈ അര്‍ത്ഥത്തിലാണ്. ഒരുവന്റെ കണ്ണുനീര്‍ തുടയ്ക്കാന്‍ നിങ്ങള്‍ക്ക് അവസരം കിട്ടുമെങ്കില്‍ നിങ്ങള്‍ ദൈവത്തിന്റെ കണ്ണനീരാണ് തുടയ്ക്കുന്നതെന്ന് നാം മനസ്സിലാക്കണം. അതുകൊണ്ട് ഇനിയെങ്കിലും ആഡംബര സൌധങ്ങള്‍ പണിത് ദൈവത്തെ തളച്ചിടാനുള്ള ഇടങ്ങള്‍ സൃഷ്ടിക്കപ്പെടരുത്.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1